Sunday, August 14, 2011

സ്നേഹബലി

ടുര്‍…പി ..പ്പീ ….കണ്ണന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടുകയാണ്.ആ കുഞ്ഞുവീടിന്റെ മുറ്റത്തുകൂടി എത്ര തവണ പ്രദക്ഷിണം വച്ചൂന്ന് അവന് തന്നെ അറീല.“കണ്ണാ…മതീടാ…നാളെ കളിക്കാം..” എന്ന ഒരു കിളിനാദം അകത്തുനിന്നും കേള്‍ക്കുന്നു.പക്ഷേ സൈക്കിളിന്റെ ബാസ്കെറ്റില്‍ നിറച്ച ചാമ്പക്ക ഇടയ്ക്കിടക്ക് തിന്നുകൊണ്ട് അവന്‍ ഡ്രൈവറിന്റെ ഗമയില്‍ ഓടിച്ചുകൊണ്ടേയിരുന്നു.
ഗയിറ്റ് തുറന്ന് ദൂരെനിന്നും രശ്മി വരുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു.അടുത്തെത്തി വലതുകൈ മുന്നോട്ടു നീട്ടി സ്റ്റോപ്പ് എന്നു പറഞ്ഞു രശ്മി.
”ദച്ച്മി…താവാന്‍ പോകുന്നുണ്ടോ…മാറ് “ അക്ഷരങ്ങള്‍ വഴങ്ങാത്ത നാവ് അവനെ വിഷമിപ്പിക്കുന്നുവെന്നവള്‍ക്ക് തോന്നി.മുഖത്ത് ദേഷ്യം
.“മഴ വരുന്നു..കണ്ണാ‍…നമുക്ക് നാളെ കളിക്കാലോ..”
“ബേണ്ട…ദച്ച്മി കേറ്…ബാ”
“വേണ്ടെടാ..വീഴും..”സ്നേഹഭാവത്തിലവള്‍ പറഞ്ഞു.
”അല്ല കേറ്..”
അവന്‍ ശാഡ്യം പിടിക്കാന്‍ തുടങ്ങി.മനസ്സില്ലാ മനസ്സോടെ അവള്‍ ഇരുന്നു.പെട്ടെന്ന് സൈക്കിള്‍ മറിഞ്ഞു..ചാമ്പക്കയെല്ലാം നിലത്ത്.
“ങ്ങീ…..” അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അകത്തുനിന്നും കൊലുസ്സിന്റെ ശബ്ദം.ഇസ്തിരിപ്പെട്ടി ചരിച്ചു വച്ച് കണ്ണന്റെ കരച്ചില്‍ കേട്ട മാത്ര ജമീല പുറത്തേക്കോടി വന്നു.സാരിയാണു വേഷം,തുമ്പ് തെല്ലൊന്നു പൊക്കിയതിനാല്‍ തുടുത്ത കണങ്കാല്‍ കാണാമായിരുന്നു.വടിവൊത്ത ശരീരം,പര്‍ദ്ദ അണിഞ്ഞേ രശ്മി കണ്ടിരുന്നുള്ളൂ.ഒരു നിമിഷം ആ സൌന്ദര്യധാമത്തെ കണ്ണിമക്കാതെ സ്തബ്ധയായ് നോക്കിനിന്നുപോയി.രശ്മിയെ കണ്ടപ്പോള്‍ സാരിയുടെ തുമ്പിനാല്‍ തട്ടം ഇട്ടു.പരിഭ്രമത്തോടെ “എന്തു പറ്റി എന്റെ കണ്ണാ..?”
“അമ്മാ ഈ ദച്ച്മി എന്റെ സൈക്കിളില്‍ ഇരുന്നു എന്റെ താമ്പക്കയൊക്കെ പോയി“
“നമുക്ക് ഒത്തിരി പറിക്കാലോ ഇത് പോട്ടെ..”
അവനെ എടുത്തുകൊണ്ട് രശ്മിയോടായ് പറഞ്ഞു
.”ഇവനു കുറുമ്പിത്തിരി കൂടുതലാ..രശ്മി അകത്തേക്കു വാ..”
“അയ്യോ വേണ്ട ചേച്ചി..അമ്മ തിരക്കുന്നുണ്ടാവും,കണ്ണനെ കണ്ട് കേറീതാ…ഓഫീസില്‍ നിന്നും വന്നതേയുള്ളൂ..”
അപ്പോഴേക്കും മതിലിന്റെ അപ്പുറം രശ്മിയുടെ അമ്മയുടെ തല പ്രത്യക്ഷപ്പെട്ടു.
”കണ്ണനെന്തിനാ കരഞ്ഞേ?”
“കണ്ണന്‍ കളിച്ചതല്ലേ!!” എല്ലാരും കൂടി ചിരിച്ചു..കണ്ണനും ചിരിക്കാന്‍ തുടങ്ങി.
”വന്നിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ…എല്ലാം പരിചയപ്പെട്ടോ ജമീലാ..?”
“ഹാ പരിചയപ്പെട്ടു വരുന്നു..ചേച്ചി..”
അപ്പോളേക്കും നൌഷാദ് എത്തി.” ഞാന്‍ ഇക്കായ്ക്ക് ചായ കൊടുക്കട്ടെ”
“ശരി പിന്നെ കാണാം..”
അമ്മയും മകളും നടന്നകന്നു.അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
”ഈ നൌഷാദ്, ആങ്ങളയാന്നല്ലേ പറഞ്ഞത്? അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണു പോലും.മകന്റെ പേര്‍ കണ്ണ്ന്‍ എന്നും..ഇതില്‍ എന്തോ അക്ഷരപ്പിശക് ഉണ്ടല്ലോ രശ്മീ..നിനക്ക് അങ്ങിനെ തോന്നിയോ?”
“അമ്മയൊന്ന് മിണ്ടാതിരി..ജമീലചേച്ചിയുടെ ഹസ്ബന്റ് ദുബായിലാ..‘ദേവപ്രകാശ്‘ എന്നാ പേര്‍..ഹിന്ദുവാ..പ്രേമിച്ച് കെട്ടിയതാ..ഇപ്പം കൂടെയുള്ളത് സ്വന്തം ചേട്ടനാ..” രശ്മി ദേഷ്യം പ്രകടിപ്പിച്ചു.
“ഓ….എന്തരോ…എനിക്കൊന്നും വിശ്വാസമില്ല…”

