Thursday, October 20, 2011

കിഴക്കിന്‍റെ കാശ്മീരിലേക്ക് നോര്‍ടെക്കിനൊപ്പം!!


October 14-2011
റാണി  ട്രാവെല്‍സ് മൂന്നാര്‍ യാത്രക്ക് ഒരുങ്ങിനില്ക്കുന്നു.ഞങ്ങള്‍‍ യാത്ര പുറപ്പെടുകയാണ് മുന്നാറിലേക്ക്..... "കിഴക്കിന്‍റെ കാശ്മീരിലേക്ക് !!"



Nortech Infonet Pvt Ltd ..ദേവൂട്ടീടെ ഓഫീസ്  ടൂര്‍ ....
സോഫ്റ്റ്‌വെയര്‍ department ലെ 50 പേര്ഉണ്ടായിരുന്നെങ്കിലും 37 പേര്അടങ്ങുന്ന കൊച്ചു ടീം ആണ് യാത്ര പുറപ്പെട്ടത്.എല്ലാരുടെയും  മുഖത്ത്സന്തോഷം തിരതല്ലുന്നത് എനിക്ക്  കാണാന്‍ കഴിഞ്ഞിരുന്നു.ജോലിയുടെ എല്ലാ ഭാരങ്ങളും ഒരു ദിവസത്തേക്ക് മാറ്റി വച്ച് നമ്മുടെ ടീം പുറപ്പെട്ടു..

ടൂറിന്റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് എന്നില്‍ നിക്ഷിപ്തമായിരുന്നു .എങ്കിലും എല്ലാ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചു..

'നാളെ'യെന്നുള്ള ചിന്തയില്‍ കാണാതെ പോകുന്ന 'ഇന്നു'കളെ,ഈ 'നിമിഷ'ത്തെ ആസ്വദിക്കാം ....ജീവിതമാകുന്ന പുസ്തകത്തിന്റെ ഏടുകളില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കോറിയിട്ട താളുകള്‍ മറിക്കുമ്പോള്‍ അതിന്റെ ഒരു താളില്‍ തുന്നി ചേര്‍ക്കുന്നു ഞാനീ 'മൂന്നാര്‍ യാത്ര'



പച്ച വിരിച്ച തെയിലതോട്ടങ്ങളെ  ,ചുറ്റും പാറി പറക്കുന്ന കിളികളെ,പുഞ്ചിരിക്കുന്ന പൂക്കളെ,തലോടുന്ന കാറ്റിനെ തെളിഞ്ഞ സൂര്യനെ ഒന്ന് കാണൂ ..................... 
ജീവിതത്തില്‍ സന്തോഷിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കാം ..
ഒരു യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ഒരു സ്ഥലം സന്ദര്‍ശി ക്കുകയല്ല മറിച്ച് ഒരു കൂട്ടായ്മ ആണ്..നോര്‍ടെക് കുടുംബം ....
വലിപ്പചെറുപ്പമില്ലാതെ  നമ്മുടെ സ്റാഫിന്റെ കൂടെ മാനേജിംഗ് ഡയറക്ടെര്‍ ക്രിക്കറ്റും  ഫുട്ബാളും കളിക്കുന്നത്  എന്നില്‍ അത്ഭുതം ഉളവാക്കി ..






ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.......ഹരിത വര്‍ണ്ണങ്ങള്‍ എന്റെ മനസ്സിന് കുളിമയേകി....ബസ്സിനുള്ളിലെ പാട്ടും ഡാന്‍സും എന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലേക്ക് നയിച്ചു........ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഉണ്ടാകില്ല എന്ന്‍ ഒരിക്കല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു . കാടിനുള്ളിലെ  കയറ്റങ്ങളും ഇറക്കങ്ങളും  പോലെ ആ ഓര്‍മ്മകള്‍ എന്നെ  കുത്തി നോവിച്ചുവോ?!!




മൂന്നാറില്‍ നിന്നും 13 കിലോമീറ്റെര്‍ സഞ്ചരിച്ചിട്ടുണ്ടാവണം നമ്മള്‍ എക്കോ പൊയന്റില്‍ എത്തി....അവിടെ എല്ലാവരും ഒച്ചത്തില്‍ കൂകി വിളിക്കുന്നു..
പ്രതിദ്ധ്വനി യുടെ  മാസ്മരികത നമ്മെ ആകര്‍ഷിച്ചു..കൂകി മടുത്തപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാം എന്ന് വച്ചു...

                                          നമ്മുടെ Group Leaders(Praveen,Sreenath and Rinson)




ഇതാണ് മാട്ടുപ്പെട്ടി ഡാം ..... മനോഹര ദൃശ്യങ്ങള്‍ .....നമ്മള്‍ പ്രകൃതിയെ കാണുകയാണ്...അല്ല അനുഭവിക്കുകയാണ്....മുന്നാറിലെ തണുത്ത കാറ്റിനു  പോലും എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു ...

താഴേക്ക് നോക്കാന്‍ സാധിക്കുന്നില്ല... പ്രകൃതി എന്നെ ആകര്‍ഷിക്കുകയാണ്.... അതിന്റെ ചലനം താളാത്മകമായ് അനുഭവിച്ചു ഞാന്‍  !!തല കറങ്ങും പോലെ ..താഴേക്ക് ചാടിയാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു .... മരണമെന്ന സത്യത്തെ പുല്‍കാന്‍!! ആ പ്രകൃതിയില്‍ ലയിക്കാന്‍ !! ഒരു നിമിഷം ഞാന്‍ എന്റേതായ ലോകത്ത് ആയിരുന്നു....





യൂക്കാലിപ്സ് മരങ്ങള്‍ കാണാം.കഷ്ടം! അതിന്റെ തോലിയെല്ലാം ഉരിഞ്ഞു നഗ്നരായി കാണപ്പെട്ടു. മനുഷ്യവേദനയെക്കാള്‍ പ്രകൃതിയുടെതായ വേദനകള്‍ തന്നെയാണ് ശക്തം എന്ന് എനിക്ക് ബോധ്യമായി. പ്രകൃതിക്ക് ഒരു താളമുണ്ട്.മൂന്നാറില്‍ ആ താളം നഷ്ടമായില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..ദൈവത്തിന്റെ സ്വന്തം നാട് - ഇവിടം തന്നെ!




ഇത് കുണ്ടള ഡാം..ഇവിടെ എത്തിയപ്പോള്‍ സമയം 6.30..ഇരുട്ട് മൂടപ്പെട്ടിരുന്നു.ഈ നിലാവ്,ഈ ഓര്‍മ്മകളുടെ ഇളം കാറ്റ്,നമ്മുടെ മനസ്സിന്റെ അഗാധതയില്‍ ഉണരുന്ന സുഗന്ധം ..ഹാ..മനോഹരം !
ഈ ഇരുട്ടിന്റെ അഗാധതയിലും എന്റെയുള്ളില്‍ വെളിച്ചം പടരുകയാണ്.  


അങ്ങ് ദൂരെ മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.മഞ്ഞു താഴ്ന്നു മലനിരകളെ ചുംബിക്കുന്നതായ്‌ കാണപ്പെട്ടു.അവര്‍ പ്രണയത്തിലാണോ ? ആ മഞ്ഞുമലകള്‍ ഉന്മാദത്തിന്റെ ചൂടിലാണോ? മുകളില്‍ നിന്നും താഴേക്ക് നോക്കി ഞാന്‍ എല്ലാം മുഴുകി നില്‍ക്കുകയാണ്.വെള്ളത്തുള്ളികള്‍ മുകളിലേക്ക് ചിതറിവീഴുമ്പോള്‍ ,അത് ശരീരത്തെ തണുപ്പിക്കുമ്പോള്‍,എല്ലാരുടെയും കൂട്ടത്തില്‍ ആയിട്ട് പോലും ഞാന്‍ ഒറ്റക്കായിരുന്നു..ആ ഏകാന്തതയുടെ മേച്ചില്‍ പുറം തേടി ഞാന്‍ അലഞ്ഞു. 

തിരിച്ച് റിസോര്‍ട്ടിലേക്ക് ....

വീണ്ടും കളിയും,ചിരിയും വിവിധ തരം മത്സരങ്ങളും നടന്നു..
മ്യുസിക്കല്‍  ചെയര്‍ ,പാസ്സിംഗ് ബോള്‍,ബിന്ഗോ എല്ലാത്തിനും സമ്മാനങ്ങളും...


iuioui




തീറ്റ മത്സരം തുടങ്ങി...ഭക്ഷണം കഴിഞ്ഞപ്പോള്‍ രാത്രി 11 മണി..
ആരാണാവോ ഈ പാതിരാത്രി ഫോണ്‍ ചെയ്യണത്? 



ഏതായാലും ടൂര്‍ ഗംഭീരം ആയി.ഈ അവസരത്തില്‍ ഞാന്‍ ഈ യാത്ര മിസ്സ്‌ ആയവരെ ഓര്‍ത്തു പോവുകയാണ്.അവര്‍ക്ക് മിസ്സ്‌ ആയത് വെറും ഒരു യാത്ര അല്ല,ഒരു കൂട്ടായ്മയാണ്,അനുഭവമാണ്.. 



ദേവൂട്ടി നോര്‍ടെക്കിനൊപ്പം വീണ്ടും  യാത്ര തുടരട്ടെ!!


Saturday, October 8, 2011

കണ്ണനെയും കാത്ത് !!




ബാഗില്‍ അലക്കി തേച്ച മുണ്ടും വെളുത്ത ഷര്‍ട്ടും,പിങ്ക് നിറമുള്ള സാരിയും വൃത്തിയായ് മടക്കി വയ്ക്കവേ,അലസനായ് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ശ്രീദേവനെ   കുലുക്കി വിളിച്ചു കൊണ്ട്  നന്ദ."ശ്രീയേട്ടാ ...വെള്ള ഷര്‍ട്ടിന്റെ കൂടെ ഈ നീല ഷര്‍ട്ടും കൂടി വയ്ക്കാം അല്ലേ?" "ഉം...." "സെറ്റ് സാരി അവിടെയെത്തി കുളി കഴിഞ്ഞശേഷം...ഈ സാരി എനിക്ക് ചേരുമോ ശ്രീയേട്ടാ..?" "ഉം..." "മതി..ഈ കള്ളഉറക്കം ..എഴുനേല്‍ക്ക്  നമുക്കിന്നു പോണ്ടേ ...?"

മെല്ലെ അവന്‍ തിരിഞ്ഞു കിടന്നു..മുറുക്കി അടച്ചു പിടിച്ച കണ്ണുകള്‍ പതിയെ തുറന്നു..
അത്ഭുതത്തോടെ "ഹാ! ഞാനെന്തായീ കാണുന്നത് ! നന്ദാ.. നീ പതിവിലും സുന്ദരി ആയിരിക്കുന്നു ..ദേ...നിന്നെ കണ്ണന്‍ എനിക്ക് വിട്ടു തരുമെന്ന് തോന്നുന്നില്ല...ഗുരുവായൂരില്‍ ...."
"ഹാ ..കണ്ണന്‍ പറഞ്ഞാ ഞാനവിടെ നില്‍ക്കും"

"ആഹാ...അത്രക്കായോ? നിനക്കീ കണ്ണനെ വേണ്ടേ നന്ദാ?" പെട്ടെന്നുള്ള ആക്രമണം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.കവിളത്ത് ഒരു നുള്ള് കൊടുത്ത് ബാഗില്‍ നിന്നും ഭദ്രമായ്‌ പൊതിഞ്ഞ ആ മൂന്ന് ഒടക്കുഴലുകളും മൂന്ന് മയില്‍പ്പീലികളും തുറന്നു കാണിച്ചു ചെവി പിടിച്ചു  കൊണ്ട് അവള്‍ പറഞ്ഞു "എന്റെ കണ്ണാ ...നിന്നെ സ്വന്തമാക്കാന്‍ വേണ്ടിയല്ലേ..ഞാന്‍.."
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം...ആ കണ്ണുകളിലെ സന്തോഷാശ്രു ഒരു നിമിഷത്തെ മൌനത്തിനു ശേഷം,അവന്റെ കണ്പീലികളാല്‍  അവന്‍ സ്വന്തമാക്കി..

ഒരു മുരളീഗാനം...തന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നു..സമയം രാവിലെ അഞ്ച് മണി.സ്ക്രീനില്‍ തെളിഞ്ഞു "ശ്രീ..".എന്താണാവോ ഈ നേരത്ത്? തന്റെ സ്വപ്നം പറയാന്‍ വെമ്പി നന്ദ..അവന്‍ പറയട്ടെ ..
"നന്ദാ ...ഞാന്‍ വെളുപ്പിനെ ഒരു സ്വപ്നം കണ്ടു..." അവള്‍ക്ക് ആകാംക്ഷയായി ..(എനിക്കും പറയാനുണ്ട് എന്നവള്‍ പറഞ്ഞത് അവന്‍ കേട്ടുവോ?)
"നമ്മള്‍ ഗുരുവായൂര് പോകുന്നു..മൂന്നു വര്‍ഷമായ് നാം തീര്‍ത്ത നമ്മുടെ ഓടക്കുഴലും മയില്‍പ്പീലിയും കണ്ണന് സമര്‍പ്പിക്കാന്‍ ...പിന്നെ നിന്റെ സീമന്തരേഖയില്‍ കുങ്കുമം !!കഴുത്തില്‍ താലി...വാവേ(സ്നേഹം കൂടുമ്പോള്‍ വിളിക്കുന്നത്)  പറഞ്ഞാന്‍ സ്വപ്നം ഫലിക്കാതെ വരുമോ? ഇന്നലെ അമ്മ വിളിച്ചിരുന്നു..നമ്മുടെ കാര്യം വേഗം തീരുമാനിക്കണം എന്ന്..എന്താ ഇപ്പോം അങ്ങനെ തോന്നാന്‍!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ മാറ്റം..പിന്നെ നിനക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ..."
"നന്ദാ...നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്...സന്തോഷമായില്ലേ...? നന്ദാ..."
"............................"
അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു...
തന്റെ അലമാരയില്‍ സൂക്ഷിച്ച ഈട്ടിയാല്‍ തീര്‍ത്ത ആ ഒടക്കുഴലുകള്‍ എടുത്ത് കെട്ടിപ്പിടിച്ച് കിടന്നു നന്ദ.....നനഞ്ഞ കണ്പീലികള്‍ മയില്‍പീലിയില്‍ മുട്ടി നിന്നു...


അടിമലരിണ തന്നെ.. കൃഷ്ണാ
അടിയനൊരവലംബം.. കൃഷ്ണാ...

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (2)

പരമ ദയാംബുനിധേ... (3)
പരമ ദയാംബുനിധേ... കൃഷ്ണാ..
പാലിക്കേണം കൃഷ്ണാ...
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ...

സ്വപ്നത്തിന്റെ ആലസ്യത്തില്‍ അവള്‍ ആ ഓടക്കുഴല്‍ കെട്ടിപ്പിടിച്ച് കിടന്നു ....... 
കണ്ണനെയും കാത്ത് !!























