Wednesday, September 10, 2014

കുപ്പിക്കേളു

എന്‍റെ ഒരു ചെറുകഥ ഓണത്തിന്

ബംഗ്ലൂര്‍ ന്യൂസ്‌ പേപ്പറില്‍.............

എന്‍റെ കഥ പ്രസിദ്ധീകരിച്ചതിലേറെ സന്തോഷം തോന്നി ശ്രീകുമാരന്‍ തമ്പി സാറിന്‍റെയും ഗാനഗന്ധര്‍വ്വന്‍റെയും കൂട്ടുകെട്ടിന്‍റെ ഒരു വാര്‍ത്ത! അതിന്‍റെ
തൊട്ടടുത്ത് എന്‍റെ ചെറുകഥ.

ഇത് പ്രസിദ്ധീകരിക്കാന്‍ എന്നെ സഹായിച്ച സുഹൃത്തിനു  നന്ദി.


സന്ധ്യ രാവിന്‍റെ മാറിലേക്ക്‌ ചായുകയാണ്.....
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്‍റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്നു..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്‍റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു എന്ന് മരുമകളുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ പ്രിയ കുപ്പികളില്‍ മരുന്ന് നിറഞ്ഞു നിന്നത്   കണ്ടപ്പോള്‍  എതെന്നില്ലാത്ത  ലജ്ജ തോന്നി..
തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്‍റെ  വില   അറിഞ്ഞ  നിമിഷങ്ങള്‍ ... ഭാര്യ,മക്കള്‍, അമ്മ അങ്ങിനെ  അങ്ങിനെ ഓര്‍മ്മകള്‍  ഒരു നിമിഷം അയാളുടെ മനസ്സിലേക്ക് ഇരമ്പിയിറങ്ങി.

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?" ഈ തിരിച്ചറിയലിനു സമയം വൈകിയോ?

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...
വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു.. അതെ.. കുപ്പികള്‍ പലവിധം. ഇത്തിരി പോന്ന ഈ കുപ്പിയില്‍ ഉള്ള വിഷം, ഇത് തന്നെ ആയിരുന്നല്ലോ പോയ ദിനങ്ങളില്‍ എല്ലാദിവസവും താന്‍ ആസ്വദിച്ച്കുടിച്ചിരുന്നത്!
ഇന്ന് ഒരൊറ്റ ദിനം കൊണ്ട് ജീവന്‍ കളയാന്‍ പോകുന്നു.... ഇനി ഒരു നിമിഷം വൈകിക്കൂടാ..


ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ സത്യം എഴുതിയ തുണ്ട് കടലാസ്സ് ആരും ശ്രദ്ധിക്കാതെ കട്ടിലിന്‍ താഴെ വീണു കിടന്നിരുന്നു.

Thursday, June 12, 2014

കൊട്ടിയൂര്‍ - വൈശാഖോത്സവത്തിന്‍റെ നിറവില്‍

  പെരുമാള്‍ക്ക് ശീവേലി

  ആനയൂട്ട്

യാഗഭൂമി ഒരുങ്ങുകയായ്..........ബ്രഹ്മ,വിഷ്ണു മഹേശ്വരന്മാരുടെയും ശ്രീപാര്‍വതിയുടേയും

എന്നിങ്ങിനെ സകല ദേവന്മാരുടേയും സംഗമ വേദിയാകുന്നു വൈശാഖോത്സവ

നാളുകള്‍.ഓരോ വര്‍ഷവും അശരണരായ ഭക്തജനങ്ങള്‍ക്ക് അഭായസ്ഥാനമാകുന്നു 

കൊട്ടിയൂര്‍.

ദക്ഷിണ ഗംഗയായ വാവലിപ്പുഴയുടെ ഇരു കരയിലുമായി സ്ഥിതികൊള്ളുന്നു 

അക്കരെ,ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രങ്ങള്‍. ഭാരത വര്‍ഷത്തിലെ അതി പൌരാണികമായ 

മഹാക്ഷേത്രം - 'ക്ഷേത്രമില്ലാ ക്ഷേത്രം- എന്നും വിശേഷിപ്പിക്കാറുണ്ട്.

