Sunday, April 24, 2011

പുനര്‍ജന്മം

 [“ഹിന്ദു വിശ്വ” എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ]

കൈകള്‍ കൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ ദേഹമാസകലം ഒരു വിറയല്‍ അനുഭവപ്പെട്ടു ശിവപ്രിയക്ക്.മെല്ലെ കണ്ണു തുറന്നപ്പോള്‍ തന്നെത്തന്നെ നോക്കി നില്‍ക്കുകയാണു ദേവന്‍.താന്‍ ഭക്തിപൂര്‍വ്വം കൊരുത്ത കൂവളമാലയും അണിഞ്ഞിട്ടുണ്ട്.ആ കണ്ണുകള്‍ ചിമ്മുന്നുണ്ടോ?അമ്പലനടയില്‍ നില്‍ക്കുമ്പോള്‍ വിഗ്രഹ ശിലയില്‍ ലയിക്കും പോലെ.നിറഞ്ഞ മന്ദഹാസം മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ കണ്ണുകള്‍ ഇറുങ്ങനെ അടച്ചു.സന്തോഷത്തിന്റെ നീര്‍ത്തുള്ളികള്‍ കവിളിണകള്‍ അറിയുന്നുണ്ടായിരുന്നു.ആ ഏകാന്തതയിലേക്ക് നാദസ്വരശബ്ദം ഒഴുകിവന്നു മനസ്സിനെ ഉണര്‍ത്തി.അലൌകികമായ ഒരു ആനന്ദം.അന്നേവരെ അനുഭവിക്കാത്ത എന്തോ ഒന്ന്! അതാ - ഒരു വെളിച്ചം! വിഗ്രഹത്തില്‍ നിന്നും അവളിലേക്ക് ഒരു ശാന്തി അനുഭവിച്ചു കൊണ്ട് മിന്നായം പൊലെ ഒരു ദൃശ്യം! എന്താദ്! ഒരു വലിയ നാലുകെട്ട്! എവിടെനിന്നോ പഞ്ചാക്ഷരീ മന്ത്രം! പെട്ടെന്നവള്‍ കണ്ണു തുറന്നു.അമ്പരപ്പോടെ ചുറ്റും നോക്കി.ഇല്ല! ഒന്നുമില്ല.താന്‍ നടയില്‍ തന്നെയുണ്ട്.ആളുകല്‍ തൊഴാന്‍ വരുന്നു,പോകുന്നു.

ശനീശ്വരന്റെ നടയില്‍ എത്തുമ്പൊളേക്കും വാര്യര്‍ ആംഗ്യം കാട്ടി.പൂജക്കുള്ള പുഷ്പം നടയില്‍ വക്കാന്‍.ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍ പുഷ്പം വെച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ , ഇന്നിത്തിരി വൈകിയല്ലോ എന്നോര്‍ത്തു.സാധാരണ തന്റെ മൂന്നാമത്തെ പ്രദക്ഷിണത്തിനാണ് പൂക്കള്‍ സമര്‍പ്പിക്കാറ്.നിയോഗം പോലെ - തന്റെ സാന്നിദ്ധ്യം .വര്‍ഷങ്ങളായി തുടരുന്ന പ്രവൃത്തി.ദേവന് ഒത്തിരി ഇഷ്ടമായതിനാലാകാം തന്റെ കൈയ്യില്‍ നിന്നും പൂക്കള്‍ ആഗ്രഹിക്കുന്നത്.പ്രസാദം വാങ്ങുമ്പോള്‍ കൂവളത്തില ചോദിച്ചു വാങ്ങാന്‍ മറന്നില്ല!!

 ദേവിയെയും തൊഴുത് തിരിഞ്ഞുനടക്കവേ മനസ്സ് ചിന്തകളാല്‍ മൂടപ്പെട്ടിരുന്നു.ഓഫീസില്‍ ഇരിക്കുമ്പോളും നാലുകെട്ടിന്റെ ചിന്ത തന്നെ.സന്ധ്യക്ക് ദീപാരാധന തൊഴുതപ്പോളും.നാലുകെട്ട്! നടുമുറ്റം!കൂവളത്തില! പഞ്ചാക്ഷരീ മന്ത്രം! നാഗത്തറ! എല്ലാം കാണുന്നു.പെട്ടെന്ന് മണി നാദം! വലിയ ആരവത്തോടെ നട തുരക്കുകയാണ്.ദേവന്‍ കൂവളത്തിലയാല്‍ മൂടപ്പെട്ടിരിക്കുന്നു.ദീപങ്ങള്‍ ജ്വലിക്കുന്നു.! താന്‍ കോരിത്തരിച്ച് ദേവനെ നോക്കിനില്‍ക്കുകയാണ്.മഴ പെയ്ത് തോര്‍ന്ന പോലെ! എന്തൊരനുഭവം! നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൌനം - പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി പിടയുന്ന വാക്കുകള്‍!


