Tuesday, December 24, 2013

ഡിസംബര്‍ ഒരു ഓര്‍മ്മ


ഡിസംബറെ..... നിന്നെ എനിക്കിഷ്ടം.....നീയെനിക്ക് കുളിര് തന്നു.....ഓര്‍മ്മകള്‍ തന്നു...അതിലേറെ ലാഭങ്ങളും .... എന്റെ നഷ്ടങ്ങളെ ലാഭങ്ങള്‍ ആയി തീര്‍ത്ത ഡിസംബര്‍....എങ്കിലും നഷ്ടത്തിന്‍റെ പര്യായമാണല്ലോ നീ 2013 ന്‍റെ നഷ്ടം............
നിന്‍റെ സുഖമുള്ള നനുത്ത കുളിര് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.

പ്രഭാതത്തില്‍ മൂടല്‍ മഞ്ഞ് അന്തരീക്ഷമാകെ പുതച്ച് ഉണരാന്‍ മടിച്ചു നില്‍ക്കുന്ന പ്രകൃതി..... അകലെ പള്ളി മണി മുഴങ്ങുന്നു....സാന്താ ക്ലോസ് അപ്പൂപ്പനെയും കാത്ത് കുഞ്ഞുങ്ങള്‍....ക്രിസ്മസിന്റെ ആഘോഷ വേള.

ഡിസംബറിന്റെ പ്രതീക്ഷയായ പുതു വര്ഷം.......................................

ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ക്കൊപ്പം പുതുവത്സരാശംസകളും!!!!!!!!!
Monday, November 18, 2013

ഈ വഴിയില്‍ ഇനിയെത്ര ദൂരം !


കാലത്തിന്‍റെ നടപ്പാത! പാത വിജനമായിരുന്നു.
ഈ വഴിയില്‍ ഇനിയെത്ര ദൂരം ! എന്ന് പറയുന്നതിന് അര്‍ത്ഥമുണ്ടോ?
അജ്ഞാതരായ സഹയാത്രികര്‍ ! അവര്‍ അജ്ഞാതരാണോ? അല്ല !
ഈ യാത്ര ആര്‍ക്കു വേണ്ടി? പാതയുടെ അന്ത്യത്തില്‍ ...അവിടെ ..അവിടെ.... തന്റെ പേരും ശിലാലിഖിതം ആയിട്ടുണ്ടാകും..
അറിയില്ല !
ഈ വഴി യാത്ര ചെയ്യുന്നവരും ഒരേ ലക്‌ഷ്യം ആയിരിക്കാം...അതും അറിയില്ല!

വഴിയരികില്‍ വിശ്രമിക്കാനായ് ഒരുക്കിയിട്ടുള്ള പരുക്കന്‍ സിമന്‍റ് ബഞ്ചില്‍ ശൂന്യമായ ആകാശം നോക്കി അഖില ഇരുന്നു.നവംബര്‍ പോകുന്നു ഡിസംബറിനെ സ്വീകരിക്കാന്‍ ! രണ്ടും അഖിലക്ക് ഇഷ്ടമുള്ള മാസങ്ങള്‍.ഒന്ന് നഷ്ടത്തിന്‍റെതും  മറ്റൊന്ന് ലാഭത്തിന്‍റെതും..ഒന്നോര്‍ത്താല്‍ നഷ്ടവും ഒരു ലാഭം തന്നെ..

ഇനിയുള്ള  വഴികള്‍ പൂക്കള്‍ നിറഞ്ഞവയാണ്..പാതയുടെ ഇരുവശവും മഞ്ഞപ്പൂക്കള്‍ .... മനസ്സില്‍ സന്തോഷത്തിന്‍റെ തിരയിളക്കം.കടന്നുപോയ വഴികളെ ഒന്നോര്‍ത്തപ്പോള്‍ കണ്ണില്‍ നിന്നും സമുദ്രം..കാലം ഒരു മരുന്നാണല്ലോ! മുറിപ്പാടുകള്‍ മായ്ക്കാതിരിക്കുമോ? കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടിയ നേരത്തും തന്റെ കൂടെ ആരോ ഉണ്ടായിരുന്നു..താന്‍ അനുഭവിക്കുക ആയിരുന്നു...ഈ കാത്തിരിപ്പിന് എത്ര വയസ്സായി? കണ്ടുമുട്ടാതിരിക്കില്ല...നീലാംബരത്തിന്‍റെ വിരിമാറിലൂടെ ഊളിയിട്ടു പറക്കുന്ന മഴമേഘപ്രാവുകളെ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു.അനന്ത നീലിമയില്‍ അവര്‍ തീരം തേടി അലയുകയാണോ? ഇരിപ്പിടമായ് ഒരു ചില്ല തേടി അലയുക ആണോ? നീണ്ട ഒരു നെടു വീര്‍പ്പിനന്ത്യത്തില്‍ ശിരസ്സൊന്നു കുനിച്ചപ്പോള്‍ പരുക്കന്‍  ബഞ്ചിന്‍റെ അറ്റത്ത് ഒരാള്‍ തന്നെ നോക്കി ചിരിക്കുകയാണ്..ചിരിക്കണോ? അറിയില്ല..അപരിചിതന്‍ ! വേണ്ടാ ....