Saturday, September 17, 2011

പനി പിടിച്ച മീറ്റ്


ബ്ലോഗ്ഗേര്‍സ് മീറ്റ് ദേവൂട്ടീടെ അദമ്യമായ ഒരു ആഗ്രഹമായിരുന്നു.പരസ്പരം കാണാതെ അക്ഷരങ്ങള്‍ കൊണ്ട് ഗുസ്തി പിടിക്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏറെ കൂട്ടുകാര്‍.തുഞ്ചന്‍ പറമ്പ് മീറ്റ് വന്നു,കൊച്ചി മീറ്റ് വന്നു,പിന്നെയും മീറ്റുകള്‍ പലതും കടന്നുപോയി.എന്തുകൊണ്ടോ കൊച്ചിയില്‍ ജോലി ചെയ്യുന്ന എനിക്ക് അവിടെയും പങ്കെടുക്കാന്‍ പറ്റിയില്ല എന്നത് അപലപനീയം തന്നെ..അങ്ങിനെ കണ്ണൂറ് മീറ്റ് വന്നു,എന്തായാലും പങ്കെടുക്കുക തന്നെ(ദേവൂട്ടി തീരുമാനിച്ചു).
അച്ചനും അമ്മയും എതിര്‍പ്പ് വലിയ പ്രകടിപ്പിച്ചില്ല(മനസ്സിലൊരു ലഡ്ഡു പൊട്ടി)
മണത്തണയില്‍ നിന്നും 7.45 ന്റെ പുലരിയില്‍(ബസ്സ്) കയറിപ്പറ്റിയാല്‍ 9.30 നു കണ്ണൂരെത്താം.ഏകയായ് ബസ്സ്റ്റോപ്പില്‍  പുലരിക്ക് കാത്തുനില്‍ക്കുമ്പോള്‍ അവള്‍ ബ്രേക്കിനു(ടെസ്റ്റ്) പോയതാണെന്ന സത്യം ദേവൂട്ടിയറിഞ്ഞില്ല.പിന്നെ രണ്ടുബസ്സ് മാറിക്കയറി അവിടെയെത്തുമ്പോളേക്കും മണി പത്താകും.ഹയ്യോ! റോഡിന്റെ ശോചനീയാവസ്ഥ,അതിഭീകരം തന്നെ.അമ്മച്ചിയാണെ,റോഡ് ടാറിട്ട കോണ്ട്രാക്ടറെ കിട്ടിയാല്‍ മുഖത്തടിക്കുമായിരുന്നു.
“ഓന്‍ സര്‍ക്കാരിനെ പറ്റിച്ചിറ്റ് ഓക്ക് മാലേം ബളേം ബാങ്ങീറ്റ്ണ്ടാവും..” ഞാന്‍ ചിന്തിച്ചു.ഓരോ കുഴിയും എനിക്ക് അസഹനീയമായ് തോന്നി.നേരം പത്തിനോടടുക്കുന്നു.രെജിസ്റ്റ്രേഷന്‍ ആരംഭിച്ചിരിക്കുമോ ആവോ?വേഗം മൊബീലെടുത്തു കുത്തി ‘കുമാരന്‍ ബ്ലോഗ്ഗറുടെ’ നംബര്‍ തപ്പിയെടുത്തു,റൂട്ട് കണ്‍ഫേം ആക്കി.
ഓ…മഴയില്ല ഭാഗ്യം!’ജവഹര്‍ ലൈബ്രറി.മുന്നില്‍ വലിയ ഫ്ലെക്സ് തൂക്കിയിട്ടിട്ടുണ്ടല്ലോ.കൊള്ളാം..സൈബറ്മീറ്റ്…പക്ഷേആളനക്കമൊന്നുമില്ലേ?.പെട്ടെന്ന് മുന്നിലൊരാള്‍ ആരാദ്? അദ്ദേഹം നല്ല ഒരു ചിരി ചിരിച്ചു.
“ബ്ലോഗ്ഗറാണോ?” “അതെ”(ഹാ…മനസ്സില്‍ ഒരു തണുപ്പ്)
വീണ്ടും ചോദ്യം “എന്താ പേര്‍? ഏതാ ബ്ലോഗ്ഗ്?“ “റാണിപ്രിയ,ദേവൂട്ടി പറയട്ടെ..”(മനസ്സില്‍ ഒരു വിഷമം .. എന്നെ അറിയില്ല എന്നു വല്ലോം പറഞ്ഞാല്‍ ദേവൂട്ടിക്ക് വിഷമമാകും).പക്ഷേ പ്രതീക്ഷക്ക് വിപരീതമായി അദ്ദേഹം പറഞ്ഞു…”അറിയാം ഞാന്‍ വായിക്കാറുണ്ട് കെട്ടോ” (ആര്‍ക്കറിയാം?)‍…അദ്ദേഹം സ്വയം പരിചയപ്പെടുത്തി…ഞാന്‍ സമദ് വക്കീല്‍..ഒരു അഭിഭാഷകന്റെ ഡയറി…(ആദ്യത്തേത് പേര്‍,രണ്ടമത്തേത് ബ്ലോഗ്) “ഹ….ഞാനും വായിക്കാറുണ്ട്…എനിക്കറിയാം….“(സത്യാട്ടോ).അദ്ദേഹത്തിനും സന്തോഷമായി.എല്ലാരും മുകളിലുണ്ട്.അങ്ങോട്ട് ചെല്ലൂ.റെജിസ്റ്ററ് ചെയ്യൂ…ആദ്യമായി ഒരു ബ്ലോഗ്ഗറെ മുഴുവനായും കണ്ട സന്തോഷം തീരും മുന്‍പേ….ഒരു വലിയ ക്യമറയും തൂക്കി തൊപ്പിയും വച്ച്….നമ്മുടെ അകമ്പാടത്തെപ്പോലെയുണ്ടല്ലോ….അടുത്തെത്തിയപ്പോള്‍ അകമ്പാടമല്ലേ എന്ന ചോദ്യത്തിന്‍ അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ എതോപരീക്ഷക്ക് ജയിച്ച പോലെയുള്ള ഭാവം അകമ്പാടം മനസ്സിലാക്കിയിട്ടുണ്ടാകാം.ആ സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത് പടികള്‍ കയറിയപ്പോള്‍………
റെജിസ്ട്രേഷനില്‍ കുമാരനും,വിധുചോപ്രയും,ബിന്‍സിയും ഇതേചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
റാണിപ്രിയ എന്നു പറഞ്ഞപ്പോള്‍ പലരുടെ മുഖത്തും “പരിചിതമായ ഒരു അപരിചിതത്വം” എനിക്ക് കാണാന്‍ കഴിഞ്ഞു.(പൂച്ചക്കുട്ടിയുടെതാണല്ലോ പ്രൊഫൈലിലെ ചിത്രം…പക്ഷേ പുലിക്കുട്ടിയെ കണ്ട ഭാവം)
ബൂലോകം എന്ന് പേരിട്ട ഇ-ലോകം,ഈ കൂട്ടായ്മ ശരിക്കും അത്ഭുതാവഹം തന്നെ.പേര്‍ റെജിസ്റ്റര്‍ ചെയ്ത് തിരിഞ്ഞപ്പോളേക്കും –തിരക്കേറിയ പരിചയപ്പെടല്‍..
കേട്ടിട്ടുള്ളവര്‍,വായിച്ചിട്ടുള്ളവര്‍,കമെന്റ് ഇട്ടിട്ടുള്ളവര്‍ അങ്ങിനെ നിരവധി പേര്‍.
ഞാനും ഹരിപ്രിയയും ഒരുമിച്ചായിരുന്നുരണ്ടു പ്രിയമാര്‍ എന്ന് ആരൊക്കെയോ പറഞ്ഞു.
അങ്ങിനെ ഷെരീഫിക്ക മൈക്ക് കൈയിലെടുത്തു..ഓരോരുത്തരും സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..പഞ്ചാരഗുളിക,അരീക്കോടന്‍,സുകുമാരന്‍ മാഷ്,പട്ടേപാടം റാംജി,സമീര്‍ തിക്കോടി,വല്യേക്കാരന്‍,സ്പന്ദനം,ലോകമാനവികം,തോന്ന്യാക്ഷരം,തൌദാരം,ക്ലാരയുടെ കാമുകന്‍,ബിലാത്തിപ്പട്ടണം,അഭിഭാഷകന്‍,ചിത്രകാരന്‍,ഹംസ ആലുങ്ങല്‍,ശ്രീജിത് കൊണ്ടോട്ടി,എന്റെ ഒടുക്കത്തെ വര,മുക്താര്‍,കുമാരസംഭവം,പൊന്മളക്കാരന്‍..(വിട്ടു പോയവര്‍ ക്ഷമിക്കുമല്ലോ)
സ്ത്രീജനങ്ങളായി പ്രീതച്ചേച്ചി,ഹരിപ്രിയ,ശാന്താകാവുമ്പായി,ലീല എം ചന്ദ്രന്‍,മിനി ടീച്ചര്‍,ഷീബ,ബിന്‍സി പിന്നെ ഞാനും ആയിരുന്നു..ശാന്താ കാവുമ്പായി
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പാടേ മറന്ന് വന്നിരിക്കുന്നു.ടീച്ചറുടെ ഓരോ വാക്കിലും ആത്മവിശ്വാസവും,ദൃഡനിശ്ചയവും ഞാന്‍ ദര്‍ശിച്ചു.പരാജയഭീതിയിലും,നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് പ്രത്യാശയും പ്രോത്സാഹനവും ചൊരിഞ്ഞുകൊണ്ട് സംസാരിച്ചു ആ അപൂര്‍വ്വ വ്യക്തിത്വം.നമുക്കേവര്‍ക്കും പ്രചോദനമാകട്ടെ ടീച്ചറുടെ ജീവിതം.

ഇനി ലീലടീച്ചര്‍..ആര്‍ക്കേലും സ്വന്തമായി പുസ്തകം പബ്ലിഷ് ചെയ്യണേല്‍ ടീച്ചര്‍ റെഡി.CL Publications എന്ന സ്ഥാപനവും,അതിന്റെ വിജയപ്രതീക്ഷയും പങ്കു വച്ചു ടീച്ചര്‍.അതിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ടീച്ചര്‍ അവസാനം പ്രസിദ്ധീകരിച്ച പുസ്തകവും അതിന്റെ എഴുത്തുകാരനേയും പരിചയപ്പെടുത്തി.അങ്ങനെ പ്രസിദ്ധീകരണമേഖലയിലെ ആദ്യത്തെ ‘സ്ത്രീബ്ലോഗ്ഗറായി’ മാറി ലീലടീച്ചര്‍.ഇത് ഞാനടക്കമുള്ള സ്ത്രീബ്ലോഗ്ഗര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

ഇനി ‘മിനി ടീച്ചര്‍’ .സൌമിനി,സ്വയം മിനിയെന്നു വിളിക്കുന്നു.കണ്ടാലും മിനി പക്ഷേ എഴുത്ത് ‘മാക്സ്’-സംഭവം തന്നെ.ഓറ് ഞമ്മള ബാഷ തന്നെയാ കത്തിച്ചത്...എഴുത്തിനെക്കുറിച്ച് വീട്ടുകാരുടെ അഭിപ്രായം ടീച്ചര്‍ ഇങ്ങിനെ പറഞ്ഞു...”നീ എഴുതീറ്റ് ... ബേണ്ടാത്ത പണിക്കൊന്നും പോണ്ടേ...അടി മേടിച്ചിറ്റ് ഇങ്ങോട്ട് കേരണ്ട..”(പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതാ കെട്ടോ)
വളരെ സെന്‍സര്‍ ചെയ്യേണ്ട സംഗതികള്‍ ബ്ലോഗ്ഗില്‍ എഴുതീട്ടുണ്ടെന്നും താനൊരു ബയോളജി ടീച്ചര്‍ ആയതുകൊണ്ട് നന്നായി എഴുതീട്ടുണ്ടെന്നും പറഞ്ഞു..ഇങ്ങനെയൊക്കെ എഴുതണമെങ്കിലും ഒരു ഗട്ട്സ് വേണ്ടേ...അങ്ങനെ ഒരു “ബോള്‍ഡ് സ്ത്രീ ബ്ലോഗ്ഗറെ” കണ്ടതില്‍ “എനക്ക് സന്തോഷായി..”

പ്രീതച്ചേച്ചി(വളപ്പൊട്ടുകള്‍) തുടക്കക്കാരിയാണ്,നമ്മുടെയൊക്കെ പ്രോത്സാഹനം ആവശ്യം ആണ്.ഷീബയും,ബിന്‍സിയും അവരവരുടെ ബ്ലോഗ്ഗിനെക്കുറിച്ച് പറഞ്ഞു.
ഹരിപ്രിയ തന്റെ”അഷ്ടപദി”യുമായി വന്നു.എഴുതാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന അവളുടെ പരാതി എന്റേതും കൂടി അല്ലേ എന്ന ചിന്ത എന്നിലും ഉയര്‍ന്നു...
എങ്കിലും മാസത്തില്‍ ഒന്നെങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്.

ഇനി ദേവൂട്ടിയുടെ ഊഴം...ദേവൂട്ടി എന്താ പറയ്യ്യ?? എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.മൈക്ക് കിട്ടിയപ്പോള്‍ എല്ലാം മറന്നു..എന്റെ വരവീണ പോലും.
പിന്നെ എന്നെ പരിചയപ്പെടുത്തി.”ദേവൂട്ടി പറയട്ടെ..” എന്നു പറഞ്ഞു തുടങ്ങിയപ്പോളേക്കും നിലക്കാത്ത കൈയ്യടി...(സ്വപ്നം മാത്രം).
ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റിനെക്കുറിച്ച് പറഞ്ഞു...

സമദ് വക്കീലിന്റെയും മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണത്തിന്റേയും മാജിക് ഷോ(ഇവെര്‍ക്കെന്താ ലണ്ടനില്‍ മാജിക്കിന് ട്രെയിനിങ്ങ് ഉണ്ടോ?) ,പിന്നെ മുക്താറിന്റെ വക കണ്ണും ചെവിയും തൊടല്‍(ആളെ പറ്റിക്കല്‍ അല്ലാണ്ടെന്താ? ദേവൂട്ടി ജയിച്ചു പക്ഷേ സമ്മാനവും ഇല്ല..)

എല്ലാ കാര്യങ്ങളും എല്ലാരും എഴുതി....ദേവൂട്ടി ദേ..ഇങ്ങനേയും എഴുതി........

പിന്നെ......

“തൂശനിലയിട്ട്..... ,തുമ്പപ്പൂ ചോറു വിളമ്പി....” ഓണസദ്യ....ഗ്രൂപ്പ് ഫോട്ടോ...

ഹാ...ഹാ...നല്ല മീറ്റ്..... 

എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളേക്കും എന്റൊപ്പം ഒരാളും കൂടി പോന്നു.....

ആരാ??
പനിച്ചേട്ടന്‍....അങ്ങിനെ ഇ-മീറ്റ് പനിപിടിച്ച മീറ്റ് ആയി..........

