Monday, September 23, 2013

അറിയപ്പെടാതെപോയ ബഹുമുഖ പ്രതിഭ - ഇ പി മൊയ്തീന്‍

തിരക്കിട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് വെറുതെ ഒന്ന് നോക്കിയതാണ്.ഞാന്‍ കണ്ടു ,വരാന്തയിലെ കസാരയില്‍ ഇരുന്ന് പത്രം വായിക്കുന്ന എണ്‍പത്കാരന്‍(84 ആയി). എന്തോ.. എവിടെയോ കണ്ട പരിചയം..
പിറ്റേന്ന് വളരെ ശ്രദ്ധിച്ച് തന്നെ നോക്കി.അതെ.. അതുതന്നെ..'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമയില്‍ നമ്മുക്കെവര്‍ക്കും സുപരിചിതനായ ആ ഡ്രൈവിംഗ് വിദ്യാര്‍ഥി തന്നെ!!. " അല്ല മാഷേ !! ഈ ക്ലച്ചും ആക്സിലെരേട്ടരും ഒന്നിച്ചു കൊടുത്താല്‍ എന്താ സംഭാവിക്യാ?"


ഇതാണ് ഇ പി മൊയ്തീന്‍ അഥവാ തിരൂര്‍ മൊയ്തീന്‍കുട്ടി.അന്ന് തന്നെ അദേഹത്തെ കാണാന്‍ പോയി.വാര്‍ധക്യത്തില്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോയ്ദീന്ക്ക
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഡ്രൈവിംഗ് പഠിച്ച് ഹെവി ലൈസന്‍സ് നേടിയ വ്യക്തിയാണ് എന്നറിയുക.

(തന്‍റെ വീടിനു മുന്‍പില്‍ തന്‍റെ കാറുമായി ഇ പി മൊയ്തീന്‍.ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ മരുന്ന് വാങ്ങാന്‍ പോയിട്ട ഡ്രൈവ് ചെയ്ത് എത്തിയാതെ ഉള്ളൂ.അപ്പൊ തന്നെ കാച്ചി ഒരു ക്ലിക്ക്!!! )

മൊയ്‌തീന്‍റെ യഥാര്‍ത്ഥ ജീവിതം സിനിമയേക്കാള്‍ വലിയൊരു കഥ പറയുന്നു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബാല്യം.രാപ്പകല്‍ തെരുവോരങ്ങളില്‍ അലഞ്ഞു തീര്‍ത്ത കൌമാരം.ഒട്ടിയ വയര്‍ നിറക്കുവാനായി കേട്ട പാട്ടുകളെല്ലാം ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഏറ്റു പാടിയപ്പോള്‍ മോയ്തീനിലെ ഗായകന്‍ വളര്‍ന്നു വരികയായിരുന്നു.അക്കാലത്ത് തിരൂര്‍ മുതല്‍ പാണമ്പ്ര വരെയുള്ള കല്യാണപ്പന്തലുകളില്‍ മൊയ്തീന്‍റെ സ്വരവും ഈണവും പുതിയൊരു അനുഭവമാകുകയായിരുന്നു.കോഴിക്കോടെ പേരുകേട്ട ഗായകരില്‍ ഒരാളായി മൊയ്തീന്‍.

തബലയും ഹാര്‍മോണിയവും  അദ്ധേഹത്തിന് ഹരമായിരുന്നു.ഇന്നും അങ്ങിനെ തന്നെ.ആ മുഖത്ത് എനിക്കെല്ലാം വായിച്ചെടുക്കാന്‍ കഴിഞ്ഞു.
അദേഹത്തിന്‍റെ മുഖ്യ കൂട്ടുകാരില്‍ ഒരാളായിരുന്നു, മുഹമ്മദ്‌ സാഹിര്‍.
അതായത് 'ബാബുരാജ്'.മൂന്നാമത് ഒരാളായ അബ്ദുള്‍ ഖാദര്‍,ഇവരായിരുന്നു, അക്കാലത്തെ ഗായക സംഘം.

അങ്ങിനെ ആകാശവാണിയില്‍ പാടാന്‍ അവസരം ലഭിച്ചു.പി ഭാസ്കരെന്റെയും കെ രാഘവന്‍റെയും സഹായത്തോടെ ആയിരുന്നു അത്.
ആകാശവാണിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ 'ആശാദീപങ്ങള്‍' എന്ന സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ചത്.പക്ഷെ മദിരാശിയില്‍ എത്തിയപ്പോള്‍ രണ്ട് ദിവസം വൈകിപ്പോയി അവസരം നഷ്ടമായി എന്നത് അദ്ദേഹം വേദനയോടെ ഓര്‍ത്തു.പിന്നീട് കോറസ് പാടുകയും ഖവാലി ഗാനം പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു.പിന്നെ ബോംബെ കോര്‍പറേഷന്‍ ബസ്സുകളുടെ ബോര്‍ഡ് എഴുതുന്ന ആര്‍ട്ടിസ്റ്റ് ആയി.അവിടുന്നാണ് ഹെവി ലൈസന്‍സ് എടുക്കുന്നത്.അങ്ങിനെ ബോംബെയില്‍ രണ്ട്പതിറ്റാണ്ട്ജീവിതംഅവസാനിപ്പിച്ച്കോഴിക്കോട്മടങ്ങിയെത്തി.റീജിയണല്‍  എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവറായി ജോലി നോക്കി..
 
                                             (ആല്‍ബത്തില്‍ നിന്നും-എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍)



"ഞാന്‍ ചെയ്യാത്ത ജോലികളില്ല" എന്ന് രാമന്‍കുട്ടിയുടെ അതേ ചിരിയോടെ പറയുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.
1982- ല്‍ ജയന്‍ നായകനായ 'അഭിനയം' എന്ന സിനിമയില്‍ ഹാസ്യവേഷം.പിന്നീട് ഈ പുഴയും കടന്ന്‍,അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍,മക്കള്‍ മഹാത്മ്യം,എന്നും നന്മകള്‍,അഴകിയരാവണന്‍,കൊച്ച് കൊച്ച് സന്തോഷങ്ങള്‍,ഇരട്ടക്കുട്ടികളുടെ അച്ചന്‍,നോട്ട് ബുക്ക്‌,പഴശ്ശിരാജ തുടങ്ങി 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2003 ലെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയാണ് പ്രേക്ഷകരുടെഓര്‍മ്മയിലുള്ളചിത്രം.





ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ തെരുവുകളിലും,കല്യാണ വീടുകളിലും പാട്ട് പാടിയും,രണ്ടാം ഘട്ടത്തില്‍ ഗസല്‍ ഗായകനായും,ആര്‍ട്ടിസ്റ്റ് ആയും പിന്നീട് ഡ്രൈവറായും, മൂന്നാം ഘട്ടത്തില്‍ സിനിമാനടനായും അദ്ദേഹം വേഷം ഇട്ടു.

84 ന്‍റെ ആലസ്യം ഉണ്ടെങ്കിലും പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാബുരാജിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മുഖത്ത് പല നിറങ്ങള്‍ മാറി മറയുന്നതായി തോന്നി.

ഇനിയും വേഷങ്ങള്‍ പ്രതീക്ഷിച്ച് ഇരിക്കയാണ് ഇക്ക.

"ഇനി ഒരു സീരിയസ് വേഷം ചെയ്യണം.അവസരം വരും..വരാതിരിക്കില്ല" ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍.

സത്യന്‍(സത്യന്‍ അന്തിക്കാട്) ആണ് എന്നെ സിനിമയില്‍ എത്തിച്ചത് അദ്ദേഹം ഓര്‍ത്തു."ഡ്രൈവിംഗ് അറിയാതെ ഓടിക്കുന്ന സീന്‍ എടുക്കാന്‍ ഏറെ പണിപ്പെട്ടു അറിയുന്ന ഞാന്‍ ശെരിക്കും ഓടിച്ചു പോകുക  ആയിരുന്നു(അറിയാതെ)"

                                           (ആല്‍ബത്തില്‍ നിന്നും)


                                            (യാത്രക്കാരുടെ ശ്രദ്ധക്ക് - സെറ്റില്‍)

                                        (ഒരു അഭിഭാഷകന്‍റെ കേസ് ഡയറി)
ഇത്ഏതാണെന്ന്ഇക്കക്കുംഅറീല.ഒരുബ്രോക്കര്‍ ആയിട്ട് ആണ് അഭിനയിച്ചത് എന്ന് മാത്രം അറിയാം.
സ്കൂളില്‍ പോകാന്‍ അവസരം കിട്ടാത്ത ഇക്കക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാം.പാടാനറിയാം,ഹാര്‍മോണിയം വായിക്കും പക്ഷെ ഒന്നിനും ഗുരു ഇല്ല എന്നുള്ളതാണ് പ്രത്യേകത.എല്ലാം സ്വന്തം പഠിച്ചു.കണ്ടിട്ടും കേട്ടിട്ടും.
ഇതൊക്കെ അറിഞ്ഞിട്ട് എനിക്കും തോന്നി, ബഹുമുഖ പ്രതിഭ തന്നെ!!! പക്ഷെ എന്തുകൊണ്ടോ അറിയപ്പെടാന്‍ അവസരം കിട്ടീല.


