Saturday, June 17, 2023

യാഗഭൂമിയിലെ ശൈവപുണ്യം

 യാഗഭൂമിയിലെ ശൈവപുണ്യം........കൊട്ടിയൂര്‍ വൈശാഘോത്സവത്തെക്കുറിച്ച് 'ഹിന്ദു വിശ്വ ' മാസികയില്‍ എന്റെ ലേഖനം .......ഹര ഹര മഹാദേവാ..











നന്ദി ........
ഹിന്ദു വിശ്വ എഡിറ്റര് ശ്രീ.സുനീഷ് കെ ,ഡിസൈനര് ശ്രീ.രാജേഷ്‌ ചാലോട് , മനോഹര ചിത്രങ്ങള് തന്ന ശ്രീ.വിനോദ് മണത്തണ......................


Friday, January 13, 2023

 

ചിദംബര കാഴ്ചകൾ 

യാത്രകൾ എന്നും എനിക്കൊരു ഹരമാണ്. നിലാവുള്ള രാത്രിയിൽ, നേർത്ത തണുപ്പുള്ള രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ , പ്രകൃതിയെ കണ്ടറിയാൻ,നേർത്ത തണുപ്പുള്ള രാത്രിയിൽ പുറത്തെ കാഴ്ചകൾ കണ്ട് കണ്ണും  നട്ടിരിക്കാൻ,സുന്ദരമായ പ്രകൃതി ഭംഗി ഒറ്റക്ക് ആസ്വദിക്കാൻ ,എന്നിലേക്ക് ആഴത്തിൽ അലിയാൻ എന്തിനേറെ ,പുതിയ സ്ഥലങ്ങൾ ,ഭാഷ,ജനങ്ങൾ .. എല്ലാം എല്ലാം ..

ജീവിതം തന്നെ ഒരു യാത്രയാണ് കയ്പ്പും മധുരവും നിറഞ്ഞ യാത്ര..

ഈ യാത്രയിൽ ഇനിയെത്ര ദൂരം!

 

അങ്ങിനെ ഞാൻ നവംബര് 25 നു ഒരു യാത്ര  പുറപ്പെടുന്നു.

നീണ്ട ഐടി ജീവിതത്തിൽ നിന്നും വിട വാങ്ങിയിട്ട് 7 വർഷം ,ഇപ്പോൾ തിരക്കുള്ള ഒരു വ്യാപാരി (കോമൺ സർവീസ് സെൻറർ). വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യാത്ര!!

ഉച്ചയ്ക്ക് 2 മണിക്ക് യാത്ര പുറപ്പെട്ടു. കൂടെ ഉള്ളവരെ കുറെ പേരെ അറിയില്ല എങ്കിലും വഴിയേ പരിചയപ്പെടാമല്ലോ ..

കണ്ണൂര് മണത്തണയിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ റോഡ് വഴി ഗൂഡല്ലൂർ -ഊട്ടി-മേട്ടുപ്പാളയം സേലം വഴി ചിദംബരം. ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ബസ്സിൽ നല്ല രസമായിരുന്നു . എല്ലാരുടെ പരിചയപ്പെടാലിന് ശേഷം ഗായകരായ യാത്രികരുടെ ഗാനങ്ങൾ അതിമനോഹരങ്ങളായിരുന്നു. സമിതിയുടെ പ്രസിഡണ്ട്,സെക്രട്ടറി,ട്രഷറർ എല്ലാവരുടെയും സഹകരണം വളരെ പ്രാധാന്യം അർഹിക്കുന്നത് തന്നെ. ഇതിൽ യൂത്ത്  വിങ്, വനിത വിംഗ് ന്റെ ഗാനങ്ങളും അന്താക്ഷരിയും ഞാൻ നന്നായി ആസ്വദിച്ചു.

രാത്രി ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു. കൂടാതെ പാചകക്കാരും പാത്രങ്ങളും കൂടെയുണ്ട്. എല്ലാം പാചകം ചെയ്ത് കഴിക്കുന്ന ആ സുഖം ഒന്നു  വേറെ തന്നെ!!

അതി രാവിലെ ചിദംബരത്ത് എത്തി.

 




 

തമിഴ് നാട്ടിലെ ചിദംബരത്തുള്ള ശിവക്ഷേത്രം. 

എന്റെ പഴയ വായനയിൽ മനസ്സിൽ അതിയായ പതിഞ്ഞുപോയ ഒരു ആഗ്രഹം ആണ് ചിദംബരം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന കൃതി ആയിരുന്നു മൂല കാരണം.

ചിദംബരം പഞ്ചഭൂത ക്ഷേത്രങ്ങളിൽ  ഒന്ന് . ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 നാട്യ ഭാവങ്ങളും അവതരിപ്പിക്കുന്ന ചിത്രങ്ങൾ  കാണാം ...

