Sunday, May 29, 2011

കൊട്ടിയൂര്‍ - ഉത്തരകേരളത്തിലെ ദക്ഷിണകാശി


അന്ധകാരത്തിനുമീതെ പ്രകാശമാകാന്‍ ഭഗവാന്‍ സര്‍വ്വ സംഹാരത്തിന്റെ തൃക്കണ്ണ് തുറന്ന കഥയില്‍ കൊട്ടിയൂരിന്റെ കഥ തുടങ്ങുന്നു.മൂല പ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്ര സംസ്കൃതിയുടെ നേര്‍ക്കാഴ്ച്ചയാണു കൊട്ടിയൂര്‍ വൈശാഖോത്സവം.’തൃച്ചെറുമന്ന’എന്ന മറ്റൊരു പേരു കൂടിയുണ്ട് കൊട്ടിയൂരിന്.മദം പൂണ്ടു കണ്ണു കാണാതായ ദക്ഷ പ്രജാപതിയുടെ യാഗം മുടക്കാന്‍ വിശ്വനാഥന്റെ ഭൂതഗണങ്ങള്‍ കലിയടങ്ങാതെ താണ്ഡവമാടിയ മണ്ണിന് പില്‍ക്കാലത്ത് പുരാണങ്ങള്‍ നല്‍കിയ പേരാണ് ‘ദക്ഷിണ കാശി’ എന്ന സ്ഥാനം.-ഉത്തര കേരളത്തിലെ ദക്ഷിണകാശി-

സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്ക്  തുടക്കവും ഒടുക്കവും കല്‍പ്പിച്ചാല്‍ അതില്‍ പ്രകൃതിയുടെ കഥയുണ്ട്,മനുഷ്യന്റെ കഥയുണ്ട്,പ്രണയ-പ്രതികാരങ്ങളുടെ,തീഷ്ണ വിരഹത്തിന്റെ കഥയുണ്ട്,എല്ലാം പൊറുക്കുന്ന പരാശക്തിയുടെ നിലക്കാത്ത കാരുണ്യ പ്രവാഹത്തിന്റെ അത്ഭുത കഥയുണ്ട്.പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു കിടക്കുന്നു എന്നതിന് ഉത്തമോദ്ധാഹരണമാണ് വേനലിന്റെ അന്ത്യവും വര്‍ഷത്തിന്റെ ആരംഭവും ആയ വൈശാഖ കാലം എന്ന് നമുക്ക് കാണാം.കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൊട്ടിയൂര്‍ അമ്പലം സ്ഥിതി ചെയ്യുന്നു.തലശ്ശേരിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനങ്ങളാല്‍ നിബിഡമായ ഈ പുണ്യക്ഷേത്രത്തില്‍ എത്തിച്ചേരാം.