ജമീല അത്താഴത്തിനുള്ള ചപ്പാത്തിക്ക് കുഴച്ചു വച്ചിട്ടുണ്ട്.കൈകഴുകി ചായക്കുള്ള വെള്ളം അടുപ്പില്‍ വച്ചു.ചായയും എടുത്ത് അകത്തു വന്നപ്പോളേക്കും കണ്ണ്ന്‍ നൌഷാദിന്റെ മടിയില്‍ ഇരുപ്പുറപ്പിച്ചിരുന്നു..
അയാളുടെ മുഖം മ്ലാനമായി കാണപ്പെട്ടു..
”അശോകേട്ടാ…എന്തുപറ്റി..വല്ലാതിരിക്കുന്നുവല്ലോ?”
“ഈ നാട്ടില്‍ എന്റെ പേര്‍ എന്താണു നീ പറഞ്ഞത്?”
“നൌഷാദ്”
“ശരി..ചോദിച്ചെന്നേയുള്ളൂ”
“എന്തുപറ്റി?ഓഫീസില്‍ എന്തെങ്കിലും..?”
“ഞാനിന്ന് ദേവപ്രകാശിനെ കണ്ടിരുന്നു..” ജമീലയുടെ മുഖത്ത് നോക്കാതെ അയാള്‍ പറഞ്ഞു.
“ദേവേട്ടന്‍…….” അവള്‍ വിതുമ്പി..”അദ്ദേഹം ജയിലില്‍ നിന്നും ഇറങ്ങിയോ?”
“ഇറങ്ങി”
“എന്നെ സംരക്ഷിക്കാന്‍ അശോകേട്ടനെ ഏല്‍പ്പിച്ച് പോയതല്ലേ…..എനിക്ക് കാണണം അശോകേട്ടാ…എനിക്ക് കാണണം എന്റെ കണ്ണന്റച്ചനെ”
അശോകന്‍ ഒന്നും മിണ്ടിയില്ല..എന്തു പറയണം എന്നയാള്‍ക്ക് അറിയില്ലായിരുന്നു..എല്ലാം പറഞ്ഞാലോ…..
ജമീല ഉമ്മറപ്പടിയില്‍ ഇരുന്നിട്ടുണ്ട്.ആകാശം കാര്‍മേഘത്തിന്റെ പിടിയില്‍ അമര്‍ന്നിരുന്നു…
കവുങ്ങുകളും തെങ്ങുകളും മുടിയിളക്കി സംഹാരനൃത്തം ചവിട്ടുകയാണ്.ഇടിയേയും മിന്നലിനേയും പേടിയുള്ള അവള്‍ കണ്ണനേയും കെട്ടിപ്പിടിച്ച് ഉമ്മറപ്പടിയില്‍ ഇരിക്കുന്നു.അവള്‍ മെല്ലെ കഴുത്തിലെ താലിചരട് ഒരു നിമിഷം നോക്കി ഓര്‍മ്മയുടെ ഓളങ്ങളിലേക്ക് ഊളിയിട്ടു പാഞ്ഞു.
അന്ന് ..അന്നും ഒരു മഴയുള്ള ദിവസം ആയിരുന്നു..ദേവന്‍ അവള്‍ക്ക് താലി ചാര്‍ത്തിയ ദിവസം.
ദേവപ്രകാശ് തന്നില്‍ അലിഞ്ഞ ദിവസം.”ജമീലാ .. നീയാണെന്റെ ശ്വാസം..നീയാണെന്റെ ജീവന്‍ “ എന്ന് പറഞ്ഞ് തന്റെ ഹൃദയത്തില്‍ ഹൃദയം ചേര്‍ത്തെഴുതിയ നിമിഷം.എല്ലാം മറന്ന് ഒന്നായ ദിവസം..
പെട്ടെന്ന് ഒരു ഫോണ്‍ വന്നതും നാട്ടിലേക്കു പോകണം എന്നു പറഞ്ഞതും താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞതും ഓര്‍ക്കുന്നു..”ജമീലാ ഒരാഴ്ച്ചക്കകം വരും..അച്ചന് സുഖമില്ല “ എന്ന് പറഞ്ഞതും ദൂരേക്ക് മറയും വരെ നോക്കിനിന്നതും ഓര്‍മ്മയില്‍ തത്തിക്കളിക്കുന്നു…
പിന്നീടാണ്‍ ദേവേട്ടന്റെ സുഹൃത്തായ അശോകേട്ടന്‍ തന്നെ അന്യേഷിച്ച് വരുന്നത്.
“ദേവപ്രകാശ് വലിയൊരു കുടുക്കിലാണു കുട്ടീ…എന്റെ കൂടെ വരണം..ഇവിടുന്ന് മാറിയേ മതിയാകൂ…
പോലീസ് തിരയുന്നുണ്ട്.കൂടുതല്‍ ഒന്നും ചോദിക്കരുത്.സമയമാകുമ്പോള്‍ എല്ലാം പറയാം..അതെ,കൂടുതല്‍ ഒന്നും എടുക്കാനില്ലായിരുന്നു.വേണ്ടപ്പെട്ടവര്‍ ആരും ഇല്ലാത്തതിനാല്‍ ആരോടും ചോദിക്കാനും ഇല്ല.അശൊകേട്ടന്റെ കൂടെ ഇറങ്ങിത്തിരിച്ചു.തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പ് അറിഞ്ഞനിമിഷം,പിന്നീടങ്ങോട്ട്,ഒരു സഹോദരന്റെ എല്ലാ കടമകളും ചെയ്തു അശോകേട്ടന്‍. എന്റെ കണ്ണന്‍ ഇന്നു നാല് വയസ്സ്.അവളുടെ കണ്ണുനീര്‍ അടര്‍ന്നു വീണു.
താലി ഒരു മാത്ര കൂടി നോക്കി അവള്‍ സാരിക്കിടയില്‍ മറച്ചു.