വിലാസം:
ഇ പി മൊയ്തീന്‍
ഇ പി എം ഹൌസ്
തേഞ്ഞിപ്പാലം
മലപ്പുറം-673636
ഫോണ്‍:9895875619

Monday, February 18, 2013

നിലാവിന്‍ നിറമുള്ള പൂവ്

[ഹിന്ദു വിശ്വ എന്ന മാസികയില്‍ ഈ ലക്കം(ഫെബ്രുവരി 2013) പ്രസിദ്ധീകരിച്ച എന്റെ കഥ !]  

മഴയുടെ മൂടുപടമണിഞ്ഞ ഒരു ഇരുണ്ടസന്ധ്യ.കാലം തെറ്റി എത്തിയ പെരുമഴയുടെ പെരുമ്പറക്കൊട്ട്.തുള്ളിക്കൊരു കുടം പേമാരി..മഴയുടെ അവസാനം ഒരു നല്ല തണുപ്പ്.കാറ്റിന്‍റെ ശക്തിയില്‍ വീണടിഞ്ഞ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗി കൂട്ടി.ആ കുളിരുന്ന തണുപ്പില്‍ ജനാലക്കരികില്‍ അവന്‍ നിന്നു.മുറിയിലെ നിശബ്ദത കുത്തിനോവിക്കുന്നതായ് തോന്നി.
അങ്ങ് ദൂരെ ആ നീല നിറമുള്ള പൂവ് കാറ്റില്‍ ഇളകി ആടുന്നത് മഴത്തുള്ളികള്‍ ജനല്‍പാളികളില്‍ പതിഞ്ഞതുകാരണം അവ്യക്തമായിരുന്നു.ആ ഇളക്കം തന്നെ ആശ്വസിപ്പിക്കാനായിരിക്കുമോ?
പതുക്കെ ജനല്‍ പാളി  അയാള്‍ നീക്കിയപ്പോള്‍ ഒരു തണുത്ത കാറ്റ് അനുവാദം കൂടാതെ തന്‍റെ ചേല തട്ടിനീക്കി ദേഹത്ത് കുളിരണിയിച്ചു.തണുത്ത ഒരു തുള്ളി മഴ തന്‍റെ കവിളത് വീണപ്പോള്‍ മഴയുടെ വികാരം അവന്‍ അറിഞ്ഞു.

ഈ മഴ തന്‍റെ മനസ്സിന്‍റെ വേദന കഴുകിയോ? അതോ !
മനസ്സ് വേദനിക്കുമ്പോള്‍ മഴയായ് വരുമെന്ന്  അവന് അറിയാം.

മനസ്സിന്‍റെ കോണില്‍ പിന്നെയും ചിന്തകള്‍ക്ക് കൂട് കൂട്ടി.ആത്മഹത്യ-കരുതിക്കൂട്ടിയുള്ള മരണം.എന്തിനാണവള്‍ ആത്മഹത്യ ചെയ്തത്? തന്നില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യം.കളി തമാശക്ക് ഒടുവില്‍ അവള്‍ പറയുന്ന, ഇപ്പോള്‍ സംഭവിച്ചതുമായ  സത്യം.
മഴത്തുള്ളികള്‍ ചിതറിയ ആ ജനല്‍ പാളിയില്‍ അവന്‍റെ വിരലുകള്‍ ഇഴഞ്ഞു..'മീരാ നന്ദന്‍'.കൃഷ്ണന്‍റെ മീര..പെട്ടെന്നുതന്നെ ആ കൈ കൊണ്ട് ജനലിന്‍റെ ചില്ല് തുടച്ചു.

മൂടിക്കെട്ടിയ നിശബ്ദതക്ക് ഭംഗം സംഭവിച്ചുവോ?
"ഗുരുവായൂരപ്പാ ... ഈ നശിച്ച മഴ കഴിഞ്ഞപ്പോ കരണ്ടും പോയോ?..
നന്ദേട്ടാ.. എന്താ ഇത്?ഒത്തിരി നേരായല്ലോ ജനലിന്നടുത്ത്."

രുഗ്മിണി-തന്‍റെ സഹധര്‍മിണി.പ്രകൃതിയുടെ സൌന്ദര്യം ഇവളോട് പറഞ്ഞാല്‍ മനസ്സിലാകില്ല.തന്‍റെ പ്രണയിനിയെ കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നു അവള്‍ അറിഞ്ഞോ ആവോ?ഭാര്യ എന്ന പദവി അവള്‍ നന്നായി ചെയ്യുന്നു.ഭാഗ്യവാനാ താന്‍! നിന്ന നില്‍പ്പില്‍ തന്നെ തലയൊന്നു ചെരിച്ച് കിടക്ക വിരിക്കുന്ന രുക്കുവിനെ നോക്കിയവന്‍ ഒന്ന് മന്ദഹസിച്ചു

രുക്കു മുറി വിട്ടതോടെ തന്‍റെ ചിന്താമണ്ഡലം  വീണ്ടും ഉണര്‍ന്നു.
രുഗ്മിണിയുടെ സാമീപ്യത്തില്‍ കൃഷ്ണന്‍ രാധയെ ഓര്‍ത്തിട്ടുണ്ടാവില്ലേ?
രാധയെ ഓര്‍ത്തുള്ള ദുഃഖം കൃഷ്ണന് ഉണ്ടായിട്ടുണ്ടാവില്ലേ?അത് തെറ്റല്ല..സ്വയം ആശ്വസിച്ചു.

മീര! തന്‍റെ ശ്വാസം ! ജീവന്‍!

എപ്പോളോ എവിടെവച്ചോ അവിചാരിതമായി കണ്ടു,തന്‍റെതു മാത്രമായി.മടിയില്‍ ശയിച്ചു കൊണ്ട് ഇടതൂര്‍ന്ന മുടിയിലൂടെ വിരല്‍ ചലിപ്പിക്കുമ്പോള്‍ തണുത്ത വിരലിനാല്‍ അവള്‍ നനുത്ത മണ്ണില്‍ എഴുതുമായിരുന്നു..'മീരാനന്ദന്‍'.തന്‍റെ സാമീപ്യമായിരുന്നു അവളുടെ ആശ്വാസം.ഇതുപോലെ ഒരു പെരുമഴയത്തായിരുന്നു അവള്‍ തന്നോട് യാത്ര ചോദിച്ചത്.ബാന്ഗ്ലൂരിലെ അവളുടെ ചേച്ചിയുടെ വീട്ടിലേക്ക്.ഒരു കോഴ്സ് ആണ് ലക്‌ഷ്യം.നാട്ടില്‍ വന്ന് ഒരു ബ്യുട്ടി പാര്‍ലര്‍ നമുക്ക് ജീവിക്കാന്‍ അത് മതി നന്ദൂ..അവള്‍ പോയി..പിന്നീട് ..വിരഹ ദുഃഖം..

ലീവിന് വന്നപ്പോള്‍ അവള്‍ക്ക് എന്തോ മാറ്റം..ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അനുജന്‍ മനു കൊടുത്ത മൊബൈല്‍ അവള്‍ കാണിച്ചു.മനുവേട്ടനെ കൊണ്ടായിരുന്നു വാതോരാതെ ഉള്ള സംസാരം.

"നന്ദേട്ടാ...കാപ്പി..."
രുക്കുവിന്‍റെ കൈയ്യില്‍ നിന്നും ആവി പറക്കുന്ന കാപ്പി ചുണ്ടോടടുപ്പിച്ചു...അപ്പോളും ഒരേ ഓര്‍മ്മകള്‍..
രുക്കു എന്തോ പറയാന്‍ ഒരുങ്ങി.."നന്ദേട്ടാ..അവള്‍.. ആ മീര..."
"ഉം.."

"ഞാന്‍ അവിടെ പോയിരുന്നു.കമലു ഇത് നന്ദെട്ടനു ഏല്‍പ്പിക്കാന്‍ പറഞ്ഞു"
കമലു - മീരയുടെ അനിയത്തി..രുക്കുവിന്‍റെ ക്ലാസ് മേറ്റ്.
ഭംഗിയുള്ള ഒരു ഗോള്‍ഡന്‍ കവര്‍ തന്‍റെ നേര്‍ക്കവള്‍ നീട്ടി.. 
അതിന്‍റെ  മുകളിലൂടെ ഒരു റിബ്ബണ്‍ കെട്ടിയിരിക്കുന്നു..

മെല്ലെ അത് അഴിച്ച് ഒരു വിറയലോടെ ആ വടിവാര്‍ന്ന അക്ഷരം അവന്‍ വായിച്ചു.