Sunday, August 14, 2011

സ്നേഹബലി

ടുര്‍…പി ..പ്പീ ….കണ്ണന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടുകയാണ്.ആ കുഞ്ഞുവീടിന്റെ മുറ്റത്തുകൂടി എത്ര തവണ പ്രദക്ഷിണം വച്ചൂന്ന് അവന് തന്നെ അറീല.“കണ്ണാ…മതീടാ…നാളെ കളിക്കാം..” എന്ന ഒരു കിളിനാദം അകത്തുനിന്നും കേള്‍ക്കുന്നു.പക്ഷേ സൈക്കിളിന്റെ ബാസ്കെറ്റില്‍ നിറച്ച ചാമ്പക്ക ഇടയ്ക്കിടക്ക് തിന്നുകൊണ്ട് അവന്‍ ഡ്രൈവറിന്റെ ഗമയില്‍ ഓടിച്ചുകൊണ്ടേയിരുന്നു.
ഗയിറ്റ് തുറന്ന് ദൂരെനിന്നും രശ്മി വരുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു.അടുത്തെത്തി വലതുകൈ മുന്നോട്ടു നീട്ടി സ്റ്റോപ്പ് എന്നു പറഞ്ഞു രശ്മി.
”ദച്ച്മി…താവാന്‍ പോകുന്നുണ്ടോ…മാറ് “ അക്ഷരങ്ങള്‍ വഴങ്ങാത്ത നാവ് അവനെ വിഷമിപ്പിക്കുന്നുവെന്നവള്‍ക്ക് തോന്നി.മുഖത്ത് ദേഷ്യം
.“മഴ വരുന്നു..കണ്ണാ‍…നമുക്ക് നാളെ കളിക്കാലോ..”
“ബേണ്ട…ദച്ച്മി കേറ്…ബാ”
“വേണ്ടെടാ..വീഴും..”സ്നേഹഭാവത്തിലവള്‍ പറഞ്ഞു.
”അല്ല കേറ്..”
അവന്‍ ശാഡ്യം പിടിക്കാന്‍ തുടങ്ങി.മനസ്സില്ലാ മനസ്സോടെ അവള്‍ ഇരുന്നു.പെട്ടെന്ന് സൈക്കിള്‍ മറിഞ്ഞു..ചാമ്പക്കയെല്ലാം നിലത്ത്.
“ങ്ങീ…..” അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അകത്തുനിന്നും കൊലുസ്സിന്റെ ശബ്ദം.ഇസ്തിരിപ്പെട്ടി ചരിച്ചു വച്ച് കണ്ണന്റെ കരച്ചില്‍ കേട്ട മാത്ര ജമീല പുറത്തേക്കോടി വന്നു.സാരിയാണു വേഷം,തുമ്പ് തെല്ലൊന്നു പൊക്കിയതിനാല്‍ തുടുത്ത കണങ്കാല്‍ കാണാമായിരുന്നു.വടിവൊത്ത ശരീരം,പര്‍ദ്ദ അണിഞ്ഞേ രശ്മി കണ്ടിരുന്നുള്ളൂ.ഒരു നിമിഷം ആ സൌന്ദര്യധാമത്തെ കണ്ണിമക്കാതെ സ്തബ്ധയായ് നോക്കിനിന്നുപോയി.രശ്മിയെ കണ്ടപ്പോള്‍ സാരിയുടെ തുമ്പിനാല്‍ തട്ടം ഇട്ടു.പരിഭ്രമത്തോടെ “എന്തു പറ്റി എന്റെ കണ്ണാ..?”
“അമ്മാ ഈ ദച്ച്മി എന്റെ സൈക്കിളില്‍ ഇരുന്നു എന്റെ താമ്പക്കയൊക്കെ പോയി“
“നമുക്ക് ഒത്തിരി പറിക്കാലോ ഇത് പോട്ടെ..”
അവനെ എടുത്തുകൊണ്ട് രശ്മിയോടായ് പറഞ്ഞു
.”ഇവനു കുറുമ്പിത്തിരി കൂടുതലാ..രശ്മി അകത്തേക്കു വാ..”
“അയ്യോ വേണ്ട ചേച്ചി..അമ്മ തിരക്കുന്നുണ്ടാവും,കണ്ണനെ കണ്ട് കേറീതാ…ഓഫീസില്‍ നിന്നും വന്നതേയുള്ളൂ..”
അപ്പോഴേക്കും മതിലിന്റെ അപ്പുറം രശ്മിയുടെ അമ്മയുടെ തല പ്രത്യക്ഷപ്പെട്ടു.
”കണ്ണനെന്തിനാ കരഞ്ഞേ?”
“കണ്ണന്‍ കളിച്ചതല്ലേ!!” എല്ലാരും കൂടി ചിരിച്ചു..കണ്ണനും ചിരിക്കാന്‍ തുടങ്ങി.
”വന്നിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ…എല്ലാം പരിചയപ്പെട്ടോ ജമീലാ..?”
“ഹാ പരിചയപ്പെട്ടു വരുന്നു..ചേച്ചി..”
അപ്പോളേക്കും നൌഷാദ് എത്തി.” ഞാന്‍ ഇക്കായ്ക്ക് ചായ കൊടുക്കട്ടെ”
“ശരി പിന്നെ കാണാം..”
അമ്മയും മകളും നടന്നകന്നു.അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
”ഈ നൌഷാദ്, ആങ്ങളയാന്നല്ലേ പറഞ്ഞത്? അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണു പോലും.മകന്റെ പേര്‍ കണ്ണ്ന്‍ എന്നും..ഇതില്‍ എന്തോ അക്ഷരപ്പിശക് ഉണ്ടല്ലോ രശ്മീ..നിനക്ക് അങ്ങിനെ തോന്നിയോ?”
“അമ്മയൊന്ന് മിണ്ടാതിരി..ജമീലചേച്ചിയുടെ ഹസ്ബന്റ് ദുബായിലാ..‘ദേവപ്രകാശ്‘ എന്നാ പേര്‍..ഹിന്ദുവാ..പ്രേമിച്ച് കെട്ടിയതാ..ഇപ്പം കൂടെയുള്ളത് സ്വന്തം ചേട്ടനാ..” രശ്മി ദേഷ്യം പ്രകടിപ്പിച്ചു.
“ഓ….എന്തരോ…എനിക്കൊന്നും വിശ്വാസമില്ല…”

ജമീല അത്താഴത്തിനുള്ള ചപ്പാത്തിക്ക് കുഴച്ചു വച്ചിട്ടുണ്ട്.കൈകഴുകി ചായക്കുള്ള വെള്ളം അടുപ്പില്‍ വച്ചു.ചായയും എടുത്ത് അകത്തു വന്നപ്പോളേക്കും കണ്ണ്ന്‍ നൌഷാദിന്റെ മടിയില്‍ ഇരുപ്പുറപ്പിച്ചിരുന്നു..
അയാളുടെ മുഖം മ്ലാനമായി കാണപ്പെട്ടു..
”അശോകേട്ടാ…എന്തുപറ്റി..വല്ലാതിരിക്കുന്നുവല്ലോ?”
“ഈ നാട്ടില്‍ എന്റെ പേര്‍ എന്താണു നീ പറഞ്ഞത്?”
“നൌഷാദ്”
“ശരി..ചോദിച്ചെന്നേയുള്ളൂ”
“എന്തുപറ്റി?ഓഫീസില്‍ എന്തെങ്കിലും..?”
“ഞാനിന്ന് ദേവപ്രകാശിനെ കണ്ടിരുന്നു..” ജമീലയുടെ മുഖത്ത് നോക്കാതെ അയാള്‍ പറഞ്ഞു.
“ദേവേട്ടന്‍…….” അവള്‍ വിതുമ്പി..”അദ്ദേഹം ജയിലില്‍ നിന്നും ഇറങ്ങിയോ?”
“ഇറങ്ങി”
“എന്നെ സംരക്ഷിക്കാന്‍ അശോകേട്ടനെ ഏല്‍പ്പിച്ച് പോയതല്ലേ…..എനിക്ക് കാണണം അശോകേട്ടാ…എനിക്ക് കാണണം എന്റെ കണ്ണന്റച്ചനെ”
അശോകന്‍ ഒന്നും മിണ്ടിയില്ല..എന്തു പറയണം എന്നയാള്‍ക്ക് അറിയില്ലായിരുന്നു..എല്ലാം പറഞ്ഞാലോ…..
ജമീല ഉമ്മറപ്പടിയില്‍ ഇരുന്നിട്ടുണ്ട്.ആകാശം കാര്‍മേഘത്തിന്റെ പിടിയില്‍ അമര്‍ന്നിരുന്നു…
കവുങ്ങുകളും തെങ്ങുകളും മുടിയിളക്കി സംഹാരനൃത്തം ചവിട്ടുകയാണ്.ഇടിയേയും മിന്നലിനേയും പേടിയുള്ള അവള്‍ കണ്ണനേയും കെട്ടിപ്പിടിച്ച് ഉമ്മറപ്പടിയില്‍ ഇരിക്കുന്നു.അവള്‍ മെല്ലെ കഴുത്തിലെ താലിചരട് ഒരു നിമിഷം നോക്കി ഓര്‍മ്മയുടെ ഓളങ്ങളിലേക്ക് ഊളിയിട്ടു പാഞ്ഞു.
അന്ന് ..അന്നും ഒരു മഴയുള്ള ദിവസം ആയിരുന്നു..ദേവന്‍ അവള്‍ക്ക് താലി ചാര്‍ത്തിയ ദിവസം.
ദേവപ്രകാശ് തന്നില്‍ അലിഞ്ഞ ദിവസം.”ജമീലാ .. നീയാണെന്റെ ശ്വാസം..നീയാണെന്റെ ജീവന്‍ “ എന്ന് പറഞ്ഞ് തന്റെ ഹൃദയത്തില്‍ ഹൃദയം ചേര്‍ത്തെഴുതിയ നിമിഷം.എല്ലാം മറന്ന് ഒന്നായ ദിവസം..
പെട്ടെന്ന് ഒരു ഫോണ്‍ വന്നതും നാട്ടിലേക്കു പോകണം എന്നു പറഞ്ഞതും താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞതും ഓര്‍ക്കുന്നു..”ജമീലാ ഒരാഴ്ച്ചക്കകം വരും..അച്ചന് സുഖമില്ല “ എന്ന് പറഞ്ഞതും ദൂരേക്ക് മറയും വരെ നോക്കിനിന്നതും ഓര്‍മ്മയില്‍ തത്തിക്കളിക്കുന്നു…
പിന്നീടാണ്‍ ദേവേട്ടന്റെ സുഹൃത്തായ അശോകേട്ടന്‍ തന്നെ അന്യേഷിച്ച് വരുന്നത്.
“ദേവപ്രകാശ് വലിയൊരു കുടുക്കിലാണു കുട്ടീ…എന്റെ കൂടെ വരണം..ഇവിടുന്ന് മാറിയേ മതിയാകൂ…
പോലീസ് തിരയുന്നുണ്ട്.കൂടുതല്‍ ഒന്നും ചോദിക്കരുത്.സമയമാകുമ്പോള്‍ എല്ലാം പറയാം..അതെ,കൂടുതല്‍ ഒന്നും എടുക്കാനില്ലായിരുന്നു.വേണ്ടപ്പെട്ടവര്‍ ആരും ഇല്ലാത്തതിനാല്‍ ആരോടും ചോദിക്കാനും ഇല്ല.അശൊകേട്ടന്റെ കൂടെ ഇറങ്ങിത്തിരിച്ചു.തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പ് അറിഞ്ഞനിമിഷം,പിന്നീടങ്ങോട്ട്,ഒരു സഹോദരന്റെ എല്ലാ കടമകളും ചെയ്തു അശോകേട്ടന്‍. എന്റെ കണ്ണന്‍ ഇന്നു നാല് വയസ്സ്.അവളുടെ കണ്ണുനീര്‍ അടര്‍ന്നു വീണു.
താലി ഒരു മാത്ര കൂടി നോക്കി അവള്‍ സാരിക്കിടയില്‍ മറച്ചു.

വലിയ ഒരു മഴ പെയ്ത് തോര്‍ന്നിരിക്കുന്നു.മുറ്റത്ത് മുട്ടിനൊപ്പം വെള്ളം.ഓര്‍മ്മകള്‍ മിന്നിമാഞ്ഞു.കണ്ണാന്‍ ഉറങ്ങിയിരിക്കുന്നു.ഓടിന്റെ അറ്റത്തു നിന്നും തുള്ളി തുള്ളിയായ് മഴ ഇറ്റിറ്റു വീഴുന്നു.വാഴകളൊക്കെ ചരിഞ്ഞിട്ടുണ്ട്.പേടിപ്പെടുത്തുന്ന മഴയുടെ അന്ത്യം.പക്ഷേ ഇപ്പോളുണ്ടായ ഇളം കാറ്റിനെന്തൊരാശ്വാസം!! പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തി.കാത്തിരിപ്പിന്റെ അന്ത്യം.
അശോകന്‍ അപ്പോളേക്കും ഉമ്മറത്തേക്കു വന്നു.ഉറങ്ങുന്ന കണ്ണനെ എടുത്ത് കിടത്തി.ജമീല ചിന്തിച്ചു.ദൈവം കരുണാമയന്‍!! ആരുമില്ലാത്തവളെ സംരക്ഷിക്കാന്‍ ദൈവം അശോകേട്ടന്റെ രൂപത്തില്‍!! കണ്ണുതുടച്ച് അകത്തേക്ക് നടന്നു ജമീല..
“അശോകേട്ടാ..എന്താണു ദേവേട്ടന് സംഭവിച്ചത്?
"ജമീലാ...എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. പറഞ്ഞേ പറ്റൂ..നീയറിയണം..എല്ലാം....”
അവള്‍ കാതോര്‍ത്തിരുന്നു..അശോകന്‍ പറഞ്ഞു തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്...ഞാനും ദേവനും കളിക്കൂട്ടുകാര്‍..ഒരേ പ്രായം.ജനിച്ചതും വളര്‍ന്നതും ഒരേ നാട്ടില്‍,തൊട്ടടുത്ത വീട്.അവന്‍ എന്റെ ആത്മസുഹൃത്ത്.നല്ല മനസ്സിന്റെ ഉടമ,സമ്പന്ന കുടുംബം,ഒരൊറ്റ മകന്‍.നമ്പൂതിരി ആയതിനാല്‍ വേദജ്ഞാനം നേടിയതിനു പുറമെ പൂജയും ഹോമവും കൂടപ്പിറപ്പ്.എല്ലാത്തിനും കൂടെ ഈ ഞാനും.സുന്ദരനായതിനാല്‍ സ്ത്രീകള്‍ക്ക് ഏറെ പ്രിയം.എങ്കിലും അവന്റെ പ്രണയം സുമിത്രക്ക് മാത്രമുള്ളതായിരുന്നു.സുമിത്ര ദേവന്റെ ജീവന്‍!അവന്റെ ആരാധനാ മൂര്‍ത്തി.പ്രത്യക്ഷ ദേവി!മരണത്തിലും വേര്‍പെടില്ലെന്ന് നിശ്ചയിച്ചവര്‍.സ്ഥിരമായി കാണാറുള്ള അമ്പലത്തിന്റെ പുറകിലെ കാവിന്റെ അരികത്ത് പ്രണയത്തിന്റെ വിവിധ വര്‍ണ്ണങ്ങള്‍ അവര്‍ പങ്കിട്ടു.
എല്ലാം അറിയുന്ന സുഹൃത്ത് ഞാന്‍ മാത്രമായിരുന്നു.
ഒരു ദിവസം
“സുമിത്രാ...എനിക്ക് നിന്നെ സ്വന്തമാക്കണം..”
“എന്താ സംശയം..ഞാന്‍ ഏട്ടന്റെ മാത്രം അല്ലേ?”
“പക്ഷേ....”
“എന്തു പക്ഷേ?”
“ദേവീ(ദീര്‍ഘനിശ്വാസം) എനിക്കു നിന്നെ സ്വന്തമാക്കാന്‍ ഒരു കടമ്പ കടക്കേണ്ടിയിരിക്കുന്നു”
“ഏട്ടനെന്തായീ പറയുന്നത്?”
“അതെ...എന്റെ ജാതകം പരിശോധിച്ചപ്പോള്‍..” വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ദേവന്..
“പറയൂ”
“നമ്മെ ത്തേടി ഒരു പരീക്ഷണം.എനിക്ക് വിധി രണ്ടു വേളി..”
“ഏട്ടാ...”
“അതെ ... പക്ഷേ ആദ്യഭാര്യ മരണപ്പെടും എന്ന് എഴുതിയിരിക്കുന്നു...”
സുമിത്ര ആത്മധൈര്യം സംഭരിച്ചു.
“സുമിത്രാ..അത്..അത്...നീയാകരുത് സുമിത്രാ.....” അവന്‍ തേങ്ങി..
“എന്തു ചെയ്യും വിധി മാറ്റാന്‍ കഴിയുമോ?” അവള്‍ തളരരുത് എന്നറിയാം..പുറമെ ഭാവവിത്യാസമില്ലാതെ ഉള്ളില്‍ അവളും തേങ്ങി....
കുറച്ചു നേരം അവിടെ മൌനം തളം കെട്ടി..എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ..ദേവന്‍ അവളുടെ മടിയില്‍ നിന്നും പൊടുന്നനെ എഴുനേറ്റു..
“കണ്ടുപിടിക്കണം...മറ്റൊരു പെണ്‍കുട്ടിയെ...”
“എന്നിട്ട്?”
“എന്നിട്ട് അവളെ താലി ചാര്‍ത്തണം”
“വേണ്ട ഏട്ടാ...വേണ്ട..മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച് എനിക്കു വേണ്ട ആ സൌഭാഗ്യം”
“വേണം....അവളിലൂടെ മാത്രമേ നിന്നെ എനിക്ക് സ്വന്തമാക്കാന്‍ കഴിയൂ....”മുഖത്ത് രൌദ്രത,അത് കണ്ണുകളില്‍ പ്രതിഫലിച്ചു...അട്ടഹസിച്ച് അവന്‍ ദൂരെ മറയുന്നതും നോക്കി അവള്‍ പൊട്ടിക്കരഞ്ഞു...
“ജമീലാ...അങ്ങിനെ കിട്ടിയതാണു നിന്നെ.........” അശോകന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു....
സ്വസ്ഥതയറ്റ മനസ്സിന്റെ ചിന്നിയ കണ്ണാടിയില്‍ ഒരു പേടിസ്വപ്നത്തിന്റെ പ്രതിബിംബം തെളിഞ്ഞു വന്നു..വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ അവളുടെ മുഖത്തെ മാംസപേശികള്‍ ചലിച്ചു.
“സത്യമോ..അശോകേട്ടാ....അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു അല്ലേ???”
“ഇനിയും നീയറിയാനുണ്ട് ജമീലാ.....നിന്നെ എന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞില്ല അവന്‍..മറിച്ച് നിങ്ങള്‍ ഒന്നായ ദിവസം സുമിത്രയെ കാണാന്‍ പോയതാണ്..തിരിച്ചെത്തുമ്പോളേക്കും ഒരു ബലിക്കുള്ളതെല്ലാം ഒരുക്കണം എന്നായിരുന്നു ഓര്‍ഡര്‍..നിന്റെ രക്തം പരാശക്തിക്കു കൊടുക്കാന്‍..അവന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍..”