ഭൂമി,ആകാശം,അഗ്നി,ജലം,വായു എന്നിങ്ങനെ പഞ്ചഭൂതങ്ങൾ 

കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്ത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. നടരാജൻ ആനന്ദനടനം ആടുന്ന ചിദംബരം....

"ആനന്ദനടനം ആടിനാൻ .." ഈണം മനസ്സിൽ മൂളി. 

എന്താണ് ചിദംബര രഹസ്യം?

ചിത്തിനെ ആകാശമാക്കുന്ന .. ആകാശഭാവം  എന്നുവച്ചാൽ രൂപമില്ലാത്ത .. മനസ്സിനെ ഉണർത്തുന്ന ആ ഭാവം.. 

ഹൃദയത്തെ ആനന്ദമാക്കുന്ന ദേവന്റെ സ്ഥാനം .. 

ചിദംബര രഹസ്യം തേടിയുള്ള യാത്ര... 

മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ ന ടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനവധി അനവധി അനുഭവങ്ങളുടെ കദന ഭാരം.

ദുഖത്തിന്റെ ഇരുട്ടിൽ നിന്നും മുക്തി തരണേ ,മോക്ഷം നല്കി

അനുഗ്രഹിക്കണേ എന്ന പ്രാർഥന ആകാം ഓരോ ഭക്തരുടെയും ഉള്ളിന്റെഉള്ളിൽ . 

ജീവിതത്തിൽ അറിയാതെ സംഭവിച്ചുപോയ തിന്മകളെ എല്ലാം നീക്കിക്കളയണേ എന്നു അറിയാതെ പറഞ്ഞു . 

കിഴക്കേ നടക്കു മുന്നിൽ എത്തിയപ്പോൾ ആകാശത്തിന്റെ അനന്തനീലിമയിൽ കൈകൂപ്പുന്നതുപോലെ തോന്നി ക്ഷേത്ര ഗോപുരം. 

ഓരോ ഗോപുര നിലയിലും ഭരതന്റെ നാട്യ ശാസ്ത്രത്തിലെ അഭിനയമുദ്രകൾ !!! മിഴിവുറ്റ ശില്പ വിസ്മയങ്ങൾ !!!!


പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതാണ് ജംബുകേശ്വര ക്ഷേത്രം.ജലത്തിന് പ്രാധാന്യം നല്കുന്ന ക്ഷേത്രം

പഞ്ചഭൂതങ്ങളില്‍ അഗ്നിക്ക് പ്രാധാന്യം നല്കുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ അണ്ണാമലിലെ അണ്ണാമലയാർ ക്ഷേത്രം

വായൂ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ കാളഹസ്തി ക്ഷേത്രം.

പഞ്ചഭൂതങ്ങളില്‍ ഭൂമിയെ ആരാധിക്കുന്ന ന്ന ക്ഷേത്രമാണ് കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം


ആകാശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചഭൂത ക്ഷേത്രമാണ് ചിദംബരത്തെ ചിദംബരം ക്ഷേത്രം.



                                        

                                       








ചിദംബര ഭാവത്തെ തൊഴുത്  വീണ്ടും യാത്രകൾ തുടരുന്നു.
കാഞ്ചീപുരം മഹാബലിപുരം 

നായനാമൃതമായ കുറച്ചു ചിത്രങ്ങൾ കൂടി.. 

























ദേവൂട്ടി യാത്ര തുടരട്ടെ!!!!!!!!!!!!!!!!!
ഈ വഴിയിൽ ഇനിയെത്ര ദൂരം!!!!!

നന്ദി വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്.. 

വളരെ മനോഹരമായ ഈ വിനോദയാത്ര ഓർമ്മയുടെ പൂങ്കാവനത്തിലേക്ക് എന്നെന്നും വരച്ചിടുന്നു ....................








Saturday, November 24, 2018

കൗമാര ലഹരി



അമ്മു ഹോസ്റ്റലിലെ ഇടനാഴിയിലൂടെ കുറച്ചു വേഗത്തിൽ നടന്നു . സമയം പോയോ? വാച്ചിൽ സമയം കൂടുതൽ ആണ് സെറ്റ് ചെയ്യുന്നത്. ഒരു സീരിയസ് കിട്ടാൻ വേണ്ടി.. എല്ലാവരും ക്ലാസ്സിലേക്കു പോയി. ഇന്നെന്തേ ഇത്ര വൈകിയത്? റൂം നം.20 ,40 എല്ലാം നിശബ്ദത . വാർഡൻ സീറ്റിൽ ഇല്ല. വേഗം റെജിസ്റ്ററിൽ പേരെഴുതി. തീയതി .. ഓർമ്മയുണ്ട് 30 ഒക്ടോബർ.
ഗോയിങ് ടു ഹോം എന്ന് എഴുതുമ്പോൾ ഒരു കുറ്റബോധം.. ഒപ്പ് ഇടുമ്പോൾ പുറകിൽ നിന്നും വാർഡന്റെ ശബ്ദം " കുട്ടി ഇന്ന് വീട്ടിലേക്കല്ലേ വെള്ളിയാഴ്ച അല്ലെ". അതെ എന്ന് മറുപടിയും പറഞ്ഞു ധൃതിയിൽ നടന്നു. ഉള്ളിൽ ഒരു കുറ്റബോധത്തിൻ്റെ അലകടൽതിര ചീറിവരുന്നുണ്ടായിരുന്നു.