പുറം ചട്ടയില്‍ ഇങ്ങനെ:
"കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും
കാത്തു കൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും
സ്നേഹത്തിനു കഴിയും"

മെല്ലെ താളുകള്‍ നീക്കി.
"അന്ന് നീ പകര്‍ന്ന അധരാമൃതം എന്നിലേക്ക് ആഴ്നിറങ്ങുമ്പോള്‍ എന്തെ നീ  തടഞ്ഞില്ല? എന്റെ പ്രാരാബ്ധങ്ങളും വിഷമതകളും നീ ആവാഹിച്ചെടുത്തില്ലേ! ലോകമായ എന്നെ ബന്ധിച്ചു.എന്റെ കണ്ണുനീരില്‍ കുതിര്‍ന്ന നിന്‍റെ വിരലുകള്‍ ഞാന്‍ പറിച്ചെറിഞ്ഞു.. എല്ലാം എനിക്ക് പറ്റിയ തെറ്റ്..ജീവിതത്തില്‍ എവിടെയോ എത്തിപ്പിടിക്കാനുള്ള വ്യഗ്രത.."ഡയറിയില്‍ നിന്നും കണ്ണ് പറിച് ദൂരേക്ക് നോക്കി നന്ദന്‍..നയനങ്ങള്‍ ആര്ദ്രമായോ?വീണ്ടും പേജുകള്‍ മറിഞ്ഞു..

"നിന്നെയും അയാളെയും സാമ്പത്തികത്തിന്റെ ത്രാസില്‍ അളന്നപ്പോള്‍ അയാളാണ്__! ഇതുവരെ കാണാത്ത കാഴ്ച്ചകള്‍,ആര്‍ഭാടങ്ങള്‍,അനു
ഭവിക്കാത്ത സുഖങ്ങള്‍...മതി മറന്നു പോയി..."
"എങ്കിലും മനസ്സ് നിന്‍റെ അടുത്ത് ആയിരുന്നു...നീ ഞാനാണല്ലോ..
നന്ദു ... നിന്‍റെ ഭാര്യയായ്...കുഞ്ഞുങ്ങളുടെ അമ്മയായ്...ഞാന്‍ ഒക്കെ മോഹിച്ചിരുന്നില്ലേ! എല്ലാം കൈവിട്ടു പോയി..എന്നില്‍ നിന്ന് എല്ലാം പറിച്ചെടുത്ത് അയാള്‍ എന്നെ ചതിക്കുകയാനെന്ന സത്യം അറിയാന്‍ വൈകി..."

ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ വീണ്ടും താളുകള്‍ മറിച്ചു.

"നിന്നിലേക്ക്‌ മടങ്ങണം എന്നുണ്ടായിരുന്നു..വേണ്ട..എന്റെ ഓര്‍മ്മകളില്‍ നിന്‍റെ ചിരിക്കുന്ന മുഖം ഉണ്ട് ...അത് മതി എനിക്ക്..
ഇന്ന് ഞാന്‍ മരണത്തെ ആഗ്രഹിക്കുന്നു! എന്റെ രോഗം എന്നെ കീഴ്പ്പെടുത്തുന്നതിനു മുന്നേ എനിക്ക് .....!
ഹൃദയം പൊട്ടി ഞാന്‍ ചോദിക്കുന്നു...മാപ്പ്...!


അടുത്ത ജന്മം ഉണ്ടെങ്കില്‍!!"


പതിയെ നന്ദന്‍ കണ്ണുകള്‍ അടച്ചു...
"എന്നെക്കാണണം എന്നാഗ്രഹിക്കുമ്പോള്‍
കണ്ണടക്കുക..മുഖത്ത് പുഞ്ചിരി വരുത്തുക...
നിന്‍റെ മിഴികളില്‍ ഞാനുണ്ടാകും" അവള്‍ പണ്ട് പറയുന്ന വാക്കുകള്‍..

അമര്‍ത്തി ചിമ്മിയ കണ്ണുകള്‍ തുറക്കുമ്പോള്‍ ഇമ നനഞ്ഞിരിക്കുന്നു...

തനിക്കായ് ഡയറിക്കൊപ്പം കിട്ടിയ സുവര്‍ണ നിറമുള്ള പേന കൈയ്യിലെടുത്ത് അടുത്ത പേജ് അവന്‍ മറിച്ചു.

അവിടെ എഴുതി..
"നീയുണ്ട്  എന്‍റെ മിഴിക്കുള്ളില്‍,ഹൃദയത്തില്‍,ഒരിക്കലും മായാത്ത പൊട്ട് പോലെ-ക്ഷമിച്ചിരിക്കുന്നു "

കാപ്പി ചുണ്ടോട് ചേര്‍ത്ത് ഒരു കവിള്‍ കൂടി കുടിക്കവേ ഒന്നും മനസ്സിലാകാതെ നിന്ന രുക്കുവിനെ തന്‍റെ മാറോട് ചേര്‍ത്ത് പറഞ്ഞു..
"രുക്കൂ...നീയാനെനിക്ക് എല്ലാം .ഗുരുവായൂരപ്പാ ..എല്ലാം ഈശ്വരെച് ച ."

നിഷ്കളങ്കമായ ആ മുഖത്ത് കണ്ണുനീരിന്‍റെ നനവ്..!

തുറന്നിട്ട ജാലകം അമര്‍ത്തി അടക്കവേ,പെയ്ത്  തോര്‍ന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരിക്കുന്നുന്നു.
പെരുമഴയല്ല..ചാറ്റല്‍ മഴ !ഹൃദയത്തിന്‍റെ ആഴങ്ങളില്‍ തണുപ്പേകുന്ന
സ്നേഹ മഴ!

നന്ദന്‍ ദൂരേക്ക്‌ നോക്കുമ്പോള്‍ പ്രതീക്ഷിച്ച പോലെ നിലാവിന്‍റെ നേര്‍ത്ത നിറമുള്ള ആ  പൂവ് വീണ്ടും സന്തോഷത്താല്‍ സുഗന്ധം പരത്തി  കുസൃതിയോടെ ഇളകി ആടുന്നുണ്ടായിരുന്നു!





Wednesday, January 23, 2013

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !


കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍
എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..
അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം
ഏതോ വിസ്മൃതിയിലലിഞ്ഞു പോയീ..

ആ രാഗദീപ്തിയില്‍ ഞാനലിഞ്ഞൂ..
നിന്നെയോരോമല്‍ പ്രതീക്ഷയാക്കീ..

ഉള്ളിലുള്ളോരനുരാഗമെന്തേ
എഴയായ്  കേഴുമീ ഞാന്‍ അറിഞ്ഞീല !

ഇന്നെന്‍ മാനസവീണയില്‍ നിന്നോമല്‍
വേണുഗാനം ഉയര്‍ന്നു പൊങ്ങീ...

കാളിന്ദിയില്‍ ഞാന്‍ കുളിച്ച പോലെ !
നിന്നധരമധുരം നുകര്‍ന്ന പോലെ!

എന്നും കിനാവിന്‍റെ ചില്ലയില്‍ ഞാനൊരു
കുഞ്ഞു കിളിക്കൂട്‌ വയ്ക്കും...

രണ്ടു പൂത്തുംബിയായ് നാം രണ്ടു പേരും..
കല്‍പ്പാന്ത കാലം പറന്നുയരും..

താരാട്ടിന്‍ ഗീതമായ് നീ ചാരെവന്നെന്‍
പൂങ്കവിള്‍ നുകരാറണ്ടല്ലോ  !

എന്നും  ഉഷസ്സിന്റെ  വാതിലില്‍
വന്നു നീ എന്നെ ഉണര്‍ത്തുന്ന കള്ളനല്ലേ!

നീളും ദിനങ്ങളില്‍ നിന്നാത്മ സൗഹൃദം..
നല്‍കുമീ കാലടിപ്പാട്  മാത്രം!

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

Tuesday, January 1, 2013

ലജ്ജയാവുന്നില്ലേ ഭാരതം?






2012 ന്‍റെ താളുകള്‍ നീക്കി 2013 ന്‍റെ സുന്ദരസ്വപ്നവുമായ് ഉണരേണ്ട കേരളം..

ഇന്നലെകളുടെ സമൃദ്ധിയിലെ സൂര്യതേജസ്സിനെ ആവാഹിച്ച് ഇന്നിന്‍റെ
ഇരുളടഞ്ഞ കര്‍മ്മപഥത്തിലൂടെ നീങ്ങി നാളെയുടെ പ്രകാശപൂര്‍ണമായ
തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്ന ഭാരതം...

 ഒരേയൊരു ചോദ്യം ഭൂമിയോട്: ലജ്ജയില്ലേ ഈ പുരുഷവര്‍ഗ്ഗത്തെ പേറി
നില്‍ക്കാന്‍?2012 ഇല്‍ എന്താണ് നാം കണ്ടത്? 2012 സന്തോഷം പകര്‍ന്നോ? സമാധാനം ഉണ്ടായിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാം ....
'ആത്മഹത്യയും കൊലപാതങ്ങളും,പ്രകൃതിക്ഷോഭങ്ങളു
ം,പീഡനങ്ങളും,രാഷ്ട്രീയ കുതികാല്‍ വെട്ടും ...' എണ്ണിയാല്‍ തീരാത്ത .....

