Friday, December 31, 2010

പുതുമയുമായ്‌ പുതുവര്‍ഷ പുലരി ....

വേദനകള്‍ തേങ്ങലായ് മാറുമ്പോ-
ളെന്‍ മോഹം കടിഞ്ഞാണിടുമ്പോള്‍
പറയാന്‍ കഴിയാത്തോരെന്‍ കദനം
ഇന്നെന്‍ അക്ഷരമായ് മാറിടുന്നു

എന്തിനെന്‍ മോഹങ്ങളേ നീയ-
ന്നുടച്ചു തകര്‍ത്തു കളഞ്ഞു ?
എന്തിനെന്‍ സ്വപ്നങ്ങളില്‍
കരിനിഴല്‍ വീഴ്ത്തി നീ?

ആശ്വാസമായെത്തെണ്ട  മാരുതന്‍
പക വീട്ടാന്‍ ഒരുങ്ങി നില്‍ക്കയോ?
ഹൃത്തെ തലോടാനെത്തെണ്ട കുളിര്‍മഴ
പെരുഴയായ്  ആര്‍ത്തലക്കുന്നുവോ ?

സ്വാഗതം പുതു വര്‍ഷമേ ,സ്വാഗതം ....
എന്‍ - ഹൃത്തെ  തഴുകി  തലോടാന്‍
എന്‍ - മാനസവീണയില്‍ ആനന്ദരാഗം ഉണര്‍ത്താന്‍
എന്‍ - സപ്തസ്വരങ്ങളെ ഗാനമായ് മാറ്റാന്‍

പൊലിഞ്ഞ വസന്തമെന്നിനി വന്നണയും ?
ല്‍ പ്രതീക്ഷയെ പുല്കീടുവാന്‍ !!!
യാങ്ങള്‍ കൊഴിയുമ്പോള്‍ ഏകയായ്
ശൂന്യതയില്‍ നോക്കി നിന്നു ഞാന്‍

എന്‍ മോഹങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
പുതുവര്‍ഷമിങ്ങെത്തിയല്ലോ!!!!!!!
ലയാളികളുടെ പുതുയായ് ......
സ്വാഗതം പുതുവര്‍ഷമേ സ്വാഗതം

Monday, December 27, 2010

'ഓര്‍മ്മകളേ ..വിട.....'(രണ്ടാം ഭാഗം)

'ഓര്‍മ്മകളേ ..വിട.....' ഒന്നാം ഭാഗം ഇവിടെ വായിക്കാം 
********************************************************************************
"ഹം തേരെ ശഹര്‍ മേം ആയേ ഹേ മുസാഫിര്‍ കി തരഹ് .....
സിര്‍ഫ്‌ ഇക്ക ബാര്‍ മുലാകത് കാ മൌകാ ദേ ദേ .........."

സീറ്റില്‍ ചാരി കിടന്നു ആ ഗസലിന്റെ ഈണത്തില്‍ വിരലുകള്‍ താളം പിടിക്കുന്നുണ്ട് എങ്കിലും ഗംഗ മറ്റേതോ ലോകത്ത് ആയിരുന്നു...ദത്തന്‍ ഓഫീസിലെ എന്തൊക്കെയോ തമാശകള്‍ പറയുന്നുമുണ്ട്..

"ഗംഗാ ......എന്ത് പറ്റി നിനക്ക് ?കടല്‍ കാണാന്‍ പോകണ്ട എന്ന് എത്ര തവണ പറഞ്ഞതാ...നീ കേട്ടില്ല......നിന്റെ മൌനം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു മോളെ.." "ദത്തേട്ടാ......എനിക്ക് എന്തൊക്കെയോ പറയാന്‍ തോന്നുന്നു വണ്ടി ഒരിത്തിരി നിര്‍ത്തുമോ?" അപ്പോളേക്കും അടുത്ത ഗസല്‍ തുടങ്ങിയിരുന്നു.. ദത്തന്‍ ഇന്നോവ റോഡരുകില്‍ ഒതുക്കിയിട്ടു.

"ദത്തെട്ടന്‍ എന്നെ വല്ലാതെ സ്നേഹിക്കുന്നു. ഈ സ്നേഹം കാണുമ്പോള്‍ പേടിയാവുന്നു എനിക്ക്. എന്നില്‍ നിന്നും അല്കലരുതെ ഏട്ടാ......"കണ്ണുകളില്‍ നിന്നും ഗംഗാപ്രവാഹം പോലെ മിഴിനീര്‍ അടര്‍ന്നു വീണു

"നിന്നെ വിട്ടു ഞാന്‍ എങ്ങോട്ട് പോവാനാ ..എനിക്കാരുമില്ലല്ലോ ഈ ലോകത്ത് നീയല്ലാതെ... നിനക്കെന്ത മോളെ പറയാനുള്ളത് പറയൂ .."ഏട്ടാ ഞാന്‍...ഞാന്‍ ...ഒരു നിമിഷം ഓര്‍ത്തു പോയ്‌ ആ കടല്‍ തീരം...

അന്ന് ഞാനും എന്റെ കുഞ്ഞനിയനും അച്ഛനും അമ്മയും ഉള്ള ദിനങ്ങള്‍ .... സന്തോഷവും സംതൃപ്തിയും കുന്നോളം വാണ കാലം.....കടലില്‍ വലവീശാന്‍ പോകുന്ന അച്ഛന്‍ ... കടപ്പുറത്ത് വല നെയ്യുന്ന അമ്മ..ആ പൂഴിമണ്ണില്‍ 'കടലമ്മ' എന്ന് എഴുതുമ്പോള്‍ തന്റെ എല്ലാം എല്ലാം ആയിരുന്നു കടല്‍. പക്ഷെ ഇന്ന് ഡിസംബര്‍ 26 തന്റെ കുടുംബത്തെ കടലമ്മ തട്ടിയെടുത്ത ദിനം.ഇന്നും ആര്‍ത്ത് അട്ടഹസിച്ച് 'സുനാമി' തിരകള്‍ ഭീകര സ്വപ്നമായ് തന്നെ തേടി വരുന്നു.....അച്ഛന്‍,അമ്മ,അനിയന്‍ എല്ലാരും പോയി...എന്നെ മാത്രം എന്തേ ഈ കരയില്‍ ഉപേക്ഷിച്ചു?സ്വാന്തനമായ് 'സ്വാന്ത്വനം' വന്നെത്തിയത്തോടെ തന്റെ അവശിഷ്ട ജീവിതം അവിടുത്തെ അന്തെവാസികളോട് കൂടെ....
 
ഗന്ധര്‍വനെപ്പോലെ ദത്തെട്ടന്‍ വന്ന ദിവസം ഞാന്‍ ഓര്‍ക്കുന്നു...ഈ അനാഥ ക്ക് കൂട്ടായി....എന്റെ ദത്തേട്ടാ....മരണത്തിലും ഞാന്‍ മറക്കില്ല ...

ദത്തന്‍ :"നിന്റെ കണ്ണുനീര്‍ എനിക്ക് സഹിക്കില്ല ഗംഗാ....ഇനി കരയരുത്...നീ ഇനി കരഞ്ഞാല്‍ എന്റെ മരണം ആകട്ടെ...എല്ലാ വര്‍ഷവും പറയാറുള്ളതല്ലേ ഇതൊക്കെ...ഇനി ഒരിക്കലും ഇതൊന്നും ഓര്‍ക്കരുത്...കഴിഞ്ഞതൊക്കെ കഴിഞ്ഞു...ഗംഗാ..നിനക്ക് ഞാനുണ്ട് നിന്റെ ദത്തെട്ടന്‍ ....നമ്മുടെ മക്കള്‍...ഇനി ഇതാണ് നമ്മുടെ ലോകം ..........................."

2010 കഴിഞ്ഞു 2011 പിറക്കാന്‍ പോകുന്നു...എല്ലാ ദുഖവും മറന്നു ഈ പുതുവര്‍ഷപുലരിയെ നമുക്ക് വരവേല്‍ക്കാം....
ഗംഗ: ശരി ഏട്ടാ....ഓര്‍മകള്‍ക്ക് വിട.....ഞാന്‍ ഇനി ഏട്ടനെ വിഷമിപ്പിക്കില്ല ...
എന്റെ കണ്ണ് നിറയില്ല സത്യം....എന്റെ ഏട്ടനും മക്കളും ആണ് എന്റെ ലോകം....

********************************************************************************

Wednesday, December 22, 2010

ഓര്‍മ്മകളേ ..വിട.....