വീണ്ടും ചിന്തയുടെ ആഴക്കയത്തില്‍  മുങ്ങിത്താഴാവേ,ശ്രദ്ധ പാളി വീണ്ടുമൊന്നു നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ പരിചിതനെന്നപോല്‍ അയാള്‍ തന്നെ തന്നെ നോക്കി മന്ദഹസിക്കുകയാണ്.ആ കണ്ണുകളില്‍ പരിചിതമായ ഒരു അപരിചിതത്വം അഖിലക്ക് കാണാന്‍ കഴിഞ്ഞു.

തന്‍റെ ലക്‌ഷ്യം മുന്നോട്ടുള്ള യാത്രയാണ് ... തനിക്കൊരു ലക്ഷ്യമുണ്ട് ....
പക്ഷെ ആ കണ്ണുകള്‍ അവളുടെതാണെന്നു അഖിലക്ക് തോന്നുകയാണ്..വീണ്ടും ആ കണ്ണുകളിലേക്ക് അവള്‍ അറിയാതെ അറിയാതെ...നോക്കുകയായിരുന്നു... "ആ നോട്ടം അഖിലയുടെ മനസ്സിനെ ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് പായിച്ചു...കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നീ നടക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ലേ...അഖില ഒന്ന് പതറി.

തന്‍റെ യാത്രയില്‍ കൂടെ നടന്നയാള്‍ ! വിഷമിച്ച അവസ്ഥയില്‍ ഓടിയണഞ്ഞവന്‍ ! ഇനി ഓരോ ചുവടും തന്‍റെ കൂടെ ! ഏകയാണ് എന്ന് ചിന്തിച്ച നിമിഷം തന്നെ വന്ന്‍ അണഞ്ഞിരിക്കുന്നു...കൃഷ്ണനാണോ! അറിയില്ല ...മുന്നില്‍ എത്രയെത്ര കാല്‍പ്പാടുകള്‍ !ഇറക്കിവച്ച ഭാണ്ഡങ്ങള്‍ വീണ്ടും ചുമലിലേറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും പിന്തുടര്‍ന്നു...ദൂരം താണ്ടിയെ മതിയാകൂ...

തന്നെപ്പോലെ  കാത്തിരിപ്പിന്‍റെ വേദന അറിയുന്ന മറ്റൊരാള്‍ !! അനുഭവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകാം ....പൂക്കള്‍ നിറഞ്ഞ ആ വഴികളിലൂടെ അവര്‍ സ്വയം മറന്നു നടന്നു...അവന്‍ കഥ പറഞ്ഞു 
നക്ഷത്രങ്ങള്‍ കുളിര് സഹിയാതെ ആകാശത്ത് നിന്നും വിറച്ചു.പുല്ലിനോടു പരിഭവിച്ചു മഞ്ഞു തുള്ളികള്‍ !! ദൂരം താണ്ടിയതറിഞ്ഞില്ല.

മുന്നില്‍ വഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു.കണ്ണില്‍ ചോദ്യങ്ങളും ചുണ്ടില്‍ മൌനവും.അയാള്‍ പറഞ്ഞു ഇതാണെന്‍റെ വഴി! ഇതാണെന്റെ ലക്‌ഷ്യം! "വരൂ...." നീര്‍ച്ചുഴിയില്‍പ്പെട്ട ഒരു ചെറു പുല്‍നാമ്പിനെ പോല്‍ അവളുടെ മനസ്സ്, ആ സന്ദര്‍ഭത്തെ നേരിടാന്‍ ധൈര്യം പകര്‍ന്നു. 

വൈകാരിക സ്പന്ദനത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെട്ടോ ;കണ്ടു തീരാത്ത സ്വപ്നങ്ങളും ,വേദനകളും  ഒരുമിച്ച് മനസ്സിനെ പാകപ്പെടുത്തി,  കൈ കോര്‍ത്ത്‌  അവര്‍  ആ വഴിയിലൂടെ നടന്നു നീങ്ങി.....................................കാലം തന്ന രക്തം പൊടിഞ്ഞ ആ മുറിവുകളിലേക്ക്‌ സ്നേഹത്തിന്‍റെ മധുരമാം നേര്‍ത്ത കാറ്റില്‍ ഒരു പ്രത്യേക സുഖം.....