ക്ലാസ്സിൽ എത്തിയപ്പോൾ ആൻ മരിയ വന്നിരുന്നു. സീറ്റിൽ ഇരുന്നപ്പോൾ തിരിഞ്ഞുനോക്കി എന്തോ ആംഗ്യം കാണിക്കുന്നു.ഇന്നലെ വാട്സ് അപ്പ് മെസ്സേജ് നു റിപ്ലൈ അയക്കഞ്ഞതിനു പരിഭവമുണ്ടോ എന്തോ! അമീറിനെ പരിചയപ്പെടുത്തി തന്നതോ ആൻ തന്നെ... പഠിത്തത്തിൽ തീരെ ശ്രദ്ധ കുറഞ്ഞോ തനിക്ക്!!
ഇന്റർവെൽ   നേരത്ത് ആൻ പാഞ്ഞു വന്നു

"ഡീ നീ പെർമിഷൻ വാങ്ങിയോ?"

"ഇല്ല ആൻ ... എനിക്ക് വയ്യ . ഇന്നേവരെ അമ്മയോട് ഞാൻ കള്ളം പറഞ്ഞില്ല. വേണ്ട ഡാ ഞാൻ തളർന്നു പോകും"

"നീ എന്താ ഇങ്ങിനെ? പണ്ടുള്ള പോലെ ഒന്നുമല്ല ഈ കാലം.
ജീവിതം ആസ്വദിക്കാനുള്ളതാണ് വേണമെങ്കിൽ ഞാനും കൂടി വരാം ലീവ് കിട്ടാതിരിക്കില്ല . നമുക്ക് മറൈൻ ഡ്രൈവിലൂടെ നടക്കാം..ബോൾഗാട്ടിയിൽ പോയി ഐസ്ക്രീം നുണയാം... ബോട്ടിങ് നു പോവാം
ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ... അതാണ്‌ പ്രണയത്തിന്‍റെ മായാജാലം.
രാഹുലും  അമീറും ഉണ്ടല്ലോ

 നിനക്ക് അമീറിനെ വേണ്ടേ ?!!"

അസ്വസ്ഥ മനസ്സോടെ അവർ പറഞ്ഞു "വേണം"



"എങ്കിൽ അമ്മയോട്  പറയൂ ഇന്ന് സ്റ്റഡി ടൂർ ഉണ്ട് എന്ന്  "

ഇതൊക്കെ കണ്ടു കൊണ്ട് ആകാശ് അടുത്ത ക്ലാസിനു മുന്നിൽ നിന്നിരുന്നു.മെല്ലെ അമ്മുവിൻ്റെ നേരെ വന്നു.

 ആൻ വേഗം ക്ലാസ്സിലേക്ക് മടങ്ങി

"എന്താ അവൾ കുശുകുശുക്കുന്നത് കണ്ടത്? എന്തിനാ അമ്മൂ അവളൂടെ കൂടെ കൂടണ്ടാ എന്ന് ഞാൻ പറഞ്ഞില്ലേ ഞാൻ കേട്ടു എങ്ങോട്ടാ നിങ്ങൾ പോവാൻ പ്ലാൻ ഇട്ടത്?"

"ഇന്നത്തെ കാലത്തെ കുറിച്ചു അറിയുമോ നിനക്ക് ? പൊട്ടി പെണ്ണേ !!
ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം.
 അന്നത്തെ പ്രണയം തുറന്നുപറയാനുള്ള ഏകമാർഗം കത്തുകളായിരുന്നു. ... പ്രണയിനികൾക്ക്‌ പ്രണയം പങ്കുവെയ്ക്കാനോ ഒരുമിച്ചിരുന്ന്‌ സംസാരിക്കുവാനോ ഉള്ള ഇടമായിരുന്ന പാർക്കുകളിൽ പോലും ഇന്ന്‌  ...
മൊബൈലിൽ വാട്സ് ആപ്പും  ചാറ്റിങ്ങും ഫേസ്ബുക്കും ... അവസാനം
എന്താണ് നടക്കുന്നത് എന്നറിയുമോ?"