പിന്നെയോ ,ഭാരത സംസ്കൃതി എന്ന് ഉറക്കെ പാടി നടന്ന ഇടത്തില്‍ അതിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പീഡനങ്ങള്‍ !!

അച്ചന്‍ മകളെ മാനഭംഗം ചെയ്യുന്ന അറപ്പിക്കുന്ന വാര്‍ത്തകള്‍ !
അതിലുപരി കാമാര്‍ത്തി പൂണ്ട പുരുഷ വര്‍ഗ്ഗങ്ങള്‍ ! നരാധമന്മാര്‍ !

വേട്ടയാടപ്പെട്ടത് ഞാനടക്കമുള്ള സ്ത്രീ വര്‍ഗ്ഗങ്ങള്‍ !
നിയമങ്ങള്‍ ഉണ്ടായിട്ടും നടപ്പിലാക്കാത്ത ഒരു അവസ്ഥ !

ആ പെണ്‍കുട്ടി കാട്ടാളന്മാരുടെ കിരാത കാമനകള്‍ക്കിരയായി
രാജ്യത്തെ നടുക്കിയ ആ സംഭവത്തിലെ  ഇര... അവള്‍,ജ്യോതി  മരണത്തോട് മല്ലടിച്ച് മരണത്തിനു കീഴടങ്ങി..

പതിനേഴ് വയസ്സുകാരന്‍​ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുളളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി(വധ ശിക്ഷ) വേണം എന്നുള്ളത് ഭാരതത്തിലെ ഒന്നടങ്കമുള്ള സമൂഹത്തിന്‍റെ മുറവിളിയാണ്...

സ്ത്രീകളുടെ നിലവിളി ആരും കേള്‍ക്കുന്നില്ലേ?
തങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോട് അവള്‍ നടത്തുന്ന
യാചന കാണുന്നില്ലേ? സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണന അറിയുന്നില്ലേ? രക്ഷകനായ് മാറേണ്ട പുരുഷ വര്‍ഗ്ഗം തന്നെ അവളെ ശിക്ഷിക്കുകയാണല്ലോ !

മനുഷ്യന്‍ എന്നാല്‍ വിവേകം,വിവേചനം,വിശകലനം ഉള്ളവര്‍! എന്തെ ഇന്ന് അത് നഷ്ടമായി!
ലജ്ജയാവുന്നില്ലേ  ഭാരതം? 
എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ! ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇട വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയുമായ്‌  !!!!!!!

Tuesday, August 21, 2012

കുപ്പി




സന്ധ്യയുടെ മാറിലേക്ക്  ഇരുട്ട്   മുഖമമര്‍ത്തി.. 
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്ന്..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെ ക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു  എന്ന മകന്‍റെ  ഭാര്യയുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ കുപ്പികള്‍ മരുന്നിന്‍റെ   രൂപത്തില്‍   കണ്ടപ്പോള്‍   ലജ്ജ തോന്നി..തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്റെ   വില   അറിഞ്ഞ  നിമിഷങ്ങള്‍ ...

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?"

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...ഒരു തിരിച്ചറിയലിന്റെ  വക്കിലായി കേളു..വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു..ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ രഹസ്യം  തന്‍റെ വലതു  കൈയ്യില്‍  എഴുതിയിട്ടുണ്ടായിരുന്നു ...







Thursday, July 12, 2012

നീ.............



ഓര്‍മ്മകള്‍ ചിതലരിച്ച പുസ്തകം !!
പുറംതാള്‍ പല വര്‍ണങ്ങളാല്‍ !!
അകമോ പൊള്ളുന്ന ജീവിത സമസ്യ!!
കിനാവുറഞ്ഞ വഴിത്താരകള്‍ !!

മറക്കാന്‍ ശ്രമിക്കുന്ന കഥകള്‍ !!
ഒരു ജീവബിന്ദുവിന്റെ വിലാപം !!
അസ്വസ്ഥതകളുടെ നിഴല്പ്പാടിനൊരു ചെപ്പ് !
എഴുതാന്‍ ബാക്കി വച്ച കഥ തന്‍ അപൂര്‍ണ ചിത്രം!!


എഴുതി തീര്‍ക്കാന്‍ ഓരോ ചുവടും
ചന്ദന ഗന്ധമുയരും എന്‍ പ്രിയ നായകന്‍!
പ്രഭാത കിരണം തിലകം ചാര്‍ത്തി നില്‍പ്പൂ
നിന്‍ ചാരെ ഞാന്‍ അണയുമ്പോള്‍

ചന്ദനക്കാട്ടില്‍ നിന്നുയരും  വേണു ഗാനം
കേട്ടെന്‍ നെഞ്ചകം ആര്‍ദ്രമാകവേ !
ഒരു കൈ  തലോടലിനാല്‍ ഞാന്‍ കണ്ട
കിനാക്കളെ പുഷ്പിതമാക്കിയല്ലോ  നീ !!

ചേക്കേറിയ ആയിരം ഗതകാല സ്മരണകള്‍
നിന്നിന്ദ്രജാലതാല്‍ ഉരുകിയൊലിച്ചു പോയ്‌!
നീയെന്‍റെ സ്വന്തം ! എന്‍റെ മാത്രം!
ചിരി തൂകും താരകമേ!
ഹൃദയത്തിന്‍ താളമേ!








Monday, February 6, 2012

അദ്രിനാഥ് മദ്ദളം വായിക്കുകയാണ് !!!







ഗുരുവായൂരിലെ പടിഞ്ഞാറേ നടയിലെ മൂന്നു നില ഫ്ലാറ്റിലെ രണ്ടാം നിലയില്‍ നിറം മങ്ങിയ ജനാലക്കരികില്‍ ഞങ്ങളേയും പ്രതീക്ഷിച്ച് രണ്ടു കണ്ണുകള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.പടികളെ പിന്നിലാക്കി കാലുകള്‍ മുന്നോട്ടു വയ്ക്കവേ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു.വാതുക്കല്‍ തന്നെ ആ കണ്ണുകളുടെ ഉടമസ്ഥന്‍ പ്രത്യക്ഷമായി    --“അദ്രിനാഥ്”--‘അദ്രി...കണ്‍ഗ്രാഗുലേഷന്‍സ്’ എന്നു അഭിമാനത്തോടെ പറഞ്ഞ് ആ മാന്ത്രികമായ കരങ്ങള്‍ കുലുക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു എല്ലാം ഗുരുവായൂരപ്പന്റെ കൃപ.മുഖത്തെ കണ്ണടക്കുള്ളില്‍ ഞാന്‍ കണ്ടു ആത്മവിശ്വാസം തുളുമ്പുന്ന ആ കണ്ണുകള്‍....ചെറു മന്ദഹാസത്തോടെ അവന്‍ നമ്മെ സ്വീകരിച്ചു..

ഇതാണു അദ്രിനാഥ്..ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.ഈ വര്‍ഷത്തെ സ്കൂല്‍ കലോത്സവത്തിനു മദ്ദളത്തിനു ഒന്നാം സമ്മാനവും ‘എ’ ഗ്രേഡും.കഴിഞ്ഞ വര്‍ഷവും ‘എ’ ഗ്രേഡോടെ ആണു അദ്രി മുന്നേറിയത് അതും സ്വന്തമായി മദ്ദളമില്ലാതെ..അവന്റെ സ്വപ്നങ്ങളില്‍ ഒന്നാണു അത്.നാലു വര്‍ഷമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പഞ്ചവാദ്യവും,മദ്ദളവും അഭ്യസിക്കുന്നു.രണ്ടു മുറി മാത്രമുള്ള ആ കുഞ്ഞു വീട്ടില്‍ അവന്റേയും അനിയത്തിയുടേയും പുസ്തകങ്ങള്‍ ....കിട്ടിയ സമ്മാനങ്ങള്‍ ... ഫോട്ടോ ആല്‍ബങ്ങള്‍ ...ഞാന്‍ കണ്ടു


ബാങ്കില്‍ പിരിവ് ജോലി യുള്ള നിരാമയന്റെയും ഭാര്യ ലളിതയുടെയും മകനാണ് അദ്രിനാഥ് .
അനിയത്തിയും ഡാന്‍സ് പഠിക്കുന്നു ...Feb 10 നു ഗുരുവായൂര്‍ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അദ്രി ....വിദൂരഭാവിയില്‍ അവന്റെ സ്വപ്നമായായ സ്വന്തം മദ്ദളത്തില്‍ ആ വിരലുകള്‍ ചലിക്കട്ടെ,പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമായ മദ്ദളത്തില്‍ അഗ്രഗണ്യന്‍ ആകട്ടെ അദ്രിനാഥ്  എന്നും നമുക്ക് പ്രാര്‍ഥിക്കാം..