വലിയ ഒരു മഴ പെയ്ത് തോര്‍ന്നിരിക്കുന്നു.മുറ്റത്ത് മുട്ടിനൊപ്പം വെള്ളം.ഓര്‍മ്മകള്‍ മിന്നിമാഞ്ഞു.കണ്ണാന്‍ ഉറങ്ങിയിരിക്കുന്നു.ഓടിന്റെ അറ്റത്തു നിന്നും തുള്ളി തുള്ളിയായ് മഴ ഇറ്റിറ്റു വീഴുന്നു.വാഴകളൊക്കെ ചരിഞ്ഞിട്ടുണ്ട്.പേടിപ്പെടുത്തുന്ന മഴയുടെ അന്ത്യം.പക്ഷേ ഇപ്പോളുണ്ടായ ഇളം കാറ്റിനെന്തൊരാശ്വാസം!! പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തി.കാത്തിരിപ്പിന്റെ അന്ത്യം.
അശോകന്‍ അപ്പോളേക്കും ഉമ്മറത്തേക്കു വന്നു.ഉറങ്ങുന്ന കണ്ണനെ എടുത്ത് കിടത്തി.ജമീല ചിന്തിച്ചു.ദൈവം കരുണാമയന്‍!! ആരുമില്ലാത്തവളെ സംരക്ഷിക്കാന്‍ ദൈവം അശോകേട്ടന്റെ രൂപത്തില്‍!! കണ്ണുതുടച്ച് അകത്തേക്ക് നടന്നു ജമീല..
“അശോകേട്ടാ..എന്താണു ദേവേട്ടന് സംഭവിച്ചത്?
"ജമീലാ...എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. പറഞ്ഞേ പറ്റൂ..നീയറിയണം..എല്ലാം....”
അവള്‍ കാതോര്‍ത്തിരുന്നു..അശോകന്‍ പറഞ്ഞു തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്...ഞാനും ദേവനും കളിക്കൂട്ടുകാര്‍..ഒരേ പ്രായം.ജനിച്ചതും വളര്‍ന്നതും ഒരേ നാട്ടില്‍,തൊട്ടടുത്ത വീട്.അവന്‍ എന്റെ ആത്മസുഹൃത്ത്.നല്ല മനസ്സിന്റെ ഉടമ,സമ്പന്ന കുടുംബം,ഒരൊറ്റ മകന്‍.നമ്പൂതിരി ആയതിനാല്‍ വേദജ്ഞാനം നേടിയതിനു പുറമെ പൂജയും ഹോമവും കൂടപ്പിറപ്പ്.എല്ലാത്തിനും കൂടെ ഈ ഞാനും.സുന്ദരനായതിനാല്‍ സ്ത്രീകള്‍ക്ക് ഏറെ പ്രിയം.എങ്കിലും അവന്റെ പ്രണയം സുമിത്രക്ക് മാത്രമുള്ളതായിരുന്നു.സുമിത്ര ദേവന്റെ ജീവന്‍!അവന്റെ ആരാധനാ മൂര്‍ത്തി.പ്രത്യക്ഷ ദേവി!മരണത്തിലും വേര്‍പെടില്ലെന്ന് നിശ്ചയിച്ചവര്‍.സ്ഥിരമായി കാണാറുള്ള അമ്പലത്തിന്റെ പുറകിലെ കാവിന്റെ അരികത്ത് പ്രണയത്തിന്റെ വിവിധ വര്‍ണ്ണങ്ങള്‍ അവര്‍ പങ്കിട്ടു.
എല്ലാം അറിയുന്ന സുഹൃത്ത് ഞാന്‍ മാത്രമായിരുന്നു.
ഒരു ദിവസം
“സുമിത്രാ...എനിക്ക് നിന്നെ സ്വന്തമാക്കണം..”
“എന്താ സംശയം..ഞാന്‍ ഏട്ടന്റെ മാത്രം അല്ലേ?”
“പക്ഷേ....”
“എന്തു പക്ഷേ?”
“ദേവീ(ദീര്‍ഘനിശ്വാസം) എനിക്കു നിന്നെ സ്വന്തമാക്കാന്‍ ഒരു കടമ്പ കടക്കേണ്ടിയിരിക്കുന്നു”
“ഏട്ടനെന്തായീ പറയുന്നത്?”
