Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, November 18, 2013

ഈ വഴിയില്‍ ഇനിയെത്ര ദൂരം !


കാലത്തിന്‍റെ നടപ്പാത! പാത വിജനമായിരുന്നു.
ഈ വഴിയില്‍ ഇനിയെത്ര ദൂരം ! എന്ന് പറയുന്നതിന് അര്‍ത്ഥമുണ്ടോ?
അജ്ഞാതരായ സഹയാത്രികര്‍ ! അവര്‍ അജ്ഞാതരാണോ? അല്ല !
ഈ യാത്ര ആര്‍ക്കു വേണ്ടി? പാതയുടെ അന്ത്യത്തില്‍ ...അവിടെ ..അവിടെ.... തന്റെ പേരും ശിലാലിഖിതം ആയിട്ടുണ്ടാകും..
അറിയില്ല !
ഈ വഴി യാത്ര ചെയ്യുന്നവരും ഒരേ ലക്‌ഷ്യം ആയിരിക്കാം...അതും അറിയില്ല!





വഴിയരികില്‍ വിശ്രമിക്കാനായ് ഒരുക്കിയിട്ടുള്ള പരുക്കന്‍ സിമന്‍റ് ബഞ്ചില്‍ ശൂന്യമായ ആകാശം നോക്കി അഖില ഇരുന്നു.നവംബര്‍ പോകുന്നു ഡിസംബറിനെ സ്വീകരിക്കാന്‍ ! രണ്ടും അഖിലക്ക് ഇഷ്ടമുള്ള മാസങ്ങള്‍.ഒന്ന് നഷ്ടത്തിന്‍റെതും  മറ്റൊന്ന് ലാഭത്തിന്‍റെതും..ഒന്നോര്‍ത്താല്‍ നഷ്ടവും ഒരു ലാഭം തന്നെ..

ഇനിയുള്ള  വഴികള്‍ പൂക്കള്‍ നിറഞ്ഞവയാണ്..പാതയുടെ ഇരുവശവും മഞ്ഞപ്പൂക്കള്‍ .... മനസ്സില്‍ സന്തോഷത്തിന്‍റെ തിരയിളക്കം.കടന്നുപോയ വഴികളെ ഒന്നോര്‍ത്തപ്പോള്‍ കണ്ണില്‍ നിന്നും സമുദ്രം..കാലം ഒരു മരുന്നാണല്ലോ! മുറിപ്പാടുകള്‍ മായ്ക്കാതിരിക്കുമോ? കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടിയ നേരത്തും തന്റെ കൂടെ ആരോ ഉണ്ടായിരുന്നു..താന്‍ അനുഭവിക്കുക ആയിരുന്നു...



ഈ കാത്തിരിപ്പിന് എത്ര വയസ്സായി? കണ്ടുമുട്ടാതിരിക്കില്ല...നീലാംബരത്തിന്‍റെ വിരിമാറിലൂടെ ഊളിയിട്ടു പറക്കുന്ന മഴമേഘപ്രാവുകളെ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു.അനന്ത നീലിമയില്‍ അവര്‍ തീരം തേടി അലയുകയാണോ? ഇരിപ്പിടമായ് ഒരു ചില്ല തേടി അലയുക ആണോ? നീണ്ട ഒരു നെടു വീര്‍പ്പിനന്ത്യത്തില്‍ ശിരസ്സൊന്നു കുനിച്ചപ്പോള്‍ പരുക്കന്‍  ബഞ്ചിന്‍റെ അറ്റത്ത് ഒരാള്‍ തന്നെ നോക്കി ചിരിക്കുകയാണ്..ചിരിക്കണോ? അറിയില്ല..അപരിചിതന്‍ ! വേണ്ടാ ....

വീണ്ടും ചിന്തയുടെ ആഴക്കയത്തില്‍  മുങ്ങിത്താഴാവേ,ശ്രദ്ധ പാളി വീണ്ടുമൊന്നു നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ പരിചിതനെന്നപോല്‍ അയാള്‍ തന്നെ തന്നെ നോക്കി മന്ദഹസിക്കുകയാണ്.ആ കണ്ണുകളില്‍ പരിചിതമായ ഒരു അപരിചിതത്വം അഖിലക്ക് കാണാന്‍ കഴിഞ്ഞു.

തന്‍റെ ലക്‌ഷ്യം മുന്നോട്ടുള്ള യാത്രയാണ് ... തനിക്കൊരു ലക്ഷ്യമുണ്ട് ....
പക്ഷെ ആ കണ്ണുകള്‍ അവളുടെതാണെന്നു അഖിലക്ക് തോന്നുകയാണ്..വീണ്ടും ആ കണ്ണുകളിലേക്ക് അവള്‍ അറിയാതെ അറിയാതെ...നോക്കുകയായിരുന്നു... "ആ നോട്ടം അഖിലയുടെ മനസ്സിനെ ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് പായിച്ചു...കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നീ നടക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ലേ...അഖില ഒന്ന് പതറി.

തന്‍റെ യാത്രയില്‍ കൂടെ നടന്നയാള്‍ ! വിഷമിച്ച അവസ്ഥയില്‍ ഓടിയണഞ്ഞവന്‍ ! ഇനി ഓരോ ചുവടും തന്‍റെ കൂടെ ! ഏകയാണ് എന്ന് ചിന്തിച്ച നിമിഷം തന്നെ വന്ന്‍ അണഞ്ഞിരിക്കുന്നു...കൃഷ്ണനാണോ! അറിയില്ല ...മുന്നില്‍ എത്രയെത്ര കാല്‍പ്പാടുകള്‍ !ഇറക്കിവച്ച ഭാണ്ഡങ്ങള്‍ വീണ്ടും ചുമലിലേറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും പിന്തുടര്‍ന്നു...ദൂരം താണ്ടിയെ മതിയാകൂ...

തന്നെപ്പോലെ  കാത്തിരിപ്പിന്‍റെ വേദന അറിയുന്ന മറ്റൊരാള്‍ !! അനുഭവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകാം ....പൂക്കള്‍ നിറഞ്ഞ ആ വഴികളിലൂടെ അവര്‍ സ്വയം മറന്നു നടന്നു...അവന്‍ കഥ പറഞ്ഞു 
നക്ഷത്രങ്ങള്‍ കുളിര് സഹിയാതെ ആകാശത്ത് നിന്നും വിറച്ചു.പുല്ലിനോടു പരിഭവിച്ചു മഞ്ഞു തുള്ളികള്‍ !! ദൂരം താണ്ടിയതറിഞ്ഞില്ല.

മുന്നില്‍ വഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു.കണ്ണില്‍ ചോദ്യങ്ങളും ചുണ്ടില്‍ മൌനവും.അയാള്‍ പറഞ്ഞു ഇതാണെന്‍റെ വഴി! ഇതാണെന്റെ ലക്‌ഷ്യം! "വരൂ...." നീര്‍ച്ചുഴിയില്‍പ്പെട്ട ഒരു ചെറു പുല്‍നാമ്പിനെ പോല്‍ അവളുടെ മനസ്സ്, ആ സന്ദര്‍ഭത്തെ നേരിടാന്‍ ധൈര്യം പകര്‍ന്നു. 

വൈകാരിക സ്പന്ദനത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെട്ടോ ;കണ്ടു തീരാത്ത സ്വപ്നങ്ങളും ,വേദനകളും  ഒരുമിച്ച് മനസ്സിനെ പാകപ്പെടുത്തി,  കൈ കോര്‍ത്ത്‌  അവര്‍  ആ വഴിയിലൂടെ നടന്നു നീങ്ങി.....................................കാലം തന്ന രക്തം പൊടിഞ്ഞ ആ മുറിവുകളിലേക്ക്‌ സ്നേഹത്തിന്‍റെ മധുരമാം നേര്‍ത്ത കാറ്റില്‍ ഒരു പ്രത്യേക സുഖം.....

കാലമേ നീ തന്ന നേര്‍ത്ത സുഖമുള്ള നോവിനാല്‍ എന്‍ തൂലിക ചലിച്ചിടട്ടെ!!!







ഈ വഴിയില്‍ ഇനിയെത്ര ദൂരം! 



(ഫോട്ടോ കടപ്പാട് : സാന്‍ജോ ജോസഫ്‌ (എന്റെ സുഹൃത്ത്‌ ))
Visit here :  https://www.facebook.com/photographysanjojoseph

Monday, February 18, 2013

നിലാവിന്‍ നിറമുള്ള പൂവ്

[ഹിന്ദു വിശ്വ എന്ന മാസികയില്‍ ഈ ലക്കം(ഫെബ്രുവരി 2013) പ്രസിദ്ധീകരിച്ച എന്റെ കഥ !]  

മഴയുടെ മൂടുപടമണിഞ്ഞ ഒരു ഇരുണ്ടസന്ധ്യ.കാലം തെറ്റി എത്തിയ പെരുമഴയുടെ പെരുമ്പറക്കൊട്ട്.തുള്ളിക്കൊരു കുടം പേമാരി..മഴയുടെ അവസാനം ഒരു നല്ല തണുപ്പ്.കാറ്റിന്‍റെ ശക്തിയില്‍ വീണടിഞ്ഞ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗി കൂട്ടി.ആ കുളിരുന്ന തണുപ്പില്‍ ജനാലക്കരികില്‍ അവന്‍ നിന്നു.മുറിയിലെ നിശബ്ദത കുത്തിനോവിക്കുന്നതായ് തോന്നി.
അങ്ങ് ദൂരെ ആ നീല നിറമുള്ള പൂവ് കാറ്റില്‍ ഇളകി ആടുന്നത് മഴത്തുള്ളികള്‍ ജനല്‍പാളികളില്‍ പതിഞ്ഞതുകാരണം അവ്യക്തമായിരുന്നു.ആ ഇളക്കം തന്നെ ആശ്വസിപ്പിക്കാനായിരിക്കുമോ?
പതുക്കെ ജനല്‍ പാളി  അയാള്‍ നീക്കിയപ്പോള്‍ ഒരു തണുത്ത കാറ്റ് അനുവാദം കൂടാതെ തന്‍റെ ചേല തട്ടിനീക്കി ദേഹത്ത് കുളിരണിയിച്ചു.തണുത്ത ഒരു തുള്ളി മഴ തന്‍റെ കവിളത് വീണപ്പോള്‍ മഴയുടെ വികാരം അവന്‍ അറിഞ്ഞു.

ഈ മഴ തന്‍റെ മനസ്സിന്‍റെ വേദന കഴുകിയോ? അതോ !
മനസ്സ് വേദനിക്കുമ്പോള്‍ മഴയായ് വരുമെന്ന്  അവന് അറിയാം.

മനസ്സിന്‍റെ കോണില്‍ പിന്നെയും ചിന്തകള്‍ക്ക് കൂട് കൂട്ടി.ആത്മഹത്യ-കരുതിക്കൂട്ടിയുള്ള മരണം.എന്തിനാണവള്‍ ആത്മഹത്യ ചെയ്തത്? തന്നില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യം.കളി തമാശക്ക് ഒടുവില്‍ അവള്‍ പറയുന്ന, ഇപ്പോള്‍ സംഭവിച്ചതുമായ  സത്യം.
മഴത്തുള്ളികള്‍ ചിതറിയ ആ ജനല്‍ പാളിയില്‍ അവന്‍റെ വിരലുകള്‍ ഇഴഞ്ഞു..'മീരാ നന്ദന്‍'.കൃഷ്ണന്‍റെ മീര..പെട്ടെന്നുതന്നെ ആ കൈ കൊണ്ട് ജനലിന്‍റെ ചില്ല് തുടച്ചു.

മൂടിക്കെട്ടിയ നിശബ്ദതക്ക് ഭംഗം സംഭവിച്ചുവോ?
"ഗുരുവായൂരപ്പാ ... ഈ നശിച്ച മഴ കഴിഞ്ഞപ്പോ കരണ്ടും പോയോ?..
നന്ദേട്ടാ.. എന്താ ഇത്?ഒത്തിരി നേരായല്ലോ ജനലിന്നടുത്ത്."

രുഗ്മിണി-തന്‍റെ സഹധര്‍മിണി.പ്രകൃതിയുടെ സൌന്ദര്യം ഇവളോട് പറഞ്ഞാല്‍ മനസ്സിലാകില്ല.തന്‍റെ പ്രണയിനിയെ കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നു അവള്‍ അറിഞ്ഞോ ആവോ?ഭാര്യ എന്ന പദവി അവള്‍ നന്നായി ചെയ്യുന്നു.ഭാഗ്യവാനാ താന്‍! നിന്ന നില്‍പ്പില്‍ തന്നെ തലയൊന്നു ചെരിച്ച് കിടക്ക വിരിക്കുന്ന രുക്കുവിനെ നോക്കിയവന്‍ ഒന്ന് മന്ദഹസിച്ചു

രുക്കു മുറി വിട്ടതോടെ തന്‍റെ ചിന്താമണ്ഡലം  വീണ്ടും ഉണര്‍ന്നു.
രുഗ്മിണിയുടെ സാമീപ്യത്തില്‍ കൃഷ്ണന്‍ രാധയെ ഓര്‍ത്തിട്ടുണ്ടാവില്ലേ?
രാധയെ ഓര്‍ത്തുള്ള ദുഃഖം കൃഷ്ണന് ഉണ്ടായിട്ടുണ്ടാവില്ലേ?അത് തെറ്റല്ല..സ്വയം ആശ്വസിച്ചു.

മീര! തന്‍റെ ശ്വാസം ! ജീവന്‍!

എപ്പോളോ എവിടെവച്ചോ അവിചാരിതമായി കണ്ടു,തന്‍റെതു മാത്രമായി.മടിയില്‍ ശയിച്ചു കൊണ്ട് ഇടതൂര്‍ന്ന മുടിയിലൂടെ വിരല്‍ ചലിപ്പിക്കുമ്പോള്‍ തണുത്ത വിരലിനാല്‍ അവള്‍ നനുത്ത മണ്ണില്‍ എഴുതുമായിരുന്നു..'മീരാനന്ദന്‍'.തന്‍റെ സാമീപ്യമായിരുന്നു അവളുടെ ആശ്വാസം.ഇതുപോലെ ഒരു പെരുമഴയത്തായിരുന്നു അവള്‍ തന്നോട് യാത്ര ചോദിച്ചത്.ബാന്ഗ്ലൂരിലെ അവളുടെ ചേച്ചിയുടെ വീട്ടിലേക്ക്.ഒരു കോഴ്സ് ആണ് ലക്‌ഷ്യം.നാട്ടില്‍ വന്ന് ഒരു ബ്യുട്ടി പാര്‍ലര്‍ നമുക്ക് ജീവിക്കാന്‍ അത് മതി നന്ദൂ..അവള്‍ പോയി..പിന്നീട് ..വിരഹ ദുഃഖം..

ലീവിന് വന്നപ്പോള്‍ അവള്‍ക്ക് എന്തോ മാറ്റം..ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അനുജന്‍ മനു കൊടുത്ത മൊബൈല്‍ അവള്‍ കാണിച്ചു.മനുവേട്ടനെ കൊണ്ടായിരുന്നു വാതോരാതെ ഉള്ള സംസാരം.

"നന്ദേട്ടാ...കാപ്പി..."
രുക്കുവിന്‍റെ കൈയ്യില്‍ നിന്നും ആവി പറക്കുന്ന കാപ്പി ചുണ്ടോടടുപ്പിച്ചു...അപ്പോളും ഒരേ ഓര്‍മ്മകള്‍..
രുക്കു എന്തോ പറയാന്‍ ഒരുങ്ങി.."നന്ദേട്ടാ..അവള്‍.. ആ മീര..."
"ഉം.."