എല്ലാ ഭാവുകങ്ങളും നേരുന്നു ഞാന്‍ ആ കുഞ്ഞു കലാകാരന് !!!

[N .B : അദ്രിനാഥ് -- എന്റെ ശ്യാമേട്ടന്റെ വല്യച്ഛന്റെ മകന്റെ മകന്‍]

കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ നിന്നും 



Sunday, January 1, 2012

പുതുവര്‍ഷപ്പുലരിയില്‍ പുതുജീവിതവുമായ് ദേവൂട്ടി ............


വീണ്ടും ഒരു നവ വര്‍ഷം കൂടി വന്നണഞ്ഞു ....

ദേവൂട്ടിയുടെ വിവാഹം ആയി .......Jan 12 2012 .....................
എല്ലാരേയും ക്ഷണിക്കണം എന്നുണ്ട് പക്ഷെ .......................

ഈ അവസരത്തില്‍ എന്നോടൊപ്പം എന്റെ വരയെയും , എഴുത്തിനെയും
സ്നേഹിക്കുകയും,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും,പ്രോത്സാഹിപ്പിക്കുകയും
ചെയ്ത എന്റെ സുഹൃത്തുക്കള്‍ക്ക് ഒരായിരം നന്ദി...

ജീവിതപ്പാതയില്‍ ഇനിയുള്ള ഓരോ ചുവടും
ശ്യാമേട്ടന്റെ കൂടെ.....
സ്നേഹിക്കാനായി  , സ്നേഹിക്കപ്പെടാനായി ..............
സുഖ ദു:ഖങ്ങള്‍  പങ്കിടാനായി ..........



ദേവൂട്ടി ഇത്തിരി തിരക്കിലാണ് ..... ട്ടോ .....
എഴുത്തിനു  നു ഇനി കുറച്ചു വിശ്രമം ........




എല്ലാരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ട് എന്ന് പ്രതീക്ഷിച്ചു കൊണ്ട്...

Saturday, December 17, 2011

INTERNATIONAL CONFERENCE VISWA HINDU PARISHAD BEGIN

International Conference of Viswa Hindu Parishad has commenced with all its richness at the Pavakulam Temple premises, Kochi today the 16th December 2011. It has been initiated with the worshiping of the sacred cow. The delegates have been received by the members of “Mathrusakthi” with traditional Thalapoli.





        The function begun with reciting the Manthras from Vedas and lighting of the sacred lamp by VHP National president Sri. Ashok Singalji. In his Inaugural address Sri. Singhalji has emphasized the fact that though there are different subgroups within the Hindu society, there is no difference in their religious outlook. Kerala is a land of Temples and people from all sets visit the temples without any difference. Sabarimala is a clear example of religious harmony. More than five crore of people visit the temple every year. But when it comes to political scenario, Hindu society is divided and the same is being exploited by other religions for their benefits at the cost of our downfall.



Sri. Singhalji was recollecting the words of one of the Senior judges of Supreme Court that most of the land in south kerala is controlled by the Christians and north Kerala is by Muslims. Hence the Hindus may have to lookup for their survival.



The message from Matha Amruthanandamayi Devi was read by Swamy Thapasyamrutha. In Amma’s message it has been stressed that Hindu Community had courageously overcome many of the hurdles till date. Our great Gurus and Saints could gave proper guidance and strength to overcome most of the hurdles at the time of need. The present problem of Hindu religion is their ignorance about the real meaning, values and the richness of the Hindu thought. This handicap can be rectified only by giving continuous value added education.



Justice Ramachandran, Chairman reception committee presided over the function. General outlook about the Kerala History to enlighten the delegates from different parts of India was given by Sri. K.K.Pillai Vice President VHP. Sri. M.B. Vijayakumar General Convenor reception committee, introduced the national leaders to the audience. Welcome address was by the State VHP Teasurer Sri. K.P. Narayanan. The books Hyndhava Keralam, Veerasoorasenanikal and Kargil War heros authored by Sri. Mohan Joshi have been released by Sri. Ashok Singhal.



Sri. Praveen Thogadia, Sri. K.V.Madanan, Sri. Dinesh Chandra, Sri. S. Vedantham, Sri. Raghava Reddi, Rajamatha Chandrakantha Devi of Vijayanagara kingdom etc were on the dias. RSS State Sangachalak Sri. P.E.B. Menon, Prasanth Pracharak Sri. P.R. Sasidharan, BJP State President Sri . Muraleedharan, Hindu Aikyavedi Gen. Secretary Sri. Kummanam Rajasekharan, Sri. E.S. Biju, Balagokulam State Organizer Sri. M.A.Krishnan, Sri. R. Venugopal, former BMS President and many other well known personalities were present on the occasion.




                                                   Pavakkulam temple,Kaloor


Friday, December 2, 2011

എം ടി യുടെ മഞ്ഞ്


വളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ  മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്...
നിശബ്ദതയുടെ നീക്കിയിരിപ്പ്.വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം.സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്ര യെ അനീതി,വഞ്ചന,ചതി  എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു,പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍  ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല...സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ?കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ...
നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല,  സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ..."ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..


Thursday, October 20, 2011

കിഴക്കിന്‍റെ കാശ്മീരിലേക്ക് നോര്‍ടെക്കിനൊപ്പം!!


October 14-2011
റാണി  ട്രാവെല്‍സ് മൂന്നാര്‍ യാത്രക്ക് ഒരുങ്ങിനില്ക്കുന്നു.ഞങ്ങള്‍‍ യാത്ര പുറപ്പെടുകയാണ് മുന്നാറിലേക്ക്..... "കിഴക്കിന്‍റെ കാശ്മീരിലേക്ക് !!"



Nortech Infonet Pvt Ltd ..ദേവൂട്ടീടെ ഓഫീസ്  ടൂര്‍ ....
സോഫ്റ്റ്‌വെയര്‍ department ലെ 50 പേര്ഉണ്ടായിരുന്നെങ്കിലും 37 പേര്അടങ്ങുന്ന കൊച്ചു ടീം ആണ് യാത്ര പുറപ്പെട്ടത്.എല്ലാരുടെയും  മുഖത്ത്സന്തോഷം തിരതല്ലുന്നത് എനിക്ക്  കാണാന്‍ കഴിഞ്ഞിരുന്നു.ജോലിയുടെ എല്ലാ ഭാരങ്ങളും ഒരു ദിവസത്തേക്ക് മാറ്റി വച്ച് നമ്മുടെ ടീം പുറപ്പെട്ടു..

ടൂറിന്റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് എന്നില്‍ നിക്ഷിപ്തമായിരുന്നു .എങ്കിലും എല്ലാ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചു..

'നാളെ'യെന്നുള്ള ചിന്തയില്‍ കാണാതെ പോകുന്ന 'ഇന്നു'കളെ,ഈ 'നിമിഷ'ത്തെ ആസ്വദിക്കാം ....ജീവിതമാകുന്ന പുസ്തകത്തിന്റെ ഏടുകളില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കോറിയിട്ട താളുകള്‍ മറിക്കുമ്പോള്‍ അതിന്റെ ഒരു താളില്‍ തുന്നി ചേര്‍ക്കുന്നു ഞാനീ 'മൂന്നാര്‍ യാത്ര'



പച്ച വിരിച്ച തെയിലതോട്ടങ്ങളെ  ,ചുറ്റും പാറി പറക്കുന്ന കിളികളെ,പുഞ്ചിരിക്കുന്ന പൂക്കളെ,തലോടുന്ന കാറ്റിനെ തെളിഞ്ഞ സൂര്യനെ ഒന്ന് കാണൂ ..................... 
ജീവിതത്തില്‍ സന്തോഷിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കാം ..
ഒരു യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ഒരു സ്ഥലം സന്ദര്‍ശി ക്കുകയല്ല മറിച്ച് ഒരു കൂട്ടായ്മ ആണ്..നോര്‍ടെക് കുടുംബം ....
വലിപ്പചെറുപ്പമില്ലാതെ  നമ്മുടെ സ്റാഫിന്റെ കൂടെ മാനേജിംഗ് ഡയറക്ടെര്‍ ക്രിക്കറ്റും  ഫുട്ബാളും കളിക്കുന്നത്  എന്നില്‍ അത്ഭുതം ഉളവാക്കി ..






ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.......ഹരിത വര്‍ണ്ണങ്ങള്‍ എന്റെ മനസ്സിന് കുളിമയേകി....ബസ്സിനുള്ളിലെ പാട്ടും ഡാന്‍സും എന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലേക്ക് നയിച്ചു........ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഉണ്ടാകില്ല എന്ന്‍ ഒരിക്കല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു . കാടിനുള്ളിലെ  കയറ്റങ്ങളും ഇറക്കങ്ങളും  പോലെ ആ ഓര്‍മ്മകള്‍ എന്നെ  കുത്തി നോവിച്ചുവോ?!!