ദക്ഷയാഗത്തെ അനുസ്മരിപ്പിച്ച് സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തില്‍ 

ഉത്സവാരംഭത്തെ 'പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്ക്' എന്ന് തന്നെപറയാം.യാഗോത്സവ

ചടങ്ങുകളിലെ രീതിയും, നിര്‍മ്മാണങ്ങളും എല്ലാം തന്നെ പ്രകൃതിയുമായുള്ള 

ബന്ധം വെളിപ്പെടുത്തുന്നു.കാട്ടുകല്ലിന്‍റെ മുകളില്‍ സ്ഥിതികൊള്ളുന്ന സ്വയംഭൂസ്ഥാനം,

മുളയും, കാട്ടുപനയുടെ ഓലകള്‍ കൊണ്ടുള്ള താത്കാലിക മേല്‍ക്കൂരകളും, 

വാവലിപ്പുഴയുടെ സാന്നിധ്യവും, ഓടപ്പൂ പ്രസാദവും -മനുഷ്യനും, പ്രകൃതിയും

തമ്മിലുള്ള അഭേദ്യമായ ബന്ധം സ്പഷ്ടമാക്കുന്നു.

27 ദിവസം നീണ്ടു നില്‍ക്കുന്ന ഈ വൈശാഖോത്സവത്തിനു ദര്‍ശനപുണ്യം നേടിയ 

ഭക്തജനങ്ങള്‍ അടുത്ത വര്‍ഷവും ദര്‍ശനഭാഗ്യം ലഭിക്കണേ എന്ന് നിറഞ്ഞ മനസ്സോടെ, 

പ്രാര്‍ത്ഥനയോടെ മടങ്ങുന്നു.


  
  ഓടപ്പൂ പ്രസാദം

വിശേഷ ദിവസങ്ങള്‍

മെയ്‌ 14. പുറക്കൂഴം - ഉത്സവാരംഭം. (സ്ഥാനികര്‍ക്ക് മാത്രം)

ജൂണ്‍ 5 നീരെഴുന്നള്ളത്ത്
(അഷ്ടബന്ധം പൊതിഞ്ഞു കിടക്കുന്ന സ്വയംഭൂവില്‍ വാവലീതീര്‍ത്ഥം തളിക്കുന്നു)
ജൂണ്‍ 10 നെയ്യാട്ടം   
ജൂണ്‍ 11 ഭണ്‍ഠാരം എഴുന്നള്ളത്ത്.ജൂണ്‍ 12 മുതല്‍ സ്ത്രീ ഭക്തജനങ്ങള്‍ക്ക് പ്രവേശനം
ജൂണ്‍ 16 തിരുവോണം ആരാധന
ജൂണ്‍ 18 ഇളനീര്‍വെപ്പ്
ജൂണ്‍ 19 ഇളനീരാട്ടം (അഷ്ടമി ആരാധന)
ജൂണ്‍ 21 രേവതി ആരാധന
ജൂണ്‍ 25 രോഹിണി ആരാധന (ആലിംഗന പുഷ്പാഞ്ജലി)
ജൂണ്‍ 27 തിരുവാതിര ചതുശ്ശതം
ജൂണ്‍ 29 പുണര്‍തം ചതുശ്ശതം
ജൂണ്‍ 1 ആയില്യം ചതുശ്ശതം
ജൂലൈ 2 മകം - മകം നാള്‍ കഴിഞ്ഞാല്‍ സ്ത്രീ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം.
ജൂലൈ 6 തൃക്കലശാട്ട്

എല്ലാ ഭക്തജനങ്ങള്‍ക്കും വൈശാഖോത്സവത്തിനു സ്വാഗതം

യാഗഭൂവിലേക്കുള്ള വഴി : കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൊട്ടിയൂര്‍ ക്ഷേത്രം.

കണ്ണൂരില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ പുറപ്പെട്ടാല്‍ 60 കി.മീ സഞ്ചരിക്കണം.ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരം/മംഗലാപുരം ഭാഗത്ത്‌ നിന്നും വരുന്ന ഭക്തജനങ്ങള്‍ തലശ്ശേരിയില്‍ ഇറങ്ങിയാല്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് ബസ്സ്‌ സര്‍വീസ് ഉണ്ട്(ബസ് സ്റ്റാന്‍ഡില്‍).