“എനിക്കു കഴിഞ്ഞില്ല കുട്ടീ.... നിന്നെ രക്ഷിക്കണം എന്ന ചിന്ത മാത്രം..അപ്പോള്‍ ഇതൊന്നും പറഞ്ഞാല്‍ നീ വിശ്വസിക്കില്ല...അതാ പറയാഞ്ഞത്......”
ക്ഷീണിതയായി അവള്‍ ആ നിലത്ത് ഉമ്മറത്തെ തൂണില്‍ തല ചായ്ച്ച് ഇരുന്നു..

“നിനക്കറിയുമോ...നിന്നെ ബലി കൊടുക്കാന്‍ തീരുമാനിച്ച് അവളെ സ്വന്തമാക്കാന്‍ പോയ ദേവനെ എന്താണു കാത്തിരുന്നത് എന്ന്!!! സുമിത്രയുടെ നിര്‍ജ്ജീവ ശരീരം കൂടെ ഒരു ആത്മഹത്യാ കുറിപ്പും..”
“എന്തായിരുന്നു അത്??”
“ഏട്ടാ...ഞാന്‍ പോകുന്നു ഏട്ടന്റെ ആദ്യ ഭാര്യ ഞാന്‍ തന്നെയാണു..അങ്ങിനെ പറയുന്നതാ എനിക്കിഷ്ടം...എനിക്കു വേണ്ടി മറ്റൊരു ജീവിതം ബലി കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ ബലി കൊടുക്കുന്നു....എനിക്ക് ഏട്ടനോടുള്ള സ്നേഹം മരണമില്ലാത്തതാണ്..അടുത്ത ജന്മത്തിനായ് ഞാന്‍ കാത്തിരിക്കാം...ക്ഷമിക്കൂ...”
“സുമിത്രാ....ദേവീ.....നീയില്ലെങ്കില്‍ ഞാന്‍ ഇല്ലാ......ഞാനും വരുന്നു നിന്റെ കൂടെ....”
ആ നിശ്ചല ദേഹം കെട്ടിപ്പിടിച്ചവന്‍ ഭ്രാന്തനെപ്പോലെ അലറി...

“ജമീലാ ...ഞാന്‍ ഒന്നു അറിഞ്ഞില്ല...അതിനു ശേഷം അവന്‍ മനോരോഗത്തിന്റെ പിടിയിലായിരുന്നു..സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്ക്...പിന്നെ ആയുര്‍വേദം..
ഇന്നലെ ഞാന്‍ കണ്ടപ്പോള്‍ താടിയും മുടിയും നീട്ടി അമ്പലത്തിനു മുന്നില്‍....അവന്‍ നിന്നെ ഓര്‍ക്കുന്നു ജമീലാ ...നിന്നെ കാണണം എന്നു പറഞ്ഞു..നമ്മുക്ക് പോകാം..”
കണ്ണനെ വേഗം അവള്‍ എടുത്ത് ഒരുക്കവേ..അശോകന്റെ മൊബൈല്‍ ചിലച്ചു.ഒരു സുഹൃത്താണു മറുവശം..”അശോകാ...നീ വേഗം വരണം ഇന്നലെ നീ സംസാരിച്ച ആ മനുഷ്യന്‍ ഇല്ലേ” “യേസ്..മിസ്റ്റര്‍ ദേവപ്രകാശ്” “അയാള്‍ ആണെന്നു തോന്നുന്നു..ഒരു അപകടം..നീ വേഗം കവലയിലേക്കു വാ” അശോകനും ജമീലയും അവിടെ എത്തുമ്പോളേക്കും ജനക്കൂട്ടം തമ്പടിച്ചിരിക്കുന്നു......രക്തത്തില്‍ കുളിച്ച്.....ദേവപ്രകാശ്.....ജീവന്റെ അവസാന തുടിപ്പും നഷ്ടപ്പെട്ടിരിക്കുന്നു..ആ തേജസ്സുറ്റ മുഖം ജമീല ഒന്നു കൂടി നോക്കി..വികാരനിര്‍ഭരമായ നിമിഷം....ബോഡി എടുത്തപ്പോള്‍ ചുരുട്ടിപ്പിടിച്ച കൈകള്‍ക്കിടയില്‍ നിന്നും ഒരു തുണ്ടു കടലാസ്സ് നിലത്തേക്ക് വീണു....അശോകന്‍ അത് കുനിഞ്ഞ് എടുത്തു...അതില്‍ എഴുതിയിരിക്കുന്നു..

“പ്രിയ കൂട്ടുകാരാ...ഈ ലോകത്ത് എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല...മനുഷ്യനായി അല്ല ഞാന്‍ ജീവിച്ചത്..ഞാന്‍ എന്റെ സുമിത്രയെ കൊന്നു..നീ ജമീലയെ രക്ഷിച്ചു...നീയാണു മനുഷ്യന്‍ അല്ല ദേവന്‍...എന്റെ ജീവന്‍ ഞാന്‍ ബലി കൊടുക്കുന്നു..’സ്നേഹബലി’..ജമീലയേയും കണ്ണനേയും സ്വീകരിക്കാന്‍ നിനക്കാണു യോഗ്യത..എല്ലാത്തിനും നന്ദി”

അശോകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി............

ജമീല തന്റെ ദൈവത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു................................

ജമീല അശോകന്റെ കണ്ണുകളിലേക്ക് നോക്കി..ഒരു വ്യക്തിയോട് തോന്നുന്ന തീവ്രമായ വാത്സല്യവും പരിപാലനയും കലർന്ന വികാരം.ഒരു സ്ത്രീ കൊതിക്കുന്ന സംരക്ഷണം..ആ നോട്ടത്തില്‍ അവന്‍ അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു.പറയപ്പെടാത്ത വികാരം. ആ നിമിഷം സ്നേഹത്തിന്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു.....................................................................................











Saturday, July 23, 2011

ദേവൂട്ടിക്ക് പിറന്നാള്‍!!



2010 ജുലൈ 24 ദേവൂട്ടി ബൂലോകത്തില്‍ പിറന്നു..

ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് അറിയുമോ? ഷാല്‍വിന്‍ സാര്‍ ചോദിച്ചു...മൈക്രോസോഫ്റ്റിന്റെ ഡോട്ട്നെറ്റ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാന്‍ ഉള്ള തത്രപ്പാട്...ക്ലാസ്സില്‍ ഏകദേശം 10 പേരുണ്ടാകും..

നമുക്ക് ഒരു ബ്ലോഗ്ഗ് ക്രിയേറ്റ് ചെയ്തു നോക്കാം..എന്താണു പേര് ..പറയൂ..

റാണിപ്രിയ

ബ്ലോഗ്ഗ് എന്ന് കേട്ടിട്ടേ ഉള്ളൂ ... എന്തായാലും അറിയുക തന്നെ..അങ്ങിനെ എന്റെ ബ്ലോഗ്ഗ് ജനിച്ചു.ഷാല്‍വിന്‍,അദ്ദേഹം ഒരു ബ്ലോഗ്ഗര്‍ ആണ്.വിഷയം ഡോട്ട്നെറ്റ്.വിവരസാങ്കേതികവിദ്യയുടെ നൂതന അറിവുകള്‍ പകരുന്നു.. ഇതില്‍ നമുക്ക് എന്തും എഴുതാമോ? “എഴുതാം...ചിലര്‍ തങ്ങളുടെ പേഴ്സണല്‍ ഡയറിയായി ഉപയോഗിക്കുന്നു,മറ്റുചിലര്‍ പുതിയ വിവരങ്ങള്‍,ഫോട്ടോകള്‍,അഭിരുചികള്‍...എല്ലാം...”..സര്‍ പറഞ്ഞു.തന്നു..അറിവിന്റെ ആദ്യാക്ഷരങ്ങള്‍..സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു..അന്ന് മുഴുവനും ചിന്തകള്‍ ആയിരുന്നു

എഴുതണം....എല്ലാം.....തീരുമാനിച്ചു.....സത്യം ഒളിച്ചു വച്ചു....അറിയപ്പെടേണ്ടതാണ്....സത്യത്തിന് മറയ്ക്കാന്‍ ഒന്നുമില്ല...പന്തീരാണ്ട് മനസ്സില്‍ കൊണ്ടുവച്ചതും....ഡയറിയില്‍ കുറിച്ചു വച്ചതും ...എല്ലാം..മൂടുപടമന്യേ .... ഒരു രാജകൊട്ടാരം...കൊട്ടാരത്തിലെ റാണി...വൃന്ദാവനം.. സുഗന്ധവാഹിനികളായ പുഷ്പങ്ങള്‍...പുഷ്പഗന്ധം - അന്തരീക്ഷം മുഴുവനും ... ആ കൊട്ടാരത്തില്‍ എത്ര മുറികള്‍ ഉണ്ടെന്ന് അറിയില്ല...വാതില്‍ തുറന്നില്ല..തുറക്കാന്‍ കഴിഞ്ഞില്ല..തുറന്നാലോ പിന്നെയും വാതില്‍..പിന്നേയും...എല്ലാം പൂട്ടി താക്കോല്‍കൂട്ടം കൈയിലുണ്ട്...ഇരുട്ടുമൂടിയ രാത്രി..ജീവിതത്തിന്റെ സര്‍വ്വപഴുതുകളും അടഞ്ഞു..ശ്വാസം മുട്ടി..ഇനി മാര്‍ഗ്ഗമില്ല..വഴി തുറന്നു..അതിലൂടെ...അതിലൂടെ.....

വര യില്‍ തുടങ്ങി ‘ഏകാന്തത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി’ യായി ‘മഴമേഘപ്രാവ്’ ആയി ആ നീലവിഹായസ്സില്‍ ഏകയായി നീന്തിതുടിച്ചു, കടലിനേയും പൂവിനേയും സ്നേഹിച്ചു..പക്ഷേ അധികം ആരും വന്നില്ല..

“അതേയ് ...ഈ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ഒരു ലോകം... ണ്ട് ...ബൂലോകം” ഉണ്ണിമോളു വന്നു,പറഞ്ഞുതന്നു.
ദേവൂട്ടി ബൂലോകത്ത് പിച്ചവച്ചു...ബൂലോകത്തെ കാഴ്ച്ചകള്‍ കണ്ടു...ഒക്കെ ഇഷ്ടായി...ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 30 നു അടുത്ത് പോസ്റ്റ്...അങ്ങനെ വരയുടെ ബ്ലോഗ്ഗ് ആയ വരവീണയും പിറന്നു..........


ദേവൂട്ടി ഓര്‍ക്കുന്നു ,ജീവിതത്തിലെ പ്രതിസന്ധികളേയും,പരിമിതികളേയും അതിജീവിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് പ്രോത്സാഹനം.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍.അക്ഷരങ്ങളെ സ്നേഹിക്കുന്ന ബ്ലോഗ്ഗേര്‍സ്സ് എന്റെ പ്രോത്സാഹനമായി...ദേവൂട്ടിയെ ഇതുവരെ വായിച്ചവര്‍ക്കും കമന്റ് ഇട്ട് പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി....പിന്നെയും എടുത്തുപറയാന്‍ അര്‍ഹതയുള്ള എന്റെ മറ്റൊരു സുഹൃത്തിന് മൌനമായ് ഹൃദയത്തിന്റെ ഭാഷയില്‍ ..



തുറന്നിട്ട വാതിലുകള്‍ വീണ്ടും കൊട്ടിയടക്കണം എന്ന മനസ്സിന്റെ ആശ.ഈ വഴിയില്‍ ഇനി ദൂരമില്ല.
ദേവൂട്ടി ചോദിക്കട്ടെ....ദേവൂട്ടി ഇനി പറയണോ??




Tuesday, June 28, 2011

സപ്തതിയുടെ നിറവില്‍ - മാടമ്പ് കുഞ്ഞുകുട്ടന്‍


ഇന്നേക്ക് എഴുപത് ആണ്ട് പിന്നോട്ട് പോയാല്‍ തൃശ്ശൂര്‍ ജില്ലയില്‍ കിരാലൂരിലെ മാടമ്പ് മനയില്‍ മിഥുനമാസത്തിലെ ഭരണി നക്ഷത്രം ഉദിച്ചു.ഇന്നത് മലയാള സാഹിത്യത്തിലെ അതിഭീമനക്ഷത്രമായ് ശോഭിക്കുന്നു.അടുക്കുന്തോറും പ്രഭയേറുന്ന വ്യക്തിത്വം. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന ആ നക്ഷത്രം  മലയാളസാഹിത്യ ചരിത്ര വനത്തിലെ ഒറ്റയാനായി ഇന്നും തുടരുന്നു.ഇത്തിരിപ്പോന്ന എന്റെ വായനാലോകത്തെയും  മദിച്ചു ഈ ഒറ്റയാന്‍.

