സന്ധ്യയുടെ മാറിലേക്ക് ഇരുട്ട് മുഖമമര്‍ത്തി..
അപ്പോളും അയാള്‍ തന്‍റെ കുപ്പികള്‍ സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ് വാരി കളിച്ച കുപ്പിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.
"എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും " ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത് എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ് കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക് ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി വയ്ക്കുന്ന ശീലം കേളുവിനില്ല .പല നിറത്തിലും , പല ആകൃതിയിലും ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്റെ മരണ ശേഷം ആ ഇടുങ്ങിയ വീട്ടില്‍ കുപ്പിയോടു ഒട്ടി ചേര്‍ന്ന് അയാള്‍ കിടന്നു ..
പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്ന്..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്റെ ലഹരിയില്‍ പോലും അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെ ക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും " ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത് എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല
ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ സാന്നിധ്യമായിരുന്നു ...ആശയും ആശങ്കയും പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...
ഒരു ഉപകാരവുമില്ലാത്ത ഈ കുപ്പികള്‍ എന്തിനു എന്ന മകന്‍റെ ഭാര്യയുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത് താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..
അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു ..താന്‍ ഒരു മാറാരോഗിയാണെന്ന സത്യം അറിയാന്‍ താമസം ഉണ്ടായില്ല ...ആശുപത്രിക്കിടക്കയില്‍ തന്‍റെ കുപ്പികള്‍ മരുന്നിന്‍റെ രൂപത്തില്‍ കണ്ടപ്പോള്‍ ലജ്ജ തോന്നി..തന്നെ വിട്ടു പോയ ഭാര്യയുടെ സ്നേഹത്തിന്റെ വില അറിഞ്ഞ നിമിഷങ്ങള്‍ ...
"എറിഞ്ഞുടക്കപ്പെട്ട ജീവിതം ...അതോ സ്വയം വീണ് തകര്‍ന്നതോ ?"
എല്ലാത്തിനും കാരണം ഈ കുപ്പികള്‍ ആണ് ...ഒരു തിരിച്ചറിയലിന്റെ വക്കിലായി കേളു..വേദന കടിച്ചമര്‍ത്തി വലിപ്പിനുള്ളിലെ ആ ചെറിയ കുപ്പിയുടെ അടപ്പ് തുറന്നു..ആശുപത്രി ജീവക്കാര്‍ അയാളുടെ ജീവനറ്റ ശരീരം എടുക്കുമ്പോള്‍ "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ രഹസ്യം തന്‍റെ വലതു കൈയ്യില്‍ എഴുതിയിട്ടുണ്ടായിരുന്നു ...