[ഹിന്ദു വിശ്വ എന്ന മാസികയില്‍ ഈ ലക്കം(ഫെബ്രുവരി 2013) പ്രസിദ്ധീകരിച്ച എന്റെ കഥ !]
മഴയുടെ മൂടുപടമണിഞ്ഞ ഒരു ഇരുണ്ടസന്ധ്യ.കാലം തെറ്റി എത്തിയ പെരുമഴയുടെ പെരുമ്പറക്കൊട്ട്.തുള്ളിക്കൊരു കുടം പേമാരി..മഴയുടെ
അവസാനം ഒരു നല്ല തണുപ്പ്.കാറ്റിന്‍റെ ശക്തിയില്‍ വീണടിഞ്ഞ പഴുത്ത ഇലകള്‍
നടപ്പാതക്ക് ഭംഗി കൂട്ടി.ആ കുളിരുന്ന തണുപ്പില്‍ ജനാലക്കരികില്‍ അവന്‍
നിന്നു.മുറിയിലെ നിശബ്ദത കുത്തിനോവിക്കുന്നതായ് തോന്നി.
അങ്ങ് ദൂരെ ആ നീല നിറമുള്ള പൂവ് കാറ്റില്‍ ഇളകി ആടുന്നത് മഴത്തുള്ളികള്‍ ജനല്‍പാളികളില്‍ പതിഞ്ഞതുകാരണം അവ്യക്തമായിരുന്നു.ആ ഇളക്കം തന്നെ
ആശ്വസിപ്പിക്കാനായിരിക്കുമോ?
പതുക്കെ ജനല്‍ പാളി അയാള്‍ നീക്കിയപ്പോള്‍ ഒരു തണുത്ത കാറ്റ് അനുവാദം കൂടാതെ തന്‍റെ ചേല തട്ടിനീക്കി ദേഹത്ത് കുളിരണിയിച്ചു.തണുത്ത ഒരു തുള്ളി മഴ തന്‍റെ കവിളത് വീണപ്പോള്‍ മഴയുടെ വികാരം അവന്‍ അറിഞ്ഞു.
ഈ മഴ തന്‍റെ മനസ്സിന്‍റെ വേദന കഴുകിയോ? അതോ !
മനസ്സ് വേദനിക്കുമ്പോള്‍ മഴയായ് വരുമെന്ന് അവന് അറിയാം.
മനസ്സിന്‍റെ കോണില്‍ പിന്നെയും ചിന്തകള്‍ക്ക് കൂട് കൂട്ടി.ആത്മഹത്യ-കരുതിക്കൂട്ടിയുള്ള മരണം.എന്തിനാണവള്‍ ആത്മഹത്യ ചെയ്തത്? തന്നില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യം.കളി തമാശക്ക് ഒടുവില്‍ അവള്‍ പറയുന്ന, ഇപ്പോള്‍ സംഭവിച്ചതുമായ സത്യം.
മഴത്തുള്ളികള്‍
ചിതറിയ ആ ജനല്‍ പാളിയില്‍ അവന്‍റെ വിരലുകള്‍ ഇഴഞ്ഞു..'മീരാ
നന്ദന്‍'.കൃഷ്ണന്‍റെ മീര..പെട്ടെന്നുതന്നെ ആ കൈ കൊണ്ട് ജനലിന്‍റെ ചില്ല്
തുടച്ചു.
മൂടിക്കെട്ടിയ നിശബ്ദതക്ക് ഭംഗം സംഭവിച്ചുവോ?
"ഗുരുവായൂരപ്പാ ... ഈ നശിച്ച മഴ കഴിഞ്ഞപ്പോ കരണ്ടും പോയോ?..
നന്ദേട്ടാ.. എന്താ ഇത്?ഒത്തിരി നേരായല്ലോ ജനലിന്നടുത്ത്."
രുഗ്മിണി-തന്‍റെ സഹധര്‍മിണി.പ്രകൃതിയുടെ സൌന്ദര്യം ഇവളോട് പറഞ്ഞാല്‍ മനസ്സിലാകില്ല.തന്‍റെ പ്രണയിനിയെ കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നു അവള്‍ അറിഞ്ഞോ ആവോ?ഭാര്യ എന്ന പദവി അവള്‍ നന്നായി ചെയ്യുന്നു.ഭാഗ്യവാനാ താന്‍! നിന്ന നില്‍പ്പില്‍ തന്നെ തലയൊന്നു ചെരിച്ച് കിടക്ക വിരിക്കുന്ന രുക്കുവിനെ നോക്കിയവന്‍ ഒന്ന് മന്ദഹസിച്ചു
രുക്കു മുറി വിട്ടതോടെ തന്‍റെ ചിന്താമണ്ഡലം വീണ്ടും ഉണര്‍ന്നു.
രുഗ്മിണിയുടെ സാമീപ്യത്തില്‍ കൃഷ്ണന്‍ രാധയെ ഓര്‍ത്തിട്ടുണ്ടാവില്ലേ?