Tuesday, February 11, 2014

ഒരു പൂവിന്‍റെ പ്രണയം




പതിവിലും സുന്ദരി ആയിരിക്കുന്നല്ലോ പ്രഭാതം!
കിളിക്കൊഞ്ചലും, തണുത്ത കാറ്റും റോസിനെ തഴുകിയുണര്‍ത്തി..

പ്രഭാതസൂര്യന്‍ മെല്ലെ മെല്ലെ തല ഉയര്‍ത്തുകയാണോ?
ഇന്നലെ ഒരു പോള കണ്ണടച്ചില്ല എങ്കിലും താന്‍ തന്‍റെ കാമുകനുമായ്
സല്ലപിക്കുക ആയിരുന്നില്ലേ!!!! നോബിന്‍ എഴുനേറ്റോ? ഒരു കുഞ്ഞു കാറ്റിന്‍റെ സഹായത്തോടെ അവള്‍ പൂമുഖ വാതിലിലേക്ക് എത്തി നോക്കി..

ഇല്ല വാതില്‍ അടഞ്ഞു തന്നെ!!  ഏതായാലും തന്‍റെ ഈ ജന്മം നല്ലത് തന്നെ..മേരി ടീച്ചറുടെ മുറ്റത്ത്(എന്ന് പറയാന്‍ പറ്റില്ല ചട്ടിയില്‍ ആയതുകൊണ്ട് എന്നെ സ്ഥലം മാറ്റാറുണ്ട്) ഇങ്ങനെ ഒരു ജന്മം ഏതൊരു പനിനീര്‍പൂവുംആഗ്രഹിച്ചു പോകും... അത്രക്ക് ഇഷ്ടമാ എന്നെ.. എനിക്ക് പേരിട്ടത് നോബിനാ..ടീച്ചറുടെ മോന്‍!! എന്നും വന്ന് എന്റെയടുത്ത് ഇരിക്കും...

ഞാന്‍ മൊട്ടായിരുന്നപ്പോള്‍ "എപ്പോളാണ് ഞാന്‍ വിടരുന്നത്" എന്ന് ടീച്ചറോട് നോബിന്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.. പക്ഷെ ഇന്നെനിക്ക് സങ്കടം ഉള്ളത് ടീച്ചര്‍ നാട്ടിലേക്ക് പോയ ദിവസം ആണല്ലോ ഞാന്‍ വിടര്‍ന്നത്...

നോബിന്‍ കോളേജില്‍ പോകുമ്പോള്‍ എന്നെ ഒന്ന് തലോടിയെ പോകാറുള്ളു..എന്‍റെ മുള്ളുകള്‍ ഒരു ദിവസം അവനില്‍ വേദന ഉണ്ടാക്കിയ ശേഷം ഞാന്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്, പക്ഷെ  നിന്‍റെ ദുഃഖം എന്‍റെയും ദുഖമാണ് എന്ന് അവന്‍ പറയുമ്പോള്‍!!!....... 

എന്നും ബാഗുമായ് അവന്‍ പോയാല്‍ വൈകുന്നേരം വരുന്ന വരെ എനിക്ക് സങ്കടം തന്നെ....ഞാന്‍ സുന്ദരിയാണ് എന്നവന്‍ എപ്പോഴും പറയാറുണ്ട്...എന്നും പഠിക്കാന്‍ എന്‍റെ അടുത്താണ് ഇരിക്കാറ്... പലതരം കഥകളും, ഓരോ ദിവസവും അവന്‍ ചെയ്ത കാര്യങ്ങളും.. എല്ലാം പറയും..എന്ത് ഇഷ്ടമാണെന്നോ അവനു എന്നോട്!!
 