"ഞാന്‍ അവിടെ പോയിരുന്നു.കമലു ഇത് നന്ദെട്ടനു ഏല്‍പ്പിക്കാന്‍ പറഞ്ഞു"
കമലു - മീരയുടെ അനിയത്തി..രുക്കുവിന്‍റെ ക്ലാസ് മേറ്റ്.
ഭംഗിയുള്ള ഒരു ഗോള്‍ഡന്‍ കവര്‍ തന്‍റെ നേര്‍ക്കവള്‍ നീട്ടി.. 
അതിന്‍റെ  മുകളിലൂടെ ഒരു റിബ്ബണ്‍ കെട്ടിയിരിക്കുന്നു..

മെല്ലെ അത് അഴിച്ച് ഒരു വിറയലോടെ ആ വടിവാര്‍ന്ന അക്ഷരം അവന്‍ വായിച്ചു.

പുറം ചട്ടയില്‍ ഇങ്ങനെ:
"കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും
കാത്തു കൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും
സ്നേഹത്തിനു കഴിയും"

മെല്ലെ താളുകള്‍ നീക്കി.
"അന്ന് നീ പകര്‍ന്ന അധരാമൃതം എന്നിലേക്ക് ആഴ്നിറങ്ങുമ്പോള്‍ എന്തെ നീ  തടഞ്ഞില്ല? എന്റെ പ്രാരാബ്ധങ്ങളും വിഷമതകളും നീ ആവാഹിച്ചെടുത്തില്ലേ! ലോകമായ എന്നെ ബന്ധിച്ചു.എന്റെ കണ്ണുനീരില്‍ കുതിര്‍ന്ന നിന്‍റെ വിരലുകള്‍ ഞാന്‍ പറിച്ചെറിഞ്ഞു.. എല്ലാം എനിക്ക് പറ്റിയ തെറ്റ്..ജീവിതത്തില്‍ എവിടെയോ എത്തിപ്പിടിക്കാനുള്ള വ്യഗ്രത.."ഡയറിയില്‍ നിന്നും കണ്ണ് പറിച് ദൂരേക്ക് നോക്കി നന്ദന്‍..നയനങ്ങള്‍ ആര്ദ്രമായോ?വീണ്ടും പേജുകള്‍ മറിഞ്ഞു..

"നിന്നെയും അയാളെയും സാമ്പത്തികത്തിന്റെ ത്രാസില്‍ അളന്നപ്പോള്‍ അയാളാണ്__! ഇതുവരെ കാണാത്ത കാഴ്ച്ചകള്‍,ആര്‍ഭാടങ്ങള്‍,അനു
ഭവിക്കാത്ത സുഖങ്ങള്‍...മതി മറന്നു പോയി..."
"എങ്കിലും മനസ്സ് നിന്‍റെ അടുത്ത് ആയിരുന്നു...നീ ഞാനാണല്ലോ..
നന്ദു ... നിന്‍റെ ഭാര്യയായ്...കുഞ്ഞുങ്ങളുടെ അമ്മയായ്...ഞാന്‍ ഒക്കെ മോഹിച്ചിരുന്നില്ലേ! എല്ലാം കൈവിട്ടു പോയി..എന്നില്‍ നിന്ന് എല്ലാം പറിച്ചെടുത്ത് അയാള്‍ എന്നെ ചതിക്കുകയാനെന്ന സത്യം അറിയാന്‍ വൈകി..."

ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ വീണ്ടും താളുകള്‍ മറിച്ചു.

"നിന്നിലേക്ക്‌ മടങ്ങണം എന്നുണ്ടായിരുന്നു..വേണ്ട..എന്റെ ഓര്‍മ്മകളില്‍ നിന്‍റെ ചിരിക്കുന്ന മുഖം ഉണ്ട് ...അത് മതി എനിക്ക്..
ഇന്ന് ഞാന്‍ മരണത്തെ ആഗ്രഹിക്കുന്നു! എന്റെ രോഗം എന്നെ കീഴ്പ്പെടുത്തുന്നതിനു മുന്നേ എനിക്ക് .....!
ഹൃദയം പൊട്ടി ഞാന്‍ ചോദിക്കുന്നു...മാപ്പ്...!


അടുത്ത ജന്മം ഉണ്ടെങ്കില്‍!!"


പതിയെ നന്ദന്‍ കണ്ണുകള്‍ അടച്ചു...
"എന്നെക്കാണണം എന്നാഗ്രഹിക്കുമ്പോള്‍
കണ്ണടക്കുക..മുഖത്ത് പുഞ്ചിരി വരുത്തുക...
നിന്‍റെ മിഴികളില്‍ ഞാനുണ്ടാകും" അവള്‍ പണ്ട് പറയുന്ന വാക്കുകള്‍..

അമര്‍ത്തി ചിമ്മിയ കണ്ണുകള്‍ തുറക്കുമ്പോള്‍ ഇമ നനഞ്ഞിരിക്കുന്നു...

തനിക്കായ് ഡയറിക്കൊപ്പം കിട്ടിയ സുവര്‍ണ നിറമുള്ള പേന കൈയ്യിലെടുത്ത് അടുത്ത പേജ് അവന്‍ മറിച്ചു.

അവിടെ എഴുതി..
"നീയുണ്ട്  എന്‍റെ മിഴിക്കുള്ളില്‍,ഹൃദയത്തില്‍,ഒരിക്കലും മായാത്ത പൊട്ട് പോലെ-ക്ഷമിച്ചിരിക്കുന്നു "

കാപ്പി ചുണ്ടോട് ചേര്‍ത്ത് ഒരു കവിള്‍ കൂടി കുടിക്കവേ ഒന്നും മനസ്സിലാകാതെ നിന്ന രുക്കുവിനെ തന്‍റെ മാറോട് ചേര്‍ത്ത് പറഞ്ഞു..
"രുക്കൂ...നീയാനെനിക്ക് എല്ലാം .ഗുരുവായൂരപ്പാ ..എല്ലാം ഈശ്വരെച് ച ."

നിഷ്കളങ്കമായ ആ മുഖത്ത് കണ്ണുനീരിന്‍റെ നനവ്..!

തുറന്നിട്ട ജാലകം അമര്‍ത്തി അടക്കവേ,പെയ്ത്  തോര്‍ന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരിക്കുന്നുന്നു.
പെരുമഴയല്ല..ചാറ്റല്‍ മഴ !ഹൃദയത്തിന്‍റെ ആഴങ്ങളില്‍ തണുപ്പേകുന്ന
സ്നേഹ മഴ!

നന്ദന്‍ ദൂരേക്ക്‌ നോക്കുമ്പോള്‍ പ്രതീക്ഷിച്ച പോലെ നിലാവിന്‍റെ നേര്‍ത്ത നിറമുള്ള ആ  പൂവ് വീണ്ടും സന്തോഷത്താല്‍ സുഗന്ധം പരത്തി  കുസൃതിയോടെ ഇളകി ആടുന്നുണ്ടായിരുന്നു!





Tuesday, August 21, 2012

കുപ്പി




സന്ധ്യയുടെ മാറിലേക്ക്  ഇരുട്ട്   മുഖമമര്‍ത്തി.. 
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്ന്..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെ ക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു  എന്ന മകന്‍റെ  ഭാര്യയുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ കുപ്പികള്‍ മരുന്നിന്‍റെ   രൂപത്തില്‍   കണ്ടപ്പോള്‍   ലജ്ജ തോന്നി..തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്റെ   വില   അറിഞ്ഞ  നിമിഷങ്ങള്‍ ...

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?"

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...ഒരു തിരിച്ചറിയലിന്റെ  വക്കിലായി കേളു..വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു..ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ രഹസ്യം  തന്‍റെ വലതു  കൈയ്യില്‍  എഴുതിയിട്ടുണ്ടായിരുന്നു ...







Saturday, October 8, 2011

കണ്ണനെയും കാത്ത് !!




ബാഗില്‍ അലക്കി തേച്ച മുണ്ടും വെളുത്ത ഷര്‍ട്ടും,പിങ്ക് നിറമുള്ള സാരിയും വൃത്തിയായ് മടക്കി വയ്ക്കവേ,അലസനായ് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ശ്രീദേവനെ   കുലുക്കി വിളിച്ചു കൊണ്ട്  നന്ദ."ശ്രീയേട്ടാ ...വെള്ള ഷര്‍ട്ടിന്റെ കൂടെ ഈ നീല ഷര്‍ട്ടും കൂടി വയ്ക്കാം അല്ലേ?" "ഉം...." "സെറ്റ് സാരി അവിടെയെത്തി കുളി കഴിഞ്ഞശേഷം...ഈ സാരി എനിക്ക് ചേരുമോ ശ്രീയേട്ടാ..?" "ഉം..." "മതി..ഈ കള്ളഉറക്കം ..എഴുനേല്‍ക്ക്  നമുക്കിന്നു പോണ്ടേ ...?"

മെല്ലെ അവന്‍ തിരിഞ്ഞു കിടന്നു..മുറുക്കി അടച്ചു പിടിച്ച കണ്ണുകള്‍ പതിയെ തുറന്നു..
അത്ഭുതത്തോടെ "ഹാ! ഞാനെന്തായീ കാണുന്നത് ! നന്ദാ.. നീ പതിവിലും സുന്ദരി ആയിരിക്കുന്നു ..ദേ...നിന്നെ കണ്ണന്‍ എനിക്ക് വിട്ടു തരുമെന്ന് തോന്നുന്നില്ല...ഗുരുവായൂരില്‍ ...."
"ഹാ ..കണ്ണന്‍ പറഞ്ഞാ ഞാനവിടെ നില്‍ക്കും"

"ആഹാ...അത്രക്കായോ? നിനക്കീ കണ്ണനെ വേണ്ടേ നന്ദാ?" പെട്ടെന്നുള്ള ആക്രമണം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.കവിളത്ത് ഒരു നുള്ള് കൊടുത്ത് ബാഗില്‍ നിന്നും ഭദ്രമായ്‌ പൊതിഞ്ഞ ആ മൂന്ന് ഒടക്കുഴലുകളും മൂന്ന് മയില്‍പ്പീലികളും തുറന്നു കാണിച്ചു ചെവി പിടിച്ചു  കൊണ്ട് അവള്‍ പറഞ്ഞു "എന്റെ കണ്ണാ ...നിന്നെ സ്വന്തമാക്കാന്‍ വേണ്ടിയല്ലേ..ഞാന്‍.."
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം...ആ കണ്ണുകളിലെ സന്തോഷാശ്രു ഒരു നിമിഷത്തെ മൌനത്തിനു ശേഷം,അവന്റെ കണ്പീലികളാല്‍  അവന്‍ സ്വന്തമാക്കി..

ഒരു മുരളീഗാനം...തന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നു..സമയം രാവിലെ അഞ്ച് മണി.സ്ക്രീനില്‍ തെളിഞ്ഞു "ശ്രീ..".എന്താണാവോ ഈ നേരത്ത്? തന്റെ സ്വപ്നം പറയാന്‍ വെമ്പി നന്ദ..അവന്‍ പറയട്ടെ ..
"നന്ദാ ...ഞാന്‍ വെളുപ്പിനെ ഒരു സ്വപ്നം കണ്ടു..." അവള്‍ക്ക് ആകാംക്ഷയായി ..(എനിക്കും പറയാനുണ്ട് എന്നവള്‍ പറഞ്ഞത് അവന്‍ കേട്ടുവോ?)
"നമ്മള്‍ ഗുരുവായൂര് പോകുന്നു..മൂന്നു വര്‍ഷമായ് നാം തീര്‍ത്ത നമ്മുടെ ഓടക്കുഴലും മയില്‍പ്പീലിയും കണ്ണന് സമര്‍പ്പിക്കാന്‍ ...പിന്നെ നിന്റെ സീമന്തരേഖയില്‍ കുങ്കുമം !!കഴുത്തില്‍ താലി...വാവേ(സ്നേഹം കൂടുമ്പോള്‍ വിളിക്കുന്നത്)  പറഞ്ഞാന്‍ സ്വപ്നം ഫലിക്കാതെ വരുമോ? ഇന്നലെ അമ്മ വിളിച്ചിരുന്നു..നമ്മുടെ കാര്യം വേഗം തീരുമാനിക്കണം എന്ന്..എന്താ ഇപ്പോം അങ്ങനെ തോന്നാന്‍!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ മാറ്റം..പിന്നെ നിനക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ..."
"നന്ദാ...നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്...സന്തോഷമായില്ലേ...? നന്ദാ..."
"............................"
അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു...
തന്റെ അലമാരയില്‍ സൂക്ഷിച്ച ഈട്ടിയാല്‍ തീര്‍ത്ത ആ ഒടക്കുഴലുകള്‍ എടുത്ത് കെട്ടിപ്പിടിച്ച് കിടന്നു നന്ദ.....നനഞ്ഞ കണ്പീലികള്‍ മയില്‍പീലിയില്‍ മുട്ടി നിന്നു...


അടിമലരിണ തന്നെ.. കൃഷ്ണാ
അടിയനൊരവലംബം.. കൃഷ്ണാ...

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (2)

പരമ ദയാംബുനിധേ... (3)
പരമ ദയാംബുനിധേ... കൃഷ്ണാ..
പാലിക്കേണം കൃഷ്ണാ...
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ...

സ്വപ്നത്തിന്റെ ആലസ്യത്തില്‍ അവള്‍ ആ ഓടക്കുഴല്‍ കെട്ടിപ്പിടിച്ച് കിടന്നു ....... 
കണ്ണനെയും കാത്ത് !!