രാധയെ ഓര്‍ത്തുള്ള ദുഃഖം കൃഷ്ണന് ഉണ്ടായിട്ടുണ്ടാവില്ലേ?അത് തെറ്റല്ല..സ്വയം ആശ്വസിച്ചു.
മീര! തന്‍റെ ശ്വാസം ! ജീവന്‍!
എപ്പോളോ എവിടെവച്ചോ അവിചാരിതമായി
കണ്ടു,തന്‍റെതു മാത്രമായി.മടിയില്‍ ശയിച്ചു കൊണ്ട് ഇടതൂര്‍ന്ന മുടിയിലൂടെ
വിരല്‍ ചലിപ്പിക്കുമ്പോള്‍ തണുത്ത വിരലിനാല്‍ അവള്‍ നനുത്ത മണ്ണില്‍
എഴുതുമായിരുന്നു..'മീരാനന്ദന്‍'.തന്‍റെ സാമീപ്യമായിരുന്നു അവളുടെ ആശ്വാസം.ഇതുപോലെ ഒരു പെരുമഴയത്തായിരുന്നു അവള്‍ തന്നോട് യാത്ര ചോദിച്ചത്.ബാന്ഗ്ലൂരിലെ അവളുടെ ചേച്ചിയുടെ വീട്ടിലേക്ക്.ഒരു കോഴ്സ് ആണ് ലക്‌ഷ്യം.നാട്ടില്‍ വന്ന് ഒരു ബ്യുട്ടി പാര്‍ലര്‍ നമുക്ക് ജീവിക്കാന്‍ അത് മതി നന്ദൂ..അവള്‍ പോയി..പിന്നീട് ..വിരഹ ദുഃഖം..
ലീവിന് വന്നപ്പോള്‍ അവള്‍ക്ക് എന്തോ മാറ്റം..ചേച്ചിയുടെ ഭര്‍ത്താവിന്‍റെ
അനുജന്‍ മനു കൊടുത്ത മൊബൈല്‍ അവള്‍ കാണിച്ചു.മനുവേട്ടനെ കൊണ്ടായിരുന്നു
വാതോരാതെ ഉള്ള സംസാരം.
"നന്ദേട്ടാ...കാപ്പി..."
രുക്കുവിന്‍റെ കൈയ്യില്‍ നിന്നും ആവി പറക്കുന്ന കാപ്പി ചുണ്ടോടടുപ്പിച്ചു...അപ്പോളും ഒരേ ഓര്‍മ്മകള്‍..
രുക്കു എന്തോ പറയാന്‍ ഒരുങ്ങി.."നന്ദേട്ടാ..അവള്‍.. ആ മീര..."
"ഉം.."
"ഞാന്‍ അവിടെ പോയിരുന്നു.കമലു ഇത് നന്ദെട്ടനു ഏല്‍പ്പിക്കാന്‍ പറഞ്ഞു"
കമലു - മീരയുടെ അനിയത്തി..രുക്കുവിന്‍റെ ക്ലാസ് മേറ്റ്.
ഭംഗിയുള്ള ഒരു ഗോള്‍ഡന്‍ കവര്‍ തന്‍റെ നേര്‍ക്കവള്‍ നീട്ടി..
അതിന്‍റെ മുകളിലൂടെ ഒരു റിബ്ബണ്‍ കെട്ടിയിരിക്കുന്നു..
മെല്ലെ അത് അഴിച്ച് ഒരു വിറയലോടെ ആ വടിവാര്‍ന്ന അക്ഷരം അവന്‍ വായിച്ചു.
പുറം ചട്ടയില്‍ ഇങ്ങനെ:
"കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും
കാത്തു കൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും
സ്നേഹത്തിനു കഴിയും"
മെല്ലെ താളുകള്‍ നീക്കി.
"അന്ന് നീ പകര്‍ന്ന അധരാമൃതം എന്നിലേക്ക് ആഴ്നിറങ്ങുമ്പോള്‍ എന്തെ നീ തടഞ്ഞില്ല? എന്റെ പ്രാരാബ്ധങ്ങളും വിഷമതകളും നീ ആവാഹിച്ചെടുത്തില്ലേ! ലോകമായ എന്നെ ബന്ധിച്ചു.എന്റെ കണ്ണുനീരില്‍ കുതിര്‍ന്ന നിന്‍റെ വിരലുകള്‍ ഞാന്‍ പറിച്ചെറിഞ്ഞു.. എല്ലാം എനിക്ക് പറ്റിയ തെറ്റ്..ജീവിതത്തില്‍ എവിടെയോ എത്തിപ്പിടിക്കാനുള്ള വ്യഗ്രത.."ഡയറിയില്‍ നിന്നും കണ്ണ് പറിച് ദൂരേക്ക് നോക്കി നന്ദന്‍..നയനങ്ങള്‍ ആര്ദ്രമായോ?വീണ്ടും പേജുകള്‍ മറിഞ്ഞു..