കാലമേ നീ തന്ന നേര്‍ത്ത സുഖമുള്ള നോവിനാല്‍ എന്‍ തൂലിക ചലിച്ചിടട്ടെ!!!ഈ വഴിയില്‍ ഇനിയെത്ര ദൂരം! (ഫോട്ടോ കടപ്പാട് : സാന്‍ജോ ജോസഫ്‌ (എന്റെ സുഹൃത്ത്‌ ))
Visit here :  https://www.facebook.com/photographysanjojoseph

Monday, September 23, 2013

അറിയപ്പെടാതെപോയ ബഹുമുഖ പ്രതിഭ - ഇ പി മൊയ്തീന്‍

തിരക്കിട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് വെറുതെ ഒന്ന് നോക്കിയതാണ്.ഞാന്‍ കണ്ടു ,വരാന്തയിലെ കസാരയില്‍ ഇരുന്ന് പത്രം വായിക്കുന്ന എണ്‍പത്കാരന്‍(84 ആയി). എന്തോ.. എവിടെയോ കണ്ട പരിചയം..
പിറ്റേന്ന് വളരെ ശ്രദ്ധിച്ച് തന്നെ നോക്കി.അതെ.. അതുതന്നെ..'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമയില്‍ നമ്മുക്കെവര്‍ക്കും സുപരിചിതനായ ആ ഡ്രൈവിംഗ് വിദ്യാര്‍ഥി തന്നെ!!. " അല്ല മാഷേ !! ഈ ക്ലച്ചും ആക്സിലെരേട്ടരും ഒന്നിച്ചു കൊടുത്താല്‍ എന്താ സംഭാവിക്യാ?"


ഇതാണ് ഇ പി മൊയ്തീന്‍ അഥവാ തിരൂര്‍ മൊയ്തീന്‍കുട്ടി.അന്ന് തന്നെ അദേഹത്തെ കാണാന്‍ പോയി.വാര്‍ധക്യത്തില്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോയ്ദീന്ക്ക
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഡ്രൈവിംഗ് പഠിച്ച് ഹെവി ലൈസന്‍സ് നേടിയ വ്യക്തിയാണ് എന്നറിയുക.

(തന്‍റെ വീടിനു മുന്‍പില്‍ തന്‍റെ കാറുമായി ഇ പി മൊയ്തീന്‍.ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ മരുന്ന് വാങ്ങാന്‍ പോയിട്ട ഡ്രൈവ് ചെയ്ത് എത്തിയാതെ ഉള്ളൂ.അപ്പൊ തന്നെ കാച്ചി ഒരു ക്ലിക്ക്!!! )

മൊയ്‌തീന്‍റെ യഥാര്‍ത്ഥ ജീവിതം സിനിമയേക്കാള്‍ വലിയൊരു കഥ പറയുന്നു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബാല്യം.രാപ്പകല്‍ തെരുവോരങ്ങളില്‍ അലഞ്ഞു തീര്‍ത്ത കൌമാരം.ഒട്ടിയ വയര്‍ നിറക്കുവാനായി കേട്ട പാട്ടുകളെല്ലാം ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഏറ്റു പാടിയപ്പോള്‍ മോയ്തീനിലെ ഗായകന്‍ വളര്‍ന്നു വരികയായിരുന്നു.അക്കാലത്ത് തിരൂര്‍ മുതല്‍ പാണമ്പ്ര വരെയുള്ള കല്യാണപ്പന്തലുകളില്‍ മൊയ്തീന്‍റെ സ്വരവും ഈണവും പുതിയൊരു അനുഭവമാകുകയായിരുന്നു.കോഴിക്കോടെ പേരുകേട്ട ഗായകരില്‍ ഒരാളായി മൊയ്തീന്‍.

തബലയും ഹാര്‍മോണിയവും  അദ്ധേഹത്തിന് ഹരമായിരുന്നു.ഇന്നും അങ്ങിനെ തന്നെ.ആ മുഖത്ത് എനിക്കെല്ലാം വായിച്ചെടുക്കാന്‍ കഴിഞ്ഞു.
അദേഹത്തിന്‍റെ മുഖ്യ കൂട്ടുകാരില്‍ ഒരാളായിരുന്നു, മുഹമ്മദ്‌ സാഹിര്‍.
അതായത് 'ബാബുരാജ്'.മൂന്നാമത് ഒരാളായ അബ്ദുള്‍ ഖാദര്‍,ഇവരായിരുന്നു, അക്കാലത്തെ ഗായക സംഘം.

അങ്ങിനെ ആകാശവാണിയില്‍ പാടാന്‍ അവസരം ലഭിച്ചു.പി ഭാസ്കരെന്റെയും കെ രാഘവന്‍റെയും സഹായത്തോടെ ആയിരുന്നു അത്.
ആകാശവാണിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ 'ആശാദീപങ്ങള്‍' എന്ന സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ചത്.പക്ഷെ മദിരാശിയില്‍ എത്തിയപ്പോള്‍ രണ്ട് ദിവസം വൈകിപ്പോയി അവസരം നഷ്ടമായി എന്നത് അദ്ദേഹം വേദനയോടെ ഓര്‍ത്തു.പിന്നീട് കോറസ് പാടുകയും ഖവാലി ഗാനം പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു.പിന്നെ ബോംബെ കോര്‍പറേഷന്‍ ബസ്സുകളുടെ ബോര്‍ഡ് എഴുതുന്ന ആര്‍ട്ടിസ്റ്റ് ആയി.അവിടുന്നാണ് ഹെവി ലൈസന്‍സ് എടുക്കുന്നത്.അങ്ങിനെ ബോംബെയില്‍ രണ്ട്പതിറ്റാണ്ട്ജീവിതംഅവസാനിപ്പിച്ച്കോഴിക്കോട്മടങ്ങിയെത്തി.റീജിയണല്‍  എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവറായി ജോലി നോക്കി..
 