മെല്ലെ നാലുകെട്ടിലേക്ക് നടന്നു.പക്ഷികളുടെ ചെറു മര്‍മ്മരം.വൃത്തിയായി ചാണകം മെഴുകിയ മുറ്റം.അതില്‍ അങ്ങിങ്ങായി കരിയിലകള്‍ തുളസിത്തറയിലെ തിരി പാതിയോളം കത്തി കരിന്തിരി അണഞ്ഞിരിക്കുന്നു.വിശാലമായ വരാന്ത.വലിയ തൂണുകള്‍ നാലുകെട്ടിന് മോടി കൂട്ടി.തൂണുകള്‍ മുഴുവനും ഈട്ടിതടിയാണ്.ആളനക്കം തോന്നുന്നില്ല.അകത്തേക്ക് കയറുന്തോറും ഒരു തണുപ്പ് കയറി വരും പോലെ.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.നടുമുറ്റത്തെ ക്ഷേത്രത്തില്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.കാഴ്ച്ചക്കു തെളിമ പോര.മെല്ലെ പടിഞ്ഞിറ്റയിലേക്ക് പ്രവേശിച്ചു.മന്ത്രം ജപിച്ചു കൊണ്ട്,ഭസ്മധാരണാം ചെയ്ത്,മുടി ഒരു വശം കോതിയൊതുക്കി വളരെ പ്രൌഡയായ ഒരു തേജസ്വിനി.കൂവളമാല കോര്‍ക്കുകയാണ്.സൂര്യ തേജസ്സുപോലെ ഒരു തമ്പുരാട്ടി.ആ മുഖത്തുനിന്നും ദൃഷ്ടി പറിക്കാന്‍ തോന്നുന്നില്ല.പെട്ടെന്ന് മുറ്റത്ത് ആരുടെയൊക്കെയോ കാലൊച്ച.ശരിയാണ്,കുറേ പേര്‍ എന്തൊക്കെയോ ഗൌരവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്.കൂട്ടത്തില്‍ ഇത്തിരി പ്രായം ചെന്നയാള്‍ ഉമ്മറത്തു വച്ച കിണ്ടിയില്‍ നിന്നും കാല്‍ കഴുകി കൊണ്ട് ഉച്ചത്തില്‍ വിളിച്ചു.“ദേവൂട്ട്യേ - ദേവൂട്ട്യേ” കേട്ടില്ലേ എന്ന ഭാവത്തില്‍ ഇത്തിരി കൂടി ശബ്ദം ഉയര്‍ത്തി “ത്തിരി സംഭാരം കൊണ്ടുവരൂ ..ദാഹം ണ്ട്...” പിന്നെ തിരിഞ്ഞ് കൂടെയുല്ലവരോട് “ഇരിക്യാ ..... സംഭാരം ആവാം...”ചര്‍ച്ചകള്‍ നീളുന്നു.ഉത്സവകാര്യം ആണ് വിഷയം.

താത്രിക്കുട്ടി ധൃതിയില്‍ തമ്പുരാട്ടിയുടെ അടുക്കലേക്ക് വരുന്നത് കാണാം.തമ്പുരാട്ടി ഒന്നും കേള്‍ക്കാത്ത മാതിരി കൂവളമാല കെട്ടിക്കൊണ്ടേയിരുന്നു.“തമ്പുരാട്ടീ ...സംഭാരം കൊണ്ടുവരാന്‍ പറഞ്ഞിരിക്കുന്നു“ എന്തോ ഒരു നിസ്സംഗ ഭാവത്തോടെ താത്രിക്കുട്ടിയെ നോക്കി “താത്രിക്കുട്ടി കൊടുത്തോളൂ..” വേഗം അവള്‍ ഒരു പാത്രത്തില്‍ സംഭാരം ഉണ്ണിനമ്പൂരിക്ക് കൊടുത്തു.കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: “തമ്പുരാട്ടി എന്തേ?”  “ദേവൂട്ടി...ദേവന് മാല കെട്ടുകയായിരിക്കും..അതോണ്ടാ വരാത്തേ..”
“സന്താനഭാഗ്യം ഉണ്ടായില്യാ..അല്ലേ?” ആരോ പതുക്കെ ചോദിച്ചു.കണ്ണടച്ച് മൃദുവായി ചിരിച്ച് അദ്ദേഹം പറഞ്ഞു...”ഉം...അതിനുള്ള ഭാഗ്യം ദേവന്‍ തന്നില്ല.ഈ തറവാട്ടില്‍ ഓടിച്ചാടി നടക്കുന്ന ഒരു ഉണ്ണിയെ ന്റെ ദേവൂട്ടി മനസ്സാ കൊതിച്ചതാ..ന്റെ വേളിക്ക് പ്പം ഒറ്റ ചിന്തയേ ഉള്ളൂ..ദേവന്റെ നടയില്‍ സമര്‍പ്പണം.ന്നെ പ്പോലും വേണ്ടാതായിരിക്കുണൂ ...” ദു:ഖം കടിച്ചമര്‍ത്തി പറഞ്ഞ വാക്കുകള്‍.