ഒരു വഴിത്തിരിവ്.ഒരുപാട് കാര്യങ്ങളുടെ തുടക്കം..കുറെ കാര്യങ്ങളുടെ ഒടുക്കം ജീവിതശൈലി മാറുകയാണ്‌ .അവള്‍ ഓര്‍ക്കുക ആയിരുന്നു...ആ സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം.പ്രകൃതി അവളോട് സംസാരിക്കുകയാണ്.പച്ചപ്പിന്റെ കുളിര്‍മയുമായി താഴ്വരകള്‍ ,നീലാംബരത്തോട് കഥ പറയുന്ന ഗിരി ശ്രിന്ഖങ്ങള്‍ .പൂക്കള്‍ ,പൂമ്പാറ്റകള്‍ ആ മനോഹരങ്ങളായ  ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിച്ച ഏതാനും അപൂര്‍വ നിമിഷങ്ങള്‍ ,സുന്ദര ദിനങ്ങള്‍ അവളെ തേടിയെത്തി...

കടലില്‍ നിന്നും തണുത്ത കാറ്റ് അവളുടെ ദേഹം തണുപ്പിച്ചു .എണ്ണ പുരളാത്ത പാറിപറക്കുന്ന മുടി അവള്‍ മാടിയൊതുക്കി .അവളുടെ കണ്ണുകള്‍ ദൂരെ അസ്തമിക്കുന്ന സൂര്യനിലായിരുന്നു .തന്റെ പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആ തീരത്ത് നിന്നും അവള്‍ക്ക് പിന്മാറാന്‍ കഴിയുന്നില്ല ചേക്കേറാന്‍ കൊതിക്കുന്ന പ്രാവുകള്‍ .തീരത്ത് അണയാന്‍ കുതിക്കുന്ന വള്ളങ്ങള്‍ ,ബോട്ടുകള്‍ .അവളെ കൂടാതെ പലരും ആ തീരം ആസ്വദിക്കുന്നുണ്ടായിരുന്നു .കണ്ണില്‍ കവിതയും കരളില്‍ പ്രണയവുമായി സല്ലപിക്കുന്ന പ്രണയ ജോഡികള്‍ ഹണിമൂണ്‍ ത്രില്ലുമായി നവദമ്പതികള്‍ ...സൗഹൃദം പങ്കുവെക്കുന്ന കോളേജ് കുമാരന്‍മാരും കുമാരിമാരും തിരമാല ആര്‍ത്തിരമ്പി വരുമ്പോള്‍ ഓടുന്ന കുഞ്ഞു കുട്ടികള്‍ .... പൂഴി  മണലില്‍ കടലമ്മയുടെ പേര് എഴുതുന്നു ചിലര്‍ ...ഒരു നിമിഷം നിശബ്ദയായ് ...മൂകയായ്‌ അവള്‍ നിന്നു .

വെറുതെ  നിലത്തു വീണു കിടക്കുന്ന ചിപ്പികള്‍ പെറുക്കിയെടുത്തു .ഈ ചിപ്പികളില്‍ ആണല്ലോ അപൂര്‍വ്വങ്ങളായ മുത്തുകള്‍ ..ഓര്‍മ്മകളാകുന്ന മണി മുത്തുകള്‍ ശേഖരിച്ചു അവള്‍കാത്തു വച്ച ആ പേടകം.....മെല്ലെ തുറന്നു.....പിന്നെയും പ്രണയ സാഗര തീരത്തെ മണല്‍ പരപ്പില്‍ തിരമാലകള്‍ സുവര്‍ണ ലിപികളാല്‍ കവിത രചിക്കുന്നത് അവള്‍ കണ്‍കുളിരെ നോക്കി നിന്നു.വാക്കുകള്‍ക്ക് നിര്‍വചനാതീതമായ  പ്രകൃതി സൗന്ദര്യം അവളെ വികാര നിര്ഭരിതയാക്കി. സൂര്യന്‍ താഴേക്ക്‌ പോകുന്നു.അങ്ങനെ നോക്കി നിന്നപ്പോള്‍ പോകല്ലേ എന്ന് പറയാന്‍ വെമ്പി .പക്ഷെ പോയല്ലേ മതിയാകൂ....ഇത്രയും നേരം തന്നെ ഓര്‍മയുടെ പുസ്തകത്താള്‍ പകുത്തു നല്‍കിയ,ചാരം മൂടിയ ഓര്‍മയുടെ ചില്ല് തുടച്ചു തന്ന സൂര്യനും അവളെ വിട്ടകലുകയാണ് .....

നിലാവ് പുതച്ച തീരം...അവളോര്‍ത്തു...ഈ കടപ്പുറത്തിനു എന്നും യൌവ്വനം ആണ്... ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന അനുപമ സുഭഗമായ ഈ തീരം എന്ത് ഭംഗിയാണ് !!അപ്പോളേക്കും "ഗംഗേ....പോകാം "എന്ന വിളി പുറകില്‍ നിന്നും കേട്ടു.....കൊറിക്കാന്‍ കപ്പലണ്ടി വാങ്ങാന്‍ പോയ തന്റെ ഭര്‍ത്താവു തിരിച്ചു വന്നിരിക്കുന്നു...... "ദത്തേട്ടാ ...ഒരിത്തിരി നേരം കൂടി നമ്മുക്കിവിടെ ഇരിക്കാം..."ഉം.... 5 മിനിട്ടും കൂടി....നമ്മുടെ മക്കള്‍ കാത്തിരിക്കില്ലേ? ആ കല്ലില്‍ അയാളും  ഇരുന്നു....മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞു അവള്‍ ...ദൂരെ അസ്തമയ സൂര്യനെയും നോക്കി......തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ആ തീരം തിരിഞ്ഞു നോക്കി.... ഓര്‍മ്മകളേ....വിട.....

ഓര്‍മകളെ..വിട രണ്ടാം ഭാഗം ഇവിടെ വായിക്കാം                                                ((തുടരും......)) 

Friday, December 17, 2010

തേനൂറും മാതൃഭാവം......

പിറവിയുടെ വേദന തൊട്ടറിഞ്ഞവളെ !!
എന്‍ കരച്ചില്‍ കേട്ടാദ്യമായ് സന്തോഷിച്ചവളെ !!
പിന്നെന്‍ കണ്ണുനീരിന്‍ വേദന
തന്റേതാക്കി തീര്‍ത്തവളെ !! അമ്മേ !!!

മാധുര്യമേറും പാല്‍ ചുരത്തി
എന്‍ അധരത്തെ കുളിരണിയിച്ചു നീ !!!
എന്‍ മിഴി തുറന്നപ്പോള്‍ ആദ്യമായ്
ചിരി തൂകി ചുംബനം തന്നു നീ !!!!

വാസന്ത ശയ്യാഗൃഹത്തില്‍ നിന്‍ -
മടിയില്‍ ഞാന്‍ ചായവേ
നെഞ്ചകം തുടിക്കുന്നതറിഞ്ഞു ഞാന്‍ !!!
നിന്‍ തലോടലിന്‍ സുഖവുമറിഞ്ഞു ഞാന്‍ !!!

തേനൂറും അമ്മിഞ്ഞ പ്പാലിന്‍ മാധുര്യം
മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ !!!!!


                                           My Drawing.......
ദേവൂട്ടി പറഞ്ഞ കഥകള്‍
കുമാരന്‍ മാഷ്‌ 
പുനര്‍ജ്ജന്മം
ആത്മകഥ ജനിക്കുന്നു.. 
ചതിക്കുഴി

 

 

Saturday, December 11, 2010

ചതിക്കുഴി

ആരിഫിനോട് സംസാരിക്കാതിരിക്കാന്‍ 'പ്രശ്ന'ക്ക് കഴിയുമായിരുന്നില്ല.തോല്‍ക്കുന്നത് അവള്‍ക്കിഷ്ടമല്ലെങ്കിലും തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും കാണാത്ത ഒരു അജ്ഞാത സുഹൃത്തിനോട്  എന്നും സംസാരിക്കാന്‍ അവര്‍ തമ്മില്‍ എന്താണ് ബന്ധം എന്ന് പലരും ചോദിച്ചിട്ടുണ്ട് .അതിനു മറുപടി എന്നോണം ഒരു നേര്‍ത്ത മന്ദഹാസം ആ മുഖത്തൂറുന്നത് കാണാം .'പ്രശ്ന',അച്ഛനും അമ്മയ്ക്കും ഏക സന്തതി ,അക്കരെ നിന്നും അവര്‍ വിളിക്കും അവളുടെ മൊബൈലില്‍ .ഇങ്ങിവിടെ ബോര്‍ഡിങ്ങില്‍ ഏകാന്തതയെ കൂട്ടിരുത്തി  അവള്‍ പറയും--ഞാന്‍ സന്തോഷവതി ആണ്!!!പ്രശ്നക്ക് ഒരു പരാതിയുമില്ല.....