                                             (ആല്‍ബത്തില്‍ നിന്നും-എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍)"ഞാന്‍ ചെയ്യാത്ത ജോലികളില്ല" എന്ന് രാമന്‍കുട്ടിയുടെ അതേ ചിരിയോടെ പറയുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.
1982- ല്‍ ജയന്‍ നായകനായ 'അഭിനയം' എന്ന സിനിമയില്‍ ഹാസ്യവേഷം.പിന്നീട് ഈ പുഴയും കടന്ന്‍,അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍,മക്കള്‍ മഹാത്മ്യം,എന്നും നന്മകള്‍,അഴകിയരാവണന്‍,കൊച്ച് കൊച്ച് സന്തോഷങ്ങള്‍,ഇരട്ടക്കുട്ടികളുടെ അച്ചന്‍,നോട്ട് ബുക്ക്‌,പഴശ്ശിരാജ തുടങ്ങി 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2003 ലെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയാണ് പ്രേക്ഷകരുടെഓര്‍മ്മയിലുള്ളചിത്രം.

ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ തെരുവുകളിലും,കല്യാണ വീടുകളിലും പാട്ട് പാടിയും,രണ്ടാം ഘട്ടത്തില്‍ ഗസല്‍ ഗായകനായും,ആര്‍ട്ടിസ്റ്റ് ആയും പിന്നീട് ഡ്രൈവറായും, മൂന്നാം ഘട്ടത്തില്‍ സിനിമാനടനായും അദ്ദേഹം വേഷം ഇട്ടു.

84 ന്‍റെ ആലസ്യം ഉണ്ടെങ്കിലും പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാബുരാജിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മുഖത്ത് പല നിറങ്ങള്‍ മാറി മറയുന്നതായി തോന്നി.

ഇനിയും വേഷങ്ങള്‍ പ്രതീക്ഷിച്ച് ഇരിക്കയാണ് ഇക്ക.

"ഇനി ഒരു സീരിയസ് വേഷം ചെയ്യണം.അവസരം വരും..വരാതിരിക്കില്ല" ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍.

സത്യന്‍(സത്യന്‍ അന്തിക്കാട്) ആണ് എന്നെ സിനിമയില്‍ എത്തിച്ചത് അദ്ദേഹം ഓര്‍ത്തു."ഡ്രൈവിംഗ് അറിയാതെ ഓടിക്കുന്ന സീന്‍ എടുക്കാന്‍ ഏറെ പണിപ്പെട്ടു അറിയുന്ന ഞാന്‍ ശെരിക്കും ഓടിച്ചു പോകുക  ആയിരുന്നു(അറിയാതെ)"

                                           (ആല്‍ബത്തില്‍ നിന്നും)


                                            (യാത്രക്കാരുടെ ശ്രദ്ധക്ക് - സെറ്റില്‍)

                                        (ഒരു അഭിഭാഷകന്‍റെ കേസ് ഡയറി)
ഇത്ഏതാണെന്ന്ഇക്കക്കുംഅറീല.ഒരുബ്രോക്കര്‍ ആയിട്ട് ആണ് അഭിനയിച്ചത് എന്ന് മാത്രം അറിയാം.
സ്കൂളില്‍ പോകാന്‍ അവസരം കിട്ടാത്ത ഇക്കക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാം.പാടാനറിയാം,ഹാര്‍മോണിയം വായിക്കും പക്ഷെ ഒന്നിനും ഗുരു ഇല്ല എന്നുള്ളതാണ് പ്രത്യേകത.എല്ലാം സ്വന്തം പഠിച്ചു.കണ്ടിട്ടും കേട്ടിട്ടും.
ഇതൊക്കെ അറിഞ്ഞിട്ട് എനിക്കും തോന്നി, ബഹുമുഖ പ്രതിഭ തന്നെ!!! പക്ഷെ എന്തുകൊണ്ടോ അറിയപ്പെടാന്‍ അവസരം കിട്ടീല.


വിലാസം:
ഇ പി മൊയ്തീന്‍
ഇ പി എം ഹൌസ്
തേഞ്ഞിപ്പാലം
മലപ്പുറം-673636
ഫോണ്‍:9895875619

Monday, February 18, 2013

നിലാവിന്‍ നിറമുള്ള പൂവ്

[ഹിന്ദു വിശ്വ എന്ന മാസികയില്‍ ഈ ലക്കം(ഫെബ്രുവരി 2013) പ്രസിദ്ധീകരിച്ച എന്റെ കഥ !]  

