Monday, November 18, 2013

ഈ വഴിയില്‍ ഇനിയെത്ര ദൂരം !


കാലത്തിന്‍റെ നടപ്പാത! പാത വിജനമായിരുന്നു.
ഈ വഴിയില്‍ ഇനിയെത്ര ദൂരം ! എന്ന് പറയുന്നതിന് അര്‍ത്ഥമുണ്ടോ?
അജ്ഞാതരായ സഹയാത്രികര്‍ ! അവര്‍ അജ്ഞാതരാണോ? അല്ല !
ഈ യാത്ര ആര്‍ക്കു വേണ്ടി? പാതയുടെ അന്ത്യത്തില്‍ ...അവിടെ ..അവിടെ.... തന്റെ പേരും ശിലാലിഖിതം ആയിട്ടുണ്ടാകും..
അറിയില്ല !
ഈ വഴി യാത്ര ചെയ്യുന്നവരും ഒരേ ലക്‌ഷ്യം ആയിരിക്കാം...അതും അറിയില്ല!





വഴിയരികില്‍ വിശ്രമിക്കാനായ് ഒരുക്കിയിട്ടുള്ള പരുക്കന്‍ സിമന്‍റ് ബഞ്ചില്‍ ശൂന്യമായ ആകാശം നോക്കി അഖില ഇരുന്നു.നവംബര്‍ പോകുന്നു ഡിസംബറിനെ സ്വീകരിക്കാന്‍ ! രണ്ടും അഖിലക്ക് ഇഷ്ടമുള്ള മാസങ്ങള്‍.ഒന്ന് നഷ്ടത്തിന്‍റെതും  മറ്റൊന്ന് ലാഭത്തിന്‍റെതും..ഒന്നോര്‍ത്താല്‍ നഷ്ടവും ഒരു ലാഭം തന്നെ..

ഇനിയുള്ള  വഴികള്‍ പൂക്കള്‍ നിറഞ്ഞവയാണ്..പാതയുടെ ഇരുവശവും മഞ്ഞപ്പൂക്കള്‍ .... മനസ്സില്‍ സന്തോഷത്തിന്‍റെ തിരയിളക്കം.കടന്നുപോയ വഴികളെ ഒന്നോര്‍ത്തപ്പോള്‍ കണ്ണില്‍ നിന്നും സമുദ്രം..കാലം ഒരു മരുന്നാണല്ലോ! മുറിപ്പാടുകള്‍ മായ്ക്കാതിരിക്കുമോ? കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടിയ നേരത്തും തന്റെ കൂടെ ആരോ ഉണ്ടായിരുന്നു..താന്‍ അനുഭവിക്കുക ആയിരുന്നു...



ഈ കാത്തിരിപ്പിന് എത്ര വയസ്സായി? കണ്ടുമുട്ടാതിരിക്കില്ല...നീലാംബരത്തിന്‍റെ വിരിമാറിലൂടെ ഊളിയിട്ടു പറക്കുന്ന മഴമേഘപ്രാവുകളെ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു.അനന്ത നീലിമയില്‍ അവര്‍ തീരം തേടി അലയുകയാണോ? ഇരിപ്പിടമായ് ഒരു ചില്ല തേടി അലയുക ആണോ? നീണ്ട ഒരു നെടു വീര്‍പ്പിനന്ത്യത്തില്‍ ശിരസ്സൊന്നു കുനിച്ചപ്പോള്‍ പരുക്കന്‍  ബഞ്ചിന്‍റെ അറ്റത്ത് ഒരാള്‍ തന്നെ നോക്കി ചിരിക്കുകയാണ്..ചിരിക്കണോ? അറിയില്ല..അപരിചിതന്‍ ! വേണ്ടാ ....

വീണ്ടും ചിന്തയുടെ ആഴക്കയത്തില്‍  മുങ്ങിത്താഴാവേ,ശ്രദ്ധ പാളി വീണ്ടുമൊന്നു നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ പരിചിതനെന്നപോല്‍ അയാള്‍ തന്നെ തന്നെ നോക്കി മന്ദഹസിക്കുകയാണ്.ആ കണ്ണുകളില്‍ പരിചിതമായ ഒരു അപരിചിതത്വം അഖിലക്ക് കാണാന്‍ കഴിഞ്ഞു.