ഒരു ചാറ്റിങ്ങിലൂടെ ആണ് അവള്‍ ആരിഫിനെ പരിചയപ്പെടുന്നത് .എന്തോ ഒരു വല്ലാത്ത ഇഷ്ടം.എവിടെയോ നഷ്ടമായോരിഷ്ടം.വരണ്ട മരുഭൂമിയില്‍ ഒരു മഴതുള്ളി പോല്‍ അവന്റെ സാമീപ്യം ആശ്വാസം പകര്‍ന്നു.പിന്നീട് അത് മഴയായ് പെയ്തിറങ്ങി.അവള്‍ക്ക് എകാന്തതക്ക് കൂട്ട്  ചിത്രങ്ങള്‍ ആയിരുന്നു.ഒരിക്കലും വരച്ചു മുഴുമിക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു അവളുടേത്‌.,പലതരം ചായങ്ങള്‍ തേച്ചു വികൃതമാക്കിയ ചിത്രങ്ങള്‍ .അവന്റെതോ ചിറകുമുളച്ച ഒരപൂര്‍വ്വ വര്‍ണ്ണങ്ങളുടെ സൃഷ്ടി.ഏകാന്തവും നിശബ്ദവുമായ അവന്റെ ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രശ്ന തന്റെ ഹൃദയം നിറയെ ഇഷ്ടം സൂക്ഷിച്ചു .ആ ഭാവത്തെ ആനന്ദത്താലും ലജ്ജയാലും വീക്ഷിച്ചു .അകലത്തില്‍ മൗനത്താലും  വേദനയാലും തന്നെ തളച്ചിട്ടു.

മെല്ലെ മെല്ലെ ഫോണ്‍ വിളിയായി മാറി.എന്നും വിളിക്കും. എസ് എം എസ്  അവള്‍ക്ക് ഒരു ദൌര്‍ബല്യം ആയിരുന്നു.പ്രണയം ചാലിച്ച വരികളിലൂടെ അവന്റെ ഇഷ്ടം അവള്‍ തിരിച്ചറിഞ്ഞു.പക്ഷെ അവള്‍ തിരിച്ചു വിളിക്കുമ്പോള്‍ ഒക്കെ 'നിങ്ങള്‍ വിളിക്കുന്ന ആള്‍ മറ്റൊരു കോളിലാണ് ' എന്ന  മറുപടി.അവള്‍ കാത്തിരുന്നു ആ വിളി വന്നില്ല.പിന്നീട് എപ്പോളോ വിളിച്ചു "പ്രച്ചൂ.....വലിയ തിരക്കാണ് ....." എന്തെ ഇത്രമാത്രം തിരക്ക്? ഹാ...മൂന്നോ നാലോ കമ്പനിയുടെ  മാനേജര്‍ അല്ലെ ...തിരക്കില്ലാതെ വരുമോ?

പ്രശ്ന കാത്തിരുന്നു. പക്ഷെ പറയപ്പെടാത്ത മൊഴിയുടെ അകലത്തില്‍ തനിക്കവനെ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.അവള്‍ ഉറപ്പിച്ചു "പ്രണയം ഒരു നോവാണ് ഉള്ളില്‍ കടല് പോലെ ഇളകി മറിയുന്ന നൊമ്പരം...... വിലയില്ലാത്ത വാഗ്ദാനങ്ങളും നിറമില്ലാത്ത  പ്രതീക്ഷയും തനിക്കേകിയ മഹാ  മടയത്തരം...     ഇനി ഞാന്‍ പ്രണയിക്കില്ല ...."

വെറുതെ പത്രത്താളുകളില്‍ കണ്ണോടിച്ചപ്പോള്‍  "ഇന്റര്‍നെറ്റ്‌ വഴി പെണ്‍കുട്ടിയെ   പ്രലോഭിപ്പിച്ച്  വശത്താക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍ .." താഴെ ചിരിച്ചു കൊണ്ടുള്ള ഒരു സുമുഖന്‍ ....ഓ ...ഇവനൊന്നും വേറെ പണിയില്ലേ എന്ന് ചിന്തിച്ചു പത്രം വലിച്ചെറിഞ്ഞു അവള്‍ ....

ആ ചിരിക്കുന്ന മുഖം അവള്‍ക്ക്  അപ്പോളും അജ്ഞാതമായിരുന്നു ......................


Monday, December 6, 2010

പുനര്‍ജ്ജന്മം

കൈകള്‍ കൂപ്പി കണ്ണുകള്‍ അടച്ച് അവള്‍ നിന്നു!!! തന്റെ ദൈവത്തിനു മുന്നില്‍ !!! മെല്ലെ കണ്ണുകള്‍ തുറന്നു നിര്‍ന്നിമേഷനായ് നോക്കി നില്‍ക്കുകയാണ് ദൈവം .തന്റെ കൈകള്‍ കൊണ്ട് തീര്‍ത്ത കൂവള മാലയും അണിഞ്ഞിരിക്കുന്നു. തന്റെ എല്ലാം എല്ലാം ആണ് ആ കണ്ണുകള്‍ ,ചിമ്മുകയാണോ? അമ്പലത്തിന്റെ നടയില്‍ നിന്നും അവളുടെ മനസ്സ് വിഗ്രഹത്തിലേക്ക് ലയിക്കും പോലെ...ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസം സ്വയം മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ ,കണ്ണുകള്‍ ഇറുങ്ങനെ അടച്ചു.കണ്ണില്‍ നിന്നും സന്തോഷത്തിന്റെ നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു. പിറകില്‍ നിന്നും നാദസ്വരത്തിന്റെ നാദം വീണ്ടും മനസ്സിനെ ഉദ്ദീപിപ്പിച്ചു.ഏതോ ഒരു ആനന്ദം അനുഭവിക്കുന്നത് പോലെ അതാ! ഒരു വെളിച്ചം വിഗ്രഹത്തില്‍ നിന്നും തന്നിലേക്ക്! ഒരു ശാന്തി അനുഭവിച്ചു കൊണ്ട് മിന്നായം പോലെ ഒരു ദൃശ്യം എന്താദ്? ഒരു വലിയ നാലുകെട്ട് ! എവിടെ നിന്നോ പഞ്ചാക്ഷരി മന്ത്രം !! പെട്ടെന്ന്‍ അവള്‍ കണ്ണ് തുറന്നു.

അമ്പരപ്പോടെ ചുറ്റും നോക്കി ഇല്ല! എല്ലാം പഴയ പോലെ! താന്‍ നടയ്ക്കലുണ്ട്.ആളുകള്‍ വന്നും പൊയ്കൊണ്ടിരിക്കുന്നു.കാലിലെന്തോ ഉടക്കിയോ? മെല്ലെ പ്രദക്ഷിണം വെക്കാന്‍ തുടങ്ങി.ശനീശ്വരന്റെ നടയില്‍ എത്തുമ്പോള്‍ കിരണ്‍ നമ്പൂതിരി വിളിച്ചു പറയണൂ "വാരരെ പൂവ് .." പൂജക്കുള്ള പുഷ്പത്തിനാണ്!വാരരു പൂക്കള്‍ കൊട്ടയിലാക്കി തന്റെ നേരെ " ദേവൂട്ടി ...ഇതൊന്നു ദക്ഷിണ മൂര്‍ത്തിയുടെ നടയില്‍ വക്ക്യ..."പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി നടയില്‍ വച്ചു."ദേവൂട്ടി ..ന്ന്‍ ത്തിരി ..വൈകീലോ ..."തിരുമേനി പറഞ്ഞു.ശരിയാണ് സാധാരണ തന്റെ മൂന്നാമത്തെ പ്രദക്ഷിണത്തിനാണ്  വാരരു പൂവ് തരുന്നത് .ഇന്ന് ഇത്തിരി വൈകി.ദേവന് പൂവ് സമര്‍പ്പിക്കുന്നത് ഒരു ശീലമായല്ലോ! ഒത്തിരി ഇഷ്ടമായതുകൊണ്ടാവാം തന്റെ കൈയ്യില്‍ നിന്നും പ്രാണനാഥന്‍ പുഷ്പം ആഗ്രഹിക്കുന്നത്!

