Wednesday, January 23, 2013

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !


കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍
എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..
അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം
ഏതോ വിസ്മൃതിയിലലിഞ്ഞു പോയീ..

ആ രാഗദീപ്തിയില്‍ ഞാനലിഞ്ഞൂ..
നിന്നെയോരോമല്‍ പ്രതീക്ഷയാക്കീ..

ഉള്ളിലുള്ളോരനുരാഗമെന്തേ
എഴയായ്  കേഴുമീ ഞാന്‍ അറിഞ്ഞീല !

ഇന്നെന്‍ മാനസവീണയില്‍ നിന്നോമല്‍
വേണുഗാനം ഉയര്‍ന്നു പൊങ്ങീ...

കാളിന്ദിയില്‍ ഞാന്‍ കുളിച്ച പോലെ !
നിന്നധരമധുരം നുകര്‍ന്ന പോലെ!

എന്നും കിനാവിന്‍റെ ചില്ലയില്‍ ഞാനൊരു
കുഞ്ഞു കിളിക്കൂട്‌ വയ്ക്കും...

രണ്ടു പൂത്തുംബിയായ് നാം രണ്ടു പേരും..
കല്‍പ്പാന്ത കാലം പറന്നുയരും..

താരാട്ടിന്‍ ഗീതമായ് നീ ചാരെവന്നെന്‍
പൂങ്കവിള്‍ നുകരാറണ്ടല്ലോ  !

എന്നും  ഉഷസ്സിന്റെ  വാതിലില്‍
വന്നു നീ എന്നെ ഉണര്‍ത്തുന്ന കള്ളനല്ലേ!

നീളും ദിനങ്ങളില്‍ നിന്നാത്മ സൗഹൃദം..
നല്‍കുമീ കാലടിപ്പാട്  മാത്രം!

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

Tuesday, January 1, 2013

ലജ്ജയാവുന്നില്ലേ ഭാരതം?


2012 ന്‍റെ താളുകള്‍ നീക്കി 2013 ന്‍റെ സുന്ദരസ്വപ്നവുമായ് ഉണരേണ്ട കേരളം..

ഇന്നലെകളുടെ സമൃദ്ധിയിലെ സൂര്യതേജസ്സിനെ ആവാഹിച്ച് ഇന്നിന്‍റെ
ഇരുളടഞ്ഞ കര്‍മ്മപഥത്തിലൂടെ നീങ്ങി നാളെയുടെ പ്രകാശപൂര്‍ണമായ
തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്ന ഭാരതം...

 ഒരേയൊരു ചോദ്യം ഭൂമിയോട്: ലജ്ജയില്ലേ ഈ പുരുഷവര്‍ഗ്ഗത്തെ പേറി
നില്‍ക്കാന്‍?2012 ഇല്‍ എന്താണ് നാം കണ്ടത്? 2012 സന്തോഷം പകര്‍ന്നോ? സമാധാനം ഉണ്ടായിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാം ....
'ആത്മഹത്യയും കൊലപാതങ്ങളും,പ്രകൃതിക്ഷോഭങ്ങളു
ം,പീഡനങ്ങളും,രാഷ്ട്രീയ കുതികാല്‍ വെട്ടും ...' എണ്ണിയാല്‍ തീരാത്ത .....

പിന്നെയോ ,ഭാരത സംസ്കൃതി എന്ന് ഉറക്കെ പാടി നടന്ന ഇടത്തില്‍ അതിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പീഡനങ്ങള്‍ !!

അച്ചന്‍ മകളെ മാനഭംഗം ചെയ്യുന്ന അറപ്പിക്കുന്ന വാര്‍ത്തകള്‍ !
അതിലുപരി കാമാര്‍ത്തി പൂണ്ട പുരുഷ വര്‍ഗ്ഗങ്ങള്‍ ! നരാധമന്മാര്‍ !

വേട്ടയാടപ്പെട്ടത് ഞാനടക്കമുള്ള സ്ത്രീ വര്‍ഗ്ഗങ്ങള്‍ !
നിയമങ്ങള്‍ ഉണ്ടായിട്ടും നടപ്പിലാക്കാത്ത ഒരു അവസ്ഥ !

ആ പെണ്‍കുട്ടി കാട്ടാളന്മാരുടെ കിരാത കാമനകള്‍ക്കിരയായി
രാജ്യത്തെ നടുക്കിയ ആ സംഭവത്തിലെ  ഇര... അവള്‍,ജ്യോതി  മരണത്തോട് മല്ലടിച്ച് മരണത്തിനു കീഴടങ്ങി..

പതിനേഴ് വയസ്സുകാരന്‍​ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുളളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി(വധ ശിക്ഷ) വേണം എന്നുള്ളത് ഭാരതത്തിലെ ഒന്നടങ്കമുള്ള സമൂഹത്തിന്‍റെ മുറവിളിയാണ്...

സ്ത്രീകളുടെ നിലവിളി ആരും കേള്‍ക്കുന്നില്ലേ?
തങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോട് അവള്‍ നടത്തുന്ന
യാചന കാണുന്നില്ലേ? സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണന അറിയുന്നില്ലേ? രക്ഷകനായ് മാറേണ്ട പുരുഷ വര്‍ഗ്ഗം തന്നെ അവളെ ശിക്ഷിക്കുകയാണല്ലോ !

മനുഷ്യന്‍ എന്നാല്‍ വിവേകം,വിവേചനം,വിശകലനം ഉള്ളവര്‍! എന്തെ ഇന്ന് അത് നഷ്ടമായി!
ലജ്ജയാവുന്നില്ലേ  ഭാരതം? 
എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ! ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇട വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയുമായ്‌  !!!!!!!