മാടമ്പിന്റെ തൂലിക ചലിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട്.നോവലിസ്റ്റ്,തിരക്കഥാകൃത്ത്,നടന്‍ എന്നീ നിലയില്‍ പ്രശസ്തന്‍.കൂടാതെ ആനക്കമ്പം മൂത്ത് ആനപ്പണിയും ചെയ്തിട്ടുണ്ട്.കൈരളി ടി.വി യില്‍ ‘ഇ ഫോര്‍ എലിഫന്റ്’ എന്ന സീരിയലിലൂടെ മലയാളത്തിന് പരിചിതന്‍ ആണ്.അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ ആണ് അശ്വത്ഥാമാവ്,ഭ്രഷ്ട്,മരാരാശ്രീ,അവിഘ്നമസ്തു,എന്തരോ മഹാനു ഭാവലു,മഹാപ്രസ്ഥാനം,ഓംശാന്തിഓം,അമൃതസ്യപുത്ര:,സാധനാലഹരി,ചക്കരക്കുട്ടിപ്പാറു,സാവിത്രി ദേ-ഒരു വിലാപം.ഇതില്‍ മഹാപ്രസ്ത്ഥാനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുക ഉണ്ടായി.

സിനിമാതിരക്കഥയും അഭിനയവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.അശ്വത്ഥാമാവ് സിനിമയായപ്പോള്‍ തിരക്കഥയും നായക വേഷവും അദ്ദേഹം തന്നെ ചെയ്തു.ദേശാടനം എന്ന ഒരൊറ്റ സിനിമ തന്നെ കേരള ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.ദേശീയ അംഗീകാരം നേടിയ പരിണാമം മറ്റൊരു ഉദാഹരണം.ഏഷ്യയിലെ ഏറ്റവും നല്ല തിരക്കഥക്കുള്ള പുരസ്കാരം നേടിയ ‘കരുണം’ മാടമ്പിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായി.ശാന്തം,ഗൌരീശങ്കരം,സഫലം എന്നിങ്ങനെ നീളുന്നു..


മാടമ്പിന്റെ ‘സാധനാലഹരി’ യാണു ഞാന്‍ ആദ്യം വായിക്കുന്നത്.അതും മാടമ്പിനോട് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്ത് വഴി.ശരിക്കും അത് ഒരു ലഹരി തന്നെ.ആത്മീയ ലഹരി.പിന്നെ സാവിത്രി ദേ-ഒരു വിലാപം- തന്റെ ഭാര്യയുടെ അകാലമരണം അദ്ദേഹത്തില്‍ ഏല്‍പ്പിച്ച ദുഖം-മലയാളത്തിന്റെ വിലാപ നോവല്‍.’ചക്കരക്കുട്ടിപ്പാറു’-ഇതില്‍ അസാധാരണമായ ഒരു പ്രണയാനുഭവം പറയുന്നു മാടമ്പ്.അദ്ദേഹത്തിന്റെ ഓരോ കഥയും വായിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
എന്റെ ആദ്യാനുഭവമായ ‘സാധനാലഹരി’ എന്ന പുസ്തകം ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

ഇത് ഒരു കൗളസാധകന്റെ കഥ.-സാധനാലഹരി-ദീക്ഷാഗുരുവിന്റെ അനുഗ്രഹത്താല്‍ കൗളം പഠിക്കാന്‍ ശ്രമിക്കുകയും സാധന ചെയ്യാന്‍ മോഹിക്കുകയും ചെയ്തതിന്റെ സാരമാണ് ഈ കഥ.ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ ഒരേട്.ആ മന്ത്രകാവ്യത്തിന്റെആദ്യത്തെ നാല്‍പ്പത്തൊന്ന് ശ്ലോകമാണ് ഈ ലഹരി.പ്രസിദ്ധമായ കഥാസരിത് സാഗരത്തിലെ വിദ്യാസാഗര ചരിത്രം ചട്ടക്കൂടായി സ്വീകരിച്ചു.കൗളസാധകന്മാരുടെ വേദമാണ് സൌന്ദര്യലഹരി.

കഥ തുടങ്ങുന്നത് വിദ്യാസാഗര്‍ എന്ന മഹാബ്രാഹ്മണനായ സാധകനില്‍ നിന്ന്.കൗളവിധിപ്രകാരമുള്ള പ്രാര്‍ത്ഥനയും നമസ്ക്കാരവും കഴിഞ്ഞ് ചെറുനീര്‍ച്ചാലില്‍ മണല്‍ പരപ്പില്‍ ഇരുന്നു,ഇരുന്നപ്പോള്‍ കിടന്നു,കിടന്നപ്പോള്‍ ഉറങ്ങി.അസ്തമയസൂര്യന്‍ ചുവന്നുതുടുത്തു.ഗ്രാമദേവതയെ പ്രദക്ഷിണം വച്ച് തൊഴുത് തോഴിമാരോടു കൂടി ചിരിച്ചുല്ലസിച്ചു വന്ന മന്ദാകിനി മണല്‍ത്തിട്ടയില്‍ ബോധം വിട്ടുറങ്ങുന്ന പുരുഷയൌവ്വനം കാണുന്നു.ഉറങ്ങുംബോളും പ്രസരിക്കുന്ന തീഷ്ണ പുരുഷഗന്ധം അവളെ തടുത്തു നിര്‍ത്തി.എന്താണെന്നറിയില്ല അന്നേവരെ അനുഭവിക്കാത്ത എന്തോ ഒരു അസ്വസ്ഥത.പോയ ജന്മങ്ങളില്‍ എവിടെയോ ഒപ്പം നടന്ന ഓര്‍മ്മ.അനാദിയായ ഈ ചാര്‍ച്ച വഴി ആത്മാവറിയുന്നു.വാക്കുകളാവാതെ അനുഭവിക്കുന്നു.

മന്ദാകിനി വൈദ്യനെയും പല്ലക്കും വിളിച്ചു വരുത്തി.വൈദ്യന്‍ കല്‍പ്പിക്കുന്നു.ഇത് മഹാനിദ്രയാകുന്നു.ആറുമാസമോ അതിലധികമോ ഉറങ്ങാതിരുന്ന ഒരാളുടെ നിദ്ര.നാഡിമിടിപ്പ് മൃദുലം,പരിക്ഷീണം എങ്കിലും കിറുകൃത്യം.മഹായോഗിയുടെ പ്രാണായാമം പോലെ.വൈദ്യന്‍ സംശയിച്ചു,ധ്യാനനിരതനായ ഏതെങ്കിലും സിദ്ധനാകുമോ?പുരുഷന്‍ ഉറങ്ങിക്കിടന്നു.പ്രകൃതിയുണര്‍ന്നു.ഏഴുപകലും ഏഴുരാത്രിയും മന്ദാകിനി ശുശ്രൂഷിച്ചു.ക്രമം തെറ്റാതെ ശ്വാസം വീക്ഷിച്ചു.ഏതോ ദിവ്യസാന്നിധ്യമായ് ഉറങ്ങുന്ന പുരുഷനെ കണ്ടറിഞ്ഞു.

മന്ദാകിനി കുസുമപുരത്തെ നഗരശ്രീ ആയി വാഴേണ്ടവള്‍.പുരുഷന്‍ ഉണര്‍ന്നപ്പോള്‍ ദേവി..ഭവതി ആരാണ്? ദേവിയാണോ നിദ്രയില്‍ നിന്നുന്നുണര്‍ത്തിയത് എന്ന് വിദ്യാസാഗര്‍ ആരായുന്നു.തന്റെ ഗുരുവിന്റെ വാക്ക് ഒരു നിമിഷം വിസ്മരിച്ച് ജലത്തെ സ്പര്‍ശിച്ചപ്പോളാണ് താന്‍ നിദ്രയിലായതെന്നും മന്ദാകിനിയാണ് തനിക്ക് ജീവരക്ഷ ചെയ്തതെന്നും വിദ്യാസാഗര്‍ അറിയിക്കുന്നു.തുടര്‍ന്ന് തന്റെ കഥ പറയുന്നു.

എന്തുകൊണ്ടാണ് താന്‍ അപ്രകാരം ഗുരുവാക്യം മറന്നത്? മന്ദാകിനിക്ക് സൌഹൃദത്തിലും കവിഞ്ഞ ബന്ധം എങ്ങിനെ ഉണ്ടായി? എന്താണ് തന്റെ ജീവരക്ഷക്ക് പകരം വേണ്ടത് എന്ന വിദ്യാസാഗറിന്റെ ചോദ്യത്തിന് ‘അവിടുന്ന് ഈയുള്ളവളെ സ്വീകരിക്കണം’ എന്ന് ആവശ്യപ്പേടുന്നു.
ബ്രാഹ്മണനായ വിദ്യാസാഗര്‍ ശൂദ്രസ്ത്രീയായ മന്ദാകിനിയെ സ്വീകരിക്കണമെങ്കില്‍ ആദ്യം സ്വജാതിയില്‍ നിന്നും,പിന്നെ ക്ഷത്രിയ കുലത്തില്‍ നിന്നും തുടര്‍ന്ന് വൈശ്യകുലത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിക്കണം.മഹാഗുരു അരുളുന്നു.”ഒരുറക്കത്തില്‍ അറിയപ്പെടാത്ത ഒരു നിയോഗമായി അവളെത്തി.അവള്‍ക്കായി മൂനു പേരും..ചാതുര്‍വര്‍ണ്ണ്യവും ഒന്നായി ചേരണമെന്ന് നിയോഗം.കാലം വിഭജിച്ച വര്‍ണ്ണത്തെ കാലപ്രചോദിതനായ താന്‍ ഒന്നാക്കണം എന്ന് പ്രകൃതി നിയോഗം”.

കൗളമാര്‍ഗമറിയുന്നവന് സൃഷ്ടിരഹസ്യം വെളിവാകുന്നു.മന്ദാകിനി - പൂര്‍വ്വജന്മത്തില്‍ വിദ്യാസാഗര്‍ പ്രത്യക്ഷനമസ്കാരം ചെയ്ത നമസ്കാരകല്ല്. നമസ്കാര ക്രിയയില്‍ എട്ടംഗവും മുട്ടെ   എട്ട് പതിറ്റാണ്ട്  കിടന്ന കരിങ്കല്ലിന്റെ ആത്മാവ് തുടിച്ചു.ഇതാണ് പ്രപഞ്ചസ്വഭാവം.മറ്റു മൂന്നു പേരും യഥാക്രമം പോയജന്മം പൂജാപാത്രം,,ശംഖുകാല്‍,വലമ്പിരി ശംഖ് എന്നിങ്ങനെ ആയിരുന്നു എന്ന് വിദ്യാസാഗര്‍ അനുഭവിക്കുന്നു.വിദ്യാസാഗറിന്റെ കഥ അങ്ങനെ നീളുകയാണ്.
ഇതിലൂടെ അവനവനെ തന്നെ അറിയാത്തവര്‍ ഒന്നും അറിയാത്തവനാണെന്നും,ഗാര്‍ഹപത്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാനാണ് ദീക്ഷ എന്നും ഏറ്റവും ദുര്‍ഘടമായ ആശ്രമം ഗൃഹസ്ഥാശ്രമം ആണെന്നും മനസ്സിലാക്കിത്തരാന്‍ കഥാകൃത്ത് ശ്രമിക്കുകയാണ്.

മാടമ്പിന് എഴുത്ത് ജീവിതമാണ്,ഉപാസനയാണ്.എഴുത്തിന്റെ ആത്മീയലഹരിയിലാണ് ജീവിതം.വൈദിക പാരമ്പര്യത്തിന്റെ വഴികളിലൂടെ വളര്‍ന്നു വന്നിട്ടും പുരോഗമന ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു,അതോടൊപ്പം താന്ത്രികം പോലുള്ള സമ്പ്രദായങ്ങളോടുള്ള താത്പര്യവും.എല്ലാ എഴുത്തുകാരില്‍ നിന്നും വിഭിന്നമായ മാടമ്പ് വേണ്ടത്ര പരിഗണിക്കാതെ പോയോ എന്ന ചിന്ത എന്നില്‍ ഉയരുന്നു.മാടമ്പിന്റെ നോവല്‍ ഇന്നു നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘ആര്യാവര്‍ത്തം’ എന്ന  നോവലില്‍ എത്തി നില്‍ക്കുന്നു,അതിന്റെ ആദ്യ പതിപ്പ് അദ്ദേഹത്തിന്റെ ജന്മദിനമായ 2011 ജൂണ്‍ 27  നു മാടമ്പ് മനയില്‍ വച്ചു പ്രകാശനം ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ  ആയുരാരോഗ്യസൌഖ്യത്തിനു വേണ്ടി എന്റെ പ്രാര്‍ത്ഥിക്കുന്നു.ഇനിയും മാനവരാശിക്കു വേണ്ടി തൂലിക ചലിപ്പിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കട്ടെ......
















Sunday, May 29, 2011

കൊട്ടിയൂര്‍ - ഉത്തരകേരളത്തിലെ ദക്ഷിണകാശി


അന്ധകാരത്തിനുമീതെ പ്രകാശമാകാന്‍ ഭഗവാന്‍ സര്‍വ്വ സംഹാരത്തിന്റെ തൃക്കണ്ണ് തുറന്ന കഥയില്‍ കൊട്ടിയൂരിന്റെ കഥ തുടങ്ങുന്നു.മൂല പ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്ര സംസ്കൃതിയുടെ നേര്‍ക്കാഴ്ച്ചയാണു കൊട്ടിയൂര്‍ വൈശാഖോത്സവം.’തൃച്ചെറുമന്ന’എന്ന മറ്റൊരു പേരു കൂടിയുണ്ട് കൊട്ടിയൂരിന്.മദം പൂണ്ടു കണ്ണു കാണാതായ ദക്ഷ പ്രജാപതിയുടെ യാഗം മുടക്കാന്‍ വിശ്വനാഥന്റെ ഭൂതഗണങ്ങള്‍ കലിയടങ്ങാതെ താണ്ഡവമാടിയ മണ്ണിന് പില്‍ക്കാലത്ത് പുരാണങ്ങള്‍ നല്‍കിയ പേരാണ് ‘ദക്ഷിണ കാശി’ എന്ന സ്ഥാനം.-ഉത്തര കേരളത്തിലെ ദക്ഷിണകാശി-

സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്ക്  തുടക്കവും ഒടുക്കവും കല്‍പ്പിച്ചാല്‍ അതില്‍ പ്രകൃതിയുടെ കഥയുണ്ട്,മനുഷ്യന്റെ കഥയുണ്ട്,പ്രണയ-പ്രതികാരങ്ങളുടെ,തീഷ്ണ വിരഹത്തിന്റെ കഥയുണ്ട്,എല്ലാം പൊറുക്കുന്ന പരാശക്തിയുടെ നിലക്കാത്ത കാരുണ്യ പ്രവാഹത്തിന്റെ അത്ഭുത കഥയുണ്ട്.പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു കിടക്കുന്നു എന്നതിന് ഉത്തമോദ്ധാഹരണമാണ് വേനലിന്റെ അന്ത്യവും വര്‍ഷത്തിന്റെ ആരംഭവും ആയ വൈശാഖ കാലം എന്ന് നമുക്ക് കാണാം.കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൊട്ടിയൂര്‍ അമ്പലം സ്ഥിതി ചെയ്യുന്നു.തലശ്ശേരിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനങ്ങളാല്‍ നിബിഡമായ ഈ പുണ്യക്ഷേത്രത്തില്‍ എത്തിച്ചേരാം.