എന്തോ മനസ്സിനെ അലട്ടുന്നു.ആ നാലുകെട്ട് ! വിഗ്രഹത്തില്‍ നിന്നും വന്ന രശ്മി! ചിന്തകള്‍ കൊണ്ട് താന്‍ മൂടപ്പെട്ടിരിക്കുന്നു.ദേവിയുടെ നട തൊഴുത് ഓവിന്റെ അരികിലൂടെ തിരിച്ചു നടക്കുമ്പോള്‍ ലക്ഷ്മിയേടത്തി തിരുമേനിയോട് എന്തോ ചോദിക്ക ണൂ .കക്ഷി ആകെ മൂഡ്‌  ഓഫിലാണ് .എന്താണെന്ന് കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചു."തിരുമേനി അവനു ഇത്തവണയും എന്ട്രന്‍സ് കിട്ടിയില്ല,എത്ര പൂജ ചെയ്തതാണ് .ഇനി എന്തെങ്കിലും ഏലസ്സ് ജപിച്ചു കെട്ടിയാലോ" തിരുമേനി എന്തൊക്കെയോ പറയുന്നുണ്ട് .തനിക്ക് ഈ വക കാര്യങ്ങളോടൊന്നും അത്ര താല്പര്യം ഇല്ല.അമ്പലത്തിലും ഇപ്പോള്‍ വ്യവഹാരം നടക്കുന്നു.ഈ ലോകം തന്നെ അങ്ങിനെയാണ്.ആളുകള്‍ തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ അമ്പലദര്‍ശനം വിനിയോഗിക്കുന്നു.ആവശ്യപ്പെടുന്നതിലൂടെ ഒരുവന് ദുഖമാല്ലാതെ മറ്റൊന്നും കിട്ടുന്നില്ല .നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടി പോകുന്നവന്‍ മാത്രമേ അമ്പലത്തില്‍ എത്തി ചേരുന്നുള്ളൂ.പറഞ്ഞിട്ടെന്താ കാര്യം! പ്രസാദം വാങ്ങുമ്പോള്‍ 'കൂവളത്തില' ചോദിച്ചു വാങ്ങാന്‍ മറന്നില്ല."തിരുമേനി...ദേവൂട്ടി ക്ക് കൂവളത്തില കൊടുക്കണം എന്നറിയില്ലേ.." വാരരുടെ കമന്റ് .

 ഓഫീസില്‍ ഇരിക്കുമ്പോള്‍ പോലും  നാലുകെട്ട് തന്നെ മനസ്സില്‍ ! ദീപാരാധന തൊഴാന്‍ നിന്നപ്പോള്‍ വീണ്ടും വിഗ്രഹത്തില്‍ നിന്നും ഒരു മിന്നായം! പിന്നെ നാലുകെട്ട്!നടുമുറ്റം!കൂവളത്തില!പഞ്ചാക്ഷരി മന്ത്രം!ഒരു വശത്തായ് നാഗത്തറ !!നടുമുറ്റത്ത് അമ്പലം! ഒക്കെ കാണാം തനിക്ക്...പെട്ടെന്ന് മണി നാദം നട തുറക്കുകയാണ് .വലിയ ആരവത്തോടെ...ദേവന്‍ 'കൂവളത്തില'യാല്‍ മൂടപ്പെട്ടിരിക്കുന്നു.ദീപങ്ങള്‍ ജ്വലിക്കുന്നു!  താന്‍ കോരിത്തരിച്ച് ദേവനെ നോക്കിയിരിക്കുകയ്യാണ് കണ്ണുകള്‍ മഴ പെയ്ത തോര്‍ന്ന പോലെ! ഹോ എന്തോരനുഭവം!നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൗനം.പുറത്തു വരാനാകാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന വാക്കുകള്‍ !!

അവള്‍ മെല്ലെ നാലുകെട്ടിലെക്ക് നീങ്ങുകയാണ് ...മുറ്റത് കുട്ടികള്‍ കളിക്കുന്നു .അപ്പോളും കേള്‍ക്കാം മന്ത്രം ...അകത്തേക്ക് നീങ്ങുമ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കുമാറായി .പൂജാമുറിയിലേക്കാണ് യാത്ര.അവിടെ കൂവളത്തില ഉണ്ട്.നിലത് ചമ്രം പടിഞ്ഞിരിക്കുന്നു ഒരു തമ്പുരാട്ടി.മുലക്കച്ച കെട്ടി,ഭസ്മം തേച്ച് ,മുടി ഒരു വശത്തേക്ക് കെട്ടി ,പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ട് കൂവളമാല കെട്ടുന്നു."താത്രി ക്കുട്ടി ...വിളക്ക് വൃത്തിയാക്കി  ഇങ്ങട്ട്  കൊണ്ട് വരൂ...ദേവന് പൂജക്ക്‌ സമയം ആയി..." പിന്നെയും ആ ചുണ്ടില്‍ മന്ത്രം തത്തി കളിച്ചു.മെല്ലെ കൈ കുത്തി എഴുനേറ്റ്  'ദേവാ ...' എന്ന് വിളിച്ച്  എഴുനേല്‍ക്കുന്നു..ആ തേജസ്സുറ്റ മുഖം..പിന്നെയും പിന്നെയും കാണുവാന്‍ തോന്നി...
പിന്നെ നടുമുറ്റത്തെ അമ്പലത്തിലേക്ക്.താത്രിക്കുട്ടിയും എത്തി...ഇത്തിരി നേരം പൂജ..തന്റെ കൈകൊണ്ട് കോര്‍ത്ത 'കൂവള മാല' ദേവന് ചാര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്ത് കാണാം.സ്വയം അലിഞ്ഞു പ്രാര്‍ഥിക്കുന്നു..."ദേവു തമ്പുരാട്ടി..." അപ്പുറത്തെ ജാനു ആണ്..... "ജാനു....ജോലി കഴിഞ്ഞോ? നാളെ കാവ് ഒന്ന്  വൃത്തിയാക്കണം ട്ടോ .... കാട് പിടിച്ചിരിക്ക ണൂ....കാവില്‍ വിളക്ക്   വച്ചിട്ട് നാം ഇപ്പോം എത്താം .."കാവിലേക്ക് നടക്കുന്നു.ഇരുട്ട് മൂടിയിട്ടുണ്ട്..നമ: ശിവായ എന്ന് ചൊല്ലി കൊണ്ടേ ഇരിക്കുന്നു.....നാഗത്തറയില്‍ മഞ്ഞള്‍ വിതറിയ കല്ലുകളും ചുകന്ന പട്ടും ഉള്ളില്‍ ഒരു വിറയല്‍ ഉണ്ടാക്കി...പെട്ടെന്ന് ഒരു കാറ്റ് ... കൈയിലെ ദീപം അണഞ്ഞു ...ദേവാ...എന്ന് ഉറക്കെ  വിളിച്ചു തമ്പുരാട്ടി ......പെട്ടെന്നൊരു ശീല്‍ക്കാരം..പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ....ഫണം വിരിച്ചു നില്‍ക്കുന്ന ഒരു നാഗം.......

പെട്ടെന്ന്‍ അവള്‍ ഉച്ചത്തില്‍ അലറി...സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു .....കവിളിണയില്‍ വിയര്‍പ്പു കണങ്ങള്‍ !! പിന്നെ കണ്ണ് തുറന്നപ്പോള്‍ അവള്‍ ആശുപത്രി കിടക്കയില്‍ !!രാത്രി പകലിന്റെ നിഴലാണ് അത് പകലിനെ പിന്തുടരുകയും ചെയ്യും..നേരം പുലരുന്നു ഉഷസ്സിന്റെ വരവ് കാത്തിരുന്ന ക്ഷമ കെട്ട രാത്രി ...മനസ്സില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ ശേഷിപ്പിച്ചു കൊണ്ട് മെല്ലെ ഉണര്‍ന്നു...

അച്ഛന്‍ ,അമ്മ, സുഹൃത്തുക്കള്‍ എല്ലാരും ഉണ്ട്.....ഹേ...ഈ വാരര് എന്താ ഇവിടെ?കിതച്ചുകൊണ്ട്.. അച്ഛനോട് ചോദിക്കുന്നു..."ദേവൂട്ടി ക്ക് എങ്ങിനുണ്ട്?അച്ഛന്‍ :"ദേവൂട്ടി യോ അതാരാ??...." വാരര്‍ ഒന്ന്  പതറി  ...തന്റെ നേരെ നോക്കി .ഒരു നേഴ്സ് വന്നു പറഞ്ഞു ശിവബാലയുടെ കൂടെയുള്ളവരെ ഡോക്ടര്‍ വിളിക്കുന്നു.അച്ഛന്‍ അങ്ങോട്ട്‌  പോയി.ഡോക്ടര്‍ പറഞ്ഞു:"കുട്ടി എന്തോ കണ്ട് പേടിച്ചതാ !!"
ഓഫീസില്‍ ഒന്ന് രണ്ടു ദിവസം ലീവ് എടുത്ത് വീട്ടില്‍ ,കൂടെ കുറെ മരുന്നും.തിരികെ ദേവന്റെ അടുത്ത എത്താനുള്ള ത്വര!തന്റെ വിരഹ ദുഃഖം ആരോടും പറയാന്‍ വയ്യ!!! വഴിമധ്യേ ...ഓര്‍ക്കുകയായിരുന്നു തനിക്ക് ദേവന്‍ എന്താണ് കാണിച്ചു തന്നത്? പൂര്‍വ്വജന്മം തന്നെ!!! ഇടയ്ക്കിടെ തന്നെ തേടി വന്നതും അവ തന്നെ!!!ആണോ? മനസ്സില്‍ ഒരു ദ്വന്ദ യുദ്ധം നടക്കുന്നു.ഒന്നും പറയാന്‍ വയ്യ....