"ഉം..." മൂളിക്കേട്ടു അമ്മു അവൾ പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് മുഖമൊന്നു തുടച്ചു .
ഓർത്തു തൻ്റെ ബാല്യം. അന്ന് അമ്മയായിരുന്നു തനിക്ക് കൂട്ട്. ഇവളെ എന്താ കളിയ്ക്കാൻ വിട്ടു കൂടെ  എന്ന് ആകാശ് ചോദിക്കാറുണ്ടായിരുന്നു. ആരുടെയും കൂടെ കൂടാതെ ഇങ്ങിനെ ഇരുന്നാൽ ശരിയാവില്ല   എന്ന് പറഞ്ഞതും തന്നെ കൂട്ടുകാരോടൊത്തു കളിയ്ക്കാൻ പ്രേരിപ്പിച്ചതും അവൻ തന്നെ. ചിറ്റമ്മയുടെ മോൻ. കളിക്കുമ്പോൾ ചെറുതായി ഒന്ന് വീണാൽ, മുറിഞ്ഞാൽ തൻ്റെ മുഖം ഒന്ന് മങ്ങിയാൽ ഓടി വന്നു ചേർത്ത് പിടിക്കും. വീട്ടിൽ കൊണ്ടുപോയി വിടും.

ഇന്ന് അവൻ വളർന്നു ഒത്ത പുരുഷൻ ആയിരിക്കുന്നു. എഞ്ചിനീയറിംഗ് നു വിടുമ്പോൾ 'അമ്മക്ക് പേടിയായിരുന്നു. "ആകാശ് നീ ഉണ്ടല്ലോ ..ഇന്നേ വരെ എൻ്റെ മോളെ ഞാൻ പിരിഞ്ഞിട്ടില്ല  "
എന്ന് പറഞ്ഞു തിരിയുമ്പോൾ അമ്മയുടെ സാരിത്തലപ്പിൽ നനവുണ്ടായിരുന്നു.

തൻ്റെ കൈയും പിടിച്ചു കോടതിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ സാരിത്തലപ്പിൻ്റെ നനവ് ഞാൻ അറിഞ്ഞിരുന്നു. അച്ഛൻ എന്നയാളുടെ മുഖം അന്ന് അവസാനമായി കണ്ട അവ്യക്ത രൂപം.
അന്ന് മുതൽ 'അമ്മ തന്നെ കൂട്ട് .
ആ അമ്മയെ ആണ് താൻ പറ്റിക്കാൻ നോക്കുന്നത്. തൻ്റെ ഉള്ളൊന്നു പിടഞ്ഞു.

"ഇങ്ങോട്ട് നോക്ക്" ആകാശ് കടുപ്പിച്ചു പറഞ്ഞു.

മുഖം താഴ്ത്തി നിന്ന അവൾ ആകാശിനെ മെല്ലെ മുഖമുയർത്തി നോക്കി.ആ കണ്ണുകളിലേക്ക് നോക്കാൻ വയ്യ. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യ രശ്മികൾപോലും വഴിമാറി സഞ്ചരിക്കും.

അവൻ തുടർന്നു.....

"സന്ധ്യ മങ്ങിയാൽ കാണുന്ന എല്ലാം സ്ത്രീ ശരീരങ്ങളും കാമത്തിൻറെ കണ്ണുകളാലാണ് കാണുക. ... സാഹചര്യത്തിൽ ഒത്തു കിട്ടുന്ന പെണ്ണിനെ ഒന്ന് തോണ്ടാനും പിടിക്കാനും  തോന്നും.പെണ്ണ് വെറും ഒരു ഭോഗവസ്തു..
നീ അറിയുമോ ഒരു തലമുറയുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നവിധം കഞ്ചാവടക്കമുള്ള ലഹരി വസ്തുകളുടെ ഉപയോഗം കേരളത്തില്‍ വ്യാപിക്കുകയാണ്.ലഹരിയുടെ മായാലോകത്തിലേക്കുള്ള വാതായനം നിങ്ങളുടെ മുന്നിൽ തുറന്നിട്ടിരിക്കുകയാണ്. ഓരോ അടിയും സൂക്ഷിക്കുക ! സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ദിവസവും പത്രത്താളുകളിൽ കാണുന്നില്ലേ അമ്മു... ഈ കൊച്ചിയിൽ ലഹരി മാഫിയ ആയിരം കൈയുള്ള നീരാളിയെ പോലെ മുന്നിലുണ്ട്. ഒരിക്കലും അതിൽ വീണു പോകരുത്.. അതിലുപരി ആ അമ്മയെ വിഷമിപ്പിക്കരുത് മോളെ....



മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആ​ഗ്രഹിക്കുന്നുവോ അതുപോലെയേ അവർ നിങ്ങളോട് പെരുമാറുകയുള്ളൂ. ഈ കൂട്ട്  വേണ്ടാ .......

പക്വമായ ആ വാക്കുകൾ!!


ഇത്രയും കേട്ട് തൻ്റെ നെഞ്ച് തകരുന്നത് പോലെ തോന്നി കണ്ണിൽ കാർമേഘം മഴ പെയ്യിക്കാന് തുടങ്ങി... അത് കണ്ടപ്പോൾ അവൻ തന്നെ ചേർത്ത് പിടിച്ചു അന്നത്തെ പോലെ ..... "ഇല്ല ആകാശ്... ഞാൻ തെറ്റ് ചെയ്യില്ല...സത്യം എനിക്ക് ബോധ്യമായി..."
വഴി തെറ്റുമ്പോൾ വഴികാട്ടിയായ് ദൈവം എത്തും പോലെ ആകാശ് !!