“താത്രിക്കുട്ടീ...വിളക്ക് വൃത്തിയാക്കി ഇങ്ങട്ട് കൊണ്ടുവരൂ...പൂജക്ക് സമയമായി...” ചുണ്ടത്ത് മന്ത്രവുമായി “ദേവാ ...“ എന്നു പറഞ്ഞുകൊണ്ട് കൈ കുത്തി എഴുനേല്‍ക്കുന്നു.നടുമുറ്റത്തെ ക്ഷേത്രത്തില്‍ കുറച്ചു സമയം പൂജ.കൂവളമാല ദേവനു ചാര്‍ത്തുന്നു.മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു.നാലുകെട്ടിനു ഇടതു വശമായി നാഗത്തറ.അവിടേക്കു വിളക്കു വക്കാനായി തമ്പുരാട്ടി മെല്ലെ നടക്കുകയായി.അപ്പോളേക്കും ഇരുട്ട് വീഴാന്‍ തുടങ്ങിയിരിക്കുന്നു.നാഗപ്രതിഷ്ഠയില്‍ വീണ മഞ്ഞള്‍പ്പൊടിയും ചുകന്ന പട്ടും ഉള്ളില്‍ ഭയമുണ്ടാക്കി.കാവില്‍ ഇരുട്ടില്‍ എന്തൊക്കെയോ ഇഴയുന്നത് പോലെ.ഉണ്ണിനമ്പൂരിയും അങ്ങോട്ട് നടന്നു വരുന്നുണ്ട്.താത്രിക്കുട്ടിയോടായ് പറഞ്ഞു:“താത്രിക്കുട്ടീ .... കാവു കാട് പിടിച്ചിരിക്കുന്നു.... നാളെ വൃത്തിയാക്കണം.“ തമ്പുരാട്ടി ഇതൊന്നും കേള്‍ക്കാതെ വിളക്കു വക്കുന്ന തിരക്കിലാണു.പെട്ടെന്നു ഭയങ്കരമായ കാറ്റ്.തൂക്കിയിട്ട വിളക്കുകള്‍ ആടാന്‍ തുടങ്ങി.പ്രതിഷ്ഠയിലെ പട്ട് വായുവില്‍ പറക്കുന്നു.തന്റെ കൈയ്യിലെ വിളക്ക് അണഞ്ഞു.തമ്പുരാട്ടി ഉറക്കെ നിലവിളിച്ചു.“ദേവാ..” പുറകില്‍ നിന്നും ഒരു ശീല്‍ക്കാരം.ഒരു കരിനാഗം.നിലവിളി കേട്ട് ഉണ്ണി നമ്പൂരിയും താത്രിക്കുട്ടിയും ഓടിയണഞ്ഞു.തമ്പുരാട്ടിയെ താങ്ങിപ്പിടിച്ചു.“ന്റെ ദേവൂട്ട്യേ ...” അലറുകയാണു തമ്പുരാന്‍.ഒരു നിമിഷം ...ദേവൂട്ടിയുടെ ദേഹം നിശ്ചലമായി.തന്റെ പാതി ഹൃദയം തന്നെ വിട്ടു പോയതറിഞ്ഞതോടെ ഉണ്ണി നമ്പൂരി പദ്മാസനത്തില്‍ അമര്‍ന്നു,കൈകള്‍ കൂപ്പി ദേവൂട്ടീടെ ലോകത്തേക്ക്!!!
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍!!!