"നിന്നെയും അയാളെയും സാമ്പത്തികത്തിന്റെ ത്രാസില്‍ അളന്നപ്പോള്‍ അയാളാണ്__! ഇതുവരെ കാണാത്ത കാഴ്ച്ചകള്‍,ആര്‍ഭാടങ്ങള്‍,അനു
ഭവിക്കാത്ത സുഖങ്ങള്‍...മതി മറന്നു പോയി..."
"എങ്കിലും മനസ്സ് നിന്‍റെ അടുത്ത് ആയിരുന്നു...നീ ഞാനാണല്ലോ..
നന്ദു ... നിന്‍റെ ഭാര്യയായ്...കുഞ്ഞുങ്ങളുടെ അമ്മയായ്...ഞാന്‍ ഒക്കെ മോഹിച്ചിരുന്നില്ലേ! എല്ലാം കൈവിട്ടു പോയി..എന്നില്‍ നിന്ന് എല്ലാം പറിച്ചെടുത്ത് അയാള്‍ എന്നെ ചതിക്കുകയാനെന്ന സത്യം അറിയാന്‍ വൈകി..."
ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ വീണ്ടും താളുകള്‍ മറിച്ചു.
"നിന്നിലേക്ക് മടങ്ങണം എന്നുണ്ടായിരുന്നു..വേണ്ട..എന്‍
റെ ഓര്‍മ്മകളില്‍ നിന്‍റെ ചിരിക്കുന്ന മുഖം ഉണ്ട് ...അത് മതി എനിക്ക്..
ഇന്ന് ഞാന്‍ മരണത്തെ ആഗ്രഹിക്കുന്നു! എന്റെ രോഗം എന്നെ കീഴ്പ്പെടുത്തുന്നതിനു മുന്നേ എനിക്ക് .....!
ഹൃദയം പൊട്ടി ഞാന്‍ ചോദിക്കുന്നു...മാപ്പ്...!
അടുത്ത ജന്മം ഉണ്ടെങ്കില്‍!!"
പതിയെ നന്ദന്‍ കണ്ണുകള്‍ അടച്ചു...
"എന്നെക്കാണണം എന്നാഗ്രഹിക്കുമ്പോള്‍
കണ്ണടക്കുക..മുഖത്ത് പുഞ്ചിരി വരുത്തുക...
നിന്‍റെ മിഴികളില്‍ ഞാനുണ്ടാകും" അവള്‍ പണ്ട് പറയുന്ന വാക്കുകള്‍..
അമര്‍ത്തി ചിമ്മിയ കണ്ണുകള്‍ തുറക്കുമ്പോള്‍ ഇമ നനഞ്ഞിരിക്കുന്നു...
തനിക്കായ് ഡയറിക്കൊപ്പം കിട്ടിയ സുവര്‍ണ നിറമുള്ള പേന കൈയ്യിലെടുത്ത് അടുത്ത പേജ് അവന്‍ മറിച്ചു.
അവിടെ എഴുതി..
"നീയുണ്ട് എന്‍റെ മിഴിക്കുള്ളില്‍,ഹൃദയത്തില്‍,
ഒരിക്കലും മായാത്ത പൊട്ട് പോലെ-ക്ഷമിച്ചിരിക്കുന്നു "
കാപ്പി ചുണ്ടോട് ചേര്‍ത്ത് ഒരു കവിള്‍ കൂടി കുടിക്കവേ ഒന്നും മനസ്സിലാകാതെ നിന്ന രുക്കുവിനെ തന്‍റെ മാറോട് ചേര്‍ത്ത് പറഞ്ഞു..
"രുക്കൂ...നീയാനെനിക്ക് എല്ലാം .ഗുരുവായൂരപ്പാ ..എല്ലാം ഈശ്വരെച് ച ."
നിഷ്കളങ്കമായ ആ മുഖത്ത് കണ്ണുനീരിന്‍റെ നനവ്..!
തുറന്നിട്ട ജാലകം അമര്‍ത്തി അടക്കവേ,പെയ്ത് തോര്‍ന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരിക്കുന്നുന്നു.
പെരുമഴയല്ല..ചാറ്റല്‍ മഴ !ഹൃദയത്തിന്‍റെ ആഴങ്ങളില്‍ തണുപ്പേകുന്ന
സ്നേഹ മഴ!
നന്ദന്‍ ദൂരേക്ക് നോക്കുമ്പോള്‍ പ്രതീക്ഷിച്ച പോലെ നിലാവിന്‍റെ നേര്‍ത്ത നിറമുള്ള ആ പൂവ് വീണ്ടും സന്തോഷത്താല്‍ സുഗന്ധം പരത്തി കുസൃതിയോടെ ഇളകി ആടുന്നുണ്ടായിരുന്നു!