Sunday, August 14, 2011

സ്നേഹബലി

ടുര്‍…പി ..പ്പീ ….കണ്ണന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടുകയാണ്.ആ കുഞ്ഞുവീടിന്റെ മുറ്റത്തുകൂടി എത്ര തവണ പ്രദക്ഷിണം വച്ചൂന്ന് അവന് തന്നെ അറീല.“കണ്ണാ…മതീടാ…നാളെ കളിക്കാം..” എന്ന ഒരു കിളിനാദം അകത്തുനിന്നും കേള്‍ക്കുന്നു.പക്ഷേ സൈക്കിളിന്റെ ബാസ്കെറ്റില്‍ നിറച്ച ചാമ്പക്ക ഇടയ്ക്കിടക്ക് തിന്നുകൊണ്ട് അവന്‍ ഡ്രൈവറിന്റെ ഗമയില്‍ ഓടിച്ചുകൊണ്ടേയിരുന്നു.
ഗയിറ്റ് തുറന്ന് ദൂരെനിന്നും രശ്മി വരുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു.അടുത്തെത്തി വലതുകൈ മുന്നോട്ടു നീട്ടി സ്റ്റോപ്പ് എന്നു പറഞ്ഞു രശ്മി.
”ദച്ച്മി…താവാന്‍ പോകുന്നുണ്ടോ…മാറ് “ അക്ഷരങ്ങള്‍ വഴങ്ങാത്ത നാവ് അവനെ വിഷമിപ്പിക്കുന്നുവെന്നവള്‍ക്ക് തോന്നി.മുഖത്ത് ദേഷ്യം
.“മഴ വരുന്നു..കണ്ണാ‍…നമുക്ക് നാളെ കളിക്കാലോ..”
“ബേണ്ട…ദച്ച്മി കേറ്…ബാ”
“വേണ്ടെടാ..വീഴും..”സ്നേഹഭാവത്തിലവള്‍ പറഞ്ഞു.
”അല്ല കേറ്..”
അവന്‍ ശാഡ്യം പിടിക്കാന്‍ തുടങ്ങി.മനസ്സില്ലാ മനസ്സോടെ അവള്‍ ഇരുന്നു.പെട്ടെന്ന് സൈക്കിള്‍ മറിഞ്ഞു..ചാമ്പക്കയെല്ലാം നിലത്ത്.
“ങ്ങീ…..” അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അകത്തുനിന്നും കൊലുസ്സിന്റെ ശബ്ദം.ഇസ്തിരിപ്പെട്ടി ചരിച്ചു വച്ച് കണ്ണന്റെ കരച്ചില്‍ കേട്ട മാത്ര ജമീല പുറത്തേക്കോടി വന്നു.സാരിയാണു വേഷം,തുമ്പ് തെല്ലൊന്നു പൊക്കിയതിനാല്‍ തുടുത്ത കണങ്കാല്‍ കാണാമായിരുന്നു.വടിവൊത്ത ശരീരം,പര്‍ദ്ദ അണിഞ്ഞേ രശ്മി കണ്ടിരുന്നുള്ളൂ.ഒരു നിമിഷം ആ സൌന്ദര്യധാമത്തെ കണ്ണിമക്കാതെ സ്തബ്ധയായ് നോക്കിനിന്നുപോയി.രശ്മിയെ കണ്ടപ്പോള്‍ സാരിയുടെ തുമ്പിനാല്‍ തട്ടം ഇട്ടു.പരിഭ്രമത്തോടെ “എന്തു പറ്റി എന്റെ കണ്ണാ..?”
“അമ്മാ ഈ ദച്ച്മി എന്റെ സൈക്കിളില്‍ ഇരുന്നു എന്റെ താമ്പക്കയൊക്കെ പോയി“
“നമുക്ക് ഒത്തിരി പറിക്കാലോ ഇത് പോട്ടെ..”
അവനെ എടുത്തുകൊണ്ട് രശ്മിയോടായ് പറഞ്ഞു
.”ഇവനു കുറുമ്പിത്തിരി കൂടുതലാ..രശ്മി അകത്തേക്കു വാ..”
“അയ്യോ വേണ്ട ചേച്ചി..അമ്മ തിരക്കുന്നുണ്ടാവും,കണ്ണനെ കണ്ട് കേറീതാ…ഓഫീസില്‍ നിന്നും വന്നതേയുള്ളൂ..”
അപ്പോഴേക്കും മതിലിന്റെ അപ്പുറം രശ്മിയുടെ അമ്മയുടെ തല പ്രത്യക്ഷപ്പെട്ടു.
”കണ്ണനെന്തിനാ കരഞ്ഞേ?”
“കണ്ണന്‍ കളിച്ചതല്ലേ!!” എല്ലാരും കൂടി ചിരിച്ചു..കണ്ണനും ചിരിക്കാന്‍ തുടങ്ങി.
”വന്നിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ…എല്ലാം പരിചയപ്പെട്ടോ ജമീലാ..?”
“ഹാ പരിചയപ്പെട്ടു വരുന്നു..ചേച്ചി..”
അപ്പോളേക്കും നൌഷാദ് എത്തി.” ഞാന്‍ ഇക്കായ്ക്ക് ചായ കൊടുക്കട്ടെ”
“ശരി പിന്നെ കാണാം..”
അമ്മയും മകളും നടന്നകന്നു.അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
”ഈ നൌഷാദ്, ആങ്ങളയാന്നല്ലേ പറഞ്ഞത്? അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണു പോലും.മകന്റെ പേര്‍ കണ്ണ്ന്‍ എന്നും..ഇതില്‍ എന്തോ അക്ഷരപ്പിശക് ഉണ്ടല്ലോ രശ്മീ..നിനക്ക് അങ്ങിനെ തോന്നിയോ?”
“അമ്മയൊന്ന് മിണ്ടാതിരി..ജമീലചേച്ചിയുടെ ഹസ്ബന്റ് ദുബായിലാ..‘ദേവപ്രകാശ്‘ എന്നാ പേര്‍..ഹിന്ദുവാ..പ്രേമിച്ച് കെട്ടിയതാ..ഇപ്പം കൂടെയുള്ളത് സ്വന്തം ചേട്ടനാ..” രശ്മി ദേഷ്യം പ്രകടിപ്പിച്ചു.
“ഓ….എന്തരോ…എനിക്കൊന്നും വിശ്വാസമില്ല…”

ജമീല അത്താഴത്തിനുള്ള ചപ്പാത്തിക്ക് കുഴച്ചു വച്ചിട്ടുണ്ട്.കൈകഴുകി ചായക്കുള്ള വെള്ളം അടുപ്പില്‍ വച്ചു.ചായയും എടുത്ത് അകത്തു വന്നപ്പോളേക്കും കണ്ണ്ന്‍ നൌഷാദിന്റെ മടിയില്‍ ഇരുപ്പുറപ്പിച്ചിരുന്നു..
അയാളുടെ മുഖം മ്ലാനമായി കാണപ്പെട്ടു..
”അശോകേട്ടാ…എന്തുപറ്റി..വല്ലാതിരിക്കുന്നുവല്ലോ?”
“ഈ നാട്ടില്‍ എന്റെ പേര്‍ എന്താണു നീ പറഞ്ഞത്?”
“നൌഷാദ്”
“ശരി..ചോദിച്ചെന്നേയുള്ളൂ”
“എന്തുപറ്റി?ഓഫീസില്‍ എന്തെങ്കിലും..?”
“ഞാനിന്ന് ദേവപ്രകാശിനെ കണ്ടിരുന്നു..” ജമീലയുടെ മുഖത്ത് നോക്കാതെ അയാള്‍ പറഞ്ഞു.
“ദേവേട്ടന്‍…….” അവള്‍ വിതുമ്പി..”അദ്ദേഹം ജയിലില്‍ നിന്നും ഇറങ്ങിയോ?”
“ഇറങ്ങി”
“എന്നെ സംരക്ഷിക്കാന്‍ അശോകേട്ടനെ ഏല്‍പ്പിച്ച് പോയതല്ലേ…..എനിക്ക് കാണണം അശോകേട്ടാ…എനിക്ക് കാണണം എന്റെ കണ്ണന്റച്ചനെ”
അശോകന്‍ ഒന്നും മിണ്ടിയില്ല..എന്തു പറയണം എന്നയാള്‍ക്ക് അറിയില്ലായിരുന്നു..എല്ലാം പറഞ്ഞാലോ…..
ജമീല ഉമ്മറപ്പടിയില്‍ ഇരുന്നിട്ടുണ്ട്.ആകാശം കാര്‍മേഘത്തിന്റെ പിടിയില്‍ അമര്‍ന്നിരുന്നു…
കവുങ്ങുകളും തെങ്ങുകളും മുടിയിളക്കി സംഹാരനൃത്തം ചവിട്ടുകയാണ്.ഇടിയേയും മിന്നലിനേയും പേടിയുള്ള അവള്‍ കണ്ണനേയും കെട്ടിപ്പിടിച്ച് ഉമ്മറപ്പടിയില്‍ ഇരിക്കുന്നു.അവള്‍ മെല്ലെ കഴുത്തിലെ താലിചരട് ഒരു നിമിഷം നോക്കി ഓര്‍മ്മയുടെ ഓളങ്ങളിലേക്ക് ഊളിയിട്ടു പാഞ്ഞു.
അന്ന് ..അന്നും ഒരു മഴയുള്ള ദിവസം ആയിരുന്നു..ദേവന്‍ അവള്‍ക്ക് താലി ചാര്‍ത്തിയ ദിവസം.
ദേവപ്രകാശ് തന്നില്‍ അലിഞ്ഞ ദിവസം.”ജമീലാ .. നീയാണെന്റെ ശ്വാസം..നീയാണെന്റെ ജീവന്‍ “ എന്ന് പറഞ്ഞ് തന്റെ ഹൃദയത്തില്‍ ഹൃദയം ചേര്‍ത്തെഴുതിയ നിമിഷം.എല്ലാം മറന്ന് ഒന്നായ ദിവസം..
പെട്ടെന്ന് ഒരു ഫോണ്‍ വന്നതും നാട്ടിലേക്കു പോകണം എന്നു പറഞ്ഞതും താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞതും ഓര്‍ക്കുന്നു..”ജമീലാ ഒരാഴ്ച്ചക്കകം വരും..അച്ചന് സുഖമില്ല “ എന്ന് പറഞ്ഞതും ദൂരേക്ക് മറയും വരെ നോക്കിനിന്നതും ഓര്‍മ്മയില്‍ തത്തിക്കളിക്കുന്നു…
പിന്നീടാണ്‍ ദേവേട്ടന്റെ സുഹൃത്തായ അശോകേട്ടന്‍ തന്നെ അന്യേഷിച്ച് വരുന്നത്.
“ദേവപ്രകാശ് വലിയൊരു കുടുക്കിലാണു കുട്ടീ…എന്റെ കൂടെ വരണം..ഇവിടുന്ന് മാറിയേ മതിയാകൂ…
പോലീസ് തിരയുന്നുണ്ട്.കൂടുതല്‍ ഒന്നും ചോദിക്കരുത്.സമയമാകുമ്പോള്‍ എല്ലാം പറയാം..അതെ,കൂടുതല്‍ ഒന്നും എടുക്കാനില്ലായിരുന്നു.വേണ്ടപ്പെട്ടവര്‍ ആരും ഇല്ലാത്തതിനാല്‍ ആരോടും ചോദിക്കാനും ഇല്ല.അശൊകേട്ടന്റെ കൂടെ ഇറങ്ങിത്തിരിച്ചു.തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പ് അറിഞ്ഞനിമിഷം,പിന്നീടങ്ങോട്ട്,ഒരു സഹോദരന്റെ എല്ലാ കടമകളും ചെയ്തു അശോകേട്ടന്‍. എന്റെ കണ്ണന്‍ ഇന്നു നാല് വയസ്സ്.അവളുടെ കണ്ണുനീര്‍ അടര്‍ന്നു വീണു.
താലി ഒരു മാത്ര കൂടി നോക്കി അവള്‍ സാരിക്കിടയില്‍ മറച്ചു.

വലിയ ഒരു മഴ പെയ്ത് തോര്‍ന്നിരിക്കുന്നു.മുറ്റത്ത് മുട്ടിനൊപ്പം വെള്ളം.ഓര്‍മ്മകള്‍ മിന്നിമാഞ്ഞു.കണ്ണാന്‍ ഉറങ്ങിയിരിക്കുന്നു.ഓടിന്റെ അറ്റത്തു നിന്നും തുള്ളി തുള്ളിയായ് മഴ ഇറ്റിറ്റു വീഴുന്നു.വാഴകളൊക്കെ ചരിഞ്ഞിട്ടുണ്ട്.പേടിപ്പെടുത്തുന്ന മഴയുടെ അന്ത്യം.പക്ഷേ ഇപ്പോളുണ്ടായ ഇളം കാറ്റിനെന്തൊരാശ്വാസം!! പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തി.കാത്തിരിപ്പിന്റെ അന്ത്യം.
അശോകന്‍ അപ്പോളേക്കും ഉമ്മറത്തേക്കു വന്നു.ഉറങ്ങുന്ന കണ്ണനെ എടുത്ത് കിടത്തി.ജമീല ചിന്തിച്ചു.ദൈവം കരുണാമയന്‍!! ആരുമില്ലാത്തവളെ സംരക്ഷിക്കാന്‍ ദൈവം അശോകേട്ടന്റെ രൂപത്തില്‍!! കണ്ണുതുടച്ച് അകത്തേക്ക് നടന്നു ജമീല..
“അശോകേട്ടാ..എന്താണു ദേവേട്ടന് സംഭവിച്ചത്?
"ജമീലാ...എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. പറഞ്ഞേ പറ്റൂ..നീയറിയണം..എല്ലാം....”
അവള്‍ കാതോര്‍ത്തിരുന്നു..അശോകന്‍ പറഞ്ഞു തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്...ഞാനും ദേവനും കളിക്കൂട്ടുകാര്‍..ഒരേ പ്രായം.ജനിച്ചതും വളര്‍ന്നതും ഒരേ നാട്ടില്‍,തൊട്ടടുത്ത വീട്.അവന്‍ എന്റെ ആത്മസുഹൃത്ത്.നല്ല മനസ്സിന്റെ ഉടമ,സമ്പന്ന കുടുംബം,ഒരൊറ്റ മകന്‍.നമ്പൂതിരി ആയതിനാല്‍ വേദജ്ഞാനം നേടിയതിനു പുറമെ പൂജയും ഹോമവും കൂടപ്പിറപ്പ്.എല്ലാത്തിനും കൂടെ ഈ ഞാനും.സുന്ദരനായതിനാല്‍ സ്ത്രീകള്‍ക്ക് ഏറെ പ്രിയം.എങ്കിലും അവന്റെ പ്രണയം സുമിത്രക്ക് മാത്രമുള്ളതായിരുന്നു.സുമിത്ര ദേവന്റെ ജീവന്‍!അവന്റെ ആരാധനാ മൂര്‍ത്തി.പ്രത്യക്ഷ ദേവി!മരണത്തിലും വേര്‍പെടില്ലെന്ന് നിശ്ചയിച്ചവര്‍.സ്ഥിരമായി കാണാറുള്ള അമ്പലത്തിന്റെ പുറകിലെ കാവിന്റെ അരികത്ത് പ്രണയത്തിന്റെ വിവിധ വര്‍ണ്ണങ്ങള്‍ അവര്‍ പങ്കിട്ടു.
എല്ലാം അറിയുന്ന സുഹൃത്ത് ഞാന്‍ മാത്രമായിരുന്നു.
ഒരു ദിവസം
“സുമിത്രാ...എനിക്ക് നിന്നെ സ്വന്തമാക്കണം..”
“എന്താ സംശയം..ഞാന്‍ ഏട്ടന്റെ മാത്രം അല്ലേ?”
“പക്ഷേ....”
“എന്തു പക്ഷേ?”
“ദേവീ(ദീര്‍ഘനിശ്വാസം) എനിക്കു നിന്നെ സ്വന്തമാക്കാന്‍ ഒരു കടമ്പ കടക്കേണ്ടിയിരിക്കുന്നു”
“ഏട്ടനെന്തായീ പറയുന്നത്?”
“അതെ...എന്റെ ജാതകം പരിശോധിച്ചപ്പോള്‍..” വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ദേവന്..
“പറയൂ”
“നമ്മെ ത്തേടി ഒരു പരീക്ഷണം.എനിക്ക് വിധി രണ്ടു വേളി..”
“ഏട്ടാ...”
“അതെ ... പക്ഷേ ആദ്യഭാര്യ മരണപ്പെടും എന്ന് എഴുതിയിരിക്കുന്നു...”
സുമിത്ര ആത്മധൈര്യം സംഭരിച്ചു.
“സുമിത്രാ..അത്..അത്...നീയാകരുത് സുമിത്രാ.....” അവന്‍ തേങ്ങി..
“എന്തു ചെയ്യും വിധി മാറ്റാന്‍ കഴിയുമോ?” അവള്‍ തളരരുത് എന്നറിയാം..പുറമെ ഭാവവിത്യാസമില്ലാതെ ഉള്ളില്‍ അവളും തേങ്ങി....
കുറച്ചു നേരം അവിടെ മൌനം തളം കെട്ടി..എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ..ദേവന്‍ അവളുടെ മടിയില്‍ നിന്നും പൊടുന്നനെ എഴുനേറ്റു..
“കണ്ടുപിടിക്കണം...മറ്റൊരു പെണ്‍കുട്ടിയെ...”
“എന്നിട്ട്?”
“എന്നിട്ട് അവളെ താലി ചാര്‍ത്തണം”
“വേണ്ട ഏട്ടാ...വേണ്ട..മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച് എനിക്കു വേണ്ട ആ സൌഭാഗ്യം”
“വേണം....അവളിലൂടെ മാത്രമേ നിന്നെ എനിക്ക് സ്വന്തമാക്കാന്‍ കഴിയൂ....”മുഖത്ത് രൌദ്രത,അത് കണ്ണുകളില്‍ പ്രതിഫലിച്ചു...അട്ടഹസിച്ച് അവന്‍ ദൂരെ മറയുന്നതും നോക്കി അവള്‍ പൊട്ടിക്കരഞ്ഞു...
“ജമീലാ...അങ്ങിനെ കിട്ടിയതാണു നിന്നെ.........” അശോകന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു....
സ്വസ്ഥതയറ്റ മനസ്സിന്റെ ചിന്നിയ കണ്ണാടിയില്‍ ഒരു പേടിസ്വപ്നത്തിന്റെ പ്രതിബിംബം തെളിഞ്ഞു വന്നു..വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ അവളുടെ മുഖത്തെ മാംസപേശികള്‍ ചലിച്ചു.
“സത്യമോ..അശോകേട്ടാ....അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു അല്ലേ???”
“ഇനിയും നീയറിയാനുണ്ട് ജമീലാ.....നിന്നെ എന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞില്ല അവന്‍..മറിച്ച് നിങ്ങള്‍ ഒന്നായ ദിവസം സുമിത്രയെ കാണാന്‍ പോയതാണ്..തിരിച്ചെത്തുമ്പോളേക്കും ഒരു ബലിക്കുള്ളതെല്ലാം ഒരുക്കണം എന്നായിരുന്നു ഓര്‍ഡര്‍..നിന്റെ രക്തം പരാശക്തിക്കു കൊടുക്കാന്‍..അവന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍..”