ധൃതിപ്പെട്ട്  പുസ്തകത്താളുകളിലേക്ക്  കണ്ണോടിക്കുകയാണ്.ഒന്നും പഠിച്ചില്ല .ദീപ കാത്തു നില്‍ക്കുമോ എന്തോ?  മൊബൈല്‍ റിംഗ് ചെയ്യുന്നു ദീപയാണ് .."ശിവാ... തൃക്കാക്കര ഇറങ്ങൂ ഞാന്‍ അവിടുണ്ട്..." അപ്പോളേക്കും ഇറങ്ങാനായിരിക്കുന്നു .ബസ്സിലെ ഉന്തും തള്ളും കണക്കാക്കാതെ അവള്‍ ഇറങ്ങി .
ദീപ അവിടെത്തന്നെയുണ്ട്...വേഗം നടക്കാം ഇത്തിരി ദൂരമുണ്ട്..ഈ വഴിക്ക് ഇത് ആദ്യമാ......ഈ പരീക്ഷ എഴുതിയിട്ട വേണം പ്രമോഷന് അപേക്ഷിക്കാന്‍ .കാലുകള്‍ക്ക് വേഗം കൂടി..പെട്ടെന്ന് ഞെട്ടിത്തരിച്ചു  നിന്നു.."എന്ത് പറ്റി ശിവാ.."അവള്‍ അത്ഭുതപരതന്ത്രയായി കാണപ്പെട്ടു ."എനിക്കറിയാം.......എനിക്കറിയാം......ഈ സ്ഥലം.........."കൈതലങ്ങളിലെ സന്ധി ബന്ധങ്ങള്‍ ഞെരിയുമാര് സ്വയം എഴ മുറുകി,ചുണ്ടുകള്‍ വിറച്ചു .ജീവസ്സുറ്റ മുഖത്തെ മാംസ പേശികള്‍ ഉരുകി കവിളുകളില്‍ വിയര്‍പ്പണിയിച്ചു.കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ബിന്ദുവില്‍ കുമിഞ്ഞ കുമിള- മനസ്സില്‍ ഓര്‍മയുടെ ചിത്രങ്ങള്‍ ശേഷിപ്പിച്ചു കൊണ്ട് ആ കുമിള പൊളിയാന്‍ തുടങ്ങി..ഇടറുന്ന സ്വരം!!!!"വരൂ ശിവാ...പരീക്ഷ തുടങ്ങാറായി..."ദീപ.... നീ പോയി എഴുതൂ ഞാന്‍ ഇത്തിരി ഇവിടെ നില്‍ക്കട്ടെ...അവള്‍ തേങ്ങി

ഒരു വിറയലോടെ ആ സ്ഥലം താന്‍ കണ്ടു....വലിയ മതില്‍ -ഒരു പടിപ്പുര -അതിന്റെ ഒരു വശത്ത്  അടര്‍ന്നു വീഴാന്‍ ഒരുങ്ങുന്ന മരചീള്....അതില്‍ അവള്‍ കണ്ടു "ആടാട്ടില്ലം" - താഴിട്ടു പൂട്ടിയ വാതിലിനടുത്തെക്ക്  അവള്‍ വിറച്ച കാലടികളോടെ മെല്ലെ നടന്നു. പൊളിഞ്ഞ വാതിലിനിടയിലൂടെ അവള്‍ നോക്കി..തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ..പൊട്ടി പൊളിഞ്ഞ ആ നാലുകെട്ട് .ഇടിഞ്ഞു  വീഴാറായിരിക്കുന്നു

പെട്ടെന്ന് പുറകില്‍ നിന്നൊരു ശബ്ദം .വഴിയെ പോകുന്ന ഒരു ചേട്ടന്‍ --"കുട്ടീ ....വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ഒരു ഇല്ലമാണ് ഇത്.ഇപ്പോള്‍ ആള്‍പ്പാര്‍പ്പില്ല ..അടുത്തെങ്ങും പോകേണ്ട...സര്‍പ്പ ദംശനം ഏറ്റ്ഒരു തമ്പുരാട്ടി മരിച്ചിട്ടുണ്ടത്രെ.ആരും അതിനടുത് പോകാറില്ല...വെറുതെ നമുക്ക് പണി ഉണ്ടാക്കല്ലേ...." പൊട്ടിക്കരയാന്‍ തോന്നി അവള്‍ക്ക്.നിരാശയോടെ തന്റെ നാലുകെട്ട് ഒന്ന് കൂടി നോക്കി തിരിഞ്ഞു നടക്കവേ മനസ്സിലോര്‍ത്തു...ദേവു തമ്പുരാട്ടി ....എനിക്കറിയാം എല്ലാം... മരുന്ന് കഴിചില്ലലോ എന്ന് അപ്പോളാണ് ഓര്‍ത്തത് ...എന്തിനു കഴിക്കണം തനിക്ക് ഒരു രോഗവും ഇല്ലെന്നു തിരിച്ചറിഞ്ഞു ദൂരെ ആ കാട്ടിലേക്ക് അത് വലിച്ചെറിഞ്ഞു...വേഗം ദേവന്റെ അടുത്തെത്തണം.
ബസ്സിറങ്ങി അമ്പലത്തിലേക്ക് അവള്‍  പാഞ്ഞു .നടയില്‍ നിന്നു തന്റെ ദേവനെ നോക്കി.....ഒരു കള്ള ചിരിയോടെ കൂവള മാലയും ചാര്‍ത്തി നില്‍ക്കുന്നു.....എങ്കിലും എന്റെ ദേവാ.............
പെട്ടെന്ന്    "നമ്മുടെ ദേവൂട്ടി എത്തീലോ.........പൂജക്കുള്ള പുഷ്പം നടയില്‍ വക്ക്യ....." വാരരാണ്. ദേവൂട്ടിയുടെ ലോകം അവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.

Monday, November 22, 2010

ആത്മകഥ ജനിക്കുന്നു..

നേര്‍ത്ത ഒരു ചാറ്റല്‍ മഴ !!!! മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ എഴുതാന്‍ ഒരുങ്ങി "അവളുടെ ആത്മകഥ " നൂറു വട്ടം ചിന്തിച്ചു പിന്നെയുറപ്പിച്ചു    എഴുതുക തന്നെ!!!!!! ജനലിന്നഭിമുഖമായി ആണ് അവള്‍ ഇരുന്നത് .ദൂരെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍  ചീറിപ്പായുന്നു. ഒരുനിമിഷം അങ്ങനെ ഇരുന്നു .അതിനിടയില്‍ ആംബുലന്‍സിന്റെ അരോചകമായ ഗാനം.അതവളെ അസ്വസ്ഥയാക്കി.രാത്രിയിലെ ഖനീഭവിച്ച നിശബ്ദതയില്‍ ഇടയ്ക്കിടെ മരണത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ തോന്നി.ചതി,കളവു,വഞ്ചന എന്നത് ജീവിതത്തില്‍ മാത്രം ചെയ്യാന്‍ കഴിയുന്നത് ,എന്നാല്‍ മരണത്തില്‍ അസാധ്യം  അല്ലെ..? അഴിഞ്ഞ തലമുടിയും നീറുന്ന മനസ്സുമായ് നിദ്രയില്ലാതെ സഹസ്ര രാത്രികള്‍ കഴിച്ചുകൂട്ടിയ വളെ ഓര്‍ത്തു ഒരു നിമിഷം.

നക്ഷത്രങ്ങള്‍ അങ്ങകലെ പരിഹാസച്ചിരി തൂകി അവളെത്തന്നെ നോക്കിയിരിക്കുകയാണ്.എങ്ങിനെ തുടങ്ങും എന്നവള്‍ക്ക് അറിയില്ല.

എന്തോ ഒരു ശബ്ദം! ജനലിലൂടെ വെളിയിലേക്ക് നോക്കി .അപ്പുറത്തെ തോമസ്‌ ചേട്ടന്‍ ! "നീ വരുന്നോ വെളിമാനത്ത് ...1000 ഷാപ്പുകള്‍ തുറന്നിട്ടുണ്ട്..." നല്ല ഈണത്തോടെ പാടുന്നു .നിലത്ത്  കാലുകള്‍ ഉറക്കുന്നില്ല.ഹോ ! ഇന്ന് കോള് തന്നെ! തോമസ്‌ ചേട്ടന്‍ ആരെന്നറിയുമോ? പ്രശസ്ത കമ്പനിയുടെ  എക്സികുട്ടിവ്    ഡയറക്ടര്‍ .രാവിലെ കണ്ടാല്‍ എക്സികുട്ടിവ്  വൈകീട്ട്  ഈ കോലം.