മഴയുടെ മൂടുപടമണിഞ്ഞ ഒരു ഇരുണ്ടസന്ധ്യ.കാലം തെറ്റി എത്തിയ പെരുമഴയുടെ പെരുമ്പറക്കൊട്ട്.തുള്ളിക്കൊരു കുടം പേമാരി..മഴയുടെ അവസാനം ഒരു നല്ല തണുപ്പ്.കാറ്റിന്‍റെ ശക്തിയില്‍ വീണടിഞ്ഞ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗി കൂട്ടി.ആ കുളിരുന്ന തണുപ്പില്‍ ജനാലക്കരികില്‍ അവന്‍ നിന്നു.മുറിയിലെ നിശബ്ദത കുത്തിനോവിക്കുന്നതായ് തോന്നി.
അങ്ങ് ദൂരെ ആ നീല നിറമുള്ള പൂവ് കാറ്റില്‍ ഇളകി ആടുന്നത് മഴത്തുള്ളികള്‍ ജനല്‍പാളികളില്‍ പതിഞ്ഞതുകാരണം അവ്യക്തമായിരുന്നു.ആ ഇളക്കം തന്നെ ആശ്വസിപ്പിക്കാനായിരിക്കുമോ?
പതുക്കെ ജനല്‍ പാളി  അയാള്‍ നീക്കിയപ്പോള്‍ ഒരു തണുത്ത കാറ്റ് അനുവാദം കൂടാതെ തന്‍റെ ചേല തട്ടിനീക്കി ദേഹത്ത് കുളിരണിയിച്ചു.തണുത്ത ഒരു തുള്ളി മഴ തന്‍റെ കവിളത് വീണപ്പോള്‍ മഴയുടെ വികാരം അവന്‍ അറിഞ്ഞു.

ഈ മഴ തന്‍റെ മനസ്സിന്‍റെ വേദന കഴുകിയോ? അതോ !
മനസ്സ് വേദനിക്കുമ്പോള്‍ മഴയായ് വരുമെന്ന്  അവന് അറിയാം.

മനസ്സിന്‍റെ കോണില്‍ പിന്നെയും ചിന്തകള്‍ക്ക് കൂട് കൂട്ടി.ആത്മഹത്യ-കരുതിക്കൂട്ടിയുള്ള മരണം.എന്തിനാണവള്‍ ആത്മഹത്യ ചെയ്തത്? തന്നില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യം.കളി തമാശക്ക് ഒടുവില്‍ അവള്‍ പറയുന്ന, ഇപ്പോള്‍ സംഭവിച്ചതുമായ  സത്യം.
മഴത്തുള്ളികള്‍ ചിതറിയ ആ ജനല്‍ പാളിയില്‍ അവന്‍റെ വിരലുകള്‍ ഇഴഞ്ഞു..'മീരാ നന്ദന്‍'.കൃഷ്ണന്‍റെ മീര..പെട്ടെന്നുതന്നെ ആ കൈ കൊണ്ട് ജനലിന്‍റെ ചില്ല് തുടച്ചു.

മൂടിക്കെട്ടിയ നിശബ്ദതക്ക് ഭംഗം സംഭവിച്ചുവോ?
"ഗുരുവായൂരപ്പാ ... ഈ നശിച്ച മഴ കഴിഞ്ഞപ്പോ കരണ്ടും പോയോ?..
നന്ദേട്ടാ.. എന്താ ഇത്?ഒത്തിരി നേരായല്ലോ ജനലിന്നടുത്ത്."

രുഗ്മിണി-തന്‍റെ സഹധര്‍മിണി.പ്രകൃതിയുടെ സൌന്ദര്യം ഇവളോട് പറഞ്ഞാല്‍ മനസ്സിലാകില്ല.തന്‍റെ പ്രണയിനിയെ കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നു അവള്‍ അറിഞ്ഞോ ആവോ?ഭാര്യ എന്ന പദവി അവള്‍ നന്നായി ചെയ്യുന്നു.ഭാഗ്യവാനാ താന്‍! നിന്ന നില്‍പ്പില്‍ തന്നെ തലയൊന്നു ചെരിച്ച് കിടക്ക വിരിക്കുന്ന രുക്കുവിനെ നോക്കിയവന്‍ ഒന്ന് മന്ദഹസിച്ചു

രുക്കു മുറി വിട്ടതോടെ തന്‍റെ ചിന്താമണ്ഡലം  വീണ്ടും ഉണര്‍ന്നു.
രുഗ്മിണിയുടെ സാമീപ്യത്തില്‍ കൃഷ്ണന്‍ രാധയെ ഓര്‍ത്തിട്ടുണ്ടാവില്ലേ?
രാധയെ ഓര്‍ത്തുള്ള ദുഃഖം കൃഷ്ണന് ഉണ്ടായിട്ടുണ്ടാവില്ലേ?അത് തെറ്റല്ല..സ്വയം ആശ്വസിച്ചു.

മീര! തന്‍റെ ശ്വാസം ! ജീവന്‍!