മൂന്നാറില്‍ നിന്നും 13 കിലോമീറ്റെര്‍ സഞ്ചരിച്ചിട്ടുണ്ടാവണം നമ്മള്‍ എക്കോ പൊയന്റില്‍ എത്തി....അവിടെ എല്ലാവരും ഒച്ചത്തില്‍ കൂകി വിളിക്കുന്നു..
പ്രതിദ്ധ്വനി യുടെ  മാസ്മരികത നമ്മെ ആകര്‍ഷിച്ചു..കൂകി മടുത്തപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാം എന്ന് വച്ചു...

                                          നമ്മുടെ Group Leaders(Praveen,Sreenath and Rinson)




ഇതാണ് മാട്ടുപ്പെട്ടി ഡാം ..... മനോഹര ദൃശ്യങ്ങള്‍ .....നമ്മള്‍ പ്രകൃതിയെ കാണുകയാണ്...അല്ല അനുഭവിക്കുകയാണ്....മുന്നാറിലെ തണുത്ത കാറ്റിനു  പോലും എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു ...

താഴേക്ക് നോക്കാന്‍ സാധിക്കുന്നില്ല... പ്രകൃതി എന്നെ ആകര്‍ഷിക്കുകയാണ്.... അതിന്റെ ചലനം താളാത്മകമായ് അനുഭവിച്ചു ഞാന്‍  !!തല കറങ്ങും പോലെ ..താഴേക്ക് ചാടിയാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു .... മരണമെന്ന സത്യത്തെ പുല്‍കാന്‍!! ആ പ്രകൃതിയില്‍ ലയിക്കാന്‍ !! ഒരു നിമിഷം ഞാന്‍ എന്റേതായ ലോകത്ത് ആയിരുന്നു....





യൂക്കാലിപ്സ് മരങ്ങള്‍ കാണാം.കഷ്ടം! അതിന്റെ തോലിയെല്ലാം ഉരിഞ്ഞു നഗ്നരായി കാണപ്പെട്ടു. മനുഷ്യവേദനയെക്കാള്‍ പ്രകൃതിയുടെതായ വേദനകള്‍ തന്നെയാണ് ശക്തം എന്ന് എനിക്ക് ബോധ്യമായി. പ്രകൃതിക്ക് ഒരു താളമുണ്ട്.മൂന്നാറില്‍ ആ താളം നഷ്ടമായില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..ദൈവത്തിന്റെ സ്വന്തം നാട് - ഇവിടം തന്നെ!




ഇത് കുണ്ടള ഡാം..ഇവിടെ എത്തിയപ്പോള്‍ സമയം 6.30..ഇരുട്ട് മൂടപ്പെട്ടിരുന്നു.ഈ നിലാവ്,ഈ ഓര്‍മ്മകളുടെ ഇളം കാറ്റ്,നമ്മുടെ മനസ്സിന്റെ അഗാധതയില്‍ ഉണരുന്ന സുഗന്ധം ..ഹാ..മനോഹരം !
ഈ ഇരുട്ടിന്റെ അഗാധതയിലും എന്റെയുള്ളില്‍ വെളിച്ചം പടരുകയാണ്.  


അങ്ങ് ദൂരെ മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.മഞ്ഞു താഴ്ന്നു മലനിരകളെ ചുംബിക്കുന്നതായ്‌ കാണപ്പെട്ടു.അവര്‍ പ്രണയത്തിലാണോ ? ആ മഞ്ഞുമലകള്‍ ഉന്മാദത്തിന്റെ ചൂടിലാണോ? മുകളില്‍ നിന്നും താഴേക്ക് നോക്കി ഞാന്‍ എല്ലാം മുഴുകി നില്‍ക്കുകയാണ്.വെള്ളത്തുള്ളികള്‍ മുകളിലേക്ക് ചിതറിവീഴുമ്പോള്‍ ,അത് ശരീരത്തെ തണുപ്പിക്കുമ്പോള്‍,എല്ലാരുടെയും കൂട്ടത്തില്‍ ആയിട്ട് പോലും ഞാന്‍ ഒറ്റക്കായിരുന്നു..ആ ഏകാന്തതയുടെ മേച്ചില്‍ പുറം തേടി ഞാന്‍ അലഞ്ഞു. 

തിരിച്ച് റിസോര്‍ട്ടിലേക്ക് ....

വീണ്ടും കളിയും,ചിരിയും വിവിധ തരം മത്സരങ്ങളും നടന്നു..
മ്യുസിക്കല്‍  ചെയര്‍ ,പാസ്സിംഗ് ബോള്‍,ബിന്ഗോ എല്ലാത്തിനും സമ്മാനങ്ങളും...


iuioui




തീറ്റ മത്സരം തുടങ്ങി...ഭക്ഷണം കഴിഞ്ഞപ്പോള്‍ രാത്രി 11 മണി..
ആരാണാവോ ഈ പാതിരാത്രി ഫോണ്‍ ചെയ്യണത്? 



ഏതായാലും ടൂര്‍ ഗംഭീരം ആയി.ഈ അവസരത്തില്‍ ഞാന്‍ ഈ യാത്ര മിസ്സ്‌ ആയവരെ ഓര്‍ത്തു പോവുകയാണ്.അവര്‍ക്ക് മിസ്സ്‌ ആയത് വെറും ഒരു യാത്ര അല്ല,ഒരു കൂട്ടായ്മയാണ്,അനുഭവമാണ്.. 



ദേവൂട്ടി നോര്‍ടെക്കിനൊപ്പം വീണ്ടും  യാത്ര തുടരട്ടെ!!


Saturday, October 8, 2011

കണ്ണനെയും കാത്ത് !!




ബാഗില്‍ അലക്കി തേച്ച മുണ്ടും വെളുത്ത ഷര്‍ട്ടും,പിങ്ക് നിറമുള്ള സാരിയും വൃത്തിയായ് മടക്കി വയ്ക്കവേ,അലസനായ് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ശ്രീദേവനെ   കുലുക്കി വിളിച്ചു കൊണ്ട്  നന്ദ."ശ്രീയേട്ടാ ...വെള്ള ഷര്‍ട്ടിന്റെ കൂടെ ഈ നീല ഷര്‍ട്ടും കൂടി വയ്ക്കാം അല്ലേ?" "ഉം...." "സെറ്റ് സാരി അവിടെയെത്തി കുളി കഴിഞ്ഞശേഷം...ഈ സാരി എനിക്ക് ചേരുമോ ശ്രീയേട്ടാ..?" "ഉം..." "മതി..ഈ കള്ളഉറക്കം ..എഴുനേല്‍ക്ക്  നമുക്കിന്നു പോണ്ടേ ...?"

മെല്ലെ അവന്‍ തിരിഞ്ഞു കിടന്നു..മുറുക്കി അടച്ചു പിടിച്ച കണ്ണുകള്‍ പതിയെ തുറന്നു..
അത്ഭുതത്തോടെ "ഹാ! ഞാനെന്തായീ കാണുന്നത് ! നന്ദാ.. നീ പതിവിലും സുന്ദരി ആയിരിക്കുന്നു ..ദേ...നിന്നെ കണ്ണന്‍ എനിക്ക് വിട്ടു തരുമെന്ന് തോന്നുന്നില്ല...ഗുരുവായൂരില്‍ ...."
"ഹാ ..കണ്ണന്‍ പറഞ്ഞാ ഞാനവിടെ നില്‍ക്കും"

"ആഹാ...അത്രക്കായോ? നിനക്കീ കണ്ണനെ വേണ്ടേ നന്ദാ?" പെട്ടെന്നുള്ള ആക്രമണം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.കവിളത്ത് ഒരു നുള്ള് കൊടുത്ത് ബാഗില്‍ നിന്നും ഭദ്രമായ്‌ പൊതിഞ്ഞ ആ മൂന്ന് ഒടക്കുഴലുകളും മൂന്ന് മയില്‍പ്പീലികളും തുറന്നു കാണിച്ചു ചെവി പിടിച്ചു  കൊണ്ട് അവള്‍ പറഞ്ഞു "എന്റെ കണ്ണാ ...നിന്നെ സ്വന്തമാക്കാന്‍ വേണ്ടിയല്ലേ..ഞാന്‍.."
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം...ആ കണ്ണുകളിലെ സന്തോഷാശ്രു ഒരു നിമിഷത്തെ മൌനത്തിനു ശേഷം,അവന്റെ കണ്പീലികളാല്‍  അവന്‍ സ്വന്തമാക്കി..