മറ്റേത് അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കൊട്ടിയൂര്‍.മറ്റു ശിവക്ഷേത്രങ്ങളില്‍ ഉള്ള പോലെ ഇവിടെ നന്ദികേശനില്ല അതുപോലെ തിരുഞ്ചിറ എന്ന ജലാശയത്തിലൂടെ പ്രദക്ഷിണം അനിവാര്യം.ഇവിടുത്തെ തൊഴല്‍ ‘കുളിച്ചു തൊഴല്‍’ ആണ്.വാവലിപ്പുഴയില്‍ മുങ്ങി ഈറനോടെ വേണം ദേവനെ തൊഴാന്‍.കൊട്ടിയൂരില്‍ ‘സ്വയഭൂ‘ ഇരിക്കുന്ന മണിത്തറയടക്കം അവകാസികള്‍ക്കായുള്ള പ്രത്യേകം കയ്യാലകളും താത്കാലികം എന്നതാണ് മറ്റൊരു സവിശേഷത.ചുറ്റമ്പലത്തിന്റെ അതിര് നാലു സമുദ്രങ്ങളെന്നു സങ്കല്‍പ്പിക്കുന്ന അക്കരെക്ഷേത്രം അങ്ങിനെ ക്ഷേത്രമില്ലാക്ഷേത്രമായി.ഹിന്ദുസമുദായത്തിലെ മുഴുവന്‍ അവാന്തര വിഭാഗങ്ങള്‍ക്കും പ്രത്യേകം സ്ഥാനങ്ങളും അവകാശങ്ങളും ഉണ്ട്.വര്‍ണ്ണവ്യവസ്ഥ നിലനില്‍ക്കുമ്പോളും ജാതീയ ഉച്ചനീചത്വങ്ങള്‍ വൈശാഖോത്സവത്തില്‍ ഒരു തരിമ്പും സ്പര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇത് ദക്ഷയാഗത്തിന്റെ പുണ്യഭൂമി.ദക്ഷന്റെ ശിരസ്സ് “കൊത്തിയ ഊര്“ ലോപിച്ചത്രേ  കൊട്ടിയൂര്‍ ആയി എന്നു പറയുന്നു.എല്ലാ വര്‍ഷവും 27 ദിവസം നീണ്ടുനില്‍ക്കുന്നു വൈശാഖ മഹോത്സവം.അക്കരെ-ഇക്കരെ കൊട്ടിയൂരായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇവിടെ വൈശാഖമാസത്തില്‍ ആണ് അക്കരെ കൊട്ടിയൂരില്‍ ആരാധന.ആ ദിവങ്ങളില്‍ ഇക്കരെ കൊട്ടിയൂരില്‍ പൂജ ഉണ്ടായിരിക്കില്ല.മാത്രമല്ല സകല ദൈവങ്ങളും യാഗത്തിന് പങ്കെടുക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ കൊട്ടിയൂരിനോട് ബന്ധപ്പെട്ട ഒരു ക്ഷേത്രത്തിലും ഈ 27 ദിവസം പൂജ നടക്കില്ലത്രേ!




മേട മാസം വിശാഖം നാളില്‍ പ്രക്കൂഴം എന്ന ചടങ്ങോടുകൂടി ഉത്സവാരംഭം.നീരെഴുന്നള്ളത്ത്,വാളും തീയും,നെയ്യഭിഷേകം എന്നിവ കഴിഞ്ഞ് ഭണ്ഡാരം എഴുന്നള്ളത്ത് അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് പ്രവേശനം ഉള്ളൂ..കൊട്ടിയൂരില്‍ പ്രധാനമായും നാല് ആരാധനകള്‍ ആണ് നടക്കുന്നത്.
[ഹിന്ദു വിശ്വ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തില്‍ വായിക്കാം]













To download the magazine click here ഡൌണ്‍ലോഡ് ചെയ്യൂ

മണത്തണയെക്കുറിച്ച്

കൊട്ടിയൂര്‍ വൈശാഖോത്സവവുമായി അഭേദ്യമായ ബന്ധമുണ്ട് മണത്തണക്ക്.ഉത്സവാരംഭവും അവസാനവും മണത്തണയില്‍ തന്നെ.‘മനനം ചെയ്യുന്ന തണ’ -മണത്തണ-
ഏതൊരു ചരിത്രകാരനേയും ചരിത്ര വിദ്യാര്‍ത്ഥിയേയുംഅത്ഭുതപ്പെടുത്തുന്ന വിധം ഒട്ടേറെ ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു തരാന്‍ കഴിയുന്നു മണത്തണക്ക്.ഇവിടെനിന്നും കൊട്ടിയൂര്‍ വരെയുള്ള മിക്ക സ്ഥല നാമങ്ങളും കൊട്ടിയൂര്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.സതീദേവി യാഗത്തിനു പോകും വഴി ക്ഷീണം കൊണ്ട് വിശ്രമിച്ച പാറയാണത്രേ ക്ഷീണപ്പാറ അത് ലോപിച്ച് ‘ചാണപ്പാറ‘ ആയി എന്നും കണ്ണീര്‍ചാല്‍(ദേവി ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ച സ്ഥലം) ‘കണിച്ചാര്‍ ‘ആയെന്നും ,കാളകളെ പൂട്ടിയ സ്ഥലം ‘കേളകം ‘എന്നും യാഗസ്ഥലം എത്തിയോ എന്നറിയാന്‍ നീണ്ടുനോക്കിയ സ്ഥലം ‘നീണ്ടുനോക്കി‘ ആയി എന്നും ദേവി മന്ദം മന്ദം നടന്ന സ്ഥലം ‘മന്ദഞ്ചേരി’ ആയെന്നും പറയപ്പെടുന്നു.ഇതിലൂടെ നമുക്ക് ദേവി മണത്തണയില്‍ നിന്നും പുറപ്പെട്ട് കൊട്ടിയൂര്‍ എത്തി എന്നും മനസ്സിലാക്കാം.കൊട്ടിയൂരിലേക്കു പോകുന്ന ഓരോ ചടങ്ങും മണത്തണ ചപ്പാരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേ പോകാറുള്ളൂ.