അവൻ പറഞ്ഞു എൻ്റെ അമ്മു നല്ലവളാ... ഇനിയും അങ്ങിനെ തന്നെ. ഈ ഏട്ടൻ അടുത്ത വര്ഷം ഇവിടുണ്ടാകില്ല കോഴ്സ് കഴിഞ്ഞു പോകും. നല്ല കുട്ടിയായി ഇരിക്കൂ.. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കൂ.. നിന്നെ കുറ്റപ്പെടുത്തില്ല ഞാൻ...

 വേഗം ക്ലാസ്സിൽ ചെല്ലൂ ... ഈ ലഹരി നമുക്ക് വേണ്ട...
അവൾ തിരിച്ചു നടന്നു.ശൂന്യമായിരുന്നു മനസ്സ്......
കർച്ചീഫിൽ നനവ് പറ്റിയിരിക്കുന്നു...  ഇനി ഇങ്ങിനെ ഒന്നുണ്ടാവില്ല ഉറപ്പിച്ചു.

അറിയില്ല വേറെ ഏതോ ഒരു ലോകത്തു എത്തിയത് പോലെ ആയിരുന്നു... ഞാൻ ഇങ്ങിനേ ആയിരുന്നില്ല...തെറ്റ് പറ്റിഇനി അത് ആവർത്തിക്കില്ല..... അപ്പോളേക്കും തൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു...

അമ്മയായിരുന്നു...
"ഹലോ മോളെ .... "
"'അമ്മ പറയൂ.." അവൾ കൊഞ്ചി..
"മോൾ ഇന്ന് വരില്ലേ... സ്റ്റഡി ടൂറിനു ഒന്നും പോവണ്ട... എനിക്ക് മോളെ കാണാതിരിക്കാൻ വയ്യ.."
"ഇല്ലമ്മേ ഞാൻ പോവുന്നില്ല.... ക്ലാസ് കഴിഞ്ഞ് വരാൻ ഇരിക്കുവാ....അമ്മയെ കാണാതെ എനിക്ക് പറ്റുന്നില്ല...."

        ------------------------------------------------------------------------------------------







Saturday, January 2, 2016

പുതുവർഷപ്പുലരിയിൽ ദേവൂട്ടി

2015 പോയപ്പോൾ 2 നഷ്ടങ്ങളും(അച്ഛമ്മയും വല്ല്യമ്മയും) ദൈവം തന്ന ഒരു അനുഗ്രഹവവും-എന്ടെ വരദ -may 10 ന് മാതൃദിനത്തിൽ ഉണ്ടായി......

എന്ടെ അച്ഛമ്മ


2015 october 30 ന് നമ്മെ വിട്ടു പോയി

വല്യമ്മ october12നും


എല്ലാ നഷ്ടങ്ങൾക്കും ലാഭമായ് എന്ടെ മാലാഖ വരദ വന്നു....




2015ലെ വരദാനം



2016 ഏവർക്കും സുഖ സമൃദ്ധിയും ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.പുതുവത്സരാശംസകൾ....


Wednesday, September 10, 2014

കുപ്പിക്കേളു

എന്‍റെ ഒരു ചെറുകഥ ഓണത്തിന്

ബംഗ്ലൂര്‍ ന്യൂസ്‌ പേപ്പറില്‍.............

എന്‍റെ കഥ പ്രസിദ്ധീകരിച്ചതിലേറെ സന്തോഷം തോന്നി ശ്രീകുമാരന്‍ തമ്പി സാറിന്‍റെയും ഗാനഗന്ധര്‍വ്വന്‍റെയും കൂട്ടുകെട്ടിന്‍റെ ഒരു വാര്‍ത്ത! അതിന്‍റെ
തൊട്ടടുത്ത് എന്‍റെ ചെറുകഥ.

ഇത് പ്രസിദ്ധീകരിക്കാന്‍ എന്നെ സഹായിച്ച സുഹൃത്തിനു  നന്ദി.


സന്ധ്യ രാവിന്‍റെ മാറിലേക്ക്‌ ചായുകയാണ്.....
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്‍റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്നു..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്‍റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു എന്ന് മരുമകളുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ പ്രിയ കുപ്പികളില്‍ മരുന്ന് നിറഞ്ഞു നിന്നത്   കണ്ടപ്പോള്‍  എതെന്നില്ലാത്ത  ലജ്ജ തോന്നി..
തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്‍റെ  വില   അറിഞ്ഞ  നിമിഷങ്ങള്‍ ... ഭാര്യ,മക്കള്‍, അമ്മ അങ്ങിനെ  അങ്ങിനെ ഓര്‍മ്മകള്‍  ഒരു നിമിഷം അയാളുടെ മനസ്സിലേക്ക് ഇരമ്പിയിറങ്ങി.