“എനിക്കു കഴിഞ്ഞില്ല കുട്ടീ.... നിന്നെ രക്ഷിക്കണം എന്ന ചിന്ത മാത്രം..അപ്പോള്‍ ഇതൊന്നും പറഞ്ഞാല്‍ നീ വിശ്വസിക്കില്ല...അതാ പറയാഞ്ഞത്......”
ക്ഷീണിതയായി അവള്‍ ആ നിലത്ത് ഉമ്മറത്തെ തൂണില്‍ തല ചായ്ച്ച് ഇരുന്നു..

“നിനക്കറിയുമോ...നിന്നെ ബലി കൊടുക്കാന്‍ തീരുമാനിച്ച് അവളെ സ്വന്തമാക്കാന്‍ പോയ ദേവനെ എന്താണു കാത്തിരുന്നത് എന്ന്!!! സുമിത്രയുടെ നിര്‍ജ്ജീവ ശരീരം കൂടെ ഒരു ആത്മഹത്യാ കുറിപ്പും..”
“എന്തായിരുന്നു അത്??”
“ഏട്ടാ...ഞാന്‍ പോകുന്നു ഏട്ടന്റെ ആദ്യ ഭാര്യ ഞാന്‍ തന്നെയാണു..അങ്ങിനെ പറയുന്നതാ എനിക്കിഷ്ടം...എനിക്കു വേണ്ടി മറ്റൊരു ജീവിതം ബലി കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ ബലി കൊടുക്കുന്നു....എനിക്ക് ഏട്ടനോടുള്ള സ്നേഹം മരണമില്ലാത്തതാണ്..അടുത്ത ജന്മത്തിനായ് ഞാന്‍ കാത്തിരിക്കാം...ക്ഷമിക്കൂ...”
“സുമിത്രാ....ദേവീ.....നീയില്ലെങ്കില്‍ ഞാന്‍ ഇല്ലാ......ഞാനും വരുന്നു നിന്റെ കൂടെ....”
ആ നിശ്ചല ദേഹം കെട്ടിപ്പിടിച്ചവന്‍ ഭ്രാന്തനെപ്പോലെ അലറി...

“ജമീലാ ...ഞാന്‍ ഒന്നു അറിഞ്ഞില്ല...അതിനു ശേഷം അവന്‍ മനോരോഗത്തിന്റെ പിടിയിലായിരുന്നു..സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്ക്...പിന്നെ ആയുര്‍വേദം..
ഇന്നലെ ഞാന്‍ കണ്ടപ്പോള്‍ താടിയും മുടിയും നീട്ടി അമ്പലത്തിനു മുന്നില്‍....അവന്‍ നിന്നെ ഓര്‍ക്കുന്നു ജമീലാ ...നിന്നെ കാണണം എന്നു പറഞ്ഞു..നമ്മുക്ക് പോകാം..”
കണ്ണനെ വേഗം അവള്‍ എടുത്ത് ഒരുക്കവേ..അശോകന്റെ മൊബൈല്‍ ചിലച്ചു.ഒരു സുഹൃത്താണു മറുവശം..”അശോകാ...നീ വേഗം വരണം ഇന്നലെ നീ സംസാരിച്ച ആ മനുഷ്യന്‍ ഇല്ലേ” “യേസ്..മിസ്റ്റര്‍ ദേവപ്രകാശ്” “അയാള്‍ ആണെന്നു തോന്നുന്നു..ഒരു അപകടം..നീ വേഗം കവലയിലേക്കു വാ” അശോകനും ജമീലയും അവിടെ എത്തുമ്പോളേക്കും ജനക്കൂട്ടം തമ്പടിച്ചിരിക്കുന്നു......രക്തത്തില്‍ കുളിച്ച്.....ദേവപ്രകാശ്.....ജീവന്റെ അവസാന തുടിപ്പും നഷ്ടപ്പെട്ടിരിക്കുന്നു..ആ തേജസ്സുറ്റ മുഖം ജമീല ഒന്നു കൂടി നോക്കി..വികാരനിര്‍ഭരമായ നിമിഷം....ബോഡി എടുത്തപ്പോള്‍ ചുരുട്ടിപ്പിടിച്ച കൈകള്‍ക്കിടയില്‍ നിന്നും ഒരു തുണ്ടു കടലാസ്സ് നിലത്തേക്ക് വീണു....അശോകന്‍ അത് കുനിഞ്ഞ് എടുത്തു...അതില്‍ എഴുതിയിരിക്കുന്നു..

“പ്രിയ കൂട്ടുകാരാ...ഈ ലോകത്ത് എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല...മനുഷ്യനായി അല്ല ഞാന്‍ ജീവിച്ചത്..ഞാന്‍ എന്റെ സുമിത്രയെ കൊന്നു..നീ ജമീലയെ രക്ഷിച്ചു...നീയാണു മനുഷ്യന്‍ അല്ല ദേവന്‍...എന്റെ ജീവന്‍ ഞാന്‍ ബലി കൊടുക്കുന്നു..’സ്നേഹബലി’..ജമീലയേയും കണ്ണനേയും സ്വീകരിക്കാന്‍ നിനക്കാണു യോഗ്യത..എല്ലാത്തിനും നന്ദി”

അശോകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി............

ജമീല തന്റെ ദൈവത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു................................

ജമീല അശോകന്റെ കണ്ണുകളിലേക്ക് നോക്കി..ഒരു വ്യക്തിയോട് തോന്നുന്ന തീവ്രമായ വാത്സല്യവും പരിപാലനയും കലർന്ന വികാരം.ഒരു സ്ത്രീ കൊതിക്കുന്ന സംരക്ഷണം..ആ നോട്ടത്തില്‍ അവന്‍ അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു.പറയപ്പെടാത്ത വികാരം. ആ നിമിഷം സ്നേഹത്തിന്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു.....................................................................................











Monday, May 2, 2011

സൗഹൃദത്തണല്‍

യാത്ര-എനിക്കെന്നും ഒരു ഹരമായിരുന്നു.പ്രത്യേകിച്ചും അത് ഒരു കടലിലേക്കുള്ളതാണെങ്കില്‍ ഇതും ഒരു യാത്രയാണു - ജീവിതം ആകുന്ന യാത്ര... ദു:ഖഭാണ്ഡവുമേന്തിയുള്ള ഈ യാത്രയില്‍ ഇറക്കി വയ്ക്കാന്‍ ഒരു തണല്‍ അതാണു സൗഹൃദം...ഈ യാത്രയുടെ പ്രത്യേകത തികച്ചും വികാരഭരിതമാണ്.

നമ്മള്‍ മൂന്നു പേര്‍ ഉണ്ണിമോള്‍,വാവ പിന്നെ ഈ ദേവൂട്ടിയും..ഉണ്ണിമോളും വാവയും... ഇവര്‍ ആരാ?അറിയപ്പെടാത്ത ഒരു നിയോഗമായവള്‍ വന്നു ഉണ്ണിമോള്‍,പിറകെ വാവയും..ഏതു വികാരമാണ് എന്നെ അവളുമായ് അടുപ്പിച്ചത്? അറിയില്ല..പക്ഷേ ഇന്നവള്‍ എന്റെ ആരോ ആയിത്തീര്‍ന്നിരിക്കുന്നു.കിലുകിലെ ചിരിക്കുന്ന അവളെ കണ്ടാല്‍ സകല ദു:ഖങ്ങളും പമ്പ കടക്കും...ഒരു സൗപര്‍ണ്ണിക പോലെ .... അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ....

ജോലി ഭാരം കഴിഞ്ഞ് ഹോസ്റ്റലിന്റെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നമ്മള്‍ കണ്ടുമുട്ടാറുണ്ട്,പിന്നീട് ആ പടികളില്‍ ആയിരുന്നു..എന്നെന്നും കൂട്ടായിരുന്നു എനിക്ക് ‘പടവുകള്‍.‘..അവിടെ ഇരുന്നാല്‍ അരികിലുള്ള ജനലിലൂടെ നോക്കിയാല്‍ റോഡിലൂടെ ധൃതിയില്‍ നടന്നു പോകുന്ന കാലുകള്‍ കാണാം.എന്തൊക്കെയോ ലക്ഷ്യവുമായ് നീങ്ങുന്ന കാലുകള്‍...ആ പടികളില്‍ ഇരുന്ന് നമ്മള്‍ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കു വച്ചു.നിലാവ് കിനാവിനോട് പറയുന്ന പോലെ...കടല്‍ കരയോട് പറയുന്ന പോലെ,മേഘം മണ്ണിനോട് പറയുന്ന പോലെ!! ചിലപ്പോള്‍ അത്ഭുതമായിട്ടുണ്ട് നമ്മളെ തിരിച്ചറിഞ്ഞ ഈശ്വരന്‍ എത്ര കരുണാമയനാണ്!! ഒരിക്കലും അറ്റുപോകരുതേ ഈ സൗഹൃദം..

ഇതൊക്കെ കണ്ട് വാവ അസൂയപ്പെട്ടിരുന്നു.അധികം മിണ്ടാത്തവളാ വാവ.എന്തോ എന്നോട് ഒരു അടുപ്പം...ഇടക്ക് ഒളി കണ്ണിട്ടു നോക്കുന്നത് നമുക്ക് കാണാമായിരുന്നു..മെല്ലെ മെല്ലെ അവളും നമ്മുടെ ലോകത്തേക്ക് വന്നു..അവള്‍ക്കും ഉണ്ട് ഒരു പിടി ദു:ഖങ്ങളും സന്തോഷങ്ങളും...നമ്മുടെ ലോകത്ത് ദു:ഖങ്ങളില്ല...സന്തോഷം മാത്രം..ജീവിതത്തിലെ ഉപമ,ഉത്പ്രേക്ഷ ഇത്യാദി എല്ലാ നമ്മള്‍ ഉപേക്ഷിച്ചു...ഈ നിമിഷത്തില്‍ ജീവിക്കുക..കോളേജ് പ്രായം കഴിഞ്ഞ് യൌവ്വനത്തില്‍ എത്തി നില്‍ക്കുന്ന മൂവരും ഒരു യാത്ര പുറപ്പെട്ടു..”പുതു വൈപ്പിന്‍ ബീച്ച്”- 

ഞങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അന്നൊരു ഞായര്‍ ആയിരുന്നു 3.30 ന് പുറപ്പെട്ടുകാണും വഴിയൊക്കെ കണ്ടുപിടിച്ചു.ലക്ഷ്യം മാര്‍ഗ്ഗത്തിനു തടസ്സമാകരുതല്ലോ..മോഡേണ്‍ ഡ്രസ്സ് ഒക്കെയിട്ട് മൂന്നു പേരും യാത്രയായി....ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു - നോക്കാതിരിക്കില്ലല്ലോ - നോക്കണമല്ലോ - അതല്ലേ പ്രകൃതി നിയമം.

വിജനമായിരുന്നു ആ തീരം.ഇത്തിരി വെയില്‍ നമ്മലെ അസ്വസ്ഥരാക്കി.പെട്ടെന്ന് തന്നെ തിരകളുടെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല.ദൂരെ മാറിയിരുന്നു.ഉണ്ണിമോളുടെ കുറുമ്പ് തുടങ്ങി കൂടെ വാവയും.പിന്നെ കടല്‍ത്തീരത്ത് പേരുകള്‍ എഴുതി അത് കടല്‍ അത് മായ്ക്കുന്നതും നോക്കി നിന്നു.നമ്മുടെ സൗഹൃദം കടലിനു പോലും അസൂയ ഉളവാക്കിയോ?




സമയം ഇഴഞ്ഞുനീങ്ങി.ഉല്ലാസയാത്രക്ക് എത്തിയ ദമ്പതികളെയും പ്രണയിതാക്കളെയും കാണാം.കൊച്ചുകുഞ്ഞുങ്ങള്‍ കടലിലേക്ക് എടുത്തു ചാടുന്നു,ചിലര്‍ കരയുന്നു.ഉണ്ണിമോളും വാവയും കൂടി പൂഴിമണ്ണില്‍ കൊട്ടാരം പണിയുന്നു.ആ മണല്‍ കൊട്ടാരം ഞാന്‍ ഒറ്റയടിക്ക് തകര്‍ത്തു.വഴക്കായി.എനിക്ക് എല്ലാം തകര്‍ക്കാനുള്ള വാസന കൂടുതല്‍ ആണെന്നവള്‍ പറഞ്ഞപ്പോള്‍ ശരിക്കും വിഷമമായി..പരസ്പരം അടികൂടിയും കളിപറഞ്ഞും ഇരിക്കവേ മൂന്നു  പേരുടെ കണ്ണുകളിലും ആര്‍ദ്രത..പെട്ടെന്ന് പുറകില്‍ രണ്ടു കണ്ണുകള്‍ !!! നമ്മെത്തന്നെ വീക്ഷിക്കുന്നു.ഒരു കാതിലില്‍ കമ്മലിട്ട്,മുടി നീട്ടി,കണ്ണുകള്‍ ചുവന്ന ഒരു രൂപം...ഒരു മൃഗത്തെപ്പോലെ.പെട്ടെന്ന് നമ്മുക്ക് ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു.ആ സ്ഥലം പന്തിയല്ല തീരത്തെ വേറൊരു കോണില്‍ നമ്മള്‍ നീങ്ങി.ഒരു നിമിഷം ആ പ്രായം ഊഹിച്ചു ഒരു ഇരുപത് കാണും.എന്റോസള്‍ഫാന്‍ നിരോധനം കൊടുമ്പിരി കൊള്ളുന്ന ഈ സമയം അതിലും മാരകമായ മയക്കുമരുന്നും,വിദേശമദ്യവും നിരോധിക്കാന്‍ ആരും തുനിയുന്നില്ല..


അപ്പോളും എപ്പോളും എന്റെ മനസ്സ് എന്റെ ആത്മസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഒന്നു പിണങ്ങാനും ഇണങ്ങാനും ഈ തീരം.എന്നെ തിരഞ്ഞു ഞാന്‍  എന്നിലെത്തിയ നിമിഷം വെറുതെ-ഓര്‍ത്തുപോയി- തീരത്തെ തണുത്ത കാറ്റ് മനം കുളിര്‍പ്പിച്ചു.ഒത്തിരി പറയാന്‍ വെമ്പി തിരമാലകള്‍ അലമുറയിട്ട് എന്നിലേക്കണയുന്നു.തനുവില്‍ ഒരു തണുപ്പു മാത്രം തന്ന് എന്തേ തിരിച്ചു പോയി? സൂര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു.അസ്തമയ സൂര്യനെ കാണാനില്ല.അതോ ഒളിച്ചിരിക്കുകയാണോ?ദൂരെ ദൂരെ കടലും ആകാശവും ചുംബനത്തിലമര്‍ന്നോ??ചുകന്നു തുടുത്ത അസ്തമയ സൂര്യനെ ഇപ്പോള്‍ കാണാം.അപ്പോളേക്കും കണ്ണന്റെ ഒരു കവിത എഴുതിതീര്‍ന്നിരിക്കുന്നു...ആ തീരത്തുനിന്നും പോരാന്‍ തോന്നുന്നില്ല.....കടല്‍ വല്ലാതെ ആകര്‍ഷിക്കുന്നു..മെല്ലെ മെല്ലെ മുന്നോട്ട് (കടലിന്റെ ആഴങ്ങളിലേക്ക്)നടക്കാന്‍ തുടങ്ങി..മനസ്സ് അങ്ങ് അകലെ ആണ്..ഞാന്‍ പ്രണയിക്കുകയാണ് കടലിനെ...
എന്റെപ്രണയം കടലിനോടാണ്,കാറ്റിനോടാണ്,മഴയോടാണ്,മഞ്ഞുതുള്ളിയോടാണ് പ്രകൃതിയോടാണ്.കടലിലേക്ക് ഞാന്‍ അലിയട്ടെ ......

