Tuesday, August 21, 2012

കുപ്പി




സന്ധ്യയുടെ മാറിലേക്ക്  ഇരുട്ട്   മുഖമമര്‍ത്തി.. 
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്ന്..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെ ക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു  എന്ന മകന്‍റെ  ഭാര്യയുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ കുപ്പികള്‍ മരുന്നിന്‍റെ   രൂപത്തില്‍   കണ്ടപ്പോള്‍   ലജ്ജ തോന്നി..തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്റെ   വില   അറിഞ്ഞ  നിമിഷങ്ങള്‍ ...

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?"

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...ഒരു തിരിച്ചറിയലിന്റെ  വക്കിലായി കേളു..വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു..ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ രഹസ്യം  തന്‍റെ വലതു  കൈയ്യില്‍  എഴുതിയിട്ടുണ്ടായിരുന്നു ...







Thursday, July 12, 2012

നീ.............



ഓര്‍മ്മകള്‍ ചിതലരിച്ച പുസ്തകം !!
പുറംതാള്‍ പല വര്‍ണങ്ങളാല്‍ !!
അകമോ പൊള്ളുന്ന ജീവിത സമസ്യ!!
കിനാവുറഞ്ഞ വഴിത്താരകള്‍ !!

മറക്കാന്‍ ശ്രമിക്കുന്ന കഥകള്‍ !!
ഒരു ജീവബിന്ദുവിന്റെ വിലാപം !!
അസ്വസ്ഥതകളുടെ നിഴല്പ്പാടിനൊരു ചെപ്പ് !
എഴുതാന്‍ ബാക്കി വച്ച കഥ തന്‍ അപൂര്‍ണ ചിത്രം!!


എഴുതി തീര്‍ക്കാന്‍ ഓരോ ചുവടും
ചന്ദന ഗന്ധമുയരും എന്‍ പ്രിയ നായകന്‍!
പ്രഭാത കിരണം തിലകം ചാര്‍ത്തി നില്‍പ്പൂ
നിന്‍ ചാരെ ഞാന്‍ അണയുമ്പോള്‍

ചന്ദനക്കാട്ടില്‍ നിന്നുയരും  വേണു ഗാനം
കേട്ടെന്‍ നെഞ്ചകം ആര്‍ദ്രമാകവേ !
ഒരു കൈ  തലോടലിനാല്‍ ഞാന്‍ കണ്ട
കിനാക്കളെ പുഷ്പിതമാക്കിയല്ലോ  നീ !!

ചേക്കേറിയ ആയിരം ഗതകാല സ്മരണകള്‍
നിന്നിന്ദ്രജാലതാല്‍ ഉരുകിയൊലിച്ചു പോയ്‌!
നീയെന്‍റെ സ്വന്തം ! എന്‍റെ മാത്രം!
ചിരി തൂകും താരകമേ!
ഹൃദയത്തിന്‍ താളമേ!








Monday, February 6, 2012

അദ്രിനാഥ് മദ്ദളം വായിക്കുകയാണ് !!!







ഗുരുവായൂരിലെ പടിഞ്ഞാറേ നടയിലെ മൂന്നു നില ഫ്ലാറ്റിലെ രണ്ടാം നിലയില്‍ നിറം മങ്ങിയ ജനാലക്കരികില്‍ ഞങ്ങളേയും പ്രതീക്ഷിച്ച് രണ്ടു കണ്ണുകള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.പടികളെ പിന്നിലാക്കി കാലുകള്‍ മുന്നോട്ടു വയ്ക്കവേ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു.വാതുക്കല്‍ തന്നെ ആ കണ്ണുകളുടെ ഉടമസ്ഥന്‍ പ്രത്യക്ഷമായി    --“അദ്രിനാഥ്”--‘അദ്രി...കണ്‍ഗ്രാഗുലേഷന്‍സ്’ എന്നു അഭിമാനത്തോടെ പറഞ്ഞ് ആ മാന്ത്രികമായ കരങ്ങള്‍ കുലുക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു എല്ലാം ഗുരുവായൂരപ്പന്റെ കൃപ.മുഖത്തെ കണ്ണടക്കുള്ളില്‍ ഞാന്‍ കണ്ടു ആത്മവിശ്വാസം തുളുമ്പുന്ന ആ കണ്ണുകള്‍....ചെറു മന്ദഹാസത്തോടെ അവന്‍ നമ്മെ സ്വീകരിച്ചു..