‘സപ്തമാതൃപുരം’ എന്ന ചപ്പാരം ഭഗവതീ ക്ഷേത്രം ഏഴ് ദേവതകള്‍ കുടിയിരിക്കുന്ന വളരെ ശക്തിയാര്‍ജ്ജിച്ച ക്ഷേത്രം.പ്രൊഫ.പ്രിയദര്‍ശന്‍ലാല്‍ തന്റെ റിസേര്‍ച്ചിന്റെ ഭാഗമായി ചപ്പാരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പഠനം നടത്തി.കേരളത്തില്‍ ഇത്രയധികം ദേവീസങ്കല്‍പ്പമുള്ള മറ്റൊരു ക്ഷേത്രമില്ല എന്നും ഏഴ് ദേവതകള്‍ അല്ല പത്ത് ദേവതകള്‍ ആണ് കുടിയിരിക്കുന്നത് എന്നും വിധിയെഴുതി(ബ്രഹ്മാണി,മഹേശ്വരി,കൌമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡി,
മഹാലക്ഷ്മി,സരസ്വതി,ഭദ്രകാളി)

നമ്മുടെ പുഴകള്‍ സാധാരണ പടിഞ്ഞാറോട്ടാണ് ഒഴുകുക. ഇവിടം കിഴക്കോട്ട് ഒഴുകുന്ന പുഴകള്‍ ധാരാളം.ദേവീസ്പര്‍ശഭൂമിയില്‍ മാത്രമേ പുഴകള്‍ കിഴക്കോട്ട് ഒഴുകാറുള്ളൂ.ഇവിടെ സ്ത്രീകള്‍ വളരെ ഭക്തിയുള്ളവരും ദീക്ഷ വാങ്ങാനും പൂജ നടത്താനും കെല്‍പ്പുള്ളവരുമാണ്.മണത്തണയിലെ കുണ്ടേന്‍ ക്ഷേത്രത്തിലെ കുണ്ടേന്‍ ഗുഹയില്‍ ആദിശങ്കരന്‍  ധ്യാനനിരതനായിരുന്നു  എന്നു പറയപ്പെടുന്നു.ശ്രീവിദ്യാമന്ത്രോപദേശം നേടിയതും ഈ പുണ്യഭൂമിയില്‍ വച്ചാണ്.

ചരിത്രത്തിന് വളരെ പ്രാധാന്യമേറിയ മണത്തണയില്‍ ചപ്പാരക്ഷേത്രത്തിനു മുന്നില്‍ മൂന്നു യുദ്ധങ്ങള്‍ നടന്നതായി പറയപ്പെടുന്നു.’പുലിയങ്കം’ നടന്നതും ടിപ്പുവിന്റെ പടയോട്ടം നടന്നതും ഇവിടെത്തന്നെ.നഗരേശ്വരക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിമ്പന ഗോപുരത്തിന്റെ തകര്‍ന്നു വീണ ഭാഗങ്ങളും ഇവിടം ആക്രമിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.നഗരേസ്വരക്ഷേത്രതിന്റെ സമീപത്തായുള്ള കൂലോം കുളവും ഭീമന്‍ പടവുകളും ഭിത്തിയുമെല്ലാം പഴയകാല നിര്‍മ്മാണചാരുതയെ വെളിപ്പെടുത്തുന്നു.

മറ്റൊരു ചരിത്രകാരനായ തച്ചോളി ഒതേനന് മണത്തണയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവാണ്,കൊട്ടിയൂര്‍ ഉത്സവത്തിന് മണത്തണയില്‍ നിന്നും എഴുനള്ളിക്കുന്ന ഭണ്ഡാരത്തിലൊന്നില്‍ ‘തച്ചോളി ഒതേനന്‍ വക’ എന്ന മുദ്രണം.

സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നതും തീര്‍ത്തും അത്ഭുതാവഹം തന്നെ!! ചരിത്ര നായകന്മാരുടെ സാന്നിധ്യം കൊണ്ട് പൂജനീയമായതും ദേവീ ദേവസ്പര്‍ശഭൂമിയിലാണ് താന്‍ ജനിച്ചത് എന്നതും ഈ ഗ്രാമവാസികള്‍ക്ക് അഭിമാനിക്കാം..



-റാണിപ്രിയ മണത്തണ -


Saturday, May 14, 2011

ഈ ദേവൂട്ടി എന്താ ഇങ്ങിനെ?

ജനിച്ചു,അന്നം മുട്ടാതെ വളര്‍ന്നു.പൂക്കള്‍ പൂക്കുന്നതും,കായ്ക്കുന്നതും കണ്ടു - പിന്നെ കൊഴിഞ്ഞു വീഴുന്നതും കണ്ടു - ഉദയസൂര്യന്റെ പ്രഭയും,അസ്തമയ സൂര്യന്റെ വിതുമ്പലും കേട്ടു.ലാളിത്യത്തിന്റേയും,പങ്കുവയ്ക്കലിന്റേയും,സഹകരണത്തിന്റേയും പാതകള്‍ കണ്ടു.അതുപോലെ പ്രതിസന്ധികളുടേയും,സംഘര്‍ഷത്തിന്റേയും തീച്ചൂളകള്‍ കണ്ടു.വ്യര്‍ത്ഥമായ ബന്ധത്തിന്റെ ശൈഥല്യവും,അമൂല്യങ്ങളായ,അനിര്‍വചനീയമായ സ്നേഹത്തിന്റെ ഊഷ്മളതയും ,സൌഹൃദത്തിന്‍ ആഴവും നോക്കി കണ്ടു.വാത്സല്യച്ചൂട് അനുഭവിച്ചു.തിരക്ക് കണ്ടു,ആള്‍ക്കൂട്ടം കണ്ടു,സ്നേഹശൂന്യതയും,സ്വാര്‍ത്ഥതയും കണ്ടു.ഒടുവില്‍ വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ത്ഥകമാണെന്നു കണ്ടു.എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങള്‍ക്കും കണക്കുകൂട്ടലിനും അപ്പുറത്താണെന്നും കണ്ടു.

എല്ലാം അനുസരിച്ച് കൊണ്ട് ഒന്നിനും എതിരു പറയാതെ സദാ വിനീതയായി നിശബ്ദതയുടെ മടിത്തട്ടില്‍ മൌനിയായ് ദേവൂട്ടി...കിട്ടിയതില്‍ സംതൃപ്തി..ഓരോ നിമിഷത്തിലും സന്തോഷം..ഒന്നും ആലോചിക്കാതെ,ദു:ഖിക്കാതെ - കാണുന്ന കാഴ്ചകള്‍ കൃഷ്ണമണിയില്‍ തട്ടുന്നു.കേള്‍ക്കുന്ന ശബ്ദം പ്രതിധ്വനിക്കുന്നു.അപരിചിതര്‍ പരിചിതരാകുന്നു.അവരിലെ സര്‍ഗ്ഗാത്മകത,അഭിരുചികള്‍,സ്നേഹബന്ധങ്ങള്‍ മനസ്സിലാക്കുന്നു.ജീവിതം ഒരു തുറന്ന പുസ്തകം ആണെന്നു പറയാറുണ്ട്,പക്ഷേ അതില്‍ ഒരു താളു പോലും അടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷേ ചില താളുകള്‍ വീണ്ടും വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നവരോ? ചില താളുകള്‍ കീറി കാറ്റില്‍ പറത്താം..തെറ്റുകള്‍ ആവര്‍ക്കാതിരിക്കാന്‍,പുതിയ തെറ്റ് ചെയ്യാതിരിക്കാന്‍..

