പതിവിലും സുന്ദരി
ആയിരിക്കുന്നല്ലോ പ്രഭാതം!
കിളിക്കൊഞ്ചലും,
തണുത്ത കാറ്റും റോസിനെ തഴുകിയുണര്‍ത്തി..
പ്രഭാതസൂര്യന്‍
മെല്ലെ മെല്ലെ തല ഉയര്‍ത്തുകയാണോ?
ഇന്നലെ ഒരു പോള
കണ്ണടച്ചില്ല എങ്കിലും താന്‍ തന്‍റെ കാമുകനുമായ്
സല്ലപിക്കുക
ആയിരുന്നില്ലേ!!!! നോബിന്‍ എഴുനേറ്റോ? ഒരു കുഞ്ഞു കാറ്റിന്‍റെ സഹായത്തോടെ അവള്‍
പൂമുഖ വാതിലിലേക്ക് എത്തി നോക്കി..
ഇല്ല വാതില്‍
അടഞ്ഞു തന്നെ!! ഏതായാലും തന്‍റെ ഈ ജന്മം
നല്ലത് തന്നെ..മേരി ടീച്ചറുടെ
മുറ്റത്ത്(എന്ന് പറയാന്‍ പറ്റില്ല ചട്ടിയില്‍ ആയതുകൊണ്ട് എന്നെ സ്ഥലം
മാറ്റാറുണ്ട്) ഇങ്ങനെ ഒരു ജന്മം ഏതൊരു പനിനീര്‍പൂവുംആഗ്രഹിച്ചു
പോകും... അത്രക്ക് ഇഷ്ടമാ എന്നെ.. എനിക്ക് പേരിട്ടത് നോബിനാ..ടീച്ചറുടെ മോന്‍!!
എന്നും വന്ന് എന്റെയടുത്ത് ഇരിക്കും...
ഞാന്‍
മൊട്ടായിരുന്നപ്പോള്‍ "എപ്പോളാണ് ഞാന്‍ വിടരുന്നത്" എന്ന് ടീച്ചറോട് നോബിന്‍ ചോദിക്കുന്നത്
കേട്ടിട്ടുണ്ട്.. പക്ഷെ ഇന്നെനിക്ക് സങ്കടം ഉള്ളത് ടീച്ചര്‍ നാട്ടിലേക്ക് പോയ
ദിവസം ആണല്ലോ ഞാന്‍ വിടര്‍ന്നത്...
നോബിന്‍ കോളേജില്‍
പോകുമ്പോള്‍ എന്നെ ഒന്ന് തലോടിയെ പോകാറുള്ളു..എന്‍റെ മുള്ളുകള്‍
ഒരു ദിവസം അവനില്‍ വേദന ഉണ്ടാക്കിയ ശേഷം ഞാന്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്,
പക്ഷെ നിന്‍റെ ദുഃഖം എന്‍റെയും ദുഖമാണ് എന്ന് അവന്‍ പറയുമ്പോള്‍!!!.......
എന്നും ബാഗുമായ്
അവന്‍ പോയാല്‍ വൈകുന്നേരം വരുന്ന വരെ എനിക്ക് സങ്കടം തന്നെ....ഞാന്‍ സുന്ദരിയാണ്
എന്നവന്‍ എപ്പോഴും പറയാറുണ്ട്...എന്നും പഠിക്കാന്‍ എന്‍റെ അടുത്താണ് ഇരിക്കാറ്...
പലതരം കഥകളും, ഓരോ ദിവസവും അവന്‍ ചെയ്ത കാര്യങ്ങളും.. എല്ലാം പറയും..എന്ത്
ഇഷ്ടമാണെന്നോ അവനു എന്നോട്!!
പതിവിലും
വൈകിയാണ് നോബിന്‍ ഇന്നലെ കിടന്നത്....
അവന്‍റെ
സംസാരത്തില്‍ നാളെ എനിക്ക് ഒരു സമ്മാനം തരുന്നുണ്ട് എന്ന് പറഞ്ഞു......എന്താണാവോ
അത്? അവന്‍ എന്നോട് സംസാരിക്കുമ്പോള്‍
എന്താണാവോ അവന്‍റെ
ചെവിയില്‍ ചേര്‍ത്ത് വച്ചിരിക്കുന്നത്? അറിയില്ല..
"റോസിന്‍....പ്രണയദിനാശംസകള്‍!!! ഞാന്‍ നിന്നെ പ്രണയിക്കുന്നു......ഈ ദിനത്തില്‍ ഞാന്‍ എന്‍റെ ഹൃദയം നിനക്കേകുന്നു...അവസാന ശ്വാസം വരെ നമ്മള്‍ ഒന്നാണ്.....ഇന്നലെ ഞാന്‍ പറഞ്ഞില്ലേ ആ സമ്മാനം....അത് ഞാന്‍ നിനക്ക് തരട്ടെ..... എന്‍റെ മനസ്സാകുന്ന മലര്‍വാടിയില്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളും ദുഖങ്ങളും പങ്കു വച്ച് വെള്ളവും വളവുമിട്ട് സൂക്ഷിച്ച ചുകന്ന പനിനീര്‍ പൂവ് വിടര്‍ന്നു...നിനക്കായ് ഞാന്‍ ആ ചെമ്പനീര്‍ ഇറുക്കുന്നു.. ഞാന്‍ ഇവളെ നിന്‍റെ പേരിട്ടാണ് വിളിക്കുന്നത്.....അമ്മയുണ്ടായിരുന്നെങ്കില്‍ ഇത് ഇറുക്കാന്‍ സമ്മതിക്കില്ലായിരുന്നു....ഓ മൈ ഡിയര്‍...ഐ ലവ് യു...." അവന്‍ ചെവിയില്‍ നിന്നും സെല്‍ ഫോണ്‍ പോക്കറ്റില്‍ത്തിരുകി....
നോബിന്റെ കൈകള്‍ എന്‍റെ നേരെ അടുത്തു.....ഇത്രയുംദിവസം തന്റേത് മാത്രം എന്ന് കരുതിയ കൈകള്‍ തന്‍റെ പ്രാണന്‍ എടുക്കാനായിരുന്നോ? തന്നോട് പങ്കുവച്ച മുഹൂര്‍ത്തങ്ങള്‍ അത്...അത് മറ്റൊരാള്‍ക്ക് വേണ്ടി ആയിരുന്നോ?
അറിയില്ല.................മുള്ളുകള്‍ അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു..
എങ്കിലും അവന്‍ സ്നേഹിച്ച അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കുമ്പോള്‍
അവന്‍റെ ഗന്ധം എന്നിലേക്ക് ആഴ്ന്നിറങ്ങി.......
നഷ്ടപ്പെട്ട പനിനീര്‍ പൂവിന്‍റെ ഘാതകനെ പഴിക്കുമ്പോലും മേരി ടീച്ചര്‍ക്ക് ഉള്ളില്‍ സന്തോഷത്തിന്‍ തിരയിളക്കം..രണ്ടു പനിനീര്‍ മൊട്ടുകള്‍ പുതുതായി ഉണ്ടായിരിക്കുന്നു.......റോസിന്‍ പോയി..എങ്കിലും ഇവര്‍ക്കും പേര് ഇടണം.....ഹാ.... നോബിനോട് ചോദിക്കാം. മെല്ലെ ടീച്ചര്‍ ആ മൊട്ടുകളെ തലോടി......