അയ്യോ .... അപ്പോളതാ .... ആരാണ് എനിക്ക് മുന്നെ കടലിലേക്ക് നടക്കാന്‍ പോയത്?? ഉണ്ണിമോളല്ലേ അത്...  ഓടിച്ചെന്ന് ഉണ്ണിമോളുടെ കൈപിടിച്ചു തിരികെ വിളിച്ചു ...നിനക്ക് ഞാനില്ലേ .... എന്നെ ഒറ്റക്കാക്കി പോകരുത്...ഞാനും പോകില്ല .... ഇനിയും ഈ വഴിയില്‍ എത്ര ദൂരം നടക്കാനുണ്ട്?? ഇനി ഓരോ ചുവടും നാം ഒരുമിച്ച്!!! ഇതെന്റെ നിയോഗം!! ഉണ്ണിമോളേയും,വാവയേയും കൂട്ടി തീരത്തോട് വിട പറഞ്ഞ് മനസ്സിലെ ദു:ഖങ്ങളും സന്തോഷങ്ങളും സൗഹൃദവും പങ്കുവച്ച് അവര്‍ നടന്നു നീങ്ങി .......












Sunday, April 24, 2011

പുനര്‍ജന്മം

 [“ഹിന്ദു വിശ്വ” എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ]

കൈകള്‍ കൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ ദേഹമാസകലം ഒരു വിറയല്‍ അനുഭവപ്പെട്ടു ശിവപ്രിയക്ക്.മെല്ലെ കണ്ണു തുറന്നപ്പോള്‍ തന്നെത്തന്നെ നോക്കി നില്‍ക്കുകയാണു ദേവന്‍.താന്‍ ഭക്തിപൂര്‍വ്വം കൊരുത്ത കൂവളമാലയും അണിഞ്ഞിട്ടുണ്ട്.ആ കണ്ണുകള്‍ ചിമ്മുന്നുണ്ടോ?അമ്പലനടയില്‍ നില്‍ക്കുമ്പോള്‍ വിഗ്രഹ ശിലയില്‍ ലയിക്കും പോലെ.നിറഞ്ഞ മന്ദഹാസം മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ കണ്ണുകള്‍ ഇറുങ്ങനെ അടച്ചു.സന്തോഷത്തിന്റെ നീര്‍ത്തുള്ളികള്‍ കവിളിണകള്‍ അറിയുന്നുണ്ടായിരുന്നു.ആ ഏകാന്തതയിലേക്ക് നാദസ്വരശബ്ദം ഒഴുകിവന്നു മനസ്സിനെ ഉണര്‍ത്തി.അലൌകികമായ ഒരു ആനന്ദം.അന്നേവരെ അനുഭവിക്കാത്ത എന്തോ ഒന്ന്! അതാ - ഒരു വെളിച്ചം! വിഗ്രഹത്തില്‍ നിന്നും അവളിലേക്ക് ഒരു ശാന്തി അനുഭവിച്ചു കൊണ്ട് മിന്നായം പൊലെ ഒരു ദൃശ്യം! എന്താദ്! ഒരു വലിയ നാലുകെട്ട്! എവിടെനിന്നോ പഞ്ചാക്ഷരീ മന്ത്രം! പെട്ടെന്നവള്‍ കണ്ണു തുറന്നു.അമ്പരപ്പോടെ ചുറ്റും നോക്കി.ഇല്ല! ഒന്നുമില്ല.താന്‍ നടയില്‍ തന്നെയുണ്ട്.ആളുകല്‍ തൊഴാന്‍ വരുന്നു,പോകുന്നു.

ശനീശ്വരന്റെ നടയില്‍ എത്തുമ്പൊളേക്കും വാര്യര്‍ ആംഗ്യം കാട്ടി.പൂജക്കുള്ള പുഷ്പം നടയില്‍ വക്കാന്‍.ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍ പുഷ്പം വെച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ , ഇന്നിത്തിരി വൈകിയല്ലോ എന്നോര്‍ത്തു.സാധാരണ തന്റെ മൂന്നാമത്തെ പ്രദക്ഷിണത്തിനാണ് പൂക്കള്‍ സമര്‍പ്പിക്കാറ്.നിയോഗം പോലെ - തന്റെ സാന്നിദ്ധ്യം .വര്‍ഷങ്ങളായി തുടരുന്ന പ്രവൃത്തി.ദേവന് ഒത്തിരി ഇഷ്ടമായതിനാലാകാം തന്റെ കൈയ്യില്‍ നിന്നും പൂക്കള്‍ ആഗ്രഹിക്കുന്നത്.പ്രസാദം വാങ്ങുമ്പോള്‍ കൂവളത്തില ചോദിച്ചു വാങ്ങാന്‍ മറന്നില്ല!!

 ദേവിയെയും തൊഴുത് തിരിഞ്ഞുനടക്കവേ മനസ്സ് ചിന്തകളാല്‍ മൂടപ്പെട്ടിരുന്നു.ഓഫീസില്‍ ഇരിക്കുമ്പോളും നാലുകെട്ടിന്റെ ചിന്ത തന്നെ.സന്ധ്യക്ക് ദീപാരാധന തൊഴുതപ്പോളും.നാലുകെട്ട്! നടുമുറ്റം!കൂവളത്തില! പഞ്ചാക്ഷരീ മന്ത്രം! നാഗത്തറ! എല്ലാം കാണുന്നു.പെട്ടെന്ന് മണി നാദം! വലിയ ആരവത്തോടെ നട തുരക്കുകയാണ്.ദേവന്‍ കൂവളത്തിലയാല്‍ മൂടപ്പെട്ടിരിക്കുന്നു.ദീപങ്ങള്‍ ജ്വലിക്കുന്നു.! താന്‍ കോരിത്തരിച്ച് ദേവനെ നോക്കിനില്‍ക്കുകയാണ്.മഴ പെയ്ത് തോര്‍ന്ന പോലെ! എന്തൊരനുഭവം! നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൌനം - പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി പിടയുന്ന വാക്കുകള്‍!


മെല്ലെ നാലുകെട്ടിലേക്ക് നടന്നു.പക്ഷികളുടെ ചെറു മര്‍മ്മരം.വൃത്തിയായി ചാണകം മെഴുകിയ മുറ്റം.അതില്‍ അങ്ങിങ്ങായി കരിയിലകള്‍ തുളസിത്തറയിലെ തിരി പാതിയോളം കത്തി കരിന്തിരി അണഞ്ഞിരിക്കുന്നു.വിശാലമായ വരാന്ത.വലിയ തൂണുകള്‍ നാലുകെട്ടിന് മോടി കൂട്ടി.തൂണുകള്‍ മുഴുവനും ഈട്ടിതടിയാണ്.ആളനക്കം തോന്നുന്നില്ല.അകത്തേക്ക് കയറുന്തോറും ഒരു തണുപ്പ് കയറി വരും പോലെ.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.നടുമുറ്റത്തെ ക്ഷേത്രത്തില്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു.അപ്പോളും പഞ്ചാക്ഷരീമന്ത്രം കേള്‍ക്കാം.കാഴ്ച്ചക്കു തെളിമ പോര.മെല്ലെ പടിഞ്ഞിറ്റയിലേക്ക് പ്രവേശിച്ചു.മന്ത്രം ജപിച്ചു കൊണ്ട്,ഭസ്മധാരണാം ചെയ്ത്,മുടി ഒരു വശം കോതിയൊതുക്കി വളരെ പ്രൌഡയായ ഒരു തേജസ്വിനി.കൂവളമാല കോര്‍ക്കുകയാണ്.സൂര്യ തേജസ്സുപോലെ ഒരു തമ്പുരാട്ടി.ആ മുഖത്തുനിന്നും ദൃഷ്ടി പറിക്കാന്‍ തോന്നുന്നില്ല.പെട്ടെന്ന് മുറ്റത്ത് ആരുടെയൊക്കെയോ കാലൊച്ച.ശരിയാണ്,കുറേ പേര്‍ എന്തൊക്കെയോ ഗൌരവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്.കൂട്ടത്തില്‍ ഇത്തിരി പ്രായം ചെന്നയാള്‍ ഉമ്മറത്തു വച്ച കിണ്ടിയില്‍ നിന്നും കാല്‍ കഴുകി കൊണ്ട് ഉച്ചത്തില്‍ വിളിച്ചു.“ദേവൂട്ട്യേ - ദേവൂട്ട്യേ” കേട്ടില്ലേ എന്ന ഭാവത്തില്‍ ഇത്തിരി കൂടി ശബ്ദം ഉയര്‍ത്തി “ത്തിരി സംഭാരം കൊണ്ടുവരൂ ..ദാഹം ണ്ട്...” പിന്നെ തിരിഞ്ഞ് കൂടെയുല്ലവരോട് “ഇരിക്യാ ..... സംഭാരം ആവാം...”ചര്‍ച്ചകള്‍ നീളുന്നു.ഉത്സവകാര്യം ആണ് വിഷയം.

താത്രിക്കുട്ടി ധൃതിയില്‍ തമ്പുരാട്ടിയുടെ അടുക്കലേക്ക് വരുന്നത് കാണാം.തമ്പുരാട്ടി ഒന്നും കേള്‍ക്കാത്ത മാതിരി കൂവളമാല കെട്ടിക്കൊണ്ടേയിരുന്നു.“തമ്പുരാട്ടീ ...സംഭാരം കൊണ്ടുവരാന്‍ പറഞ്ഞിരിക്കുന്നു“ എന്തോ ഒരു നിസ്സംഗ ഭാവത്തോടെ താത്രിക്കുട്ടിയെ നോക്കി “താത്രിക്കുട്ടി കൊടുത്തോളൂ..” വേഗം അവള്‍ ഒരു പാത്രത്തില്‍ സംഭാരം ഉണ്ണിനമ്പൂരിക്ക് കൊടുത്തു.കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: “തമ്പുരാട്ടി എന്തേ?”  “ദേവൂട്ടി...ദേവന് മാല കെട്ടുകയായിരിക്കും..അതോണ്ടാ വരാത്തേ..”
“സന്താനഭാഗ്യം ഉണ്ടായില്യാ..അല്ലേ?” ആരോ പതുക്കെ ചോദിച്ചു.കണ്ണടച്ച് മൃദുവായി ചിരിച്ച് അദ്ദേഹം പറഞ്ഞു...”ഉം...അതിനുള്ള ഭാഗ്യം ദേവന്‍ തന്നില്ല.ഈ തറവാട്ടില്‍ ഓടിച്ചാടി നടക്കുന്ന ഒരു ഉണ്ണിയെ ന്റെ ദേവൂട്ടി മനസ്സാ കൊതിച്ചതാ..ന്റെ വേളിക്ക് പ്പം ഒറ്റ ചിന്തയേ ഉള്ളൂ..ദേവന്റെ നടയില്‍ സമര്‍പ്പണം.ന്നെ പ്പോലും വേണ്ടാതായിരിക്കുണൂ ...” ദു:ഖം കടിച്ചമര്‍ത്തി പറഞ്ഞ വാക്കുകള്‍.

“താത്രിക്കുട്ടീ...വിളക്ക് വൃത്തിയാക്കി ഇങ്ങട്ട് കൊണ്ടുവരൂ...പൂജക്ക് സമയമായി...” ചുണ്ടത്ത് മന്ത്രവുമായി “ദേവാ ...“ എന്നു പറഞ്ഞുകൊണ്ട് കൈ കുത്തി എഴുനേല്‍ക്കുന്നു.നടുമുറ്റത്തെ ക്ഷേത്രത്തില്‍ കുറച്ചു സമയം പൂജ.കൂവളമാല ദേവനു ചാര്‍ത്തുന്നു.മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു.നാലുകെട്ടിനു ഇടതു വശമായി നാഗത്തറ.അവിടേക്കു വിളക്കു വക്കാനായി തമ്പുരാട്ടി മെല്ലെ നടക്കുകയായി.അപ്പോളേക്കും ഇരുട്ട് വീഴാന്‍ തുടങ്ങിയിരിക്കുന്നു.നാഗപ്രതിഷ്ഠയില്‍ വീണ മഞ്ഞള്‍പ്പൊടിയും ചുകന്ന പട്ടും ഉള്ളില്‍ ഭയമുണ്ടാക്കി.കാവില്‍ ഇരുട്ടില്‍ എന്തൊക്കെയോ ഇഴയുന്നത് പോലെ.ഉണ്ണിനമ്പൂരിയും അങ്ങോട്ട് നടന്നു വരുന്നുണ്ട്.താത്രിക്കുട്ടിയോടായ് പറഞ്ഞു:“താത്രിക്കുട്ടീ .... കാവു കാട് പിടിച്ചിരിക്കുന്നു.... നാളെ വൃത്തിയാക്കണം.“ തമ്പുരാട്ടി ഇതൊന്നും കേള്‍ക്കാതെ വിളക്കു വക്കുന്ന തിരക്കിലാണു.പെട്ടെന്നു ഭയങ്കരമായ കാറ്റ്.തൂക്കിയിട്ട വിളക്കുകള്‍ ആടാന്‍ തുടങ്ങി.പ്രതിഷ്ഠയിലെ പട്ട് വായുവില്‍ പറക്കുന്നു.തന്റെ കൈയ്യിലെ വിളക്ക് അണഞ്ഞു.തമ്പുരാട്ടി ഉറക്കെ നിലവിളിച്ചു.“ദേവാ..” പുറകില്‍ നിന്നും ഒരു ശീല്‍ക്കാരം.ഒരു കരിനാഗം.നിലവിളി കേട്ട് ഉണ്ണി നമ്പൂരിയും താത്രിക്കുട്ടിയും ഓടിയണഞ്ഞു.തമ്പുരാട്ടിയെ താങ്ങിപ്പിടിച്ചു.“ന്റെ ദേവൂട്ട്യേ ...” അലറുകയാണു തമ്പുരാന്‍.ഒരു നിമിഷം ...ദേവൂട്ടിയുടെ ദേഹം നിശ്ചലമായി.തന്റെ പാതി ഹൃദയം തന്നെ വിട്ടു പോയതറിഞ്ഞതോടെ ഉണ്ണി നമ്പൂരി പദ്മാസനത്തില്‍ അമര്‍ന്നു,കൈകള്‍ കൂപ്പി ദേവൂട്ടീടെ ലോകത്തേക്ക്!!!
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍!!!