മറ്റേത് അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കൊട്ടിയൂര്‍.മറ്റു ശിവക്ഷേത്രങ്ങളില്‍ ഉള്ള പോലെ ഇവിടെ നന്ദികേശനില്ല അതുപോലെ തിരുഞ്ചിറ എന്ന ജലാശയത്തിലൂടെ പ്രദക്ഷിണം അനിവാര്യം.ഇവിടുത്തെ തൊഴല്‍ ‘കുളിച്ചു തൊഴല്‍’ ആണ്.വാവലിപ്പുഴയില്‍ മുങ്ങി ഈറനോടെ വേണം ദേവനെ തൊഴാന്‍.കൊട്ടിയൂരില്‍ ‘സ്വയഭൂ‘ ഇരിക്കുന്ന മണിത്തറയടക്കം അവകാസികള്‍ക്കായുള്ള പ്രത്യേകം കയ്യാലകളും താത്കാലികം എന്നതാണ് മറ്റൊരു സവിശേഷത.ചുറ്റമ്പലത്തിന്റെ അതിര് നാലു സമുദ്രങ്ങളെന്നു സങ്കല്‍പ്പിക്കുന്ന അക്കരെക്ഷേത്രം അങ്ങിനെ ക്ഷേത്രമില്ലാക്ഷേത്രമായി.ഹിന്ദുസമുദായത്തിലെ മുഴുവന്‍ അവാന്തര വിഭാഗങ്ങള്‍ക്കും പ്രത്യേകം സ്ഥാനങ്ങളും അവകാശങ്ങളും ഉണ്ട്.വര്‍ണ്ണവ്യവസ്ഥ നിലനില്‍ക്കുമ്പോളും ജാതീയ ഉച്ചനീചത്വങ്ങള്‍ വൈശാഖോത്സവത്തില്‍ ഒരു തരിമ്പും സ്പര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇത് ദക്ഷയാഗത്തിന്റെ പുണ്യഭൂമി.ദക്ഷന്റെ ശിരസ്സ് “കൊത്തിയ ഊര്“ ലോപിച്ചത്രേ  കൊട്ടിയൂര്‍ ആയി എന്നു പറയുന്നു.എല്ലാ വര്‍ഷവും 27 ദിവസം നീണ്ടുനില്‍ക്കുന്നു വൈശാഖ മഹോത്സവം.അക്കരെ-ഇക്കരെ കൊട്ടിയൂരായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇവിടെ വൈശാഖമാസത്തില്‍ ആണ് അക്കരെ കൊട്ടിയൂരില്‍ ആരാധന.ആ ദിവങ്ങളില്‍ ഇക്കരെ കൊട്ടിയൂരില്‍ പൂജ ഉണ്ടായിരിക്കില്ല.മാത്രമല്ല സകല ദൈവങ്ങളും യാഗത്തിന് പങ്കെടുക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ കൊട്ടിയൂരിനോട് ബന്ധപ്പെട്ട ഒരു ക്ഷേത്രത്തിലും ഈ 27 ദിവസം പൂജ നടക്കില്ലത്രേ!




മേട മാസം വിശാഖം നാളില്‍ പ്രക്കൂഴം എന്ന ചടങ്ങോടുകൂടി ഉത്സവാരംഭം.നീരെഴുന്നള്ളത്ത്,വാളും തീയും,നെയ്യഭിഷേകം എന്നിവ കഴിഞ്ഞ് ഭണ്ഡാരം എഴുന്നള്ളത്ത് അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് പ്രവേശനം ഉള്ളൂ..കൊട്ടിയൂരില്‍ പ്രധാനമായും നാല് ആരാധനകള്‍ ആണ് നടക്കുന്നത്.
[ഹിന്ദു വിശ്വ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തില്‍ വായിക്കാം]













To download the magazine click here ഡൌണ്‍ലോഡ് ചെയ്യൂ

മണത്തണയെക്കുറിച്ച്

കൊട്ടിയൂര്‍ വൈശാഖോത്സവവുമായി അഭേദ്യമായ ബന്ധമുണ്ട് മണത്തണക്ക്.ഉത്സവാരംഭവും അവസാനവും മണത്തണയില്‍ തന്നെ.‘മനനം ചെയ്യുന്ന തണ’ -മണത്തണ-
ഏതൊരു ചരിത്രകാരനേയും ചരിത്ര വിദ്യാര്‍ത്ഥിയേയുംഅത്ഭുതപ്പെടുത്തുന്ന വിധം ഒട്ടേറെ ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു തരാന്‍ കഴിയുന്നു മണത്തണക്ക്.ഇവിടെനിന്നും കൊട്ടിയൂര്‍ വരെയുള്ള മിക്ക സ്ഥല നാമങ്ങളും കൊട്ടിയൂര്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.സതീദേവി യാഗത്തിനു പോകും വഴി ക്ഷീണം കൊണ്ട് വിശ്രമിച്ച പാറയാണത്രേ ക്ഷീണപ്പാറ അത് ലോപിച്ച് ‘ചാണപ്പാറ‘ ആയി എന്നും കണ്ണീര്‍ചാല്‍(ദേവി ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ച സ്ഥലം) ‘കണിച്ചാര്‍ ‘ആയെന്നും ,കാളകളെ പൂട്ടിയ സ്ഥലം ‘കേളകം ‘എന്നും യാഗസ്ഥലം എത്തിയോ എന്നറിയാന്‍ നീണ്ടുനോക്കിയ സ്ഥലം ‘നീണ്ടുനോക്കി‘ ആയി എന്നും ദേവി മന്ദം മന്ദം നടന്ന സ്ഥലം ‘മന്ദഞ്ചേരി’ ആയെന്നും പറയപ്പെടുന്നു.ഇതിലൂടെ നമുക്ക് ദേവി മണത്തണയില്‍ നിന്നും പുറപ്പെട്ട് കൊട്ടിയൂര്‍ എത്തി എന്നും മനസ്സിലാക്കാം.കൊട്ടിയൂരിലേക്കു പോകുന്ന ഓരോ ചടങ്ങും മണത്തണ ചപ്പാരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേ പോകാറുള്ളൂ.

‘സപ്തമാതൃപുരം’ എന്ന ചപ്പാരം ഭഗവതീ ക്ഷേത്രം ഏഴ് ദേവതകള്‍ കുടിയിരിക്കുന്ന വളരെ ശക്തിയാര്‍ജ്ജിച്ച ക്ഷേത്രം.പ്രൊഫ.പ്രിയദര്‍ശന്‍ലാല്‍ തന്റെ റിസേര്‍ച്ചിന്റെ ഭാഗമായി ചപ്പാരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പഠനം നടത്തി.കേരളത്തില്‍ ഇത്രയധികം ദേവീസങ്കല്‍പ്പമുള്ള മറ്റൊരു ക്ഷേത്രമില്ല എന്നും ഏഴ് ദേവതകള്‍ അല്ല പത്ത് ദേവതകള്‍ ആണ് കുടിയിരിക്കുന്നത് എന്നും വിധിയെഴുതി(ബ്രഹ്മാണി,മഹേശ്വരി,കൌമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡി,
മഹാലക്ഷ്മി,സരസ്വതി,ഭദ്രകാളി)

നമ്മുടെ പുഴകള്‍ സാധാരണ പടിഞ്ഞാറോട്ടാണ് ഒഴുകുക. ഇവിടം കിഴക്കോട്ട് ഒഴുകുന്ന പുഴകള്‍ ധാരാളം.ദേവീസ്പര്‍ശഭൂമിയില്‍ മാത്രമേ പുഴകള്‍ കിഴക്കോട്ട് ഒഴുകാറുള്ളൂ.ഇവിടെ സ്ത്രീകള്‍ വളരെ ഭക്തിയുള്ളവരും ദീക്ഷ വാങ്ങാനും പൂജ നടത്താനും കെല്‍പ്പുള്ളവരുമാണ്.മണത്തണയിലെ കുണ്ടേന്‍ ക്ഷേത്രത്തിലെ കുണ്ടേന്‍ ഗുഹയില്‍ ആദിശങ്കരന്‍  ധ്യാനനിരതനായിരുന്നു  എന്നു പറയപ്പെടുന്നു.ശ്രീവിദ്യാമന്ത്രോപദേശം നേടിയതും ഈ പുണ്യഭൂമിയില്‍ വച്ചാണ്.

ചരിത്രത്തിന് വളരെ പ്രാധാന്യമേറിയ മണത്തണയില്‍ ചപ്പാരക്ഷേത്രത്തിനു മുന്നില്‍ മൂന്നു യുദ്ധങ്ങള്‍ നടന്നതായി പറയപ്പെടുന്നു.’പുലിയങ്കം’ നടന്നതും ടിപ്പുവിന്റെ പടയോട്ടം നടന്നതും ഇവിടെത്തന്നെ.നഗരേശ്വരക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിമ്പന ഗോപുരത്തിന്റെ തകര്‍ന്നു വീണ ഭാഗങ്ങളും ഇവിടം ആക്രമിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.നഗരേസ്വരക്ഷേത്രതിന്റെ സമീപത്തായുള്ള കൂലോം കുളവും ഭീമന്‍ പടവുകളും ഭിത്തിയുമെല്ലാം പഴയകാല നിര്‍മ്മാണചാരുതയെ വെളിപ്പെടുത്തുന്നു.

മറ്റൊരു ചരിത്രകാരനായ തച്ചോളി ഒതേനന് മണത്തണയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവാണ്,കൊട്ടിയൂര്‍ ഉത്സവത്തിന് മണത്തണയില്‍ നിന്നും എഴുനള്ളിക്കുന്ന ഭണ്ഡാരത്തിലൊന്നില്‍ ‘തച്ചോളി ഒതേനന്‍ വക’ എന്ന മുദ്രണം.

സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നതും തീര്‍ത്തും അത്ഭുതാവഹം തന്നെ!! ചരിത്ര നായകന്മാരുടെ സാന്നിധ്യം കൊണ്ട് പൂജനീയമായതും ദേവീ ദേവസ്പര്‍ശഭൂമിയിലാണ് താന്‍ ജനിച്ചത് എന്നതും ഈ ഗ്രാമവാസികള്‍ക്ക് അഭിമാനിക്കാം..



-റാണിപ്രിയ മണത്തണ -


Saturday, May 14, 2011

ഈ ദേവൂട്ടി എന്താ ഇങ്ങിനെ?

ജനിച്ചു,അന്നം മുട്ടാതെ വളര്‍ന്നു.പൂക്കള്‍ പൂക്കുന്നതും,കായ്ക്കുന്നതും കണ്ടു - പിന്നെ കൊഴിഞ്ഞു വീഴുന്നതും കണ്ടു - ഉദയസൂര്യന്റെ പ്രഭയും,അസ്തമയ സൂര്യന്റെ വിതുമ്പലും കേട്ടു.ലാളിത്യത്തിന്റേയും,പങ്കുവയ്ക്കലിന്റേയും,സഹകരണത്തിന്റേയും പാതകള്‍ കണ്ടു.അതുപോലെ പ്രതിസന്ധികളുടേയും,സംഘര്‍ഷത്തിന്റേയും തീച്ചൂളകള്‍ കണ്ടു.വ്യര്‍ത്ഥമായ ബന്ധത്തിന്റെ ശൈഥല്യവും,അമൂല്യങ്ങളായ,അനിര്‍വചനീയമായ സ്നേഹത്തിന്റെ ഊഷ്മളതയും ,സൌഹൃദത്തിന്‍ ആഴവും നോക്കി കണ്ടു.വാത്സല്യച്ചൂട് അനുഭവിച്ചു.തിരക്ക് കണ്ടു,ആള്‍ക്കൂട്ടം കണ്ടു,സ്നേഹശൂന്യതയും,സ്വാര്‍ത്ഥതയും കണ്ടു.ഒടുവില്‍ വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ത്ഥകമാണെന്നു കണ്ടു.എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങള്‍ക്കും കണക്കുകൂട്ടലിനും അപ്പുറത്താണെന്നും കണ്ടു.

എല്ലാം അനുസരിച്ച് കൊണ്ട് ഒന്നിനും എതിരു പറയാതെ സദാ വിനീതയായി നിശബ്ദതയുടെ മടിത്തട്ടില്‍ മൌനിയായ് ദേവൂട്ടി...കിട്ടിയതില്‍ സംതൃപ്തി..ഓരോ നിമിഷത്തിലും സന്തോഷം..ഒന്നും ആലോചിക്കാതെ,ദു:ഖിക്കാതെ - കാണുന്ന കാഴ്ചകള്‍ കൃഷ്ണമണിയില്‍ തട്ടുന്നു.കേള്‍ക്കുന്ന ശബ്ദം പ്രതിധ്വനിക്കുന്നു.അപരിചിതര്‍ പരിചിതരാകുന്നു.അവരിലെ സര്‍ഗ്ഗാത്മകത,അഭിരുചികള്‍,സ്നേഹബന്ധങ്ങള്‍ മനസ്സിലാക്കുന്നു.ജീവിതം ഒരു തുറന്ന പുസ്തകം ആണെന്നു പറയാറുണ്ട്,പക്ഷേ അതില്‍ ഒരു താളു പോലും അടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷേ ചില താളുകള്‍ വീണ്ടും വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നവരോ? ചില താളുകള്‍ കീറി കാറ്റില്‍ പറത്താം..തെറ്റുകള്‍ ആവര്‍ക്കാതിരിക്കാന്‍,പുതിയ തെറ്റ് ചെയ്യാതിരിക്കാന്‍..

ആരെങ്കിലും ദേവൂട്ടിയെ മനസ്സിലാക്കിയോ? അഥവാ അതിനു ശ്രമിച്ചോ? അറിയില്ല..ശ്രമിച്ചവര്‍ അകലുന്നു..അറിയാത്തവര്‍ ശ്രമിക്കുന്നു..അറിഞ്ഞവര്‍ അറിഞ്ഞില്ല എന്നു നടിക്കുന്നു..കാടു പിടിച്ച വീഥി വെട്ടി മാറ്റി നടക്കാന്‍ വഴിയാക്കാന്‍ ശ്രമിക്കവേ ആ വീഥിയില്‍ കരിയിലകള്‍ മാത്രം!! ആരെയെങ്കിലും വേദനിപ്പിച്ചോ? അതും അറിയില്ല ...ഈ ലോകം നന്നാവുമോ? സമയത്തോടും കാലത്തിനോടും ഒന്ന് ചോദിച്ചോട്ടേ...? അല്ലയോ സമയമേ,കാലമേ നിങ്ങള്‍ക്കെന്താ ഇത്ര ധൃതി?

ഇതെല്ലാം ദേവൂട്ടിയുടെ ഭ്രാന്തന്‍ ചിന്തകള്‍!! ചിന്തകളുടെ കൂമ്പാരമാണു ദേവൂട്ടി...

    ദേവൂട്ടിയോടു ചോദിക്കട്ടേ .... ഈ ദേവൂട്ടിയെന്താ ഇങ്ങനെ?




Monday, May 2, 2011

സൗഹൃദത്തണല്‍

യാത്ര-എനിക്കെന്നും ഒരു ഹരമായിരുന്നു.പ്രത്യേകിച്ചും അത് ഒരു കടലിലേക്കുള്ളതാണെങ്കില്‍ ഇതും ഒരു യാത്രയാണു - ജീവിതം ആകുന്ന യാത്ര... ദു:ഖഭാണ്ഡവുമേന്തിയുള്ള ഈ യാത്രയില്‍ ഇറക്കി വയ്ക്കാന്‍ ഒരു തണല്‍ അതാണു സൗഹൃദം...ഈ യാത്രയുടെ പ്രത്യേകത തികച്ചും വികാരഭരിതമാണ്.

നമ്മള്‍ മൂന്നു പേര്‍ ഉണ്ണിമോള്‍,വാവ പിന്നെ ഈ ദേവൂട്ടിയും..ഉണ്ണിമോളും വാവയും... ഇവര്‍ ആരാ?അറിയപ്പെടാത്ത ഒരു നിയോഗമായവള്‍ വന്നു ഉണ്ണിമോള്‍,പിറകെ വാവയും..ഏതു വികാരമാണ് എന്നെ അവളുമായ് അടുപ്പിച്ചത്? അറിയില്ല..പക്ഷേ ഇന്നവള്‍ എന്റെ ആരോ ആയിത്തീര്‍ന്നിരിക്കുന്നു.കിലുകിലെ ചിരിക്കുന്ന അവളെ കണ്ടാല്‍ സകല ദു:ഖങ്ങളും പമ്പ കടക്കും...ഒരു സൗപര്‍ണ്ണിക പോലെ .... അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ....