“അതെ...എന്റെ ജാതകം പരിശോധിച്ചപ്പോള്‍..” വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ദേവന്..
“പറയൂ”
“നമ്മെ ത്തേടി ഒരു പരീക്ഷണം.എനിക്ക് വിധി രണ്ടു വേളി..”
“ഏട്ടാ...”
“അതെ ... പക്ഷേ ആദ്യഭാര്യ മരണപ്പെടും എന്ന് എഴുതിയിരിക്കുന്നു...”
സുമിത്ര ആത്മധൈര്യം സംഭരിച്ചു.
“സുമിത്രാ..അത്..അത്...നീയാകരുത് സുമിത്രാ.....” അവന്‍ തേങ്ങി..
“എന്തു ചെയ്യും വിധി മാറ്റാന്‍ കഴിയുമോ?” അവള്‍ തളരരുത് എന്നറിയാം..പുറമെ ഭാവവിത്യാസമില്ലാതെ ഉള്ളില്‍ അവളും തേങ്ങി....
കുറച്ചു നേരം അവിടെ മൌനം തളം കെട്ടി..എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ..ദേവന്‍ അവളുടെ മടിയില്‍ നിന്നും പൊടുന്നനെ എഴുനേറ്റു..
“കണ്ടുപിടിക്കണം...മറ്റൊരു പെണ്‍കുട്ടിയെ...”
“എന്നിട്ട്?”
“എന്നിട്ട് അവളെ താലി ചാര്‍ത്തണം”
“വേണ്ട ഏട്ടാ...വേണ്ട..മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച് എനിക്കു വേണ്ട ആ സൌഭാഗ്യം”
“വേണം....അവളിലൂടെ മാത്രമേ നിന്നെ എനിക്ക് സ്വന്തമാക്കാന്‍ കഴിയൂ....”മുഖത്ത് രൌദ്രത,അത് കണ്ണുകളില്‍ പ്രതിഫലിച്ചു...അട്ടഹസിച്ച് അവന്‍ ദൂരെ മറയുന്നതും നോക്കി അവള്‍ പൊട്ടിക്കരഞ്ഞു...
“ജമീലാ...അങ്ങിനെ കിട്ടിയതാണു നിന്നെ.........” അശോകന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു....
സ്വസ്ഥതയറ്റ മനസ്സിന്റെ ചിന്നിയ കണ്ണാടിയില്‍ ഒരു പേടിസ്വപ്നത്തിന്റെ പ്രതിബിംബം തെളിഞ്ഞു വന്നു..വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ അവളുടെ മുഖത്തെ മാംസപേശികള്‍ ചലിച്ചു.
“സത്യമോ..അശോകേട്ടാ....അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു അല്ലേ???”
“ഇനിയും നീയറിയാനുണ്ട് ജമീലാ.....നിന്നെ എന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞില്ല അവന്‍..മറിച്ച് നിങ്ങള്‍ ഒന്നായ ദിവസം സുമിത്രയെ കാണാന്‍ പോയതാണ്..തിരിച്ചെത്തുമ്പോളേക്കും ഒരു ബലിക്കുള്ളതെല്ലാം ഒരുക്കണം എന്നായിരുന്നു ഓര്‍ഡര്‍..നിന്റെ രക്തം പരാശക്തിക്കു കൊടുക്കാന്‍..അവന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍..”