പെട്ടെന്ന് കണ്ണു തുറന്നപ്പോള്‍ താന്‍ ആശുപത്രിയില്‍!! എന്തു പറ്റി? കണ്ടത് സ്വപ്നമോ മിഥ്യയോ?ഉഷസ്സിന്റെ വരവു കാത്തിരിക്കുന്ന ക്ഷമ കെട്ട രാത്രി..മനസ്സില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ അവശേഷിപ്പിച്ചു കൊണ്ട് മെല്ലെ ഉണര്‍ന്നു.ഇടത്തെ കൈയ്യിലെ ഞരമ്പിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു. തൂങ്ങിക്കിടക്കുന്ന ഗ്ലൂക്കോസ്സ് കുപ്പി.തലക്കെന്തോ ഒരു കനം.വലതു കൈകൊണ്ട് തൊട്ടുനോക്കുമ്പോള്‍ ഒരു കെട്ടുണ്ട്.അമ്മ തെല്ല് പരിഭ്രമത്തോടെ : “മോളൂ ...എങ്ങിനുണ്ട്? വേദന കുറവുണ്ടോ? നീ എങ്ങിനെ കട്ടിലില്‍ നിന്നും വീണു?” എല്ലാരും ചോദിക്കുന്നു.അച്ചന്‍,അമ്മ,സുഹൃത്തുക്കള്‍ എല്ലാരും കൂടെ ഉണ്ട് - അറിയില്ല എങ്ങിനെ വീണു! തന്റെ സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. “ശിവപ്രിയാ..ഇത്തിരി വിശ്രമിക്കൂ...”ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.“കുട്ടി എന്തോ കണ്ട് പേടിച്ചതാ - വീഴ്ച്ചയില്‍ കാര്യമായി പേടിക്കാനൊന്നും ഇല്ല,വിശ്രമം വേണം.”

ഒരാഴ്ച്ച വിശ്രമം.തിരികെ ദേവന്റെ അടുത്തെത്താനുള്ള ത്വര.വിരഹദു:ഖം ആരോടും പറയാന്‍ വയ്യ.വഴിമദ്ധ്യേ ഓര്‍ക്കുകയായിരുന്നു,എന്താണു ദേവന്‍ കാട്ടിത്തന്നത്? തന്റെ പൂര്‍വ്വജന്മം തന്നെ!ഇടക്കിടെ തന്നെ തേടി വരുന്നതും ഇതു തന്നെയാണു! മനസ്സില്‍ ഒരു ദ്വന്ദയുദ്ധം.ഒരു പരീക്ഷ എഴുതാന്‍ പോവുകയാണ്.ഒന്നും പഠിച്ചിട്ടില്ല .കൂടെ ജോലി ചെയ്യുന്ന ദീപയുമായി പരിചയമില്ലാത്ത വഴികളിലൂടെ നടക്കുന്നു.കാലുകള്‍ക്ക് വേഗത കൂടി.എല്ലാം മറന്ന് പരീക്ഷയുടെ വേവാലാതികള്‍.ഊടുവഴികളിലൂടെ നീങ്ങുമ്പോള്‍ കാലുകളുടെ വേഗത കുറഞ്ഞു.കണ്ണുകളില്‍ അത്ഭുതം.കാണുന്നത് സത്യം തന്നെ! പെട്ടന്നവള്‍ നിന്നു “എന്തു പറ്റി ശിവാ..?” “എനിക്കറിയാം ഈ സ്ഥലം...എനിക്കറിയാം...”അവള്‍ പിറു പിറുത്തു.ഞാന്‍ ഓര്‍ക്കുന്നു,അല്ല കാണുന്നു,കാഴ്ച്ചയല്ല..അനുഭവിക്കുന്നു...കൈത്തലങ്ങളിലെ സന്ധിബന്ധങ്ങള്‍ ഞെരിയുമാറ് സ്വയം ഇഴമുറുകി ചുണ്ടുകള്‍ വിറച്ചു.ജീവസ്സുറ്റ മുഖത്തെ മാംസപേശികള്‍ ഉരുകി കവിളുകളില്‍ വിയര്‍പ്പണിയിച്ചു.കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ബിന്ദു- മനസ്സില്‍ ഓര്‍മ്മയുടെ ചിത്രങ്ങള്‍.പിന്നെയവ മായാന്‍ തുടങ്ങി.ഇടറുന്ന സ്വരം! “വരൂ ശിവാ..പരീക്ഷ തുടങ്ങാറായി...“

ദീപാ..നീ പോയി എഴുതിക്കോളൂ..ഞാന്‍ ഇത്തിരി വിശ്രമിക്കട്ടെ..”

ഒരു വിറയലോടെ ആ സ്ഥലം അവള്‍ കണ്ടു.പോയ ജന്മം ജനിച്ചു വളര്‍ന്ന ഗൃഹം.പൂര്‍വ്വജന്മത്തെ മറച്ച തിരശ്ശീല നീങ്ങി.വലിയ മതില്‍ - ഒരു പടിപ്പുര -ഒരു വശത്ത് അടര്‍ന്നു വീഴാന്‍ നില്‍ക്കുന്ന മരച്ചീള്.അതില്‍ കണ്ടു. - “ആടാട്ടില്ലം“ -മെല്ലെ താഴിട്ടു പൂട്ടിയ വാതിലിന്നടുത്തേക്കവള്‍ നീങ്ങി.പൊളിഞ്ഞ വാതിലിനിടയിലൂടവള്‍ കണ്ടു..പൊട്ടിപ്പൊളിഞ്ഞ നാലുകെട്ട്.
കണ്ണുകളെ വിശ്വസിക്കാനായില്ല.പെട്ടെന്ന് ഒരു ശബ്ദം - ഒരു വഴിപോക്കന്‍ ആണ്.“കുട്ടീ ..നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഇല്ലമാണിത്..ഇവിടെ സര്‍പ്പദംശമേറ്റ് ഒരു തമ്പുരാട്ടി മരിച്ചിട്ടുണ്ടത്രേ!അകത്തേക്ക് സാധാരണ ആരും പോകാറില്ല”
നിരാശയോടെ,കണ്ണീരോടെ ഒന്നുകൂടി തിരിഞ്ഞുനോക്കി നടക്കവേ ഓര്‍ത്തു.“നൂറ് വര്‍ഷമോ..? ദേവാ..തന്റെ കൂടെ വന്ന തമ്പുരാനോ? ഈ ജന്മം എവിടെ ആയിരിക്കും?”

ബസ്സിറങ്ങി അമ്പലത്തിലേക്കവള്‍ പാഞ്ഞു. ദേവാ ..ഞാന്‍!!വാക്കുകള്‍ തിങ്ങി തിങ്ങി നിറഞ്ഞു തുളുമ്പുമ്പോളും ഒരക്ഷരവും പറയാനാകാതെ - കണ്ണു തുറന്നപ്പോളേക്കും നടയില്‍ വക്കാനുള്ള പുഷ്പം ഒരുങ്ങിയിരിക്കുന്നു.ദേവന്‍ അപ്പോളും കൂവളമാലയും ചാര്‍ത്തി..ഒരു കള്ളച്ചിരി ആ മുഖത്തുണ്ടോ!! അതോ എല്ലാം എല്ലാം തോന്നലോ?? അല്ല അനുഭവങ്ങള്‍.......







Saturday, February 12, 2011

സ്നേഹത്തിന്റെ മാധുര്യം

പ്രദീപ്‌ അസ്വസ്ഥനായിരുന്നു.മുഖം ആരെയോ പ്രതീക്ഷിക്കുന്നത് മാതിരി.ഉമ്മറത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ട് തന്റെ റിസ്റ്റ് വാച്ചിലേക്ക് നോക്കി"പത്തരയായല്ലോ എന്തേ വരാത്തേ ?"
കാലിന്റെ വേഗത്തിനേക്കാള്‍ ,സമയത്തിന്റെ ദൈര്‍ഘ്യത്തിനേക്കാള്‍ തന്റെ ചിന്തക്ക് വേഗത കൂടുന്നതായും അയാള്‍ക്ക് അറിയാന്‍ സാധിച്ചു.പിന്നെ അലസമായി കൈ തലക്ക് താങ്ങായി വച്ചു കൊണ്ട് ഉമ്മറത്തെ പ്ലാസ്റിക് മെടഞ്ഞ കസേരയിലേക്ക് ഇരുന്നു .ടീപോയിയുടെ മേലെ വച്ച മാഗസിന്‍ എടുത്തു,താളുകള്‍ നീക്കി."സ്നേഹത്തിന്റെ മാധുര്യം" തലക്കെട്ട്‌  വായിച്ചു...ആരാണ് എഴുതിയത്? എന്ന് കണ്ണോടിച്ചു.അറിയില്ല - ഏതോ പുതിയ എഴുത്ത്കാരിയാ..എങ്കിലും അത്  "മീര" എന്ന്  വായിക്കാനായിരുന്നു പ്രദീപ്‌ ആഗ്രഹിച്ചത്.പക്ഷേ  കണ്ണ് പുസ്തകത്താളില്‍ ആയിരുന്നെങ്കിലും മനസ്സ് ഇവിടെയെങ്ങും ആയിരുന്നില്ല.ങാ ! അങ്ങകലെ പച്ചവിരിച്ച പാടത്തുകൂടി ആരെങ്കിലും വരുന്നുണ്ടോ? തന്റെ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമോ?മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ സംഗീതം പൊഴിക്കുന്നു...ഇലകള്‍ മുറ്റത്ത് വീണു കിടക്കുന്നു.കൊഴിഞ്ഞുപോയ ആ ഇലകള്‍ക്ക് ജീവനില്ല അവയെ നോക്കി പ്രദീപ്‌ നെടുവീര്‍പ്പിട്ടു. 

തന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.,കാരണം നഷ്ടബോധം.എങ്കിലും പതുക്കെ പതുക്കെ ആ ചിരിക്കുന്ന,വളരെ ദൈന്യതയുള്ള,വലിയ കണ്ണുകളും വിടര്‍ന്ന നെറ്റിത്തടവും വളരെ പ്രത്യേകതയാര്‍ന്ന മുടിയുമുള്ള ആ കൊച്ചുസുന്ദരി മനസ്സിന്റെയുള്ളില്‍ തത്തിക്കളിക്കുന്നു.ചിരിക്കുമ്പോള്‍ പല്ലിന്റെ വിടവ് കാണാം.എന്തൊക്കെയോ അപാകതകള്‍ ഉള്ള "മീര".അതെ അതാണവളുടെ പേര്.തനിക്ക് അവള്‍ ആരുമല്ലായിരുന്നു.പക്ഷേ ആ പാവം,ഏതോ മുജ്ജന്മ ബന്ധം പോലെ തന്റെ നിഴലായ് വന്നിരുന്നു എന്ന് ഒരു നിമിഷം പ്രദീപ്‌ ഓര്‍ത്തു.കണ്‍തടം ആര്‍ദ്രമായോ?  

പെട്ടെന്ന് കലാലയത്തിന്റെ കവാടത്തിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു.ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ ആ പച്ചപ്പാവടക്കാരിയെ താന്‍ ശ്രദ്ധിച്ചിരുന്നു.ആ സൗന്ദര്യം അല്ല,പിന്നെ എന്താണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്?അന്ന് തനിക്ക് ആരും കൂട്ടില്ലായിരുന്നു.പക്ഷേ തന്നിലേക്ക് ആരോ കൂടുതല്‍ അടുക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.   പക്ഷെ ആ സ്നേഹം കണ്ടില്ലെന്നു നടിക്കാനേ താന്‍ ശ്രമിച്ചുള്ളൂ.എല്ലാ കാര്യങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയും അമിതമായ സ്വാതന്ത്ര്യം കാട്ടുകയും ചെയ്തത് എന്തിനായിരുന്നു? എന്തോ.. ആദ്യം മനസ്സില്‍ പ്രണയം ഒന്നും തോന്നിയില്ല.അവഗണന മാത്രമേ താന്‍ കൊടുത്തിരുന്നുള്ളൂ."പ്രദീപ്‌.." എന്ന് പുറകില്‍ നിന്നും വിളിച്ചാല്‍ പോലും തിരിഞ്ഞു നോക്കുക പതിവില്ല.എന്തോ പറയാന്‍ വിതുമ്പുന്ന മനസ്സ് എന്തേ താന്‍ കേട്ടില്ല!! കുറ്റബോധം  അയാളില്‍ ആളിപ്പടര്‍ന്നു.അറിയാതെ മീരയുടെ കണ്ണില്‍ നോക്കിയാല്‍ "പ്രദീപ്‌...എന്തിനെന്നെ വെറുക്കുന്നു " എന്ന മനോഭാവം അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു... 

അവന്‍ ഓര്‍ക്കുകയായിരുന്നു...സ്നേഹം ഒരു ദൌര്‍ബല്യമായിരുന്നു തനിക്ക്,സ്നേഹിക്കുന്നവരാന്‍ വെറുക്കുന്ന ചരിത്രമേ ഉണ്ടായിട്ടുള്ളൂ.."സ്നേഹത്തിന്റെ ദാഹത്തിലും കുളിര്‍മഴയായ്‌ പെയ്ത മീരയുടെ സ്നേഹം " പ്രദീപ്‌ അറിഞ്ഞിരുന്നില്ലേ? അതോ അറിഞ്ഞില്ല എന്ന് നടിക്കുകയായിരുന്നോ?ഒരിക്കലെങ്കിലും എന്തിനു തന്നെ സ്നേഹിക്കുന്നു എന്നോ  എന്തിനാണ് തന്നെ പിന്തുടരുന്നത് എന്നോ താന്‍ ഇതുവരെ ചോദിച്ചിരുന്നില്ല..

മീര നാട്ടില്‍ പോയ ദിനങ്ങള്‍ പ്രദീപിന് വിരസവും എകാന്തവുമായ് അനുഭവപ്പെട്ടു..തന്നില്‍ നിന്നും എന്തോ അടര്‍ത്തി മാറ്റിയപോലെ .അവളോട് ഒന്നും സംസാരിച്ചില്ലെങ്കിലും മൗനത്താല്‍ ആരും കാണാതെ അകലെ നിന്നും വീക്ഷിച്ചിരുന്നു.പതുക്കെ പതുക്കെ ആ മുഖത്തെ സ്നേഹിക്കാന്‍ തുടങ്ങികഴിഞ്ഞു.പക്ഷെ ഒരിക്കലും അത് പ്രകടമാക്കിയില്ല.അവളുടെ സാഹിത്യ രചനകളും മനോഹരങ്ങളായ വരികളും ആരും കാണാതെ ആസ്വദിക്കുമായിരുന്നു...പക്ഷെ ഒരിക്കലും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവി കൊടുത്തിരുന്നില്ല.പിറകെ നടന്നു "എനിക്ക് ചിലത് പറയാനുണ്ട് "എന്ന് പറയുമ്പോളും ഉള്ളില്‍ അവള്‍ തുളുമ്പുന്ന കാര്യം പറഞ്ഞില്ല.

മനസ്സിനെ പാകപ്പെടുത്തി "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറഞ്ഞാലോ? പക്ഷേ അവളുടെ ഉള്ളില്‍ എന്താണ് ?അത് തനിക്കറിയില്ലല്ലോ.മനസ്സില്‍ യുദ്ധം..അവസാനം ..പറഞ്ഞു -- "മീരാ ...നിനക്കെന്താണ് എന്നോട് പറയാനുള്ളത് ?..പറയൂ" നിശബ്ദത രണ്ടുപേരെയും കീഴടക്കി...ഒന്നും സംസാരിച്ചില്ലല്ലോ...പക്ഷെ ആ മുഖത്ത് എന്തൊക്കെയോ പറയാനുള്ള ഭാവം....സമയം അതിക്രമിച്ചിരിക്കുന്നു..കോഴ്സ് കഴിഞ്ഞു എല്ലാരും വേര്‍പിരിയുന്ന സന്ദര്‍ഭം ആയിരുന്നു..മീരക്കും നാട്ടിലേക്ക് പോകേണ്ട സമയം ആയി "യാത്രകള്‍ സൂക്ഷിക്കണം,ആരോഗ്യം ശ്രദ്ധിക്കണം ..." എന്ന് പറഞ്ഞ് കൈയ്യിലെ കാര്‍ഡ്  പ്രദീപിന്റെ കൈയ്യില്‍ കൊടുത്ത് ചിരിക്കുന്ന മുഖവുമായ് അവള്‍ പോകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.കാര്‍ഡിലെ വരികള്‍ "You make me smile.. പക്ഷെ അവളെ സന്തോഷിപ്പിക്കാന്‍ ഇതുവരെ താന്‍ ശ്രമിച്ചിട്ടില്ല എന്ന സത്യം താന്‍ ഇപ്പോഴും ഓര്‍ക്കുന്നു.