ആരെങ്കിലും ദേവൂട്ടിയെ മനസ്സിലാക്കിയോ? അഥവാ അതിനു ശ്രമിച്ചോ? അറിയില്ല..ശ്രമിച്ചവര്‍ അകലുന്നു..അറിയാത്തവര്‍ ശ്രമിക്കുന്നു..അറിഞ്ഞവര്‍ അറിഞ്ഞില്ല എന്നു നടിക്കുന്നു..കാടു പിടിച്ച വീഥി വെട്ടി മാറ്റി നടക്കാന്‍ വഴിയാക്കാന്‍ ശ്രമിക്കവേ ആ വീഥിയില്‍ കരിയിലകള്‍ മാത്രം!! ആരെയെങ്കിലും വേദനിപ്പിച്ചോ? അതും അറിയില്ല ...ഈ ലോകം നന്നാവുമോ? സമയത്തോടും കാലത്തിനോടും ഒന്ന് ചോദിച്ചോട്ടേ...? അല്ലയോ സമയമേ,കാലമേ നിങ്ങള്‍ക്കെന്താ ഇത്ര ധൃതി?

ഇതെല്ലാം ദേവൂട്ടിയുടെ ഭ്രാന്തന്‍ ചിന്തകള്‍!! ചിന്തകളുടെ കൂമ്പാരമാണു ദേവൂട്ടി...

    ദേവൂട്ടിയോടു ചോദിക്കട്ടേ .... ഈ ദേവൂട്ടിയെന്താ ഇങ്ങനെ?




Monday, May 2, 2011

സൗഹൃദത്തണല്‍

യാത്ര-എനിക്കെന്നും ഒരു ഹരമായിരുന്നു.പ്രത്യേകിച്ചും അത് ഒരു കടലിലേക്കുള്ളതാണെങ്കില്‍ ഇതും ഒരു യാത്രയാണു - ജീവിതം ആകുന്ന യാത്ര... ദു:ഖഭാണ്ഡവുമേന്തിയുള്ള ഈ യാത്രയില്‍ ഇറക്കി വയ്ക്കാന്‍ ഒരു തണല്‍ അതാണു സൗഹൃദം...ഈ യാത്രയുടെ പ്രത്യേകത തികച്ചും വികാരഭരിതമാണ്.

നമ്മള്‍ മൂന്നു പേര്‍ ഉണ്ണിമോള്‍,വാവ പിന്നെ ഈ ദേവൂട്ടിയും..ഉണ്ണിമോളും വാവയും... ഇവര്‍ ആരാ?അറിയപ്പെടാത്ത ഒരു നിയോഗമായവള്‍ വന്നു ഉണ്ണിമോള്‍,പിറകെ വാവയും..ഏതു വികാരമാണ് എന്നെ അവളുമായ് അടുപ്പിച്ചത്? അറിയില്ല..പക്ഷേ ഇന്നവള്‍ എന്റെ ആരോ ആയിത്തീര്‍ന്നിരിക്കുന്നു.കിലുകിലെ ചിരിക്കുന്ന അവളെ കണ്ടാല്‍ സകല ദു:ഖങ്ങളും പമ്പ കടക്കും...ഒരു സൗപര്‍ണ്ണിക പോലെ .... അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ....

ജോലി ഭാരം കഴിഞ്ഞ് ഹോസ്റ്റലിന്റെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നമ്മള്‍ കണ്ടുമുട്ടാറുണ്ട്,പിന്നീട് ആ പടികളില്‍ ആയിരുന്നു..എന്നെന്നും കൂട്ടായിരുന്നു എനിക്ക് ‘പടവുകള്‍.‘..അവിടെ ഇരുന്നാല്‍ അരികിലുള്ള ജനലിലൂടെ നോക്കിയാല്‍ റോഡിലൂടെ ധൃതിയില്‍ നടന്നു പോകുന്ന കാലുകള്‍ കാണാം.എന്തൊക്കെയോ ലക്ഷ്യവുമായ് നീങ്ങുന്ന കാലുകള്‍...ആ പടികളില്‍ ഇരുന്ന് നമ്മള്‍ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കു വച്ചു.നിലാവ് കിനാവിനോട് പറയുന്ന പോലെ...കടല്‍ കരയോട് പറയുന്ന പോലെ,മേഘം മണ്ണിനോട് പറയുന്ന പോലെ!! ചിലപ്പോള്‍ അത്ഭുതമായിട്ടുണ്ട് നമ്മളെ തിരിച്ചറിഞ്ഞ ഈശ്വരന്‍ എത്ര കരുണാമയനാണ്!! ഒരിക്കലും അറ്റുപോകരുതേ ഈ സൗഹൃദം..