ഒരു മുരളീഗാനം...തന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നു..സമയം രാവിലെ അഞ്ച് മണി.സ്ക്രീനില്‍ തെളിഞ്ഞു "ശ്രീ..".എന്താണാവോ ഈ നേരത്ത്? തന്റെ സ്വപ്നം പറയാന്‍ വെമ്പി നന്ദ..അവന്‍ പറയട്ടെ ..
"നന്ദാ ...ഞാന്‍ വെളുപ്പിനെ ഒരു സ്വപ്നം കണ്ടു..." അവള്‍ക്ക് ആകാംക്ഷയായി ..(എനിക്കും പറയാനുണ്ട് എന്നവള്‍ പറഞ്ഞത് അവന്‍ കേട്ടുവോ?)
"നമ്മള്‍ ഗുരുവായൂര് പോകുന്നു..മൂന്നു വര്‍ഷമായ് നാം തീര്‍ത്ത നമ്മുടെ ഓടക്കുഴലും മയില്‍പ്പീലിയും കണ്ണന് സമര്‍പ്പിക്കാന്‍ ...പിന്നെ നിന്റെ സീമന്തരേഖയില്‍ കുങ്കുമം !!കഴുത്തില്‍ താലി...വാവേ(സ്നേഹം കൂടുമ്പോള്‍ വിളിക്കുന്നത്)  പറഞ്ഞാന്‍ സ്വപ്നം ഫലിക്കാതെ വരുമോ? ഇന്നലെ അമ്മ വിളിച്ചിരുന്നു..നമ്മുടെ കാര്യം വേഗം തീരുമാനിക്കണം എന്ന്..എന്താ ഇപ്പോം അങ്ങനെ തോന്നാന്‍!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ മാറ്റം..പിന്നെ നിനക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ..."
"നന്ദാ...നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്...സന്തോഷമായില്ലേ...? നന്ദാ..."
"............................"
അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു...
തന്റെ അലമാരയില്‍ സൂക്ഷിച്ച ഈട്ടിയാല്‍ തീര്‍ത്ത ആ ഒടക്കുഴലുകള്‍ എടുത്ത് കെട്ടിപ്പിടിച്ച് കിടന്നു നന്ദ.....നനഞ്ഞ കണ്പീലികള്‍ മയില്‍പീലിയില്‍ മുട്ടി നിന്നു...


അടിമലരിണ തന്നെ.. കൃഷ്ണാ
അടിയനൊരവലംബം.. കൃഷ്ണാ...

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (2)

പരമ ദയാംബുനിധേ... (3)
പരമ ദയാംബുനിധേ... കൃഷ്ണാ..
പാലിക്കേണം കൃഷ്ണാ...
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ...

സ്വപ്നത്തിന്റെ ആലസ്യത്തില്‍ അവള്‍ ആ ഓടക്കുഴല്‍ കെട്ടിപ്പിടിച്ച് കിടന്നു ....... 
കണ്ണനെയും കാത്ത് !!























Saturday, September 17, 2011

പനി പിടിച്ച മീറ്റ്


ബ്ലോഗ്ഗേര്‍സ് മീറ്റ് ദേവൂട്ടീടെ അദമ്യമായ ഒരു ആഗ്രഹമായിരുന്നു.പരസ്പരം കാണാതെ അക്ഷരങ്ങള്‍ കൊണ്ട് ഗുസ്തി പിടിക്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏറെ കൂട്ടുകാര്‍.തുഞ്ചന്‍ പറമ്പ് മീറ്റ് വന്നു,കൊച്ചി മീറ്റ് വന്നു,പിന്നെയും മീറ്റുകള്‍ പലതും കടന്നുപോയി.എന്തുകൊണ്ടോ കൊച്ചിയില്‍ ജോലി ചെയ്യുന്ന എനിക്ക് അവിടെയും പങ്കെടുക്കാന്‍ പറ്റിയില്ല എന്നത് അപലപനീയം തന്നെ..അങ്ങിനെ കണ്ണൂറ് മീറ്റ് വന്നു,എന്തായാലും പങ്കെടുക്കുക തന്നെ(ദേവൂട്ടി തീരുമാനിച്ചു).
അച്ചനും അമ്മയും എതിര്‍പ്പ് വലിയ പ്രകടിപ്പിച്ചില്ല(മനസ്സിലൊരു ലഡ്ഡു പൊട്ടി)
മണത്തണയില്‍ നിന്നും 7.45 ന്റെ പുലരിയില്‍(ബസ്സ്) കയറിപ്പറ്റിയാല്‍ 9.30 നു കണ്ണൂരെത്താം.ഏകയായ് ബസ്സ്റ്റോപ്പില്‍  പുലരിക്ക് കാത്തുനില്‍ക്കുമ്പോള്‍ അവള്‍ ബ്രേക്കിനു(ടെസ്റ്റ്) പോയതാണെന്ന സത്യം ദേവൂട്ടിയറിഞ്ഞില്ല.പിന്നെ രണ്ടുബസ്സ് മാറിക്കയറി അവിടെയെത്തുമ്പോളേക്കും മണി പത്താകും.ഹയ്യോ! റോഡിന്റെ ശോചനീയാവസ്ഥ,അതിഭീകരം തന്നെ.അമ്മച്ചിയാണെ,റോഡ് ടാറിട്ട കോണ്ട്രാക്ടറെ കിട്ടിയാല്‍ മുഖത്തടിക്കുമായിരുന്നു.
“ഓന്‍ സര്‍ക്കാരിനെ പറ്റിച്ചിറ്റ് ഓക്ക് മാലേം ബളേം ബാങ്ങീറ്റ്ണ്ടാവും..” ഞാന്‍ ചിന്തിച്ചു.ഓരോ കുഴിയും എനിക്ക് അസഹനീയമായ് തോന്നി.നേരം പത്തിനോടടുക്കുന്നു.രെജിസ്റ്റ്രേഷന്‍ ആരംഭിച്ചിരിക്കുമോ ആവോ?വേഗം മൊബീലെടുത്തു കുത്തി ‘കുമാരന്‍ ബ്ലോഗ്ഗറുടെ’ നംബര്‍ തപ്പിയെടുത്തു,റൂട്ട് കണ്‍ഫേം ആക്കി.
ഓ…മഴയില്ല ഭാഗ്യം!’ജവഹര്‍ ലൈബ്രറി.മുന്നില്‍ വലിയ ഫ്ലെക്സ് തൂക്കിയിട്ടിട്ടുണ്ടല്ലോ.കൊള്ളാം..സൈബറ്മീറ്റ്…പക്ഷേആളനക്കമൊന്നുമില്ലേ?.പെട്ടെന്ന് മുന്നിലൊരാള്‍ ആരാദ്? അദ്ദേഹം നല്ല ഒരു ചിരി ചിരിച്ചു.
“ബ്ലോഗ്ഗറാണോ?” “അതെ”(ഹാ…മനസ്സില്‍ ഒരു തണുപ്പ്)
വീണ്ടും ചോദ്യം “എന്താ പേര്‍? ഏതാ ബ്ലോഗ്ഗ്?“ “റാണിപ്രിയ,ദേവൂട്ടി പറയട്ടെ..”(മനസ്സില്‍ ഒരു വിഷമം .. എന്നെ അറിയില്ല എന്നു വല്ലോം പറഞ്ഞാല്‍ ദേവൂട്ടിക്ക് വിഷമമാകും).പക്ഷേ പ്രതീക്ഷക്ക് വിപരീതമായി അദ്ദേഹം പറഞ്ഞു…”അറിയാം ഞാന്‍ വായിക്കാറുണ്ട് കെട്ടോ” (ആര്‍ക്കറിയാം?)‍…അദ്ദേഹം സ്വയം പരിചയപ്പെടുത്തി…ഞാന്‍ സമദ് വക്കീല്‍..ഒരു അഭിഭാഷകന്റെ ഡയറി…(ആദ്യത്തേത് പേര്‍,രണ്ടമത്തേത് ബ്ലോഗ്) “ഹ….ഞാനും വായിക്കാറുണ്ട്…എനിക്കറിയാം….“(സത്യാട്ടോ).അദ്ദേഹത്തിനും സന്തോഷമായി.എല്ലാരും മുകളിലുണ്ട്.അങ്ങോട്ട് ചെല്ലൂ.റെജിസ്റ്ററ് ചെയ്യൂ…ആദ്യമായി ഒരു ബ്ലോഗ്ഗറെ മുഴുവനായും കണ്ട സന്തോഷം തീരും മുന്‍പേ….ഒരു വലിയ ക്യമറയും തൂക്കി തൊപ്പിയും വച്ച്….നമ്മുടെ അകമ്പാടത്തെപ്പോലെയുണ്ടല്ലോ….അടുത്തെത്തിയപ്പോള്‍ അകമ്പാടമല്ലേ എന്ന ചോദ്യത്തിന്‍ അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ എതോപരീക്ഷക്ക് ജയിച്ച പോലെയുള്ള ഭാവം അകമ്പാടം മനസ്സിലാക്കിയിട്ടുണ്ടാകാം.ആ സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത് പടികള്‍ കയറിയപ്പോള്‍………
റെജിസ്ട്രേഷനില്‍ കുമാരനും,വിധുചോപ്രയും,ബിന്‍സിയും ഇതേചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
റാണിപ്രിയ എന്നു പറഞ്ഞപ്പോള്‍ പലരുടെ മുഖത്തും “പരിചിതമായ ഒരു അപരിചിതത്വം” എനിക്ക് കാണാന്‍ കഴിഞ്ഞു.(പൂച്ചക്കുട്ടിയുടെതാണല്ലോ പ്രൊഫൈലിലെ ചിത്രം…പക്ഷേ പുലിക്കുട്ടിയെ കണ്ട ഭാവം)
ബൂലോകം എന്ന് പേരിട്ട ഇ-ലോകം,ഈ കൂട്ടായ്മ ശരിക്കും അത്ഭുതാവഹം തന്നെ.പേര്‍ റെജിസ്റ്റര്‍ ചെയ്ത് തിരിഞ്ഞപ്പോളേക്കും –തിരക്കേറിയ പരിചയപ്പെടല്‍..
കേട്ടിട്ടുള്ളവര്‍,വായിച്ചിട്ടുള്ളവര്‍,കമെന്റ് ഇട്ടിട്ടുള്ളവര്‍ അങ്ങിനെ നിരവധി പേര്‍.
ഞാനും ഹരിപ്രിയയും ഒരുമിച്ചായിരുന്നുരണ്ടു പ്രിയമാര്‍ എന്ന് ആരൊക്കെയോ പറഞ്ഞു.
അങ്ങിനെ ഷെരീഫിക്ക മൈക്ക് കൈയിലെടുത്തു..ഓരോരുത്തരും സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..പഞ്ചാരഗുളിക,അരീക്കോടന്‍,സുകുമാരന്‍ മാഷ്,പട്ടേപാടം റാംജി,സമീര്‍ തിക്കോടി,വല്യേക്കാരന്‍,സ്പന്ദനം,ലോകമാനവികം,തോന്ന്യാക്ഷരം,തൌദാരം,ക്ലാരയുടെ കാമുകന്‍,ബിലാത്തിപ്പട്ടണം,അഭിഭാഷകന്‍,ചിത്രകാരന്‍,ഹംസ ആലുങ്ങല്‍,ശ്രീജിത് കൊണ്ടോട്ടി,എന്റെ ഒടുക്കത്തെ വര,മുക്താര്‍,കുമാരസംഭവം,പൊന്മളക്കാരന്‍..(വിട്ടു പോയവര്‍ ക്ഷമിക്കുമല്ലോ)
സ്ത്രീജനങ്ങളായി പ്രീതച്ചേച്ചി,ഹരിപ്രിയ,ശാന്താകാവുമ്പായി,ലീല എം ചന്ദ്രന്‍,മിനി ടീച്ചര്‍,ഷീബ,ബിന്‍സി പിന്നെ ഞാനും ആയിരുന്നു..ശാന്താ കാവുമ്പായി
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പാടേ മറന്ന് വന്നിരിക്കുന്നു.ടീച്ചറുടെ ഓരോ വാക്കിലും ആത്മവിശ്വാസവും,ദൃഡനിശ്ചയവും ഞാന്‍ ദര്‍ശിച്ചു.പരാജയഭീതിയിലും,നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് പ്രത്യാശയും പ്രോത്സാഹനവും ചൊരിഞ്ഞുകൊണ്ട് സംസാരിച്ചു ആ അപൂര്‍വ്വ വ്യക്തിത്വം.നമുക്കേവര്‍ക്കും പ്രചോദനമാകട്ടെ ടീച്ചറുടെ ജീവിതം.