ചേട്ടാ..എന്തിനാ ഇങ്ങനെ കുടിക്കണേ എന്ന് ചോദിച്ചാല്‍ പറയും ..."മക്കളേ ഒഴിവാക്കാന്‍ പറ്റാത്ത കമ്പനി ആണെങ്കില്‍ മാത്രം ! എന്റെ മക്കള്‍ ആണേ സത്യം! പാര്‍ട്ടിക്കോ മറ്റോ ...1 - 2 പെഗ്
...ഹേയ് ...പക്ഷെ കക്ഷിക്ക് എന്നും പാര്‍ട്ടിയാ ....."ഇതിയാന്നിതെന്നാത്തിന്റെ  സൂക്കേടാ...@# കുടിച്ചാ വയറ്റി കിടക്കണം ഞാന്‍ വലിഞ്ഞു കേറി വന്നവള്  ഒന്നുമല്ല ..." തുടങ്ങി, മറിയാമ്മ ചേച്ചീടെ പ്രകടനം !! ഇനി ചെവിയില്‍ ഒരു പഞ്ഞി തിരുകാം ...ഹാ...ലോകത്തിന്റെ ഒരു പോക്കേ....

പിന്നെയും കൈകള്‍ക്കിടയില്‍ പേന എഴുതുവാന്‍ വെമ്പലോടെ കാത്തിരുന്നു.ശ്രദ്ധ മാറുന്നു.മെഴുകുതിരിരുടെ നാളം നിഷ്പµമായ്‌ നിന്നു.കൈകള്‍ ചലിക്കാന്‍ തുടങ്ങി. "ഇന്നലെകള്‍ ഉണ്ടായിരുന്നു അതൊന്നും എന്റെതായിരുന്നില്ല.ഇന്ന് ...അത് എന്റെതാണോ ? നാളെ അത് ഉണ്ടാകുമോ എന്തോ ? ചിറകറ്റ പക്ഷി.. ചിറകുകള്‍ തളര്‍ന്ന പക്ഷി  ഇനി എങ്ങിനെ പറക്കും ?"ശരിക്കും  തെറ്റിനും ഇടയില്‍ ....സുഖത്തിനും ദുഖത്തിന് ഇടയില്‍ ഹിതത്തിനും അഹിതത്തിനും അപ്പുറം.കേവലം ശൂന്യത മാത്രം!!!!!ഓര്‍മ്മയില്‍ ഒരു മുഖം !!! .പെട്ടെന്ന് ഒരു നിശ്വാസത്തോടെ അവള്‍ തന്റെ ഇരിപ്പിടത്തിലേക്ക് ചാരി ഇരുന്നു .വേണ്ട...ഇങ്ങിനെ തുടങ്ങണ്ട... ആ എഴുതിയ പേപ്പര്‍  ആരെയോക്കെയോടോ ഉള്ള ദേഷ്യം പോലെ ചുരുട്ടി ചവറ്റു വീപ്പ ലക്ഷ്യമായ് എറിഞ്ഞു .

പിന്നെയും മനസ്സും ശരീരവും പേനയും ഒരുങ്ങി .എന്താണ് എഴുതേണ്ടത്?
ചതിയുടെയും,വഞ്ചനയുടെയും,കഥ.ദുഖത്തിന്റെയും,ത്യാഗത്തിന്റെയും കഥ.കപടമായ സ്നേഹത്തിന്റെ കഥ.ഇനി ഒരു പെണ്‍കുട്ടിക്കും സംഭവിച്ചു കൂടാ.വര്‍ഷങ്ങള്‍ ഭീകരമായ കാഴ്ചകള്‍ കണ്ട് താന്‍ കഴിഞ്ഞു.ജാഗ്രത്തിലും ,നിദ്രയിലും,വ്യക്തമല്ലാത്ത പേടി സ്വപ്നം തന്നെ ഭയപ്പെടുത്തി..ചര്യകളില്‍, വിചാരങ്ങളില്‍ ,സ്വപ്നങ്ങളില്‍ എല്ലാം അത് കരിനിഴല്‍ വീഴ്ത്തി.ഭീകരമായ ഒരു ദുര്‍വിധിയായ്‌ അവന്‍ ജീവിതത്തിലേക്ക് അന്ന്‍ കടന്നു വന്നു.ഇപ്പോള്‍ എല്ലാത്തിനും ഒടുവില്‍ അവശിഷ്ട ജീവിതത്തിന്റെ പുറന്തോടിനെപ്പോലും  ഭസ്മീകരിക്കുന്ന ഓര്‍മ്മകളായ്‌ മാറിയിരിക്കുന്നു.ആ ഓര്‍മകളുടെ ചിത ഇപ്പോള്‍ എരിഞ്ഞടങ്ങി. തന്റെ ഹൃദയം ഒന്ന് പിടഞ്ഞു.നെറ്റിയില്‍ ഒരു തുള്ളി വിയര്‍പ്പു പൊടിഞ്ഞു .തന്റെ നീണ്ട 5 വര്‍ഷങ്ങള്‍ !!!!എങ്ങിനെ കഴിച്ചു കൂട്ടി എന്നറിയില്ല.ജീവിതത്തിലെ ചില നഷ്ടങ്ങള്‍ ലാഭമായ് മാറാം.മനസ്സില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം!!!ഇതിനെല്ലാം ഒരു ഉത്തരം മാത്രം!ജീവിക്കുക...ജീവിച്ചേ മതിയാകൂ ......സൌഭാഗ്യങ്ങളെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍ തനിക്കിനി സാധ്യമാണോ?എഴുതാന്‍ ഒരുങ്ങിയ കൈകള്‍ തണുത്തു വിറങ്ങലിച്ചിരിക്കുന്നു.തന്റെ ശ്വാസത്തിന്റെ ഗതി അറിയാന്‍ കഴിയുന്നു.ഹൃദയം പട പടാന്ന്‍ മിടിക്കാന്‍ തുടങ്ങി.

"കൊഞ്ചി ...കരയല്ലേ..മിഴികള്‍ നനയല്ലേ"..ഓ ...തന്റെ മൊബൈലില്‍ സന്ദേശം വന്നതാണ് .നോക്കി,തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .. സുപ്രഭാതവും ശുഭരാത്രിയും നേരുന്നവര്‍ ..അങ്ങനെ ഒരു ആശ്വാസം എങ്കിലും     ഉണ്ടല്ലോ തനിക്ക്..തികച്ചും ദൈവികം തന്നെ.!!!കൂടെ ടിന്റുമോന്റെ മെസ്സേജും ....വായിച്ചിട്ട് ചിരിക്കാനല്ല തോന്നിയത്,വന്ന്‍ വന്ന്‍ അവന്   സഭ്യത തീരെ ഇല്ലാതായിരിക്കുന്നു.

വെളിച്ചത്തിന്റെ വ്യാസത്തിന്  വെളിയില്‍ അരണ്ട വെളിച്ചത്തില്‍ ഗാVനിദ്രയില്‍  ലയിച്ച ദീപയെ നോക്കി.മനുഷ്യന് വേണ്ടി ഉറക്കം സൃഷ്ടിച്ച ദൈവം എത്ര കരുണാമയനാണ്‌! താന്‍ മതിമറന്നുറങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി,എന്ന് വേദനയോടെ അവള്‍ ഓര്‍ത്തു.ദീപയുടെ കല്യാണം ആണ് ,4 വര്‍ഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരം.തന്റെ പ്രാണപ്രിയന്  വേണ്ടി യുള്ള കാത്തിരിപ്പിന്റെ പരിസമാപ്തി.6 നു ആണ് വിവാഹം,തനിക്കും കൂടണം.അവള്‍ മധുരസ്വപ്നത്തിലാണെന്ന്  തോന്നുന്നു.പെട്ടെന്നൊരു ശബ്ദം.പിന്നില്‍ അശ്വതി,കോട്ടയം കാരി കുറുമ്പി..പാവം ആണ് കേട്ടോ ...

"എന്താ ദേവൂ ഇത്? കൊച്ചിന് ഉറക്കമൊന്നുമില്ലേ? ഒരു ആത്മകഥ!!!,ആളുകള്‍ 50 വയസ്സ് കഴിയുമ്പോള്‍ എഴുതുന്നത് ആണിത്.നേരെ ചൊവ്വേ വല്ലതും എഴുതൂ ...ഇതൊക്കെ പകല്‍ എഴുതിക്കൂടെ ? മനുഷ്യര്‍ ഉറങ്ങുന്ന സമയത്താ,അതാ..!!!"കുപ്പിയിലെ വെള്ളവും കുടിച്ച് തിരിഞ്ഞു കിടന്നു ഉറക്കം പിടിച്ചു.ഒന്നോര്‍ത്താല്‍ അവള്‍ പറയുന്നതിലും കാര്യം ഉണ്ട്.10 മണിക്ക്  ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കണം എന്നാണ് ഹോസ്റ്റല്‍ നിയമം(താന്‍ മെഴുകുതിരിയും കത്തിച്ച് കുത്തിയിരിക്കുന്നു.).പിന്നെയും മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.കോറിഡോറില്‍ ചെരുപ്പടി  ശബ്ദം കേള്‍ക്കാം.കാവല്‍ക്കാരന്‍ ആയിരിക്കും.