പെട്ടെന്ന് കണ്ണു തുറന്നപ്പോള്‍ താന്‍ ആശുപത്രിയില്‍!! എന്തു പറ്റി? കണ്ടത് സ്വപ്നമോ മിഥ്യയോ?ഉഷസ്സിന്റെ വരവു കാത്തിരിക്കുന്ന ക്ഷമ കെട്ട രാത്രി..മനസ്സില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ അവശേഷിപ്പിച്ചു കൊണ്ട് മെല്ലെ ഉണര്‍ന്നു.ഇടത്തെ കൈയ്യിലെ ഞരമ്പിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു. തൂങ്ങിക്കിടക്കുന്ന ഗ്ലൂക്കോസ്സ് കുപ്പി.തലക്കെന്തോ ഒരു കനം.വലതു കൈകൊണ്ട് തൊട്ടുനോക്കുമ്പോള്‍ ഒരു കെട്ടുണ്ട്.അമ്മ തെല്ല് പരിഭ്രമത്തോടെ : “മോളൂ ...എങ്ങിനുണ്ട്? വേദന കുറവുണ്ടോ? നീ എങ്ങിനെ കട്ടിലില്‍ നിന്നും വീണു?” എല്ലാരും ചോദിക്കുന്നു.അച്ചന്‍,അമ്മ,സുഹൃത്തുക്കള്‍ എല്ലാരും കൂടെ ഉണ്ട് - അറിയില്ല എങ്ങിനെ വീണു! തന്റെ സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. “ശിവപ്രിയാ..ഇത്തിരി വിശ്രമിക്കൂ...”ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.“കുട്ടി എന്തോ കണ്ട് പേടിച്ചതാ - വീഴ്ച്ചയില്‍ കാര്യമായി പേടിക്കാനൊന്നും ഇല്ല,വിശ്രമം വേണം.”

ഒരാഴ്ച്ച വിശ്രമം.തിരികെ ദേവന്റെ അടുത്തെത്താനുള്ള ത്വര.വിരഹദു:ഖം ആരോടും പറയാന്‍ വയ്യ.വഴിമദ്ധ്യേ ഓര്‍ക്കുകയായിരുന്നു,എന്താണു ദേവന്‍ കാട്ടിത്തന്നത്? തന്റെ പൂര്‍വ്വജന്മം തന്നെ!ഇടക്കിടെ തന്നെ തേടി വരുന്നതും ഇതു തന്നെയാണു! മനസ്സില്‍ ഒരു ദ്വന്ദയുദ്ധം.ഒരു പരീക്ഷ എഴുതാന്‍ പോവുകയാണ്.ഒന്നും പഠിച്ചിട്ടില്ല .കൂടെ ജോലി ചെയ്യുന്ന ദീപയുമായി പരിചയമില്ലാത്ത വഴികളിലൂടെ നടക്കുന്നു.കാലുകള്‍ക്ക് വേഗത കൂടി.എല്ലാം മറന്ന് പരീക്ഷയുടെ വേവാലാതികള്‍.ഊടുവഴികളിലൂടെ നീങ്ങുമ്പോള്‍ കാലുകളുടെ വേഗത കുറഞ്ഞു.കണ്ണുകളില്‍ അത്ഭുതം.കാണുന്നത് സത്യം തന്നെ! പെട്ടന്നവള്‍ നിന്നു “എന്തു പറ്റി ശിവാ..?” “എനിക്കറിയാം ഈ സ്ഥലം...എനിക്കറിയാം...”അവള്‍ പിറു പിറുത്തു.ഞാന്‍ ഓര്‍ക്കുന്നു,അല്ല കാണുന്നു,കാഴ്ച്ചയല്ല..അനുഭവിക്കുന്നു...കൈത്തലങ്ങളിലെ സന്ധിബന്ധങ്ങള്‍ ഞെരിയുമാറ് സ്വയം ഇഴമുറുകി ചുണ്ടുകള്‍ വിറച്ചു.ജീവസ്സുറ്റ മുഖത്തെ മാംസപേശികള്‍ ഉരുകി കവിളുകളില്‍ വിയര്‍പ്പണിയിച്ചു.കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ബിന്ദു- മനസ്സില്‍ ഓര്‍മ്മയുടെ ചിത്രങ്ങള്‍.പിന്നെയവ മായാന്‍ തുടങ്ങി.ഇടറുന്ന സ്വരം! “വരൂ ശിവാ..പരീക്ഷ തുടങ്ങാറായി...“

ദീപാ..നീ പോയി എഴുതിക്കോളൂ..ഞാന്‍ ഇത്തിരി വിശ്രമിക്കട്ടെ..”