ഇനി ലീലടീച്ചര്‍..ആര്‍ക്കേലും സ്വന്തമായി പുസ്തകം പബ്ലിഷ് ചെയ്യണേല്‍ ടീച്ചര്‍ റെഡി.CL Publications എന്ന സ്ഥാപനവും,അതിന്റെ വിജയപ്രതീക്ഷയും പങ്കു വച്ചു ടീച്ചര്‍.അതിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ടീച്ചര്‍ അവസാനം പ്രസിദ്ധീകരിച്ച പുസ്തകവും അതിന്റെ എഴുത്തുകാരനേയും പരിചയപ്പെടുത്തി.അങ്ങനെ പ്രസിദ്ധീകരണമേഖലയിലെ ആദ്യത്തെ ‘സ്ത്രീബ്ലോഗ്ഗറായി’ മാറി ലീലടീച്ചര്‍.ഇത് ഞാനടക്കമുള്ള സ്ത്രീബ്ലോഗ്ഗര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

ഇനി ‘മിനി ടീച്ചര്‍’ .സൌമിനി,സ്വയം മിനിയെന്നു വിളിക്കുന്നു.കണ്ടാലും മിനി പക്ഷേ എഴുത്ത് ‘മാക്സ്’-സംഭവം തന്നെ.ഓറ് ഞമ്മള ബാഷ തന്നെയാ കത്തിച്ചത്...എഴുത്തിനെക്കുറിച്ച് വീട്ടുകാരുടെ അഭിപ്രായം ടീച്ചര്‍ ഇങ്ങിനെ പറഞ്ഞു...”നീ എഴുതീറ്റ് ... ബേണ്ടാത്ത പണിക്കൊന്നും പോണ്ടേ...അടി മേടിച്ചിറ്റ് ഇങ്ങോട്ട് കേരണ്ട..”(പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതാ കെട്ടോ)
വളരെ സെന്‍സര്‍ ചെയ്യേണ്ട സംഗതികള്‍ ബ്ലോഗ്ഗില്‍ എഴുതീട്ടുണ്ടെന്നും താനൊരു ബയോളജി ടീച്ചര്‍ ആയതുകൊണ്ട് നന്നായി എഴുതീട്ടുണ്ടെന്നും പറഞ്ഞു..ഇങ്ങനെയൊക്കെ എഴുതണമെങ്കിലും ഒരു ഗട്ട്സ് വേണ്ടേ...അങ്ങനെ ഒരു “ബോള്‍ഡ് സ്ത്രീ ബ്ലോഗ്ഗറെ” കണ്ടതില്‍ “എനക്ക് സന്തോഷായി..”

പ്രീതച്ചേച്ചി(വളപ്പൊട്ടുകള്‍) തുടക്കക്കാരിയാണ്,നമ്മുടെയൊക്കെ പ്രോത്സാഹനം ആവശ്യം ആണ്.ഷീബയും,ബിന്‍സിയും അവരവരുടെ ബ്ലോഗ്ഗിനെക്കുറിച്ച് പറഞ്ഞു.
ഹരിപ്രിയ തന്റെ”അഷ്ടപദി”യുമായി വന്നു.എഴുതാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന അവളുടെ പരാതി എന്റേതും കൂടി അല്ലേ എന്ന ചിന്ത എന്നിലും ഉയര്‍ന്നു...
എങ്കിലും മാസത്തില്‍ ഒന്നെങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്.

ഇനി ദേവൂട്ടിയുടെ ഊഴം...ദേവൂട്ടി എന്താ പറയ്യ്യ?? എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.മൈക്ക് കിട്ടിയപ്പോള്‍ എല്ലാം മറന്നു..എന്റെ വരവീണ പോലും.
പിന്നെ എന്നെ പരിചയപ്പെടുത്തി.”ദേവൂട്ടി പറയട്ടെ..” എന്നു പറഞ്ഞു തുടങ്ങിയപ്പോളേക്കും നിലക്കാത്ത കൈയ്യടി...(സ്വപ്നം മാത്രം).
ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റിനെക്കുറിച്ച് പറഞ്ഞു...

സമദ് വക്കീലിന്റെയും മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണത്തിന്റേയും മാജിക് ഷോ(ഇവെര്‍ക്കെന്താ ലണ്ടനില്‍ മാജിക്കിന് ട്രെയിനിങ്ങ് ഉണ്ടോ?) ,പിന്നെ മുക്താറിന്റെ വക കണ്ണും ചെവിയും തൊടല്‍(ആളെ പറ്റിക്കല്‍ അല്ലാണ്ടെന്താ? ദേവൂട്ടി ജയിച്ചു പക്ഷേ സമ്മാനവും ഇല്ല..)

എല്ലാ കാര്യങ്ങളും എല്ലാരും എഴുതി....ദേവൂട്ടി ദേ..ഇങ്ങനേയും എഴുതി........

പിന്നെ......

“തൂശനിലയിട്ട്..... ,തുമ്പപ്പൂ ചോറു വിളമ്പി....” ഓണസദ്യ....ഗ്രൂപ്പ് ഫോട്ടോ...

ഹാ...ഹാ...നല്ല മീറ്റ്..... 

എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളേക്കും എന്റൊപ്പം ഒരാളും കൂടി പോന്നു.....

ആരാ??
പനിച്ചേട്ടന്‍....അങ്ങിനെ ഇ-മീറ്റ് പനിപിടിച്ച മീറ്റ് ആയി..........