ഇതൊക്കെ കണ്ട് വാവ അസൂയപ്പെട്ടിരുന്നു.അധികം മിണ്ടാത്തവളാ വാവ.എന്തോ എന്നോട് ഒരു അടുപ്പം...ഇടക്ക് ഒളി കണ്ണിട്ടു നോക്കുന്നത് നമുക്ക് കാണാമായിരുന്നു..മെല്ലെ മെല്ലെ അവളും നമ്മുടെ ലോകത്തേക്ക് വന്നു..അവള്‍ക്കും ഉണ്ട് ഒരു പിടി ദു:ഖങ്ങളും സന്തോഷങ്ങളും...നമ്മുടെ ലോകത്ത് ദു:ഖങ്ങളില്ല...സന്തോഷം മാത്രം..ജീവിതത്തിലെ ഉപമ,ഉത്പ്രേക്ഷ ഇത്യാദി എല്ലാ നമ്മള്‍ ഉപേക്ഷിച്ചു...ഈ നിമിഷത്തില്‍ ജീവിക്കുക..കോളേജ് പ്രായം കഴിഞ്ഞ് യൌവ്വനത്തില്‍ എത്തി നില്‍ക്കുന്ന മൂവരും ഒരു യാത്ര പുറപ്പെട്ടു..”പുതു വൈപ്പിന്‍ ബീച്ച്”- 

ഞങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അന്നൊരു ഞായര്‍ ആയിരുന്നു 3.30 ന് പുറപ്പെട്ടുകാണും വഴിയൊക്കെ കണ്ടുപിടിച്ചു.ലക്ഷ്യം മാര്‍ഗ്ഗത്തിനു തടസ്സമാകരുതല്ലോ..മോഡേണ്‍ ഡ്രസ്സ് ഒക്കെയിട്ട് മൂന്നു പേരും യാത്രയായി....ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു - നോക്കാതിരിക്കില്ലല്ലോ - നോക്കണമല്ലോ - അതല്ലേ പ്രകൃതി നിയമം.

വിജനമായിരുന്നു ആ തീരം.ഇത്തിരി വെയില്‍ നമ്മലെ അസ്വസ്ഥരാക്കി.പെട്ടെന്ന് തന്നെ തിരകളുടെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല.ദൂരെ മാറിയിരുന്നു.ഉണ്ണിമോളുടെ കുറുമ്പ് തുടങ്ങി കൂടെ വാവയും.പിന്നെ കടല്‍ത്തീരത്ത് പേരുകള്‍ എഴുതി അത് കടല്‍ അത് മായ്ക്കുന്നതും നോക്കി നിന്നു.നമ്മുടെ സൗഹൃദം കടലിനു പോലും അസൂയ ഉളവാക്കിയോ?




സമയം ഇഴഞ്ഞുനീങ്ങി.ഉല്ലാസയാത്രക്ക് എത്തിയ ദമ്പതികളെയും പ്രണയിതാക്കളെയും കാണാം.കൊച്ചുകുഞ്ഞുങ്ങള്‍ കടലിലേക്ക് എടുത്തു ചാടുന്നു,ചിലര്‍ കരയുന്നു.ഉണ്ണിമോളും വാവയും കൂടി പൂഴിമണ്ണില്‍ കൊട്ടാരം പണിയുന്നു.ആ മണല്‍ കൊട്ടാരം ഞാന്‍ ഒറ്റയടിക്ക് തകര്‍ത്തു.വഴക്കായി.എനിക്ക് എല്ലാം തകര്‍ക്കാനുള്ള വാസന കൂടുതല്‍ ആണെന്നവള്‍ പറഞ്ഞപ്പോള്‍ ശരിക്കും വിഷമമായി..പരസ്പരം അടികൂടിയും കളിപറഞ്ഞും ഇരിക്കവേ മൂന്നു  പേരുടെ കണ്ണുകളിലും ആര്‍ദ്രത..പെട്ടെന്ന് പുറകില്‍ രണ്ടു കണ്ണുകള്‍ !!! നമ്മെത്തന്നെ വീക്ഷിക്കുന്നു.ഒരു കാതിലില്‍ കമ്മലിട്ട്,മുടി നീട്ടി,കണ്ണുകള്‍ ചുവന്ന ഒരു രൂപം...ഒരു മൃഗത്തെപ്പോലെ.പെട്ടെന്ന് നമ്മുക്ക് ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു.ആ സ്ഥലം പന്തിയല്ല തീരത്തെ വേറൊരു കോണില്‍ നമ്മള്‍ നീങ്ങി.ഒരു നിമിഷം ആ പ്രായം ഊഹിച്ചു ഒരു ഇരുപത് കാണും.എന്റോസള്‍ഫാന്‍ നിരോധനം കൊടുമ്പിരി കൊള്ളുന്ന ഈ സമയം അതിലും മാരകമായ മയക്കുമരുന്നും,വിദേശമദ്യവും നിരോധിക്കാന്‍ ആരും തുനിയുന്നില്ല..