“എനിക്കു കഴിഞ്ഞില്ല കുട്ടീ.... നിന്നെ രക്ഷിക്കണം എന്ന ചിന്ത മാത്രം..അപ്പോള്‍ ഇതൊന്നും പറഞ്ഞാല്‍ നീ വിശ്വസിക്കില്ല...അതാ പറയാഞ്ഞത്......”
ക്ഷീണിതയായി അവള്‍ ആ നിലത്ത് ഉമ്മറത്തെ തൂണില്‍ തല ചായ്ച്ച് ഇരുന്നു..

“നിനക്കറിയുമോ...നിന്നെ ബലി കൊടുക്കാന്‍ തീരുമാനിച്ച് അവളെ സ്വന്തമാക്കാന്‍ പോയ ദേവനെ എന്താണു കാത്തിരുന്നത് എന്ന്!!! സുമിത്രയുടെ നിര്‍ജ്ജീവ ശരീരം കൂടെ ഒരു ആത്മഹത്യാ കുറിപ്പും..”
“എന്തായിരുന്നു അത്??”
“ഏട്ടാ...ഞാന്‍ പോകുന്നു ഏട്ടന്റെ ആദ്യ ഭാര്യ ഞാന്‍ തന്നെയാണു..അങ്ങിനെ പറയുന്നതാ എനിക്കിഷ്ടം...എനിക്കു വേണ്ടി മറ്റൊരു ജീവിതം ബലി കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ ബലി കൊടുക്കുന്നു....എനിക്ക് ഏട്ടനോടുള്ള സ്നേഹം മരണമില്ലാത്തതാണ്..അടുത്ത ജന്മത്തിനായ് ഞാന്‍ കാത്തിരിക്കാം...ക്ഷമിക്കൂ...”
“സുമിത്രാ....ദേവീ.....നീയില്ലെങ്കില്‍ ഞാന്‍ ഇല്ലാ......ഞാനും വരുന്നു നിന്റെ കൂടെ....”
ആ നിശ്ചല ദേഹം കെട്ടിപ്പിടിച്ചവന്‍ ഭ്രാന്തനെപ്പോലെ അലറി...