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?" ഈ തിരിച്ചറിയലിനു സമയം വൈകിയോ?

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...
വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു.. അതെ.. കുപ്പികള്‍ പലവിധം. ഇത്തിരി പോന്ന ഈ കുപ്പിയില്‍ ഉള്ള വിഷം, ഇത് തന്നെ ആയിരുന്നല്ലോ പോയ ദിനങ്ങളില്‍ എല്ലാദിവസവും താന്‍ ആസ്വദിച്ച്കുടിച്ചിരുന്നത്!
ഇന്ന് ഒരൊറ്റ ദിനം കൊണ്ട് ജീവന്‍ കളയാന്‍ പോകുന്നു.... ഇനി ഒരു നിമിഷം വൈകിക്കൂടാ..


ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ സത്യം എഴുതിയ തുണ്ട് കടലാസ്സ് ആരും ശ്രദ്ധിക്കാതെ കട്ടിലിന്‍ താഴെ വീണു കിടന്നിരുന്നു.

Thursday, June 12, 2014

കൊട്ടിയൂര്‍ - വൈശാഖോത്സവത്തിന്‍റെ നിറവില്‍

  പെരുമാള്‍ക്ക് ശീവേലി

  ആനയൂട്ട്

യാഗഭൂമി ഒരുങ്ങുകയായ്..........ബ്രഹ്മ,വിഷ്ണു മഹേശ്വരന്മാരുടെയും ശ്രീപാര്‍വതിയുടേയും

എന്നിങ്ങിനെ സകല ദേവന്മാരുടേയും സംഗമ വേദിയാകുന്നു വൈശാഖോത്സവ

നാളുകള്‍.ഓരോ വര്‍ഷവും അശരണരായ ഭക്തജനങ്ങള്‍ക്ക് അഭായസ്ഥാനമാകുന്നു 

കൊട്ടിയൂര്‍.

ദക്ഷിണ ഗംഗയായ വാവലിപ്പുഴയുടെ ഇരു കരയിലുമായി സ്ഥിതികൊള്ളുന്നു 

അക്കരെ,ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രങ്ങള്‍. ഭാരത വര്‍ഷത്തിലെ അതി പൌരാണികമായ 

മഹാക്ഷേത്രം - 'ക്ഷേത്രമില്ലാ ക്ഷേത്രം- എന്നും വിശേഷിപ്പിക്കാറുണ്ട്.

ദക്ഷയാഗത്തെ അനുസ്മരിപ്പിച്ച് സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തില്‍ 

ഉത്സവാരംഭത്തെ 'പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്ക്' എന്ന് തന്നെപറയാം.യാഗോത്സവ

ചടങ്ങുകളിലെ രീതിയും, നിര്‍മ്മാണങ്ങളും എല്ലാം തന്നെ പ്രകൃതിയുമായുള്ള 

ബന്ധം വെളിപ്പെടുത്തുന്നു.കാട്ടുകല്ലിന്‍റെ മുകളില്‍ സ്ഥിതികൊള്ളുന്ന സ്വയംഭൂസ്ഥാനം,

മുളയും, കാട്ടുപനയുടെ ഓലകള്‍ കൊണ്ടുള്ള താത്കാലിക മേല്‍ക്കൂരകളും, 

വാവലിപ്പുഴയുടെ സാന്നിധ്യവും, ഓടപ്പൂ പ്രസാദവും -മനുഷ്യനും, പ്രകൃതിയും

തമ്മിലുള്ള അഭേദ്യമായ ബന്ധം സ്പഷ്ടമാക്കുന്നു.

27 ദിവസം നീണ്ടു നില്‍ക്കുന്ന ഈ വൈശാഖോത്സവത്തിനു ദര്‍ശനപുണ്യം നേടിയ 

ഭക്തജനങ്ങള്‍ അടുത്ത വര്‍ഷവും ദര്‍ശനഭാഗ്യം ലഭിക്കണേ എന്ന് നിറഞ്ഞ മനസ്സോടെ, 

പ്രാര്‍ത്ഥനയോടെ മടങ്ങുന്നു.


  
  ഓടപ്പൂ പ്രസാദം

വിശേഷ ദിവസങ്ങള്‍

മെയ്‌ 14. പുറക്കൂഴം - ഉത്സവാരംഭം. (സ്ഥാനികര്‍ക്ക് മാത്രം)