എപ്പോളോ എവിടെവച്ചോ അവിചാരിതമായി കണ്ടു,തന്‍റെതു മാത്രമായി.മടിയില്‍ ശയിച്ചു കൊണ്ട് ഇടതൂര്‍ന്ന മുടിയിലൂടെ വിരല്‍ ചലിപ്പിക്കുമ്പോള്‍ തണുത്ത വിരലിനാല്‍ അവള്‍ നനുത്ത മണ്ണില്‍ എഴുതുമായിരുന്നു..'മീരാനന്ദന്‍'.തന്‍റെ സാമീപ്യമായിരുന്നു അവളുടെ ആശ്വാസം.ഇതുപോലെ ഒരു പെരുമഴയത്തായിരുന്നു അവള്‍ തന്നോട് യാത്ര ചോദിച്ചത്.ബാന്ഗ്ലൂരിലെ അവളുടെ ചേച്ചിയുടെ വീട്ടിലേക്ക്.ഒരു കോഴ്സ് ആണ് ലക്‌ഷ്യം.നാട്ടില്‍ വന്ന് ഒരു ബ്യുട്ടി പാര്‍ലര്‍ നമുക്ക് ജീവിക്കാന്‍ അത് മതി നന്ദൂ..അവള്‍ പോയി..പിന്നീട് ..വിരഹ ദുഃഖം..

ലീവിന് വന്നപ്പോള്‍ അവള്‍ക്ക് എന്തോ മാറ്റം..ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അനുജന്‍ മനു കൊടുത്ത മൊബൈല്‍ അവള്‍ കാണിച്ചു.മനുവേട്ടനെ കൊണ്ടായിരുന്നു വാതോരാതെ ഉള്ള സംസാരം.

"നന്ദേട്ടാ...കാപ്പി..."
രുക്കുവിന്‍റെ കൈയ്യില്‍ നിന്നും ആവി പറക്കുന്ന കാപ്പി ചുണ്ടോടടുപ്പിച്ചു...അപ്പോളും ഒരേ ഓര്‍മ്മകള്‍..
രുക്കു എന്തോ പറയാന്‍ ഒരുങ്ങി.."നന്ദേട്ടാ..അവള്‍.. ആ മീര..."
"ഉം.."

"ഞാന്‍ അവിടെ പോയിരുന്നു.കമലു ഇത് നന്ദെട്ടനു ഏല്‍പ്പിക്കാന്‍ പറഞ്ഞു"
കമലു - മീരയുടെ അനിയത്തി..രുക്കുവിന്‍റെ ക്ലാസ് മേറ്റ്.
ഭംഗിയുള്ള ഒരു ഗോള്‍ഡന്‍ കവര്‍ തന്‍റെ നേര്‍ക്കവള്‍ നീട്ടി.. 
അതിന്‍റെ  മുകളിലൂടെ ഒരു റിബ്ബണ്‍ കെട്ടിയിരിക്കുന്നു..

മെല്ലെ അത് അഴിച്ച് ഒരു വിറയലോടെ ആ വടിവാര്‍ന്ന അക്ഷരം അവന്‍ വായിച്ചു.

പുറം ചട്ടയില്‍ ഇങ്ങനെ:
"കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും
കാത്തു കൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും
സ്നേഹത്തിനു കഴിയും"

മെല്ലെ താളുകള്‍ നീക്കി.
"അന്ന് നീ പകര്‍ന്ന അധരാമൃതം എന്നിലേക്ക് ആഴ്നിറങ്ങുമ്പോള്‍ എന്തെ നീ  തടഞ്ഞില്ല? എന്റെ പ്രാരാബ്ധങ്ങളും വിഷമതകളും നീ ആവാഹിച്ചെടുത്തില്ലേ! ലോകമായ എന്നെ ബന്ധിച്ചു.എന്റെ കണ്ണുനീരില്‍ കുതിര്‍ന്ന നിന്‍റെ വിരലുകള്‍ ഞാന്‍ പറിച്ചെറിഞ്ഞു.. എല്ലാം എനിക്ക് പറ്റിയ തെറ്റ്..ജീവിതത്തില്‍ എവിടെയോ എത്തിപ്പിടിക്കാനുള്ള വ്യഗ്രത.."ഡയറിയില്‍ നിന്നും കണ്ണ് പറിച് ദൂരേക്ക് നോക്കി നന്ദന്‍..നയനങ്ങള്‍ ആര്ദ്രമായോ?വീണ്ടും പേജുകള്‍ മറിഞ്ഞു..