“ജമീലാ ...ഞാന്‍ ഒന്നു അറിഞ്ഞില്ല...അതിനു ശേഷം അവന്‍ മനോരോഗത്തിന്റെ പിടിയിലായിരുന്നു..സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്ക്...പിന്നെ ആയുര്‍വേദം..
ഇന്നലെ ഞാന്‍ കണ്ടപ്പോള്‍ താടിയും മുടിയും നീട്ടി അമ്പലത്തിനു മുന്നില്‍....അവന്‍ നിന്നെ ഓര്‍ക്കുന്നു ജമീലാ ...നിന്നെ കാണണം എന്നു പറഞ്ഞു..നമ്മുക്ക് പോകാം..”
കണ്ണനെ വേഗം അവള്‍ എടുത്ത് ഒരുക്കവേ..അശോകന്റെ മൊബൈല്‍ ചിലച്ചു.ഒരു സുഹൃത്താണു മറുവശം..”അശോകാ...നീ വേഗം വരണം ഇന്നലെ നീ സംസാരിച്ച ആ മനുഷ്യന്‍ ഇല്ലേ” “യേസ്..മിസ്റ്റര്‍ ദേവപ്രകാശ്” “അയാള്‍ ആണെന്നു തോന്നുന്നു..ഒരു അപകടം..നീ വേഗം കവലയിലേക്കു വാ” അശോകനും ജമീലയും അവിടെ എത്തുമ്പോളേക്കും ജനക്കൂട്ടം തമ്പടിച്ചിരിക്കുന്നു......രക്തത്തില്‍ കുളിച്ച്.....ദേവപ്രകാശ്.....ജീവന്റെ അവസാന തുടിപ്പും നഷ്ടപ്പെട്ടിരിക്കുന്നു..ആ തേജസ്സുറ്റ മുഖം ജമീല ഒന്നു കൂടി നോക്കി..വികാരനിര്‍ഭരമായ നിമിഷം....ബോഡി എടുത്തപ്പോള്‍ ചുരുട്ടിപ്പിടിച്ച കൈകള്‍ക്കിടയില്‍ നിന്നും ഒരു തുണ്ടു കടലാസ്സ് നിലത്തേക്ക് വീണു....അശോകന്‍ അത് കുനിഞ്ഞ് എടുത്തു...അതില്‍ എഴുതിയിരിക്കുന്നു..

“പ്രിയ കൂട്ടുകാരാ...ഈ ലോകത്ത് എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല...മനുഷ്യനായി അല്ല ഞാന്‍ ജീവിച്ചത്..ഞാന്‍ എന്റെ സുമിത്രയെ കൊന്നു..നീ ജമീലയെ രക്ഷിച്ചു...നീയാണു മനുഷ്യന്‍ അല്ല ദേവന്‍...എന്റെ ജീവന്‍ ഞാന്‍ ബലി കൊടുക്കുന്നു..’സ്നേഹബലി’..ജമീലയേയും കണ്ണനേയും സ്വീകരിക്കാന്‍ നിനക്കാണു യോഗ്യത..എല്ലാത്തിനും നന്ദി”

അശോകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി............

ജമീല തന്റെ ദൈവത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു................................

ജമീല അശോകന്റെ കണ്ണുകളിലേക്ക് നോക്കി..ഒരു വ്യക്തിയോട് തോന്നുന്ന തീവ്രമായ വാത്സല്യവും പരിപാലനയും കലർന്ന വികാരം.ഒരു സ്ത്രീ കൊതിക്കുന്ന സംരക്ഷണം..ആ നോട്ടത്തില്‍ അവന്‍ അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു.പറയപ്പെടാത്ത വികാരം. ആ നിമിഷം സ്നേഹത്തിന്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു.....................................................................................