അപ്പോളും എപ്പോളും എന്റെ മനസ്സ് എന്റെ ആത്മസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഒന്നു പിണങ്ങാനും ഇണങ്ങാനും ഈ തീരം.എന്നെ തിരഞ്ഞു ഞാന്‍  എന്നിലെത്തിയ നിമിഷം വെറുതെ-ഓര്‍ത്തുപോയി- തീരത്തെ തണുത്ത കാറ്റ് മനം കുളിര്‍പ്പിച്ചു.ഒത്തിരി പറയാന്‍ വെമ്പി തിരമാലകള്‍ അലമുറയിട്ട് എന്നിലേക്കണയുന്നു.തനുവില്‍ ഒരു തണുപ്പു മാത്രം തന്ന് എന്തേ തിരിച്ചു പോയി? സൂര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു.അസ്തമയ സൂര്യനെ കാണാനില്ല.അതോ ഒളിച്ചിരിക്കുകയാണോ?ദൂരെ ദൂരെ കടലും ആകാശവും ചുംബനത്തിലമര്‍ന്നോ??ചുകന്നു തുടുത്ത അസ്തമയ സൂര്യനെ ഇപ്പോള്‍ കാണാം.അപ്പോളേക്കും കണ്ണന്റെ ഒരു കവിത എഴുതിതീര്‍ന്നിരിക്കുന്നു...ആ തീരത്തുനിന്നും പോരാന്‍ തോന്നുന്നില്ല.....കടല്‍ വല്ലാതെ ആകര്‍ഷിക്കുന്നു..മെല്ലെ മെല്ലെ മുന്നോട്ട് (കടലിന്റെ ആഴങ്ങളിലേക്ക്)നടക്കാന്‍ തുടങ്ങി..മനസ്സ് അങ്ങ് അകലെ ആണ്..ഞാന്‍ പ്രണയിക്കുകയാണ് കടലിനെ...
എന്റെപ്രണയം കടലിനോടാണ്,കാറ്റിനോടാണ്,മഴയോടാണ്,മഞ്ഞുതുള്ളിയോടാണ് പ്രകൃതിയോടാണ്.കടലിലേക്ക് ഞാന്‍ അലിയട്ടെ ......

അയ്യോ .... അപ്പോളതാ .... ആരാണ് എനിക്ക് മുന്നെ കടലിലേക്ക് നടക്കാന്‍ പോയത്?? ഉണ്ണിമോളല്ലേ അത്...  ഓടിച്ചെന്ന് ഉണ്ണിമോളുടെ കൈപിടിച്ചു തിരികെ വിളിച്ചു ...നിനക്ക് ഞാനില്ലേ .... എന്നെ ഒറ്റക്കാക്കി പോകരുത്...ഞാനും പോകില്ല .... ഇനിയും ഈ വഴിയില്‍ എത്ര ദൂരം നടക്കാനുണ്ട്?? ഇനി ഓരോ ചുവടും നാം ഒരുമിച്ച്!!! ഇതെന്റെ നിയോഗം!! ഉണ്ണിമോളേയും,വാവയേയും കൂട്ടി തീരത്തോട് വിട പറഞ്ഞ് മനസ്സിലെ ദു:ഖങ്ങളും സന്തോഷങ്ങളും സൗഹൃദവും പങ്കുവച്ച് അവര്‍ നടന്നു നീങ്ങി .......