ജൂണ്‍ 5 നീരെഴുന്നള്ളത്ത്
(അഷ്ടബന്ധം പൊതിഞ്ഞു കിടക്കുന്ന സ്വയംഭൂവില്‍ വാവലീതീര്‍ത്ഥം തളിക്കുന്നു)
ജൂണ്‍ 10 നെയ്യാട്ടം   
ജൂണ്‍ 11 ഭണ്‍ഠാരം എഴുന്നള്ളത്ത്.ജൂണ്‍ 12 മുതല്‍ സ്ത്രീ ഭക്തജനങ്ങള്‍ക്ക് പ്രവേശനം
ജൂണ്‍ 16 തിരുവോണം ആരാധന
ജൂണ്‍ 18 ഇളനീര്‍വെപ്പ്
ജൂണ്‍ 19 ഇളനീരാട്ടം (അഷ്ടമി ആരാധന)
ജൂണ്‍ 21 രേവതി ആരാധന
ജൂണ്‍ 25 രോഹിണി ആരാധന (ആലിംഗന പുഷ്പാഞ്ജലി)
ജൂണ്‍ 27 തിരുവാതിര ചതുശ്ശതം
ജൂണ്‍ 29 പുണര്‍തം ചതുശ്ശതം
ജൂണ്‍ 1 ആയില്യം ചതുശ്ശതം
ജൂലൈ 2 മകം - മകം നാള്‍ കഴിഞ്ഞാല്‍ സ്ത്രീ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം.
ജൂലൈ 6 തൃക്കലശാട്ട്

എല്ലാ ഭക്തജനങ്ങള്‍ക്കും വൈശാഖോത്സവത്തിനു സ്വാഗതം

യാഗഭൂവിലേക്കുള്ള വഴി : കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൊട്ടിയൂര്‍ ക്ഷേത്രം.

കണ്ണൂരില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ പുറപ്പെട്ടാല്‍ 60 കി.മീ സഞ്ചരിക്കണം.ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരം/മംഗലാപുരം ഭാഗത്ത്‌ നിന്നും വരുന്ന ഭക്തജനങ്ങള്‍ തലശ്ശേരിയില്‍ ഇറങ്ങിയാല്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് ബസ്സ്‌ സര്‍വീസ് ഉണ്ട്(ബസ് സ്റ്റാന്‍ഡില്‍).

Tuesday, February 11, 2014

ഒരു പൂവിന്‍റെ പ്രണയം




പതിവിലും സുന്ദരി ആയിരിക്കുന്നല്ലോ പ്രഭാതം!
കിളിക്കൊഞ്ചലും, തണുത്ത കാറ്റും റോസിനെ തഴുകിയുണര്‍ത്തി..

പ്രഭാതസൂര്യന്‍ മെല്ലെ മെല്ലെ തല ഉയര്‍ത്തുകയാണോ?
ഇന്നലെ ഒരു പോള കണ്ണടച്ചില്ല എങ്കിലും താന്‍ തന്‍റെ കാമുകനുമായ്
സല്ലപിക്കുക ആയിരുന്നില്ലേ!!!! നോബിന്‍ എഴുനേറ്റോ? ഒരു കുഞ്ഞു കാറ്റിന്‍റെ സഹായത്തോടെ അവള്‍ പൂമുഖ വാതിലിലേക്ക് എത്തി നോക്കി..

ഇല്ല വാതില്‍ അടഞ്ഞു തന്നെ!!  ഏതായാലും തന്‍റെ ഈ ജന്മം നല്ലത് തന്നെ..മേരി ടീച്ചറുടെ മുറ്റത്ത്(എന്ന് പറയാന്‍ പറ്റില്ല ചട്ടിയില്‍ ആയതുകൊണ്ട് എന്നെ സ്ഥലം മാറ്റാറുണ്ട്) ഇങ്ങനെ ഒരു ജന്മം ഏതൊരു പനിനീര്‍പൂവുംആഗ്രഹിച്ചു പോകും... അത്രക്ക് ഇഷ്ടമാ എന്നെ.. എനിക്ക് പേരിട്ടത് നോബിനാ..ടീച്ചറുടെ മോന്‍!! എന്നും വന്ന് എന്റെയടുത്ത് ഇരിക്കും...

ഞാന്‍ മൊട്ടായിരുന്നപ്പോള്‍ "എപ്പോളാണ് ഞാന്‍ വിടരുന്നത്" എന്ന് ടീച്ചറോട് നോബിന്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.. പക്ഷെ ഇന്നെനിക്ക് സങ്കടം ഉള്ളത് ടീച്ചര്‍ നാട്ടിലേക്ക് പോയ ദിവസം ആണല്ലോ ഞാന്‍ വിടര്‍ന്നത്...

നോബിന്‍ കോളേജില്‍ പോകുമ്പോള്‍ എന്നെ ഒന്ന് തലോടിയെ പോകാറുള്ളു..എന്‍റെ മുള്ളുകള്‍ ഒരു ദിവസം അവനില്‍ വേദന ഉണ്ടാക്കിയ ശേഷം ഞാന്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്, പക്ഷെ  നിന്‍റെ ദുഃഖം എന്‍റെയും ദുഖമാണ് എന്ന് അവന്‍ പറയുമ്പോള്‍!!!....... 