മെഴുകുതിരി പകുതിയില്‍ അധികം കത്തി തീര്‍ന്നിരിക്കുന്നു..തനിക്കു വേണ്ടി സ്വയം എരിഞ്ഞു തീര്‍ന്നിരിക്കുന്നു. മഴയുടെ കനം കുറഞ്ഞു.അതിന്റെ ഗന്ധം,താളാത്മകത,ശ്രുതിമാധുര്യം ഇതെല്ലം തനിക്കു പ്രിയം.തനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുകയാണോ??അവള്‍ ഓര്‍ത്തു . മെല്ലെ ജനല്‍ പാളികള്‍ അടച്ചു.വിയര്‍പ്പിനാല്‍ നനഞ്ഞ കടലാസ്സുകള്‍ മടക്കി,പേന അടച്ചു.വേണ്ട അശ്വതി പറഞ്ഞ പോലെ 50 ആവട്ടെ.മെല്ലെ കൊതുവലക്കുള്ളില്‍ കിടക്കയിലേക്ക് ചാഞ്ഞു .തൊട്ടടുത്ത് ചിരിച്ചു,പരിഭവം  പറഞ്ഞും പിരിഞ്ഞു കിടക്കുന്ന ദീപ, അപ്പുറം കൂര്‍ക്കം വലിച്ച്ച്ചുറങ്ങുന്ന   അശ്വതി.നിശ്വാസത്തിന്റെ   ശബ്ദം പോലും ഇല്ലാതെ അവള്‍ കിടന്നു.ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി.റേഡിയോ മാന്ഗോ 91.9  നാട്ടിലെങ്ങും പാട്ടായി..."നിറമാര്‍ന്നോരെന്‍  നിനവിന്നിതാ....പ്രണയശലഭങ്ങ  ..."മെല്ലെ അവളുടെ കണ്‍ പീലികള്‍ ചുംബനത്തില്‍ അമര്‍ന്നു.....
ഗാഡമായ നിദ്രയിലെക്കവള്‍ വഴുതി വീണു...പുതിയ കഥ (സന്തോഷത്തിന്റെ) ജനിക്കും വരെ.........

*******************************************************************************

Monday, November 15, 2010

കുമാരന്‍ മാഷ്‌

"കൌസല്യ സുപ്രജ രാമ .....സന്ധ്യാ ..... "
മെല്ലെ കുമാരന്‍ മാഷുടെ കൈകള്‍ മൊബൈലിന്റെ red button ഇല്‍ അമര്‍ന്നു.
പിന്നെയും മാഷ്‌ ചുരുണ്ട് കൂടി കിടന്നു."ഹോ ...അലാറം കേട്ടതിനു ശേഷം ഉള്ള ഈ കിടത്തം!! അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ!!! ഒന്നുകൂടി ആ   മധുര സ്വപ്നത്തിന്റെ climax ഊഹിച്ചെടുക്കാന്‍ ശ്രമിക്കവേ ഞെട്ടി എണീറ്റ് നോക്കി സമയം പിന്നെയും 30 മിനുറ്റ് കഴിഞ്ഞിരിക്കുന്നു.


എന്ത് പറ്റി എനിക്ക് ??? മാഷ്‌ ഓര്‍ത്തു...എന്തായിരുന്നു ആ സ്വപ്നം?? സ്വപ്നമോ മിഥ്യയോ?? അറിയില്ല .എന്തോ തന്നെ അലട്ടുന്നു.എന്താദ് ?ആ ...എന്തോ ആവട്ടെ . ഒരു മൂളി പ്പാട്ട് പാടി ..."ഇഷ്ടമല്ലേ ..ഇഷ്ടമല്ലേ "ഒരു വമ്പന്‍ കൊതുക് മൂക്കിനു കടിച്ചു പിടിക്കുന്നു...ഒറ്റ  അടി!! ഹോ A +ve  രക്തം.കൊച്ചിയിലെ കൊതുകിനെ കുറിച്ച പറയാത്തതാ ഭേദം ....കൊതുവല ഇട്ടിട്ട ഒരു കാര്യവുമില്ല
എന്നാലും മനസ്സിന് ഒരു വെപ്രാളം .ഒരു എത്തും  പിടിയും കിട്ടനില്ല്യാലോ ?ഏതായാലും ഇന്നത്തെ പ്രോഗ്രാം തുടങ്ങാം ..പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല .corparation കാരെ ശപിച്ചുകൊണ്ട് പിറുപിറുത്തു .ഹാ ഇന്നലെ പിടിച്ചു വച്ച 2 ബക്കറ്റ്‌ വെള്ളം ഉണ്ട് അതില്‍ ഒതുക്കാം .മനസ്സിന് എന്താ ഒരു ഉന്മേഷക്കുറവു?
ഉമ ടീച്ചറെ ഒന്ന് വിളിച്ചാലോ? വേണ്ട ഒരാഴ്ച മുന്നേ വന്നു ജോയിന്‍ ചെയ്തതാണ് പക്ഷെ എന്തോ ഒരു ആത്മബന്ധം എന്താണെന്നു മനസ്സിലാവുന്നില്ല.എന്ത് കൊണ്ടാണ് ഉമ ടീച്ചറെ പോലെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞത്?ഉത്തരം ഇല്ലാത്ത ചോദ്യം !!! കണ്ണാടിയില്‍ നോക്കി തലമുടി ചീകി .ഒന്ന് തിരിഞ്ഞു നോക്കി .യൌവ്വനം കഴിഞ്ഞിരിക്കുന്നു ചില വെളുത്ത തലമുടിയിഴകള്‍ അസ്വസ്ഥനാക്കി .കുഴപ്പമില്ല സുന്ദരനാണ് . എന്താണ് ഈ സൗന്ദര്യം?ബാഹ്യമായ സൗന്ദര്യത്തെക്കാളും ആന്തരിക സൗന്ദര്യം ആണ് വേണ്ടതെന്നു പ്രസംഗിക്കുന്ന   എനിക്ക്  ഇന്ന് എന്ത് പറ്റി ?"ഗ്യാവൂ ...." ഹി എന്റെ ചക്കുടൂ ....നിനക്കെന്ത പറയാനുള്ളത്? ചക്കുടു മാഷുടെ സ്വന്തം പൂച്ച. "നിനക്ക് വിശക്കുന്നോ?"  അവനെ മാറോട് ചേര്‍ത്തുപിടിച്ചു.

എല്ലാം കഴിഞ്ഞ് ഉമ്മറ വാതില്‍ പൂട്ടിയപ്പോള്‍ മണി  7.30 .ബാലന്‍ ചേട്ടന്റെ കടയില്‍ നിന്നും പുട്ടും കടലയും കഴിക്കുമ്പോള്‍ ബാര്‍ബര്‍  ശശി ചോദിച്ചു "മാഷ്ക്ക് ഇന്ന് എന്ത് പറ്റി ?" ഇതേ ചോദ്യം തന്നെ രാവിലെ മുതല്‍ തന്നോട് തന്നെ ചോദിക്കുകയാണ് ..ഉത്തരം ഇനിയും കിട്ടിയില്ല ....മാഷ്‌ ബസ്‌ സ്റ്റോപ്പില്‍ എത്തി. നേരെ നോക്കിയാല്‍ YWCA  ഹോസ്റ്റല്‍ കാണാം.മാഷുടെ കണ്ണുകള്‍ മാത്രമല്ല മനസ്സും അങ്ങോട്ടാണ്.ഉമ ടീച്ചര്‍ ഇറങ്ങിയോ ആവോ? ഒരു മിസ്സ്‌ കാള്‍ കൊടുത്താലോ? ഹേയ്‌...വേണ്ട !! ടീച്ചര്‍ എന്ത് വിചാരിക്കും ? മനസ്സിന്റെ കോണില്‍ എവിടെയോ ഉണ്ട് ..മാഷ്‌ ചിന്തിച്ചു!! എന്തിനു ഓര്‍ക്കണം? അഥവാ ടീച്ചറുടെ സ്വരമാധുരിയാണോ തന്നിലേക്ക് ആ വ്യക്തിത്വത്തെ തന്നിലേക്ക് അടുപ്പിക്കുന്നത്? മനസ്സില്‍ പ്രണയമോ? ഛെ ..അല്ല...ഓര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നി ...അടുത്ത് നിന്ന പയ്യന്‍ തന്നെ നോക്കുന്നു മാഷെ എന്ത് പറ്റി ?