"നിന്നെയും അയാളെയും സാമ്പത്തികത്തിന്റെ ത്രാസില്‍ അളന്നപ്പോള്‍ അയാളാണ്__! ഇതുവരെ കാണാത്ത കാഴ്ച്ചകള്‍,ആര്‍ഭാടങ്ങള്‍,അനു
ഭവിക്കാത്ത സുഖങ്ങള്‍...മതി മറന്നു പോയി..."
"എങ്കിലും മനസ്സ് നിന്‍റെ അടുത്ത് ആയിരുന്നു...നീ ഞാനാണല്ലോ..
നന്ദു ... നിന്‍റെ ഭാര്യയായ്...കുഞ്ഞുങ്ങളുടെ അമ്മയായ്...ഞാന്‍ ഒക്കെ മോഹിച്ചിരുന്നില്ലേ! എല്ലാം കൈവിട്ടു പോയി..എന്നില്‍ നിന്ന് എല്ലാം പറിച്ചെടുത്ത് അയാള്‍ എന്നെ ചതിക്കുകയാനെന്ന സത്യം അറിയാന്‍ വൈകി..."

ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ വീണ്ടും താളുകള്‍ മറിച്ചു.

"നിന്നിലേക്ക്‌ മടങ്ങണം എന്നുണ്ടായിരുന്നു..വേണ്ട..എന്റെ ഓര്‍മ്മകളില്‍ നിന്‍റെ ചിരിക്കുന്ന മുഖം ഉണ്ട് ...അത് മതി എനിക്ക്..
ഇന്ന് ഞാന്‍ മരണത്തെ ആഗ്രഹിക്കുന്നു! എന്റെ രോഗം എന്നെ കീഴ്പ്പെടുത്തുന്നതിനു മുന്നേ എനിക്ക് .....!
ഹൃദയം പൊട്ടി ഞാന്‍ ചോദിക്കുന്നു...മാപ്പ്...!


അടുത്ത ജന്മം ഉണ്ടെങ്കില്‍!!"


പതിയെ നന്ദന്‍ കണ്ണുകള്‍ അടച്ചു...
"എന്നെക്കാണണം എന്നാഗ്രഹിക്കുമ്പോള്‍
കണ്ണടക്കുക..മുഖത്ത് പുഞ്ചിരി വരുത്തുക...
നിന്‍റെ മിഴികളില്‍ ഞാനുണ്ടാകും" അവള്‍ പണ്ട് പറയുന്ന വാക്കുകള്‍..

അമര്‍ത്തി ചിമ്മിയ കണ്ണുകള്‍ തുറക്കുമ്പോള്‍ ഇമ നനഞ്ഞിരിക്കുന്നു...

തനിക്കായ് ഡയറിക്കൊപ്പം കിട്ടിയ സുവര്‍ണ നിറമുള്ള പേന കൈയ്യിലെടുത്ത് അടുത്ത പേജ് അവന്‍ മറിച്ചു.

അവിടെ എഴുതി..
"നീയുണ്ട്  എന്‍റെ മിഴിക്കുള്ളില്‍,ഹൃദയത്തില്‍,ഒരിക്കലും മായാത്ത പൊട്ട് പോലെ-ക്ഷമിച്ചിരിക്കുന്നു "

കാപ്പി ചുണ്ടോട് ചേര്‍ത്ത് ഒരു കവിള്‍ കൂടി കുടിക്കവേ ഒന്നും മനസ്സിലാകാതെ നിന്ന രുക്കുവിനെ തന്‍റെ മാറോട് ചേര്‍ത്ത് പറഞ്ഞു..
"രുക്കൂ...നീയാനെനിക്ക് എല്ലാം .ഗുരുവായൂരപ്പാ ..എല്ലാം ഈശ്വരെച് ച ."

നിഷ്കളങ്കമായ ആ മുഖത്ത് കണ്ണുനീരിന്‍റെ നനവ്..!

തുറന്നിട്ട ജാലകം അമര്‍ത്തി അടക്കവേ,പെയ്ത്  തോര്‍ന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരിക്കുന്നുന്നു.
പെരുമഴയല്ല..ചാറ്റല്‍ മഴ !ഹൃദയത്തിന്‍റെ ആഴങ്ങളില്‍ തണുപ്പേകുന്ന
സ്നേഹ മഴ!

നന്ദന്‍ ദൂരേക്ക്‌ നോക്കുമ്പോള്‍ പ്രതീക്ഷിച്ച പോലെ നിലാവിന്‍റെ നേര്‍ത്ത നിറമുള്ള ആ  പൂവ് വീണ്ടും സന്തോഷത്താല്‍ സുഗന്ധം പരത്തി  കുസൃതിയോടെ ഇളകി ആടുന്നുണ്ടായിരുന്നു!

Wednesday, January 23, 2013

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !


കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍
എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..
അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം
ഏതോ വിസ്മൃതിയിലലിഞ്ഞു പോയീ..

ആ രാഗദീപ്തിയില്‍ ഞാനലിഞ്ഞൂ..
നിന്നെയോരോമല്‍ പ്രതീക്ഷയാക്കീ..

ഉള്ളിലുള്ളോരനുരാഗമെന്തേ
എഴയായ്  കേഴുമീ ഞാന്‍ അറിഞ്ഞീല !

ഇന്നെന്‍ മാനസവീണയില്‍ നിന്നോമല്‍
വേണുഗാനം ഉയര്‍ന്നു പൊങ്ങീ...