എന്നും ബാഗുമായ് അവന്‍ പോയാല്‍ വൈകുന്നേരം വരുന്ന വരെ എനിക്ക് സങ്കടം തന്നെ....ഞാന്‍ സുന്ദരിയാണ് എന്നവന്‍ എപ്പോഴും പറയാറുണ്ട്...എന്നും പഠിക്കാന്‍ എന്‍റെ അടുത്താണ് ഇരിക്കാറ്... പലതരം കഥകളും, ഓരോ ദിവസവും അവന്‍ ചെയ്ത കാര്യങ്ങളും.. എല്ലാം പറയും..എന്ത് ഇഷ്ടമാണെന്നോ അവനു എന്നോട്!!
 
പതിവിലും വൈകിയാണ് നോബിന്‍ ഇന്നലെ കിടന്നത്....
അവന്‍റെ സംസാരത്തില്‍ നാളെ എനിക്ക് ഒരു സമ്മാനം തരുന്നുണ്ട് എന്ന് പറഞ്ഞു......എന്താണാവോ അത്? അവന്‍ എന്നോട് സംസാരിക്കുമ്പോള്‍
എന്താണാവോ അവന്‍റെ ചെവിയില്‍ ചേര്‍ത്ത് വച്ചിരിക്കുന്നത്? അറിയില്ല..

കാത്തിരിപ്പിന്‍റെ അന്ത്യം!!!! അതെ.... ഉമ്മറത്തെ വാതില്‍ തുറന്നു.... ബാഗ്‌ ഒക്കെ എടുത്തു നോബിന്‍ നല്ല ചിരിയോടെ എന്‍റെ അടുത്ത് വന്നു.മെല്ലെ എന്‍റെ ഇതളുകളെ തലോടി...."റോസിന്‍......." എനിക്കുള്ള സമ്മാനം എന്തെന്ന്‍ അറിയാന്‍ തിടുക്കമായി....അവന്‍ തുടര്‍ന്നു.......

"റോസിന്‍....പ്രണയദിനാശംസകള്‍!!! ഞാന്‍ നിന്നെ പ്രണയിക്കുന്നു......ഈ ദിനത്തില്‍ ഞാന്‍ എന്‍റെ ഹൃദയം നിനക്കേകുന്നു...അവസാന ശ്വാസം വരെ നമ്മള്‍ ഒന്നാണ്.....ഇന്നലെ ഞാന്‍ പറഞ്ഞില്ലേ ആ സമ്മാനം....അത് ഞാന്‍ നിനക്ക് തരട്ടെ..... എന്‍റെ മനസ്സാകുന്ന മലര്‍വാടിയില്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളും ദുഖങ്ങളും പങ്കു വച്ച് വെള്ളവും വളവുമിട്ട് സൂക്ഷിച്ച ചുകന്ന പനിനീര്‍ പൂവ് വിടര്‍ന്നു...നിനക്കായ് ഞാന്‍ ആ ചെമ്പനീര്‍ ഇറുക്കുന്നു.. ഞാന്‍ ഇവളെ നിന്‍റെ പേരിട്ടാണ്‌ വിളിക്കുന്നത്.....അമ്മയുണ്ടായിരുന്നെങ്കില്‍ ഇത് ഇറുക്കാന്‍ സമ്മതിക്കില്ലായിരുന്നു....ഓ മൈ ഡിയര്‍...ഐ ലവ് യു...." അവന്‍ ചെവിയില്‍ നിന്നും സെല്‍ ഫോണ്‍ പോക്കറ്റില്‍ത്തിരുകി....

നോബിന്റെ കൈകള്‍ എന്‍റെ നേരെ അടുത്തു.....ഇത്രയുംദിവസം തന്റേത് മാത്രം എന്ന് കരുതിയ കൈകള്‍ തന്‍റെ പ്രാണന്‍ എടുക്കാനായിരുന്നോ? തന്നോട് പങ്കുവച്ച മുഹൂര്‍ത്തങ്ങള്‍ അത്...അത് മറ്റൊരാള്‍ക്ക് വേണ്ടി ആയിരുന്നോ?
അറിയില്ല.................മുള്ളുകള്‍ അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു..

എങ്കിലും അവന്‍ സ്നേഹിച്ച അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കുമ്പോള്‍
അവന്‍റെ ഗന്ധം എന്നിലേക്ക് ആഴ്ന്നിറങ്ങി.......

നഷ്ടപ്പെട്ട പനിനീര്‍ പൂവിന്‍റെ ഘാതകനെ പഴിക്കുമ്പോലും മേരി ടീച്ചര്‍ക്ക് ഉള്ളില്‍ സന്തോഷത്തിന്‍ തിരയിളക്കം..രണ്ടു പനിനീര്‍ മൊട്ടുകള്‍ പുതുതായി ഉണ്ടായിരിക്കുന്നു.......റോസിന്‍ പോയി..എങ്കിലും ഇവര്‍ക്കും പേര് ഇടണം.....ഹാ.... നോബിനോട് ചോദിക്കാം. മെല്ലെ ടീച്ചര്‍ ആ മൊട്ടുകളെ തലോടി......