കാലങ്ങള്‍ കൊഴിഞ്ഞു.ഇന്നും ഒരു നൊമ്പരമായ് മീര മനസ്സില്‍ അവശേഷിക്കുന്നു.എന്തായിരുന്നു മീരക്ക് പറയാനുണ്ടായിരുന്നത്?പെട്ടെന്ന് പരിസരം തിരിച്ചറിഞ്ഞു....പതിനൊന്നര ...ചിന്തകള്‍ ,താന്‍ ചിന്തകളുടെ കൂമ്പാരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ !!ഇന്നലെ ജോസിനെ കണ്ടിരുന്നു .മീരയുടെ എഴുത്ത് ഉണ്ട് എന്ന് ജോസിന്റെ ഭാര്യ  പറഞ്ഞ വിവരം താനും അറിഞ്ഞു.അപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതീക്ഷയാണ്.തനിക്കും എഴുതിയിട്ടുണ്ടാകുമോ ? കൂടെയുള്ളവര്‍ എല്ലാരും വിവാഹം കഴിഞ്ഞു..വീട്ടുകാര്‍ നിര്‍ബന്ധം തുടങ്ങിയിരിക്കുന്നു.തനിക്കും വേണ്ടേ!!പക്ഷെ!! കണ്ണുകള്‍ വീണ്ടും അങ്ങകലെ ... ദൂരെനിന്നും പോസ്റ്റ്‌ മാന്‍ കുട്ടന്‍ പിള്ളയല്ലേ ആ വരുന്നത്  ! താന്‍ ലീവും എടുത്തു കാത്തുനിന്നതിനു അന്ത്യമുണ്ടായി ആശ്വാസം.പ്രതീക്ഷാനിര്‍ഭരമായ ഒരു മണിക്കൂര്‍ സാറേ ...ഒരെഴുത്തുണ്ട് .." കുട്ടന്‍ പിള്ള കുശലം ചോദിച്ച് പിന്തിരിയവേ വൃത്തിയോടെ എഴുതിയ കൈപ്പട ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ട്
പ്രദീപ്‌ എഴുത്ത് വായിച്ചു.

"എന്റെ സ്വന്തം പ്രദീപിന്,

എന്റെ വിവാഹം ആണ്  16 നു ..വരന്‍ രാഹുല്‍ ..
എന്നോട് പിണക്കമുണ്ടാവും അല്ലേ? എന്റെ മനസ്സില്‍ പറയണം എന്ന് വിചാരിച്ച ഒരു കാര്യമുണ്ടായിരുന്നു.പക്ഷെ പ്രദീപ്‌ അത് കേട്ടില്ല.എങ്കിലും ഇപ്പോള്‍ പറയാം.എനിക്ക് ഒരു എട്ടനുണ്ടായിരുന്നു.പ്രദീപിന്റെ അതേ രൂപവും ഭാവവും സ്വരവും.എന്റെ കളിക്കൂട്ടുകാരന്‍ ..പട്ടാളത്തിലായിരുന്ന എന്റെ ഏട്ടന്‍ നാട്ടിലേക്കുള്ള വരവില്‍ എന്നെന്നേക്കുമായ് എന്നെ വിട്ടു പോയി.....എന്റെ ഏട്ടന്റെ സാന്നിദ്ധ്യം പ്രദീപിലൂടെ എനിക്ക് തിരിച്ചുകിട്ടി.എന്റെ ചിരിയും സന്തോഷവും ഞാന്‍ വീണ്ടെടുത്തു.പക്ഷെ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ എന്നെ അനുവദിച്ചില്ല.സ്വന്തം ഏട്ടന്റെ സ്ഥാനത്ത് നിന്ന് എന്റെ വിവാഹം നടത്തി തരണം .....

എന്ന് പ്രതീക്ഷയോടെ ,
ഏട്ടന്റെ സ്വന്തം മീര."

സ്തബ്ധനായി ഒരു നിമിഷം നിന്നു പോയി.മണ്ണില്‍ വീണ കല്യാണക്കുറി കുനിഞ്ഞെടുത്തു
മീര weds രാഹുല്‍ പാശ്ചാത്താപത്തിന്റെ  നടുക്കടലില്‍ നീന്തിത്തുടിക്കുന്ന താന്‍  ചെയ്ത തെറ്റിനെ കുറിച്ച് ബോധവാനായി.Feb 16 മറ്റന്നാള്‍ ..ഇന്ന് പോയാല്‍ നാളെ രാവിലെ അങ്ങെത്താം.എത്തണം.ട്രെയിനില്‍ പുറത്തെ കാറ്റ് കൊണ്ട് മുടി നേരെയാക്കുന്നതിനിടക്ക്  അയാള്‍ തന്റെ ഭൂതകാലത്തേക്ക് ഊളിയിട്ടിറങ്ങി
-തന്റെ മനസ്സിലെ സ്വയം രചിച്ച കഥ മാറ്റി എഴുതാന്‍ -സ്നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിയാന്‍ -
 

Monday, December 27, 2010

'ഓര്‍മ്മകളേ ..വിട.....'(രണ്ടാം ഭാഗം)

'ഓര്‍മ്മകളേ ..വിട.....' ഒന്നാം ഭാഗം ഇവിടെ വായിക്കാം 
********************************************************************************
"ഹം തേരെ ശഹര്‍ മേം ആയേ ഹേ മുസാഫിര്‍ കി തരഹ് .....
സിര്‍ഫ്‌ ഇക്ക ബാര്‍ മുലാകത് കാ മൌകാ ദേ ദേ .........."

സീറ്റില്‍ ചാരി കിടന്നു ആ ഗസലിന്റെ ഈണത്തില്‍ വിരലുകള്‍ താളം പിടിക്കുന്നുണ്ട് എങ്കിലും ഗംഗ മറ്റേതോ ലോകത്ത് ആയിരുന്നു...ദത്തന്‍ ഓഫീസിലെ എന്തൊക്കെയോ തമാശകള്‍ പറയുന്നുമുണ്ട്..

"ഗംഗാ ......എന്ത് പറ്റി നിനക്ക് ?കടല്‍ കാണാന്‍ പോകണ്ട എന്ന് എത്ര തവണ പറഞ്ഞതാ...നീ കേട്ടില്ല......നിന്റെ മൌനം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു മോളെ.." "ദത്തേട്ടാ......എനിക്ക് എന്തൊക്കെയോ പറയാന്‍ തോന്നുന്നു വണ്ടി ഒരിത്തിരി നിര്‍ത്തുമോ?" അപ്പോളേക്കും അടുത്ത ഗസല്‍ തുടങ്ങിയിരുന്നു.. ദത്തന്‍ ഇന്നോവ റോഡരുകില്‍ ഒതുക്കിയിട്ടു.

"ദത്തെട്ടന്‍ എന്നെ വല്ലാതെ സ്നേഹിക്കുന്നു. ഈ സ്നേഹം കാണുമ്പോള്‍ പേടിയാവുന്നു എനിക്ക്. എന്നില്‍ നിന്നും അല്കലരുതെ ഏട്ടാ......"കണ്ണുകളില്‍ നിന്നും ഗംഗാപ്രവാഹം പോലെ മിഴിനീര്‍ അടര്‍ന്നു വീണു

"നിന്നെ വിട്ടു ഞാന്‍ എങ്ങോട്ട് പോവാനാ ..എനിക്കാരുമില്ലല്ലോ ഈ ലോകത്ത് നീയല്ലാതെ... നിനക്കെന്ത മോളെ പറയാനുള്ളത് പറയൂ .."ഏട്ടാ ഞാന്‍...ഞാന്‍ ...ഒരു നിമിഷം ഓര്‍ത്തു പോയ്‌ ആ കടല്‍ തീരം...

അന്ന് ഞാനും എന്റെ കുഞ്ഞനിയനും അച്ഛനും അമ്മയും ഉള്ള ദിനങ്ങള്‍ .... സന്തോഷവും സംതൃപ്തിയും കുന്നോളം വാണ കാലം.....കടലില്‍ വലവീശാന്‍ പോകുന്ന അച്ഛന്‍ ... കടപ്പുറത്ത് വല നെയ്യുന്ന അമ്മ..ആ പൂഴിമണ്ണില്‍ 'കടലമ്മ' എന്ന് എഴുതുമ്പോള്‍ തന്റെ എല്ലാം എല്ലാം ആയിരുന്നു കടല്‍. പക്ഷെ ഇന്ന് ഡിസംബര്‍ 26 തന്റെ കുടുംബത്തെ കടലമ്മ തട്ടിയെടുത്ത ദിനം.ഇന്നും ആര്‍ത്ത് അട്ടഹസിച്ച് 'സുനാമി' തിരകള്‍ ഭീകര സ്വപ്നമായ് തന്നെ തേടി വരുന്നു.....അച്ഛന്‍,അമ്മ,അനിയന്‍ എല്ലാരും പോയി...എന്നെ മാത്രം എന്തേ ഈ കരയില്‍ ഉപേക്ഷിച്ചു?സ്വാന്തനമായ് 'സ്വാന്ത്വനം' വന്നെത്തിയത്തോടെ തന്റെ അവശിഷ്ട ജീവിതം അവിടുത്തെ അന്തെവാസികളോട് കൂടെ....
 
ഗന്ധര്‍വനെപ്പോലെ ദത്തെട്ടന്‍ വന്ന ദിവസം ഞാന്‍ ഓര്‍ക്കുന്നു...ഈ അനാഥ ക്ക് കൂട്ടായി....എന്റെ ദത്തേട്ടാ....മരണത്തിലും ഞാന്‍ മറക്കില്ല ...

ദത്തന്‍ :"നിന്റെ കണ്ണുനീര്‍ എനിക്ക് സഹിക്കില്ല ഗംഗാ....ഇനി കരയരുത്...നീ ഇനി കരഞ്ഞാല്‍ എന്റെ മരണം ആകട്ടെ...എല്ലാ വര്‍ഷവും പറയാറുള്ളതല്ലേ ഇതൊക്കെ...ഇനി ഒരിക്കലും ഇതൊന്നും ഓര്‍ക്കരുത്...കഴിഞ്ഞതൊക്കെ കഴിഞ്ഞു...ഗംഗാ..നിനക്ക് ഞാനുണ്ട് നിന്റെ ദത്തെട്ടന്‍ ....നമ്മുടെ മക്കള്‍...ഇനി ഇതാണ് നമ്മുടെ ലോകം ..........................."

2010 കഴിഞ്ഞു 2011 പിറക്കാന്‍ പോകുന്നു...എല്ലാ ദുഖവും മറന്നു ഈ പുതുവര്‍ഷപുലരിയെ നമുക്ക് വരവേല്‍ക്കാം....
ഗംഗ: ശരി ഏട്ടാ....ഓര്‍മകള്‍ക്ക് വിട.....ഞാന്‍ ഇനി ഏട്ടനെ വിഷമിപ്പിക്കില്ല ...
എന്റെ കണ്ണ് നിറയില്ല സത്യം....എന്റെ ഏട്ടനും മക്കളും ആണ് എന്റെ ലോകം....

********************************************************************************

Wednesday, December 22, 2010

ഓര്‍മ്മകളേ ..വിട.....

ഒരു വഴിത്തിരിവ്.ഒരുപാട് കാര്യങ്ങളുടെ തുടക്കം..കുറെ കാര്യങ്ങളുടെ ഒടുക്കം ജീവിതശൈലി മാറുകയാണ്‌ .അവള്‍ ഓര്‍ക്കുക ആയിരുന്നു...ആ സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം.പ്രകൃതി അവളോട് സംസാരിക്കുകയാണ്.പച്ചപ്പിന്റെ കുളിര്‍മയുമായി താഴ്വരകള്‍ ,നീലാംബരത്തോട് കഥ പറയുന്ന ഗിരി ശ്രിന്ഖങ്ങള്‍ .പൂക്കള്‍ ,പൂമ്പാറ്റകള്‍ ആ മനോഹരങ്ങളായ  ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിച്ച ഏതാനും അപൂര്‍വ നിമിഷങ്ങള്‍ ,സുന്ദര ദിനങ്ങള്‍ അവളെ തേടിയെത്തി...

കടലില്‍ നിന്നും തണുത്ത കാറ്റ് അവളുടെ ദേഹം തണുപ്പിച്ചു .എണ്ണ പുരളാത്ത പാറിപറക്കുന്ന മുടി അവള്‍ മാടിയൊതുക്കി .അവളുടെ കണ്ണുകള്‍ ദൂരെ അസ്തമിക്കുന്ന സൂര്യനിലായിരുന്നു .തന്റെ പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആ തീരത്ത് നിന്നും അവള്‍ക്ക് പിന്മാറാന്‍ കഴിയുന്നില്ല ചേക്കേറാന്‍ കൊതിക്കുന്ന പ്രാവുകള്‍ .തീരത്ത് അണയാന്‍ കുതിക്കുന്ന വള്ളങ്ങള്‍ ,ബോട്ടുകള്‍ .അവളെ കൂടാതെ പലരും ആ തീരം ആസ്വദിക്കുന്നുണ്ടായിരുന്നു .കണ്ണില്‍ കവിതയും കരളില്‍ പ്രണയവുമായി സല്ലപിക്കുന്ന പ്രണയ ജോഡികള്‍ ഹണിമൂണ്‍ ത്രില്ലുമായി നവദമ്പതികള്‍ ...സൗഹൃദം പങ്കുവെക്കുന്ന കോളേജ് കുമാരന്‍മാരും കുമാരിമാരും തിരമാല ആര്‍ത്തിരമ്പി വരുമ്പോള്‍ ഓടുന്ന കുഞ്ഞു കുട്ടികള്‍ .... പൂഴി  മണലില്‍ കടലമ്മയുടെ പേര് എഴുതുന്നു ചിലര്‍ ...ഒരു നിമിഷം നിശബ്ദയായ് ...മൂകയായ്‌ അവള്‍ നിന്നു .

വെറുതെ  നിലത്തു വീണു കിടക്കുന്ന ചിപ്പികള്‍ പെറുക്കിയെടുത്തു .ഈ ചിപ്പികളില്‍ ആണല്ലോ അപൂര്‍വ്വങ്ങളായ മുത്തുകള്‍ ..ഓര്‍മ്മകളാകുന്ന മണി മുത്തുകള്‍ ശേഖരിച്ചു അവള്‍കാത്തു വച്ച ആ പേടകം.....മെല്ലെ തുറന്നു.....പിന്നെയും പ്രണയ സാഗര തീരത്തെ മണല്‍ പരപ്പില്‍ തിരമാലകള്‍ സുവര്‍ണ ലിപികളാല്‍ കവിത രചിക്കുന്നത് അവള്‍ കണ്‍കുളിരെ നോക്കി നിന്നു.വാക്കുകള്‍ക്ക് നിര്‍വചനാതീതമായ  പ്രകൃതി സൗന്ദര്യം അവളെ വികാര നിര്ഭരിതയാക്കി. സൂര്യന്‍ താഴേക്ക്‌ പോകുന്നു.അങ്ങനെ നോക്കി നിന്നപ്പോള്‍ പോകല്ലേ എന്ന് പറയാന്‍ വെമ്പി .പക്ഷെ പോയല്ലേ മതിയാകൂ....ഇത്രയും നേരം തന്നെ ഓര്‍മയുടെ പുസ്തകത്താള്‍ പകുത്തു നല്‍കിയ,ചാരം മൂടിയ ഓര്‍മയുടെ ചില്ല് തുടച്ചു തന്ന സൂര്യനും അവളെ വിട്ടകലുകയാണ് .....