പതിവിലും വൈകിയാണ് നോബിന്‍ ഇന്നലെ കിടന്നത്....
അവന്‍റെ സംസാരത്തില്‍ നാളെ എനിക്ക് ഒരു സമ്മാനം തരുന്നുണ്ട് എന്ന് പറഞ്ഞു......എന്താണാവോ അത്? അവന്‍ എന്നോട് സംസാരിക്കുമ്പോള്‍
എന്താണാവോ അവന്‍റെ ചെവിയില്‍ ചേര്‍ത്ത് വച്ചിരിക്കുന്നത്? അറിയില്ല..

കാത്തിരിപ്പിന്‍റെ അന്ത്യം!!!! അതെ.... ഉമ്മറത്തെ വാതില്‍ തുറന്നു.... ബാഗ്‌ ഒക്കെ എടുത്തു നോബിന്‍ നല്ല ചിരിയോടെ എന്‍റെ അടുത്ത് വന്നു.മെല്ലെ എന്‍റെ ഇതളുകളെ തലോടി...."റോസിന്‍......." എനിക്കുള്ള സമ്മാനം എന്തെന്ന്‍ അറിയാന്‍ തിടുക്കമായി....അവന്‍ തുടര്‍ന്നു.......

"റോസിന്‍....പ്രണയദിനാശംസകള്‍!!! ഞാന്‍ നിന്നെ പ്രണയിക്കുന്നു......ഈ ദിനത്തില്‍ ഞാന്‍ എന്‍റെ ഹൃദയം നിനക്കേകുന്നു...അവസാന ശ്വാസം വരെ നമ്മള്‍ ഒന്നാണ്.....ഇന്നലെ ഞാന്‍ പറഞ്ഞില്ലേ ആ സമ്മാനം....അത് ഞാന്‍ നിനക്ക് തരട്ടെ..... എന്‍റെ മനസ്സാകുന്ന മലര്‍വാടിയില്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളും ദുഖങ്ങളും പങ്കു വച്ച് വെള്ളവും വളവുമിട്ട് സൂക്ഷിച്ച ചുകന്ന പനിനീര്‍ പൂവ് വിടര്‍ന്നു...നിനക്കായ് ഞാന്‍ ആ ചെമ്പനീര്‍ ഇറുക്കുന്നു.. ഞാന്‍ ഇവളെ നിന്‍റെ പേരിട്ടാണ്‌ വിളിക്കുന്നത്.....അമ്മയുണ്ടായിരുന്നെങ്കില്‍ ഇത് ഇറുക്കാന്‍ സമ്മതിക്കില്ലായിരുന്നു....ഓ മൈ ഡിയര്‍...ഐ ലവ് യു...." അവന്‍ ചെവിയില്‍ നിന്നും സെല്‍ ഫോണ്‍ പോക്കറ്റില്‍ത്തിരുകി....

നോബിന്റെ കൈകള്‍ എന്‍റെ നേരെ അടുത്തു.....ഇത്രയുംദിവസം തന്റേത് മാത്രം എന്ന് കരുതിയ കൈകള്‍ തന്‍റെ പ്രാണന്‍ എടുക്കാനായിരുന്നോ? തന്നോട് പങ്കുവച്ച മുഹൂര്‍ത്തങ്ങള്‍ അത്...അത് മറ്റൊരാള്‍ക്ക് വേണ്ടി ആയിരുന്നോ?
അറിയില്ല.................മുള്ളുകള്‍ അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു..

എങ്കിലും അവന്‍ സ്നേഹിച്ച അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കുമ്പോള്‍
അവന്‍റെ ഗന്ധം എന്നിലേക്ക് ആഴ്ന്നിറങ്ങി.......

നഷ്ടപ്പെട്ട പനിനീര്‍ പൂവിന്‍റെ ഘാതകനെ പഴിക്കുമ്പോലും മേരി ടീച്ചര്‍ക്ക് ഉള്ളില്‍ സന്തോഷത്തിന്‍ തിരയിളക്കം..രണ്ടു പനിനീര്‍ മൊട്ടുകള്‍ പുതുതായി ഉണ്ടായിരിക്കുന്നു.......റോസിന്‍ പോയി..എങ്കിലും ഇവര്‍ക്കും പേര് ഇടണം.....ഹാ.... നോബിനോട് ചോദിക്കാം. മെല്ലെ ടീച്ചര്‍ ആ മൊട്ടുകളെ തലോടി......