വേഗം അടുത്ത ബസ്‌ പിടിച്ചു സ്കൂളില്‍ എത്തി..മനസ്സിനെ ശാന്തമാക്കി.ആദ്യത്തെ പീരീഡ്‌  കണക്ക് .എങ്ങിനെയോ അത് കഴിഞ്ഞ് .മനസ്സിന് വീണ്ടും അസ്വസ്ഥത.തിരിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോള്‍ ഒരു ആള്‍ ക്കൂട്ടം.വേഗം അങ്ങോട്ട്‌ പാഞ്ഞു. ഉമ ടീച്ചര്‍ ബോധം ഇല്ലാതെ കിടക്കുന്നു .ഒരു ഫോണ്‍ വന്നതാണ്‌ അത്രേ ...വീണ്ടും ആ ഫോണ്‍ റിംഗ് ചെയ്യുന്നു.മാഷ്‌ എടുത്തു,ടീച്ചറുടെ അച്ഛന്‍ പറഞ്ഞു . "സന്തോഷിനു സുഖമില്ല സിറ്റി ഹോസ്പിറ്റലില്‍ ...വേഗം വരൂ എന്ന് "ടീച്ചറെയും കൂട്ടി ബാക്കിയുള്ള ടീചെര്സ്‌  ഹോസ്പിറ്റലില്‍ ...ഡോക്ടര്‍ പറഞ്ഞു എത്രയും വേഗം A + ബ്ലഡ്‌ വേണം..ഒന്ന് ആലോചിച്ചില്ല ..കുറച്ചു മണിക്കൂറുകള്‍ ദൈവത്തിന്റെ കൈയ്യില്‍ ....

മാഷ്‌ പഞ്ഞി കൊണ്ട് കൈയ്യില്‍ ഉരസി ICU വില്‍ നിന്നും പുറത്തിറങ്ങി .....ടീച്ചറുടെ മുഖം നോക്കാന്‍ വയ്യ....ടീച്ചര്‍ ഓടി വന്നു മാഷിന്റെ കാല്‍ക്കല്‍ വീണു ..."മാഷേ എന്റെ മോന്‍... ... മാഷ്‌ അവന്റെ ജീവന്‍ രക്ഷിച്ചു .....ഞാന്‍ കടപ്പെട്ടിരിക്കുന്നു....."മെല്ലെ മാഷ്‌ ടീച്ചറെ ഉയര്‍ത്തി കണ്ണുനീര്‍ തുടച്ചു ........
എല്ലാം ശരിയാകും ..... തിരിഞ്ഞു നടക്കുമ്പോള്‍ മാഷുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണുനീര്‍ ഹോ..മാഷുടെ ചോദ്യത്തിന് ഉത്തരം കിട്ടി ...മനസ്സ് നിറഞ്ഞു........

*********************************************************************************

Saturday, October 16, 2010

കടല്‍

ഏകാന്തമായി ഈ കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ ...തണുത്ത കാറ്റു ശരീരത്തെ തഴുകുമ്പോള്‍ അവള്‍ക്ക് പഴയ ചിന്തകള്‍,ചാരം മൂടി കിടന്ന ആ ചിത്രങ്ങള്‍ 
തെളിഞ്ഞു വന്നു .പൊടി മൂടിക്കിടന്ന ആ ചിത്രങ്ങള്‍വീണ്ടും മനസ്സിലേക്ക് വിരുന്നു വന്നു .അവള്‍ ഒരിക്കലും വരാന്‍ ആഗ്രഹിക്കരുതേ എന്ന് ചിന്തിച്ച വര്‍ണ്ണ ശബളമായ ആ ചിത്രങ്ങള്‍ പിന്നെയും മനസ്സിനെ പാകപ്പെടുത്തി എടുക്കാന്‍ ശ്രമിക്കവേ കടലിലെ തിരമാലകള്‍ കണക്കെ ഓരോന്നോരോന്നായ് തന്നെ തേടി വരുന്നു .കണ്ണില്‍ നിന്നും 
സമുദ്രങ്ങള്‍ പുറപ്പെടാന്‍ തുടങ്ങി .

കടല്‍ ഉള്ളില്‍ ഒളിപ്പിച്ച നിഗൂഡ സത്യങ്ങള്‍ പറയുകയാണെന്ന് അവള്‍ക്ക് തോന്നി.തിരമാലകള്‍ ഉച്ചത്തില്‍ അലമുറയിട്ട് വരുന്നു.ആരുമില്ലാത് കേള്‍ക്കാന്‍ അവള്‍ മാത്രം കടലമ്മ കൂട്ട് എല്ലാം പറഞ്ഞുഅവള്‍ കല്ടലമ്മയോട് സമുദ്രത്തിന്റെ ഓരോ സ്വരങ്ങളും അവളോടുള്ള മറുപടിയായി തോന്നി അവള്‍ക്ക് ചില തമാശകള്‍ പറഞ്ഞു.പൊട്ടിച്ചിരിച്ചു.നേരം പോയത് അറിഞ്ഞില്ല അവള്‍കടലമ്മയുടെ കണ്ണുകള്‍.
സമുദ്രത്തിന്റെ ആഴം,അത് അവളുടെതാണെന്ന് തോന്നി.സൂര്യന്‍ അസ്തമിച്ചു.അവള്‍ക്ക് തിരികെ മടങ്ങണം.അവള്‍ തിരിച്ചുനടന്നു .കടലമ്മ എത്രയോ ദൂരത്ത്.

അപ്പോള്‍ കടല്‍ ഉഗ്രരൂപം പൂണ്ട് അലമുറയിടുകയായിരുന്നു.....................



പൂവ്

നിന്നെയിങ്ങനെ ദൂരത്തു നിന്നും നോക്കി കാണാന്‍ എന്ത് ചന്തം !!!!!!
അടുക്കുവാന്‍ ഞാനില്ല ......
അടുത്താല്‍ അകലുവാന്‍ തോന്നില്ല .....
അരുണ കിരണങ്ങള്‍ ഏറ്റു നീ വാടീടിലും
ദളങ്ങള്‍ ഓരോന്നായ് പൊഴിഞ്ഞു പോയീടിലും
മധുരം തേടി ചെല്ലാന്‍ ഭ്രമരം അല്ലല്ലോ ഞാന്‍ ............


Tuesday, October 12, 2010

മഴ മേഘ പ്രാവ്

ഓര്‍മ്മകള്‍ ഇന്നെന്നെ കുത്തി നോവിക്കുന്നു .....
നീറുന്ന നൊമ്പരം എന്നുള്ളില്‍ പടര്‍ത്തുന്നു....
എന്തിനായ് അന്നു നീ എന്‍ മുന്നില്‍ വന്നു ....?
പാവമാം എന്നെ അഹല്യയായ് മാറ്റി നീ ........

ഒരു ചെറു കാറ്റിന്‍ തലോടലായ് മാറവേ ......
എന്‍ മനസ്സിന്‍ ജാലക വാതിലില്‍ ..........
ചെറു പുഞ്ചിരി തൂകി വന്നണഞ്ഞു .......
ഇന്ന് നീ എങ്ങു പോയ്‌ മറഞ്ഞു ...???

ദുഖ ഭാരത്താല്‍ തളരുന്നോരെന്നെ നീ........
ആശ്വസിപ്പിക്കാന്‍ വരില്ലേ.........???
എന്‍ കണ്ണീര്‍ മുത്തായ്‌ മാറുമോ .....
മുത്തെ....നിന്നെ ഓര്‍ക്കുന്നു ഞാന്‍ .........

ചില്ല തേടി അലയുന്ന മഴ മേഘ പ്രാവ് ഞാന്‍ ...
തളരുന്ന ചിറകുമായ് നിന്മുന്നില്‍ നില്‍പ്പൂ.............
എല്ലാം വ്യര്‍ത്ഥം ആണെന്നറിഞ്ഞിട്ടും ..........
നീ എന്നില്‍ ഒരു തേങ്ങലായ് ശേഷിപ്പൂ ........

Saturday, July 24, 2010

ഏകാന്തത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി

                             


നിന്‍റെ കണ്ണുകളില്‍ കാണുന്നു ഞാന്‍ ................


ഒറ്റപ്പെടലിന്‍റെ വേദന..................


പങ്കുവയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ ............


ഉള്ളില്‍ കാടുകയറുന്ന ചിന്തകള്‍ ....................


അര്‍ത്ഥമില്ലാത്ത മരണത്തിന്‍റെ ലോല ഭാവം .....


സ്നേഹത്തിന്‍റെ കരിനിഴല്‍ വീണ നാളുകള്‍ ......


കൂടെ വാര്‍ക്കാന്‍ ഇല്ലാത്ത കണ്ണുനീര്‍...............


കൈ വിട്ട സുഹൃത്തുക്കളുടെ പകരം വീട്ടല്‍........


ഇരുട്ടിന്‍റെ ആരും കാണാത്ത മൂലയില്‍ ഇരുന്നു അവള്‍....


വീണ്ടും തനിച്ചെന്ന ഓര്മപ്പെടുത്തലുമായി !!!!





എന്റെ വര !!!!!