കാളിന്ദിയില്‍ ഞാന്‍ കുളിച്ച പോലെ !
നിന്നധരമധുരം നുകര്‍ന്ന പോലെ!

എന്നും കിനാവിന്‍റെ ചില്ലയില്‍ ഞാനൊരു
കുഞ്ഞു കിളിക്കൂട്‌ വയ്ക്കും...

രണ്ടു പൂത്തുംബിയായ് നാം രണ്ടു പേരും..
കല്‍പ്പാന്ത കാലം പറന്നുയരും..

താരാട്ടിന്‍ ഗീതമായ് നീ ചാരെവന്നെന്‍
പൂങ്കവിള്‍ നുകരാറണ്ടല്ലോ  !

എന്നും  ഉഷസ്സിന്റെ  വാതിലില്‍
വന്നു നീ എന്നെ ഉണര്‍ത്തുന്ന കള്ളനല്ലേ!

നീളും ദിനങ്ങളില്‍ നിന്നാത്മ സൗഹൃദം..
നല്‍കുമീ കാലടിപ്പാട്  മാത്രം!

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

Tuesday, January 1, 2013

ലജ്ജയാവുന്നില്ലേ ഭാരതം?


2012 ന്‍റെ താളുകള്‍ നീക്കി 2013 ന്‍റെ സുന്ദരസ്വപ്നവുമായ് ഉണരേണ്ട കേരളം..

ഇന്നലെകളുടെ സമൃദ്ധിയിലെ സൂര്യതേജസ്സിനെ ആവാഹിച്ച് ഇന്നിന്‍റെ
ഇരുളടഞ്ഞ കര്‍മ്മപഥത്തിലൂടെ നീങ്ങി നാളെയുടെ പ്രകാശപൂര്‍ണമായ
തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്ന ഭാരതം...

 ഒരേയൊരു ചോദ്യം ഭൂമിയോട്: ലജ്ജയില്ലേ ഈ പുരുഷവര്‍ഗ്ഗത്തെ പേറി
നില്‍ക്കാന്‍?2012 ഇല്‍ എന്താണ് നാം കണ്ടത്? 2012 സന്തോഷം പകര്‍ന്നോ? സമാധാനം ഉണ്ടായിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാം ....
'ആത്മഹത്യയും കൊലപാതങ്ങളും,പ്രകൃതിക്ഷോഭങ്ങളു
ം,പീഡനങ്ങളും,രാഷ്ട്രീയ കുതികാല്‍ വെട്ടും ...' എണ്ണിയാല്‍ തീരാത്ത .....

പിന്നെയോ ,ഭാരത സംസ്കൃതി എന്ന് ഉറക്കെ പാടി നടന്ന ഇടത്തില്‍ അതിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പീഡനങ്ങള്‍ !!

അച്ചന്‍ മകളെ മാനഭംഗം ചെയ്യുന്ന അറപ്പിക്കുന്ന വാര്‍ത്തകള്‍ !
അതിലുപരി കാമാര്‍ത്തി പൂണ്ട പുരുഷ വര്‍ഗ്ഗങ്ങള്‍ ! നരാധമന്മാര്‍ !

വേട്ടയാടപ്പെട്ടത് ഞാനടക്കമുള്ള സ്ത്രീ വര്‍ഗ്ഗങ്ങള്‍ !
നിയമങ്ങള്‍ ഉണ്ടായിട്ടും നടപ്പിലാക്കാത്ത ഒരു അവസ്ഥ !

ആ പെണ്‍കുട്ടി കാട്ടാളന്മാരുടെ കിരാത കാമനകള്‍ക്കിരയായി
രാജ്യത്തെ നടുക്കിയ ആ സംഭവത്തിലെ  ഇര... അവള്‍,ജ്യോതി  മരണത്തോട് മല്ലടിച്ച് മരണത്തിനു കീഴടങ്ങി..

പതിനേഴ് വയസ്സുകാരന്‍​ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുളളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി(വധ ശിക്ഷ) വേണം എന്നുള്ളത് ഭാരതത്തിലെ ഒന്നടങ്കമുള്ള സമൂഹത്തിന്‍റെ മുറവിളിയാണ്...

സ്ത്രീകളുടെ നിലവിളി ആരും കേള്‍ക്കുന്നില്ലേ?
തങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോട് അവള്‍ നടത്തുന്ന
യാചന കാണുന്നില്ലേ? സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണന അറിയുന്നില്ലേ? രക്ഷകനായ് മാറേണ്ട പുരുഷ വര്‍ഗ്ഗം തന്നെ അവളെ ശിക്ഷിക്കുകയാണല്ലോ !

മനുഷ്യന്‍ എന്നാല്‍ വിവേകം,വിവേചനം,വിശകലനം ഉള്ളവര്‍! എന്തെ ഇന്ന് അത് നഷ്ടമായി!
ലജ്ജയാവുന്നില്ലേ  ഭാരതം? 
എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ! ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇട വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയുമായ്‌  !!!!!!!