ഒരു വിറയലോടെ ആ സ്ഥലം അവള്‍ കണ്ടു.പോയ ജന്മം ജനിച്ചു വളര്‍ന്ന ഗൃഹം.പൂര്‍വ്വജന്മത്തെ മറച്ച തിരശ്ശീല നീങ്ങി.വലിയ മതില്‍ - ഒരു പടിപ്പുര -ഒരു വശത്ത് അടര്‍ന്നു വീഴാന്‍ നില്‍ക്കുന്ന മരച്ചീള്.അതില്‍ കണ്ടു. - “ആടാട്ടില്ലം“ -മെല്ലെ താഴിട്ടു പൂട്ടിയ വാതിലിന്നടുത്തേക്കവള്‍ നീങ്ങി.പൊളിഞ്ഞ വാതിലിനിടയിലൂടവള്‍ കണ്ടു..പൊട്ടിപ്പൊളിഞ്ഞ നാലുകെട്ട്.
കണ്ണുകളെ വിശ്വസിക്കാനായില്ല.പെട്ടെന്ന് ഒരു ശബ്ദം - ഒരു വഴിപോക്കന്‍ ആണ്.“കുട്ടീ ..നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഇല്ലമാണിത്..ഇവിടെ സര്‍പ്പദംശമേറ്റ് ഒരു തമ്പുരാട്ടി മരിച്ചിട്ടുണ്ടത്രേ!അകത്തേക്ക് സാധാരണ ആരും പോകാറില്ല”
നിരാശയോടെ,കണ്ണീരോടെ ഒന്നുകൂടി തിരിഞ്ഞുനോക്കി നടക്കവേ ഓര്‍ത്തു.“നൂറ് വര്‍ഷമോ..? ദേവാ..തന്റെ കൂടെ വന്ന തമ്പുരാനോ? ഈ ജന്മം എവിടെ ആയിരിക്കും?”

ബസ്സിറങ്ങി അമ്പലത്തിലേക്കവള്‍ പാഞ്ഞു. ദേവാ ..ഞാന്‍!!വാക്കുകള്‍ തിങ്ങി തിങ്ങി നിറഞ്ഞു തുളുമ്പുമ്പോളും ഒരക്ഷരവും പറയാനാകാതെ - കണ്ണു തുറന്നപ്പോളേക്കും നടയില്‍ വക്കാനുള്ള പുഷ്പം ഒരുങ്ങിയിരിക്കുന്നു.ദേവന്‍ അപ്പോളും കൂവളമാലയും ചാര്‍ത്തി..ഒരു കള്ളച്ചിരി ആ മുഖത്തുണ്ടോ!! അതോ എല്ലാം എല്ലാം തോന്നലോ?? അല്ല അനുഭവങ്ങള്‍.......







27 comments:

  1. “ഹിന്ദു വിശ്വ” എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ
    ഒരു ബ്ലോഗ്പോസ്റ്റ് ആയിരുന്നു..കഥയില്‍ മാറ്റം വരുത്തിയുട്ടുണ്ട്

    ReplyDelete
  2. വായിച്ചു ..ഒന്നും മനസ്സിലാകുന്നില്ല ...(കഥകള്‍ വായിക്കുന്ന കൂട്ടത്തിലല്ല അത് കൊണ്ടാവും ....)

    ReplyDelete
  3. പുനർജന്മം ഇതിനു മുമ്പും ഇവിടെ വായിച്ചതാണല്ലൊ...
    കഥ ഇതല്ലെന്നു തോന്നുന്നു.
    കഥ ഇഷ്ടപ്പെട്ടു.
    എല്ലാ ആശംസകളും

    ReplyDelete
  4. ഈ കഥ ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ടോ ? വായിച്ചത് പോലെ ഓര്‍മ്മിക്കുന്നു ...നന്നായിട്ടുണ്ട് ..:)

    ReplyDelete
  5. ഇതിനു മുന്‍പില്‍ പോസ്റ്റിയിരുന്നു...കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്..