ജോലി ഭാരം കഴിഞ്ഞ് ഹോസ്റ്റലിന്റെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നമ്മള്‍ കണ്ടുമുട്ടാറുണ്ട്,പിന്നീട് ആ പടികളില്‍ ആയിരുന്നു..എന്നെന്നും കൂട്ടായിരുന്നു എനിക്ക് ‘പടവുകള്‍.‘..അവിടെ ഇരുന്നാല്‍ അരികിലുള്ള ജനലിലൂടെ നോക്കിയാല്‍ റോഡിലൂടെ ധൃതിയില്‍ നടന്നു പോകുന്ന കാലുകള്‍ കാണാം.എന്തൊക്കെയോ ലക്ഷ്യവുമായ് നീങ്ങുന്ന കാലുകള്‍...ആ പടികളില്‍ ഇരുന്ന് നമ്മള്‍ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കു വച്ചു.നിലാവ് കിനാവിനോട് പറയുന്ന പോലെ...കടല്‍ കരയോട് പറയുന്ന പോലെ,മേഘം മണ്ണിനോട് പറയുന്ന പോലെ!! ചിലപ്പോള്‍ അത്ഭുതമായിട്ടുണ്ട് നമ്മളെ തിരിച്ചറിഞ്ഞ ഈശ്വരന്‍ എത്ര കരുണാമയനാണ്!! ഒരിക്കലും അറ്റുപോകരുതേ ഈ സൗഹൃദം..

ഇതൊക്കെ കണ്ട് വാവ അസൂയപ്പെട്ടിരുന്നു.അധികം മിണ്ടാത്തവളാ വാവ.എന്തോ എന്നോട് ഒരു അടുപ്പം...ഇടക്ക് ഒളി കണ്ണിട്ടു നോക്കുന്നത് നമുക്ക് കാണാമായിരുന്നു..മെല്ലെ മെല്ലെ അവളും നമ്മുടെ ലോകത്തേക്ക് വന്നു..അവള്‍ക്കും ഉണ്ട് ഒരു പിടി ദു:ഖങ്ങളും സന്തോഷങ്ങളും...നമ്മുടെ ലോകത്ത് ദു:ഖങ്ങളില്ല...സന്തോഷം മാത്രം..ജീവിതത്തിലെ ഉപമ,ഉത്പ്രേക്ഷ ഇത്യാദി എല്ലാ നമ്മള്‍ ഉപേക്ഷിച്ചു...ഈ നിമിഷത്തില്‍ ജീവിക്കുക..കോളേജ് പ്രായം കഴിഞ്ഞ് യൌവ്വനത്തില്‍ എത്തി നില്‍ക്കുന്ന മൂവരും ഒരു യാത്ര പുറപ്പെട്ടു..”പുതു വൈപ്പിന്‍ ബീച്ച്”- 

ഞങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അന്നൊരു ഞായര്‍ ആയിരുന്നു 3.30 ന് പുറപ്പെട്ടുകാണും വഴിയൊക്കെ കണ്ടുപിടിച്ചു.ലക്ഷ്യം മാര്‍ഗ്ഗത്തിനു തടസ്സമാകരുതല്ലോ..മോഡേണ്‍ ഡ്രസ്സ് ഒക്കെയിട്ട് മൂന്നു പേരും യാത്രയായി....ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു - നോക്കാതിരിക്കില്ലല്ലോ - നോക്കണമല്ലോ - അതല്ലേ പ്രകൃതി നിയമം.

വിജനമായിരുന്നു ആ തീരം.ഇത്തിരി വെയില്‍ നമ്മലെ അസ്വസ്ഥരാക്കി.പെട്ടെന്ന് തന്നെ തിരകളുടെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല.ദൂരെ മാറിയിരുന്നു.ഉണ്ണിമോളുടെ കുറുമ്പ് തുടങ്ങി കൂടെ വാവയും.പിന്നെ കടല്‍ത്തീരത്ത് പേരുകള്‍ എഴുതി അത് കടല്‍ അത് മായ്ക്കുന്നതും നോക്കി നിന്നു.നമ്മുടെ സൗഹൃദം കടലിനു പോലും അസൂയ ഉളവാക്കിയോ?




സമയം ഇഴഞ്ഞുനീങ്ങി.ഉല്ലാസയാത്രക്ക് എത്തിയ ദമ്പതികളെയും പ്രണയിതാക്കളെയും കാണാം.കൊച്ചുകുഞ്ഞുങ്ങള്‍ കടലിലേക്ക് എടുത്തു ചാടുന്നു,ചിലര്‍ കരയുന്നു.ഉണ്ണിമോളും വാവയും കൂടി പൂഴിമണ്ണില്‍ കൊട്ടാരം പണിയുന്നു.ആ മണല്‍ കൊട്ടാരം ഞാന്‍ ഒറ്റയടിക്ക് തകര്‍ത്തു.വഴക്കായി.എനിക്ക് എല്ലാം തകര്‍ക്കാനുള്ള വാസന കൂടുതല്‍ ആണെന്നവള്‍ പറഞ്ഞപ്പോള്‍ ശരിക്കും വിഷമമായി..പരസ്പരം അടികൂടിയും കളിപറഞ്ഞും ഇരിക്കവേ മൂന്നു  പേരുടെ കണ്ണുകളിലും ആര്‍ദ്രത..പെട്ടെന്ന് പുറകില്‍ രണ്ടു കണ്ണുകള്‍ !!! നമ്മെത്തന്നെ വീക്ഷിക്കുന്നു.ഒരു കാതിലില്‍ കമ്മലിട്ട്,മുടി നീട്ടി,കണ്ണുകള്‍ ചുവന്ന ഒരു രൂപം...ഒരു മൃഗത്തെപ്പോലെ.പെട്ടെന്ന് നമ്മുക്ക് ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു.ആ സ്ഥലം പന്തിയല്ല തീരത്തെ വേറൊരു കോണില്‍ നമ്മള്‍ നീങ്ങി.ഒരു നിമിഷം ആ പ്രായം ഊഹിച്ചു ഒരു ഇരുപത് കാണും.എന്റോസള്‍ഫാന്‍ നിരോധനം കൊടുമ്പിരി കൊള്ളുന്ന ഈ സമയം അതിലും മാരകമായ മയക്കുമരുന്നും,വിദേശമദ്യവും നിരോധിക്കാന്‍ ആരും തുനിയുന്നില്ല..


അപ്പോളും എപ്പോളും എന്റെ മനസ്സ് എന്റെ ആത്മസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഒന്നു പിണങ്ങാനും ഇണങ്ങാനും ഈ തീരം.എന്നെ തിരഞ്ഞു ഞാന്‍  എന്നിലെത്തിയ നിമിഷം വെറുതെ-ഓര്‍ത്തുപോയി- തീരത്തെ തണുത്ത കാറ്റ് മനം കുളിര്‍പ്പിച്ചു.ഒത്തിരി പറയാന്‍ വെമ്പി തിരമാലകള്‍ അലമുറയിട്ട് എന്നിലേക്കണയുന്നു.തനുവില്‍ ഒരു തണുപ്പു മാത്രം തന്ന് എന്തേ തിരിച്ചു പോയി? സൂര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു.അസ്തമയ സൂര്യനെ കാണാനില്ല.അതോ ഒളിച്ചിരിക്കുകയാണോ?ദൂരെ ദൂരെ കടലും ആകാശവും ചുംബനത്തിലമര്‍ന്നോ??ചുകന്നു തുടുത്ത അസ്തമയ സൂര്യനെ ഇപ്പോള്‍ കാണാം.അപ്പോളേക്കും കണ്ണന്റെ ഒരു കവിത എഴുതിതീര്‍ന്നിരിക്കുന്നു...ആ തീരത്തുനിന്നും പോരാന്‍ തോന്നുന്നില്ല.....കടല്‍ വല്ലാതെ ആകര്‍ഷിക്കുന്നു..മെല്ലെ മെല്ലെ മുന്നോട്ട് (കടലിന്റെ ആഴങ്ങളിലേക്ക്)നടക്കാന്‍ തുടങ്ങി..മനസ്സ് അങ്ങ് അകലെ ആണ്..ഞാന്‍ പ്രണയിക്കുകയാണ് കടലിനെ...
എന്റെപ്രണയം കടലിനോടാണ്,കാറ്റിനോടാണ്,മഴയോടാണ്,മഞ്ഞുതുള്ളിയോടാണ് പ്രകൃതിയോടാണ്.കടലിലേക്ക് ഞാന്‍ അലിയട്ടെ ......

അയ്യോ .... അപ്പോളതാ .... ആരാണ് എനിക്ക് മുന്നെ കടലിലേക്ക് നടക്കാന്‍ പോയത്?? ഉണ്ണിമോളല്ലേ അത്...  ഓടിച്ചെന്ന് ഉണ്ണിമോളുടെ കൈപിടിച്ചു തിരികെ വിളിച്ചു ...നിനക്ക് ഞാനില്ലേ .... എന്നെ ഒറ്റക്കാക്കി പോകരുത്...ഞാനും പോകില്ല .... ഇനിയും ഈ വഴിയില്‍ എത്ര ദൂരം നടക്കാനുണ്ട്?? ഇനി ഓരോ ചുവടും നാം ഒരുമിച്ച്!!! ഇതെന്റെ നിയോഗം!! ഉണ്ണിമോളേയും,വാവയേയും കൂട്ടി തീരത്തോട് വിട പറഞ്ഞ് മനസ്സിലെ ദു:ഖങ്ങളും സന്തോഷങ്ങളും സൗഹൃദവും പങ്കുവച്ച് അവര്‍ നടന്നു നീങ്ങി .......












Sunday, April 24, 2011

പുനര്‍ജന്മം

 [“ഹിന്ദു വിശ്വ” എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ]

കൈകള്‍ കൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ ദേഹമാസകലം ഒരു വിറയല്‍ അനുഭവപ്പെട്ടു ശിവപ്രിയക്ക്.മെല്ലെ കണ്ണു തുറന്നപ്പോള്‍ തന്നെത്തന്നെ നോക്കി നില്‍ക്കുകയാണു ദേവന്‍.താന്‍ ഭക്തിപൂര്‍വ്വം കൊരുത്ത കൂവളമാലയും അണിഞ്ഞിട്ടുണ്ട്.ആ കണ്ണുകള്‍ ചിമ്മുന്നുണ്ടോ?അമ്പലനടയില്‍ നില്‍ക്കുമ്പോള്‍ വിഗ്രഹ ശിലയില്‍ ലയിക്കും പോലെ.നിറഞ്ഞ മന്ദഹാസം മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ കണ്ണുകള്‍ ഇറുങ്ങനെ അടച്ചു.സന്തോഷത്തിന്റെ നീര്‍ത്തുള്ളികള്‍ കവിളിണകള്‍ അറിയുന്നുണ്ടായിരുന്നു.ആ ഏകാന്തതയിലേക്ക് നാദസ്വരശബ്ദം ഒഴുകിവന്നു മനസ്സിനെ ഉണര്‍ത്തി.അലൌകികമായ ഒരു ആനന്ദം.അന്നേവരെ അനുഭവിക്കാത്ത എന്തോ ഒന്ന്! അതാ - ഒരു വെളിച്ചം! വിഗ്രഹത്തില്‍ നിന്നും അവളിലേക്ക് ഒരു ശാന്തി അനുഭവിച്ചു കൊണ്ട് മിന്നായം പൊലെ ഒരു ദൃശ്യം! എന്താദ്! ഒരു വലിയ നാലുകെട്ട്! എവിടെനിന്നോ പഞ്ചാക്ഷരീ മന്ത്രം! പെട്ടെന്നവള്‍ കണ്ണു തുറന്നു.അമ്പരപ്പോടെ ചുറ്റും നോക്കി.ഇല്ല! ഒന്നുമില്ല.താന്‍ നടയില്‍ തന്നെയുണ്ട്.ആളുകല്‍ തൊഴാന്‍ വരുന്നു,പോകുന്നു.

ശനീശ്വരന്റെ നടയില്‍ എത്തുമ്പൊളേക്കും വാര്യര്‍ ആംഗ്യം കാട്ടി.പൂജക്കുള്ള പുഷ്പം നടയില്‍ വക്കാന്‍.ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍ പുഷ്പം വെച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ , ഇന്നിത്തിരി വൈകിയല്ലോ എന്നോര്‍ത്തു.സാധാരണ തന്റെ മൂന്നാമത്തെ പ്രദക്ഷിണത്തിനാണ് പൂക്കള്‍ സമര്‍പ്പിക്കാറ്.നിയോഗം പോലെ - തന്റെ സാന്നിദ്ധ്യം .വര്‍ഷങ്ങളായി തുടരുന്ന പ്രവൃത്തി.ദേവന് ഒത്തിരി ഇഷ്ടമായതിനാലാകാം തന്റെ കൈയ്യില്‍ നിന്നും പൂക്കള്‍ ആഗ്രഹിക്കുന്നത്.പ്രസാദം വാങ്ങുമ്പോള്‍ കൂവളത്തില ചോദിച്ചു വാങ്ങാന്‍ മറന്നില്ല!!

 ദേവിയെയും തൊഴുത് തിരിഞ്ഞുനടക്കവേ മനസ്സ് ചിന്തകളാല്‍ മൂടപ്പെട്ടിരുന്നു.ഓഫീസില്‍ ഇരിക്കുമ്പോളും നാലുകെട്ടിന്റെ ചിന്ത തന്നെ.സന്ധ്യക്ക് ദീപാരാധന തൊഴുതപ്പോളും.നാലുകെട്ട്! നടുമുറ്റം!കൂവളത്തില! പഞ്ചാക്ഷരീ മന്ത്രം! നാഗത്തറ! എല്ലാം കാണുന്നു.പെട്ടെന്ന് മണി നാദം! വലിയ ആരവത്തോടെ നട തുരക്കുകയാണ്.ദേവന്‍ കൂവളത്തിലയാല്‍ മൂടപ്പെട്ടിരിക്കുന്നു.ദീപങ്ങള്‍ ജ്വലിക്കുന്നു.! താന്‍ കോരിത്തരിച്ച് ദേവനെ നോക്കിനില്‍ക്കുകയാണ്.മഴ പെയ്ത് തോര്‍ന്ന പോലെ! എന്തൊരനുഭവം! നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൌനം - പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി പിടയുന്ന വാക്കുകള്‍!