ഇതാണു അദ്രിനാഥ്..ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.ഈ വര്‍ഷത്തെ സ്കൂല്‍ കലോത്സവത്തിനു മദ്ദളത്തിനു ഒന്നാം സമ്മാനവും ‘എ’ ഗ്രേഡും.കഴിഞ്ഞ വര്‍ഷവും ‘എ’ ഗ്രേഡോടെ ആണു അദ്രി മുന്നേറിയത് അതും സ്വന്തമായി മദ്ദളമില്ലാതെ..അവന്റെ സ്വപ്നങ്ങളില്‍ ഒന്നാണു അത്.നാലു വര്‍ഷമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പഞ്ചവാദ്യവും,മദ്ദളവും അഭ്യസിക്കുന്നു.രണ്ടു മുറി മാത്രമുള്ള ആ കുഞ്ഞു വീട്ടില്‍ അവന്റേയും അനിയത്തിയുടേയും പുസ്തകങ്ങള്‍ ....കിട്ടിയ സമ്മാനങ്ങള്‍ ... ഫോട്ടോ ആല്‍ബങ്ങള്‍ ...ഞാന്‍ കണ്ടു


ബാങ്കില്‍ പിരിവ് ജോലി യുള്ള നിരാമയന്റെയും ഭാര്യ ലളിതയുടെയും മകനാണ് അദ്രിനാഥ് .
അനിയത്തിയും ഡാന്‍സ് പഠിക്കുന്നു ...Feb 10 നു ഗുരുവായൂര്‍ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അദ്രി ....വിദൂരഭാവിയില്‍ അവന്റെ സ്വപ്നമായായ സ്വന്തം മദ്ദളത്തില്‍ ആ വിരലുകള്‍ ചലിക്കട്ടെ,പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമായ മദ്ദളത്തില്‍ അഗ്രഗണ്യന്‍ ആകട്ടെ അദ്രിനാഥ്  എന്നും നമുക്ക് പ്രാര്‍ഥിക്കാം..

എല്ലാ ഭാവുകങ്ങളും നേരുന്നു ഞാന്‍ ആ കുഞ്ഞു കലാകാരന് !!!

[N .B : അദ്രിനാഥ് -- എന്റെ ശ്യാമേട്ടന്റെ വല്യച്ഛന്റെ മകന്റെ മകന്‍]

കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ നിന്നും 



Sunday, January 1, 2012

പുതുവര്‍ഷപ്പുലരിയില്‍ പുതുജീവിതവുമായ് ദേവൂട്ടി ............


വീണ്ടും ഒരു നവ വര്‍ഷം കൂടി വന്നണഞ്ഞു ....

ദേവൂട്ടിയുടെ വിവാഹം ആയി .......Jan 12 2012 .....................
എല്ലാരേയും ക്ഷണിക്കണം എന്നുണ്ട് പക്ഷെ .......................

ഈ അവസരത്തില്‍ എന്നോടൊപ്പം എന്റെ വരയെയും , എഴുത്തിനെയും
സ്നേഹിക്കുകയും,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും,പ്രോത്സാഹിപ്പിക്കുകയും
ചെയ്ത എന്റെ സുഹൃത്തുക്കള്‍ക്ക് ഒരായിരം നന്ദി...

ജീവിതപ്പാതയില്‍ ഇനിയുള്ള ഓരോ ചുവടും
ശ്യാമേട്ടന്റെ കൂടെ.....
സ്നേഹിക്കാനായി  , സ്നേഹിക്കപ്പെടാനായി ..............
സുഖ ദു:ഖങ്ങള്‍  പങ്കിടാനായി ..........



ദേവൂട്ടി ഇത്തിരി തിരക്കിലാണ് ..... ട്ടോ .....
എഴുത്തിനു  നു ഇനി കുറച്ചു വിശ്രമം ........




എല്ലാരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ട് എന്ന് പ്രതീക്ഷിച്ചു കൊണ്ട്...