നിലാവ് പുതച്ച തീരം...അവളോര്‍ത്തു...ഈ കടപ്പുറത്തിനു എന്നും യൌവ്വനം ആണ്... ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന അനുപമ സുഭഗമായ ഈ തീരം എന്ത് ഭംഗിയാണ് !!അപ്പോളേക്കും "ഗംഗേ....പോകാം "എന്ന വിളി പുറകില്‍ നിന്നും കേട്ടു.....കൊറിക്കാന്‍ കപ്പലണ്ടി വാങ്ങാന്‍ പോയ തന്റെ ഭര്‍ത്താവു തിരിച്ചു വന്നിരിക്കുന്നു...... "ദത്തേട്ടാ ...ഒരിത്തിരി നേരം കൂടി നമ്മുക്കിവിടെ ഇരിക്കാം..."ഉം.... 5 മിനിട്ടും കൂടി....നമ്മുടെ മക്കള്‍ കാത്തിരിക്കില്ലേ? ആ കല്ലില്‍ അയാളും  ഇരുന്നു....മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞു അവള്‍ ...ദൂരെ അസ്തമയ സൂര്യനെയും നോക്കി......തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ആ തീരം തിരിഞ്ഞു നോക്കി.... ഓര്‍മ്മകളേ....വിട.....

ഓര്‍മകളെ..വിട രണ്ടാം ഭാഗം ഇവിടെ വായിക്കാം                                                ((തുടരും......)) 

Saturday, December 11, 2010

ചതിക്കുഴി

ആരിഫിനോട് സംസാരിക്കാതിരിക്കാന്‍ 'പ്രശ്ന'ക്ക് കഴിയുമായിരുന്നില്ല.തോല്‍ക്കുന്നത് അവള്‍ക്കിഷ്ടമല്ലെങ്കിലും തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും കാണാത്ത ഒരു അജ്ഞാത സുഹൃത്തിനോട്  എന്നും സംസാരിക്കാന്‍ അവര്‍ തമ്മില്‍ എന്താണ് ബന്ധം എന്ന് പലരും ചോദിച്ചിട്ടുണ്ട് .അതിനു മറുപടി എന്നോണം ഒരു നേര്‍ത്ത മന്ദഹാസം ആ മുഖത്തൂറുന്നത് കാണാം .'പ്രശ്ന',അച്ഛനും അമ്മയ്ക്കും ഏക സന്തതി ,അക്കരെ നിന്നും അവര്‍ വിളിക്കും അവളുടെ മൊബൈലില്‍ .ഇങ്ങിവിടെ ബോര്‍ഡിങ്ങില്‍ ഏകാന്തതയെ കൂട്ടിരുത്തി  അവള്‍ പറയും--ഞാന്‍ സന്തോഷവതി ആണ്!!!പ്രശ്നക്ക് ഒരു പരാതിയുമില്ല.....

ഒരു ചാറ്റിങ്ങിലൂടെ ആണ് അവള്‍ ആരിഫിനെ പരിചയപ്പെടുന്നത് .എന്തോ ഒരു വല്ലാത്ത ഇഷ്ടം.എവിടെയോ നഷ്ടമായോരിഷ്ടം.വരണ്ട മരുഭൂമിയില്‍ ഒരു മഴതുള്ളി പോല്‍ അവന്റെ സാമീപ്യം ആശ്വാസം പകര്‍ന്നു.പിന്നീട് അത് മഴയായ് പെയ്തിറങ്ങി.അവള്‍ക്ക് എകാന്തതക്ക് കൂട്ട്  ചിത്രങ്ങള്‍ ആയിരുന്നു.ഒരിക്കലും വരച്ചു മുഴുമിക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു അവളുടേത്‌.,പലതരം ചായങ്ങള്‍ തേച്ചു വികൃതമാക്കിയ ചിത്രങ്ങള്‍ .അവന്റെതോ ചിറകുമുളച്ച ഒരപൂര്‍വ്വ വര്‍ണ്ണങ്ങളുടെ സൃഷ്ടി.ഏകാന്തവും നിശബ്ദവുമായ അവന്റെ ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രശ്ന തന്റെ ഹൃദയം നിറയെ ഇഷ്ടം സൂക്ഷിച്ചു .ആ ഭാവത്തെ ആനന്ദത്താലും ലജ്ജയാലും വീക്ഷിച്ചു .അകലത്തില്‍ മൗനത്താലും  വേദനയാലും തന്നെ തളച്ചിട്ടു.

മെല്ലെ മെല്ലെ ഫോണ്‍ വിളിയായി മാറി.എന്നും വിളിക്കും. എസ് എം എസ്  അവള്‍ക്ക് ഒരു ദൌര്‍ബല്യം ആയിരുന്നു.പ്രണയം ചാലിച്ച വരികളിലൂടെ അവന്റെ ഇഷ്ടം അവള്‍ തിരിച്ചറിഞ്ഞു.പക്ഷെ അവള്‍ തിരിച്ചു വിളിക്കുമ്പോള്‍ ഒക്കെ 'നിങ്ങള്‍ വിളിക്കുന്ന ആള്‍ മറ്റൊരു കോളിലാണ് ' എന്ന  മറുപടി.അവള്‍ കാത്തിരുന്നു ആ വിളി വന്നില്ല.പിന്നീട് എപ്പോളോ വിളിച്ചു "പ്രച്ചൂ.....വലിയ തിരക്കാണ് ....." എന്തെ ഇത്രമാത്രം തിരക്ക്? ഹാ...മൂന്നോ നാലോ കമ്പനിയുടെ  മാനേജര്‍ അല്ലെ ...തിരക്കില്ലാതെ വരുമോ?

പ്രശ്ന കാത്തിരുന്നു. പക്ഷെ പറയപ്പെടാത്ത മൊഴിയുടെ അകലത്തില്‍ തനിക്കവനെ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.അവള്‍ ഉറപ്പിച്ചു "പ്രണയം ഒരു നോവാണ് ഉള്ളില്‍ കടല് പോലെ ഇളകി മറിയുന്ന നൊമ്പരം...... വിലയില്ലാത്ത വാഗ്ദാനങ്ങളും നിറമില്ലാത്ത  പ്രതീക്ഷയും തനിക്കേകിയ മഹാ  മടയത്തരം...     ഇനി ഞാന്‍ പ്രണയിക്കില്ല ...."

വെറുതെ പത്രത്താളുകളില്‍ കണ്ണോടിച്ചപ്പോള്‍  "ഇന്റര്‍നെറ്റ്‌ വഴി പെണ്‍കുട്ടിയെ   പ്രലോഭിപ്പിച്ച്  വശത്താക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍ .." താഴെ ചിരിച്ചു കൊണ്ടുള്ള ഒരു സുമുഖന്‍ ....ഓ ...ഇവനൊന്നും വേറെ പണിയില്ലേ എന്ന് ചിന്തിച്ചു പത്രം വലിച്ചെറിഞ്ഞു അവള്‍ ....

ആ ചിരിക്കുന്ന മുഖം അവള്‍ക്ക്  അപ്പോളും അജ്ഞാതമായിരുന്നു ......................


Monday, November 15, 2010

കുമാരന്‍ മാഷ്‌

"കൌസല്യ സുപ്രജ രാമ .....സന്ധ്യാ ..... "
മെല്ലെ കുമാരന്‍ മാഷുടെ കൈകള്‍ മൊബൈലിന്റെ red button ഇല്‍ അമര്‍ന്നു.
പിന്നെയും മാഷ്‌ ചുരുണ്ട് കൂടി കിടന്നു."ഹോ ...അലാറം കേട്ടതിനു ശേഷം ഉള്ള ഈ കിടത്തം!! അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ!!! ഒന്നുകൂടി ആ   മധുര സ്വപ്നത്തിന്റെ climax ഊഹിച്ചെടുക്കാന്‍ ശ്രമിക്കവേ ഞെട്ടി എണീറ്റ് നോക്കി സമയം പിന്നെയും 30 മിനുറ്റ് കഴിഞ്ഞിരിക്കുന്നു.


എന്ത് പറ്റി എനിക്ക് ??? മാഷ്‌ ഓര്‍ത്തു...എന്തായിരുന്നു ആ സ്വപ്നം?? സ്വപ്നമോ മിഥ്യയോ?? അറിയില്ല .എന്തോ തന്നെ അലട്ടുന്നു.എന്താദ് ?ആ ...എന്തോ ആവട്ടെ . ഒരു മൂളി പ്പാട്ട് പാടി ..."ഇഷ്ടമല്ലേ ..ഇഷ്ടമല്ലേ "ഒരു വമ്പന്‍ കൊതുക് മൂക്കിനു കടിച്ചു പിടിക്കുന്നു...ഒറ്റ  അടി!! ഹോ A +ve  രക്തം.കൊച്ചിയിലെ കൊതുകിനെ കുറിച്ച പറയാത്തതാ ഭേദം ....കൊതുവല ഇട്ടിട്ട ഒരു കാര്യവുമില്ല
എന്നാലും മനസ്സിന് ഒരു വെപ്രാളം .ഒരു എത്തും  പിടിയും കിട്ടനില്ല്യാലോ ?ഏതായാലും ഇന്നത്തെ പ്രോഗ്രാം തുടങ്ങാം ..പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല .corparation കാരെ ശപിച്ചുകൊണ്ട് പിറുപിറുത്തു .ഹാ ഇന്നലെ പിടിച്ചു വച്ച 2 ബക്കറ്റ്‌ വെള്ളം ഉണ്ട് അതില്‍ ഒതുക്കാം .മനസ്സിന് എന്താ ഒരു ഉന്മേഷക്കുറവു?
ഉമ ടീച്ചറെ ഒന്ന് വിളിച്ചാലോ? വേണ്ട ഒരാഴ്ച മുന്നേ വന്നു ജോയിന്‍ ചെയ്തതാണ് പക്ഷെ എന്തോ ഒരു ആത്മബന്ധം എന്താണെന്നു മനസ്സിലാവുന്നില്ല.എന്ത് കൊണ്ടാണ് ഉമ ടീച്ചറെ പോലെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞത്?ഉത്തരം ഇല്ലാത്ത ചോദ്യം !!! കണ്ണാടിയില്‍ നോക്കി തലമുടി ചീകി .ഒന്ന് തിരിഞ്ഞു നോക്കി .യൌവ്വനം കഴിഞ്ഞിരിക്കുന്നു ചില വെളുത്ത തലമുടിയിഴകള്‍ അസ്വസ്ഥനാക്കി .കുഴപ്പമില്ല സുന്ദരനാണ് . എന്താണ് ഈ സൗന്ദര്യം?ബാഹ്യമായ സൗന്ദര്യത്തെക്കാളും ആന്തരിക സൗന്ദര്യം ആണ് വേണ്ടതെന്നു പ്രസംഗിക്കുന്ന   എനിക്ക്  ഇന്ന് എന്ത് പറ്റി ?"ഗ്യാവൂ ...." ഹി എന്റെ ചക്കുടൂ ....നിനക്കെന്ത പറയാനുള്ളത്? ചക്കുടു മാഷുടെ സ്വന്തം പൂച്ച. "നിനക്ക് വിശക്കുന്നോ?"  അവനെ മാറോട് ചേര്‍ത്തുപിടിച്ചു.

എല്ലാം കഴിഞ്ഞ് ഉമ്മറ വാതില്‍ പൂട്ടിയപ്പോള്‍ മണി  7.30 .ബാലന്‍ ചേട്ടന്റെ കടയില്‍ നിന്നും പുട്ടും കടലയും കഴിക്കുമ്പോള്‍ ബാര്‍ബര്‍  ശശി ചോദിച്ചു "മാഷ്ക്ക് ഇന്ന് എന്ത് പറ്റി ?" ഇതേ ചോദ്യം തന്നെ രാവിലെ മുതല്‍ തന്നോട് തന്നെ ചോദിക്കുകയാണ് ..ഉത്തരം ഇനിയും കിട്ടിയില്ല ....മാഷ്‌ ബസ്‌ സ്റ്റോപ്പില്‍ എത്തി. നേരെ നോക്കിയാല്‍ YWCA  ഹോസ്റ്റല്‍ കാണാം.മാഷുടെ കണ്ണുകള്‍ മാത്രമല്ല മനസ്സും അങ്ങോട്ടാണ്.ഉമ ടീച്ചര്‍ ഇറങ്ങിയോ ആവോ? ഒരു മിസ്സ്‌ കാള്‍ കൊടുത്താലോ? ഹേയ്‌...വേണ്ട !! ടീച്ചര്‍ എന്ത് വിചാരിക്കും ? മനസ്സിന്റെ കോണില്‍ എവിടെയോ ഉണ്ട് ..മാഷ്‌ ചിന്തിച്ചു!! എന്തിനു ഓര്‍ക്കണം? അഥവാ ടീച്ചറുടെ സ്വരമാധുരിയാണോ തന്നിലേക്ക് ആ വ്യക്തിത്വത്തെ തന്നിലേക്ക് അടുപ്പിക്കുന്നത്? മനസ്സില്‍ പ്രണയമോ? ഛെ ..അല്ല...ഓര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നി ...അടുത്ത് നിന്ന പയ്യന്‍ തന്നെ നോക്കുന്നു മാഷെ എന്ത് പറ്റി ?

വേഗം അടുത്ത ബസ്‌ പിടിച്ചു സ്കൂളില്‍ എത്തി..മനസ്സിനെ ശാന്തമാക്കി.ആദ്യത്തെ പീരീഡ്‌  കണക്ക് .എങ്ങിനെയോ അത് കഴിഞ്ഞ് .മനസ്സിന് വീണ്ടും അസ്വസ്ഥത.തിരിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോള്‍ ഒരു ആള്‍ ക്കൂട്ടം.വേഗം അങ്ങോട്ട്‌ പാഞ്ഞു. ഉമ ടീച്ചര്‍ ബോധം ഇല്ലാതെ കിടക്കുന്നു .ഒരു ഫോണ്‍ വന്നതാണ്‌ അത്രേ ...വീണ്ടും ആ ഫോണ്‍ റിംഗ് ചെയ്യുന്നു.മാഷ്‌ എടുത്തു,ടീച്ചറുടെ അച്ഛന്‍ പറഞ്ഞു . "സന്തോഷിനു സുഖമില്ല സിറ്റി ഹോസ്പിറ്റലില്‍ ...വേഗം വരൂ എന്ന് "ടീച്ചറെയും കൂട്ടി ബാക്കിയുള്ള ടീചെര്സ്‌  ഹോസ്പിറ്റലില്‍ ...ഡോക്ടര്‍ പറഞ്ഞു എത്രയും വേഗം A + ബ്ലഡ്‌ വേണം..ഒന്ന് ആലോചിച്ചില്ല ..കുറച്ചു മണിക്കൂറുകള്‍ ദൈവത്തിന്റെ കൈയ്യില്‍ ....

മാഷ്‌ പഞ്ഞി കൊണ്ട് കൈയ്യില്‍ ഉരസി ICU വില്‍ നിന്നും പുറത്തിറങ്ങി .....ടീച്ചറുടെ മുഖം നോക്കാന്‍ വയ്യ....ടീച്ചര്‍ ഓടി വന്നു മാഷിന്റെ കാല്‍ക്കല്‍ വീണു ..."മാഷേ എന്റെ മോന്‍... ... മാഷ്‌ അവന്റെ ജീവന്‍ രക്ഷിച്ചു .....ഞാന്‍ കടപ്പെട്ടിരിക്കുന്നു....."മെല്ലെ മാഷ്‌ ടീച്ചറെ ഉയര്‍ത്തി കണ്ണുനീര്‍ തുടച്ചു ........
എല്ലാം ശരിയാകും ..... തിരിഞ്ഞു നടക്കുമ്പോള്‍ മാഷുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണുനീര്‍ ഹോ..മാഷുടെ ചോദ്യത്തിന് ഉത്തരം കിട്ടി ...മനസ്സ് നിറഞ്ഞു........

*********************************************************************************