മെല്ലെ നാലുകെട്ടിലേക്ക് നടന്നു.പക്ഷികളുടെ ചെറു മര്‍മ്മരം.വൃത്തിയായി ചാണകം മെഴുകിയ മുറ്റം.അതില്‍ അങ്ങിങ്ങായി കരിയിലകള്‍ തുളസിത്തറയിലെ തിരി പാതിയോളം കത്തി കരിന്തിരി അണഞ്ഞിരിക്കുന്നു.വിശാലമായ വരാന്ത.വലിയ തൂണുകള്‍ നാലുകെട്ടിന് മോടി കൂട്ടി.തൂണുകള്‍ മുഴുവനും ഈട്ടിതടിയാണ്.ആളനക്കം തോന്നുന്നില്ല.അകത്തേക്ക് കയറുന്തോറും ഒരു തണുപ്പ് കയറി വരും പോലെ.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.നടുമുറ്റത്തെ ക്ഷേത്രത്തില്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.കാഴ്ച്ചക്കു തെളിമ പോര.മെല്ലെ പടിഞ്ഞിറ്റയിലേക്ക് പ്രവേശിച്ചു.മന്ത്രം ജപിച്ചു കൊണ്ട്,ഭസ്മധാരണാം ചെയ്ത്,മുടി ഒരു വശം കോതിയൊതുക്കി വളരെ പ്രൌഡയായ ഒരു തേജസ്വിനി.കൂവളമാല കോര്‍ക്കുകയാണ്.സൂര്യ തേജസ്സുപോലെ ഒരു തമ്പുരാട്ടി.ആ മുഖത്തുനിന്നും ദൃഷ്ടി പറിക്കാന്‍ തോന്നുന്നില്ല.പെട്ടെന്ന് മുറ്റത്ത് ആരുടെയൊക്കെയോ കാലൊച്ച.ശരിയാണ്,കുറേ പേര്‍ എന്തൊക്കെയോ ഗൌരവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്.കൂട്ടത്തില്‍ ഇത്തിരി പ്രായം ചെന്നയാള്‍ ഉമ്മറത്തു വച്ച കിണ്ടിയില്‍ നിന്നും കാല്‍ കഴുകി കൊണ്ട് ഉച്ചത്തില്‍ വിളിച്ചു.“ദേവൂട്ട്യേ - ദേവൂട്ട്യേ” കേട്ടില്ലേ എന്ന ഭാവത്തില്‍ ഇത്തിരി കൂടി ശബ്ദം ഉയര്‍ത്തി “ത്തിരി സംഭാരം കൊണ്ടുവരൂ ..ദാഹം ണ്ട്...” പിന്നെ തിരിഞ്ഞ് കൂടെയുല്ലവരോട് “ഇരിക്യാ ..... സംഭാരം ആവാം...”ചര്‍ച്ചകള്‍ നീളുന്നു.ഉത്സവകാര്യം ആണ് വിഷയം.

താത്രിക്കുട്ടി ധൃതിയില്‍ തമ്പുരാട്ടിയുടെ അടുക്കലേക്ക് വരുന്നത് കാണാം.തമ്പുരാട്ടി ഒന്നും കേള്‍ക്കാത്ത മാതിരി കൂവളമാല കെട്ടിക്കൊണ്ടേയിരുന്നു.“തമ്പുരാട്ടീ ...സംഭാരം കൊണ്ടുവരാന്‍ പറഞ്ഞിരിക്കുന്നു“ എന്തോ ഒരു നിസ്സംഗ ഭാവത്തോടെ താത്രിക്കുട്ടിയെ നോക്കി “താത്രിക്കുട്ടി കൊടുത്തോളൂ..” വേഗം അവള്‍ ഒരു പാത്രത്തില്‍ സംഭാരം ഉണ്ണിനമ്പൂരിക്ക് കൊടുത്തു.കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: “തമ്പുരാട്ടി എന്തേ?”  “ദേവൂട്ടി...ദേവന് മാല കെട്ടുകയായിരിക്കും..അതോണ്ടാ വരാത്തേ..”
“സന്താനഭാഗ്യം ഉണ്ടായില്യാ..അല്ലേ?” ആരോ പതുക്കെ ചോദിച്ചു.കണ്ണടച്ച് മൃദുവായി ചിരിച്ച് അദ്ദേഹം പറഞ്ഞു...”ഉം...അതിനുള്ള ഭാഗ്യം ദേവന്‍ തന്നില്ല.ഈ തറവാട്ടില്‍ ഓടിച്ചാടി നടക്കുന്ന ഒരു ഉണ്ണിയെ ന്റെ ദേവൂട്ടി മനസ്സാ കൊതിച്ചതാ..ന്റെ വേളിക്ക് പ്പം ഒറ്റ ചിന്തയേ ഉള്ളൂ..ദേവന്റെ നടയില്‍ സമര്‍പ്പണം.ന്നെ പ്പോലും വേണ്ടാതായിരിക്കുണൂ ...” ദു:ഖം കടിച്ചമര്‍ത്തി പറഞ്ഞ വാക്കുകള്‍.

“താത്രിക്കുട്ടീ...വിളക്ക് വൃത്തിയാക്കി ഇങ്ങട്ട് കൊണ്ടുവരൂ...പൂജക്ക് സമയമായി...” ചുണ്ടത്ത് മന്ത്രവുമായി “ദേവാ ...“ എന്നു പറഞ്ഞുകൊണ്ട് കൈ കുത്തി എഴുനേല്‍ക്കുന്നു.നടുമുറ്റത്തെ ക്ഷേത്രത്തില്‍ കുറച്ചു സമയം പൂജ.കൂവളമാല ദേവനു ചാര്‍ത്തുന്നു.മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു.നാലുകെട്ടിനു ഇടതു വശമായി നാഗത്തറ.അവിടേക്കു വിളക്കു വക്കാനായി തമ്പുരാട്ടി മെല്ലെ നടക്കുകയായി.അപ്പോളേക്കും ഇരുട്ട് വീഴാന്‍ തുടങ്ങിയിരിക്കുന്നു.നാഗപ്രതിഷ്ഠയില്‍ വീണ മഞ്ഞള്‍പ്പൊടിയും ചുകന്ന പട്ടും ഉള്ളില്‍ ഭയമുണ്ടാക്കി.കാവില്‍ ഇരുട്ടില്‍ എന്തൊക്കെയോ ഇഴയുന്നത് പോലെ.ഉണ്ണിനമ്പൂരിയും അങ്ങോട്ട് നടന്നു വരുന്നുണ്ട്.താത്രിക്കുട്ടിയോടായ് പറഞ്ഞു:“താത്രിക്കുട്ടീ .... കാവു കാട് പിടിച്ചിരിക്കുന്നു.... നാളെ വൃത്തിയാക്കണം.“ തമ്പുരാട്ടി ഇതൊന്നും കേള്‍ക്കാതെ വിളക്കു വക്കുന്ന തിരക്കിലാണു.പെട്ടെന്നു ഭയങ്കരമായ കാറ്റ്.തൂക്കിയിട്ട വിളക്കുകള്‍ ആടാന്‍ തുടങ്ങി.പ്രതിഷ്ഠയിലെ പട്ട് വായുവില്‍ പറക്കുന്നു.തന്റെ കൈയ്യിലെ വിളക്ക് അണഞ്ഞു.തമ്പുരാട്ടി ഉറക്കെ നിലവിളിച്ചു.“ദേവാ..” പുറകില്‍ നിന്നും ഒരു ശീല്‍ക്കാരം.ഒരു കരിനാഗം.നിലവിളി കേട്ട് ഉണ്ണി നമ്പൂരിയും താത്രിക്കുട്ടിയും ഓടിയണഞ്ഞു.തമ്പുരാട്ടിയെ താങ്ങിപ്പിടിച്ചു.“ന്റെ ദേവൂട്ട്യേ ...” അലറുകയാണു തമ്പുരാന്‍.ഒരു നിമിഷം ...ദേവൂട്ടിയുടെ ദേഹം നിശ്ചലമായി.തന്റെ പാതി ഹൃദയം തന്നെ വിട്ടു പോയതറിഞ്ഞതോടെ ഉണ്ണി നമ്പൂരി പദ്മാസനത്തില്‍ അമര്‍ന്നു,കൈകള്‍ കൂപ്പി ദേവൂട്ടീടെ ലോകത്തേക്ക്!!!
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍!!!

പെട്ടെന്ന് കണ്ണു തുറന്നപ്പോള്‍ താന്‍ ആശുപത്രിയില്‍!! എന്തു പറ്റി? കണ്ടത് സ്വപ്നമോ മിഥ്യയോ?ഉഷസ്സിന്റെ വരവു കാത്തിരിക്കുന്ന ക്ഷമ കെട്ട രാത്രി..മനസ്സില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ അവശേഷിപ്പിച്ചു കൊണ്ട് മെല്ലെ ഉണര്‍ന്നു.ഇടത്തെ കൈയ്യിലെ ഞരമ്പിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു. തൂങ്ങിക്കിടക്കുന്ന ഗ്ലൂക്കോസ്സ് കുപ്പി.തലക്കെന്തോ ഒരു കനം.വലതു കൈകൊണ്ട് തൊട്ടുനോക്കുമ്പോള്‍ ഒരു കെട്ടുണ്ട്.അമ്മ തെല്ല് പരിഭ്രമത്തോടെ : “മോളൂ ...എങ്ങിനുണ്ട്? വേദന കുറവുണ്ടോ? നീ എങ്ങിനെ കട്ടിലില്‍ നിന്നും വീണു?” എല്ലാരും ചോദിക്കുന്നു.അച്ചന്‍,അമ്മ,സുഹൃത്തുക്കള്‍ എല്ലാരും കൂടെ ഉണ്ട് - അറിയില്ല എങ്ങിനെ വീണു! തന്റെ സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. “ശിവപ്രിയാ..ഇത്തിരി വിശ്രമിക്കൂ...”ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.“കുട്ടി എന്തോ കണ്ട് പേടിച്ചതാ - വീഴ്ച്ചയില്‍ കാര്യമായി പേടിക്കാനൊന്നും ഇല്ല,വിശ്രമം വേണം.”

ഒരാഴ്ച്ച വിശ്രമം.തിരികെ ദേവന്റെ അടുത്തെത്താനുള്ള ത്വര.വിരഹദു:ഖം ആരോടും പറയാന്‍ വയ്യ.വഴിമദ്ധ്യേ ഓര്‍ക്കുകയായിരുന്നു,എന്താണു ദേവന്‍ കാട്ടിത്തന്നത്? തന്റെ പൂര്‍വ്വജന്മം തന്നെ!ഇടക്കിടെ തന്നെ തേടി വരുന്നതും ഇതു തന്നെയാണു! മനസ്സില്‍ ഒരു ദ്വന്ദയുദ്ധം.ഒരു പരീക്ഷ എഴുതാന്‍ പോവുകയാണ്.ഒന്നും പഠിച്ചിട്ടില്ല .കൂടെ ജോലി ചെയ്യുന്ന ദീപയുമായി പരിചയമില്ലാത്ത വഴികളിലൂടെ നടക്കുന്നു.കാലുകള്‍ക്ക് വേഗത കൂടി.എല്ലാം മറന്ന് പരീക്ഷയുടെ വേവാലാതികള്‍.ഊടുവഴികളിലൂടെ നീങ്ങുമ്പോള്‍ കാലുകളുടെ വേഗത കുറഞ്ഞു.കണ്ണുകളില്‍ അത്ഭുതം.കാണുന്നത് സത്യം തന്നെ! പെട്ടന്നവള്‍ നിന്നു “എന്തു പറ്റി ശിവാ..?” “എനിക്കറിയാം ഈ സ്ഥലം...എനിക്കറിയാം...”അവള്‍ പിറു പിറുത്തു.ഞാന്‍ ഓര്‍ക്കുന്നു,അല്ല കാണുന്നു,കാഴ്ച്ചയല്ല..അനുഭവിക്കുന്നു...കൈത്തലങ്ങളിലെ സന്ധിബന്ധങ്ങള്‍ ഞെരിയുമാറ് സ്വയം ഇഴമുറുകി ചുണ്ടുകള്‍ വിറച്ചു.ജീവസ്സുറ്റ മുഖത്തെ മാംസപേശികള്‍ ഉരുകി കവിളുകളില്‍ വിയര്‍പ്പണിയിച്ചു.കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ബിന്ദു- മനസ്സില്‍ ഓര്‍മ്മയുടെ ചിത്രങ്ങള്‍.പിന്നെയവ മായാന്‍ തുടങ്ങി.ഇടറുന്ന സ്വരം! “വരൂ ശിവാ..പരീക്ഷ തുടങ്ങാറായി...“

ദീപാ..നീ പോയി എഴുതിക്കോളൂ..ഞാന്‍ ഇത്തിരി വിശ്രമിക്കട്ടെ..”

ഒരു വിറയലോടെ ആ സ്ഥലം അവള്‍ കണ്ടു.പോയ ജന്മം ജനിച്ചു വളര്‍ന്ന ഗൃഹം.പൂര്‍വ്വജന്മത്തെ മറച്ച തിരശ്ശീല നീങ്ങി.വലിയ മതില്‍ - ഒരു പടിപ്പുര -ഒരു വശത്ത് അടര്‍ന്നു വീഴാന്‍ നില്‍ക്കുന്ന മരച്ചീള്.അതില്‍ കണ്ടു. - “ആടാട്ടില്ലം“ -മെല്ലെ താഴിട്ടു പൂട്ടിയ വാതിലിന്നടുത്തേക്കവള്‍ നീങ്ങി.പൊളിഞ്ഞ വാതിലിനിടയിലൂടവള്‍ കണ്ടു..പൊട്ടിപ്പൊളിഞ്ഞ നാലുകെട്ട്.
കണ്ണുകളെ വിശ്വസിക്കാനായില്ല.പെട്ടെന്ന് ഒരു ശബ്ദം - ഒരു വഴിപോക്കന്‍ ആണ്.“കുട്ടീ ..നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഇല്ലമാണിത്..ഇവിടെ സര്‍പ്പദംശമേറ്റ് ഒരു തമ്പുരാട്ടി മരിച്ചിട്ടുണ്ടത്രേ!അകത്തേക്ക് സാധാരണ ആരും പോകാറില്ല”
നിരാശയോടെ,കണ്ണീരോടെ ഒന്നുകൂടി തിരിഞ്ഞുനോക്കി നടക്കവേ ഓര്‍ത്തു.“നൂറ് വര്‍ഷമോ..? ദേവാ..തന്റെ കൂടെ വന്ന തമ്പുരാനോ? ഈ ജന്മം എവിടെ ആയിരിക്കും?”

ബസ്സിറങ്ങി അമ്പലത്തിലേക്കവള്‍ പാഞ്ഞു. ദേവാ ..ഞാന്‍!!വാക്കുകള്‍ തിങ്ങി തിങ്ങി നിറഞ്ഞു തുളുമ്പുമ്പോളും ഒരക്ഷരവും പറയാനാകാതെ - കണ്ണു തുറന്നപ്പോളേക്കും നടയില്‍ വക്കാനുള്ള പുഷ്പം ഒരുങ്ങിയിരിക്കുന്നു.ദേവന്‍ അപ്പോളും കൂവളമാലയും ചാര്‍ത്തി..ഒരു കള്ളച്ചിരി ആ മുഖത്തുണ്ടോ!! അതോ എല്ലാം എല്ലാം തോന്നലോ?? അല്ല അനുഭവങ്ങള്‍.......







Friday, April 1, 2011

എന്റെ മൗന പ്രണയം

നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ  മൗനം ....
നിദ്രയിലെവിടെയോ പേടിപ്പിക്കുന്ന മുഖവുമായെത്തുന്ന
ദു:സ്വപ്നങ്ങള്‍ ....
പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ  പിടയുന്ന വാക്കുകള്‍ ...
ഉത്കണ്ഠകള്‍,വേദനകള്‍, നിരാശകള്‍ ...'ഇതെന്റെ പ്രണയം '

നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും

എനിക്കേകിയ മഹാ മഠയത്തരം   !!......
ഒരു തുള്ളി കണ്ണീര്‍ എനിക്ക് കനിഞ്ഞു കിട്ടിയെങ്കില്‍
ഒരു ജന്മത്തിന്റെ വേദന മുഴുവന്‍ ഞാനതില്‍ ഒഴുക്കിക്കളയുമായിരുന്നു....

പിന്നെ ലോകത്തിന്റെ ഇരുളടഞ്ഞ ആരോരുമില്ലാത്ത  കോണിലേക്കോടിയോളിക്കുമായിരുന്നു

അവിടെ ചിന്തകള്‍ക്കൊരു ശവകുടീരം തീര്‍ക്കുമായിരുന്നു..
പ്രണയം ഒരു നോവാണ് ......ഉള്ളില്‍ കടലുപോലെ ഇളകി മറിയുന്ന നൊമ്പരം ....
ഇനി ഞാന്‍ പ്രണയിക്കില്ല.....