തന്‍റെ ലക്‌ഷ്യം മുന്നോട്ടുള്ള യാത്രയാണ് ... തനിക്കൊരു ലക്ഷ്യമുണ്ട് ....
പക്ഷെ ആ കണ്ണുകള്‍ അവളുടെതാണെന്നു അഖിലക്ക് തോന്നുകയാണ്..വീണ്ടും ആ കണ്ണുകളിലേക്ക് അവള്‍ അറിയാതെ അറിയാതെ...നോക്കുകയായിരുന്നു... "ആ നോട്ടം അഖിലയുടെ മനസ്സിനെ ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് പായിച്ചു...കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നീ നടക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ലേ...അഖില ഒന്ന് പതറി.

തന്‍റെ യാത്രയില്‍ കൂടെ നടന്നയാള്‍ ! വിഷമിച്ച അവസ്ഥയില്‍ ഓടിയണഞ്ഞവന്‍ ! ഇനി ഓരോ ചുവടും തന്‍റെ കൂടെ ! ഏകയാണ് എന്ന് ചിന്തിച്ച നിമിഷം തന്നെ വന്ന്‍ അണഞ്ഞിരിക്കുന്നു...കൃഷ്ണനാണോ! അറിയില്ല ...മുന്നില്‍ എത്രയെത്ര കാല്‍പ്പാടുകള്‍ !ഇറക്കിവച്ച ഭാണ്ഡങ്ങള്‍ വീണ്ടും ചുമലിലേറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും പിന്തുടര്‍ന്നു...ദൂരം താണ്ടിയെ മതിയാകൂ...

തന്നെപ്പോലെ  കാത്തിരിപ്പിന്‍റെ വേദന അറിയുന്ന മറ്റൊരാള്‍ !! അനുഭവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകാം ....പൂക്കള്‍ നിറഞ്ഞ ആ വഴികളിലൂടെ അവര്‍ സ്വയം മറന്നു നടന്നു...അവന്‍ കഥ പറഞ്ഞു 
നക്ഷത്രങ്ങള്‍ കുളിര് സഹിയാതെ ആകാശത്ത് നിന്നും വിറച്ചു.പുല്ലിനോടു പരിഭവിച്ചു മഞ്ഞു തുള്ളികള്‍ !! ദൂരം താണ്ടിയതറിഞ്ഞില്ല.

മുന്നില്‍ വഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു.കണ്ണില്‍ ചോദ്യങ്ങളും ചുണ്ടില്‍ മൌനവും.അയാള്‍ പറഞ്ഞു ഇതാണെന്‍റെ വഴി! ഇതാണെന്റെ ലക്‌ഷ്യം! "വരൂ...." നീര്‍ച്ചുഴിയില്‍പ്പെട്ട ഒരു ചെറു പുല്‍നാമ്പിനെ പോല്‍ അവളുടെ മനസ്സ്, ആ സന്ദര്‍ഭത്തെ നേരിടാന്‍ ധൈര്യം പകര്‍ന്നു. 

വൈകാരിക സ്പന്ദനത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെട്ടോ ;കണ്ടു തീരാത്ത സ്വപ്നങ്ങളും ,വേദനകളും  ഒരുമിച്ച് മനസ്സിനെ പാകപ്പെടുത്തി,  കൈ കോര്‍ത്ത്‌  അവര്‍  ആ വഴിയിലൂടെ നടന്നു നീങ്ങി.....................................കാലം തന്ന രക്തം പൊടിഞ്ഞ ആ മുറിവുകളിലേക്ക്‌ സ്നേഹത്തിന്‍റെ മധുരമാം നേര്‍ത്ത കാറ്റില്‍ ഒരു പ്രത്യേക സുഖം.....

കാലമേ നീ തന്ന നേര്‍ത്ത സുഖമുള്ള നോവിനാല്‍ എന്‍ തൂലിക ചലിച്ചിടട്ടെ!!!







ഈ വഴിയില്‍ ഇനിയെത്ര ദൂരം! 



(ഫോട്ടോ കടപ്പാട് : സാന്‍ജോ ജോസഫ്‌ (എന്റെ സുഹൃത്ത്‌ ))
Visit here :  https://www.facebook.com/photographysanjojoseph