    ReplyDelete
  6. മുന്പ് വായിച്ച പോലെ തോന്നുന്നു

    ReplyDelete
  7. "ന്റെ വേളിക്ക് പ്പം ഒറ്റ ചിന്തയേ ഉള്ളൂ..ദേവന്റെ നടയില്‍ സമര്‍പ്പണം.ന്നെ പ്പോലും വേണ്ടാതായിരിക്കുണൂ .."
    കഞ്ഞുങ്ങളില്ലാതായതിനു ഇതന്നാവും കാരണം.
    നല്ല ആഖ്യാനം. പക്ഷേ തികച്ചും സാമ്പ്രദായികം. എന്നെത്തേയും പോലെ ഉണ്ണി മതി. ഉണ്ണീന്ന് പെണ്‍കുട്ട്യോളേം
    കുഞ്ഞുന്നാളില്‍ വിളിക്കാറുണ്ട് എന്ന വാദം അടുത്തിടെ കേട്ടു).
    ഭാവുകങ്ങള്‍

    ReplyDelete
  8. നന്നായിരിക്കുന്നു കഥ .
    ഭാവുകങ്ങള്‍ ...

    ReplyDelete
  9. ഈ കഥയില്‍ ആത്മകഥാംശം ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു...
    വളരെ നന്നായി എഴുതി ദേവൂട്ടീ...

    ReplyDelete
  10. ഇത് നേരത്തെ വായിച്ചതാ.. റാണീയോട് അഭിപ്രായം പറഞ്ഞെന്നും ഓര്‍മ്മ..

    ReplyDelete
  11. മാസികയുടെ പേജുകളില്‍ നിന്നും ( മെയിലായി കിട്ടിയത് ) വായിച്ചിരുന്നു .

    ReplyDelete
  12. ജന്മാന്തരരഹസ്യങ്ങള്‍....അനന്തമജ്ഞാതം എന്നേ പറയേണ്ടു.

    ReplyDelete
  13. ഒരു പാട് നാളുകള്‍ക്കു ശേഷമുള്ള വരവാണ്. മുമ്പ് വായിച്ചതാണെങ്കിലും ചെറിയ മാറ്റങ്ങളോടെ മാസികയില്‍ പ്രസിദ്ധീകരിച്ചതിനു ആശംസകള്‍. തുടര്‍ന്നും നന്നായി എഴുതാനാവട്ടെ..

    ReplyDelete
  14. ഇതെന്റെ ആദ്യ വായനയാണ്, ഇഷ്ടായി ട്ടോ...! ആശംസകള്‍...

    ReplyDelete
  15. നല്ല കഥ
    എല്ലാ ഭാവുകങ്ങളും

    http://www.chemmaran.blogspot.com/

    ReplyDelete
  16. നല്ല കഥ ... ഇഷ്ട്ടമായി ...
    ആശംസകള്‍ ....

    ReplyDelete
  17. congrats...ഞാന്‍ ഈ കഥ
    മുമ്പ് വായിച്ചു കമന്റ്‌
    ഇട്ടതാണ് ....

    ReplyDelete
  18. ചില അനുഭവങ്ങള്‍ തോന്നലുകളായും, ചില തോന്നലുകള്‍ പിന്നീട് അനുഭവങ്ങളായും മാറിയേക്കാം. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  19. റാണീ....നന്നായിരിക്കുന്നു....

    ReplyDelete
  20. വളരെ ഭംഗിയായി എഴുതി. ഇങ്ങനെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പിന്നീട്‌ നമുക്ക്‌ നേരിട്ടനുഭവിക്കാറുണ്‌ട്‌. അസ്തമയ സൂര്യന്‌റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്ന ഒരു മലയും വിശാലാമായ താഴ്വരയും ഞാന്‍ ഇടക്കിടെ (അല്ലെങ്കില്‍ ഒരു പ്രാവശ്യം മാത്രം, പക്ഷെ എനിക്ക്‌ ഞാനത്‌ ഇടക്കിടെ കാണുന്നത്‌ പോലെയാണ്‌ തോന്നിയത്‌) സ്വപ്നത്തില്‍ കാണാറുണ്‌ടായിരുന്നു. പ്രകൃതി ഭംഗി... പക്ഷെ അതിന്‌ എന്തെന്നില്ലാത്ത ഒരു പ്രത്യേകതയുണ്‌ടായിരുന്നു. ആ സ്ഥലം ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു. എന്‌റെ ആദ്യ മദീന സന്ദര്‍ശനം വരെ. പോകുന്ന വഴിയെ ഞാന്‍ വ്യക്തമായി ഈ താഴ്‌വര കണ്‌ടു. എന്‌റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്‌ സത്യത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്‌. എഴുത്തിന്‌ പ്രത്യേക അഭിനന്ദനങ്ങള്‍ !

    ReplyDelete