Saturday, September 17, 2011

പനി പിടിച്ച മീറ്റ്


ബ്ലോഗ്ഗേര്‍സ് മീറ്റ് ദേവൂട്ടീടെ അദമ്യമായ ഒരു ആഗ്രഹമായിരുന്നു.പരസ്പരം കാണാതെ അക്ഷരങ്ങള്‍ കൊണ്ട് ഗുസ്തി പിടിക്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏറെ കൂട്ടുകാര്‍.തുഞ്ചന്‍ പറമ്പ് മീറ്റ് വന്നു,കൊച്ചി മീറ്റ് വന്നു,പിന്നെയും മീറ്റുകള്‍ പലതും കടന്നുപോയി.എന്തുകൊണ്ടോ കൊച്ചിയില്‍ ജോലി ചെയ്യുന്ന എനിക്ക് അവിടെയും പങ്കെടുക്കാന്‍ പറ്റിയില്ല എന്നത് അപലപനീയം തന്നെ..അങ്ങിനെ കണ്ണൂറ് മീറ്റ് വന്നു,എന്തായാലും പങ്കെടുക്കുക തന്നെ(ദേവൂട്ടി തീരുമാനിച്ചു).
അച്ചനും അമ്മയും എതിര്‍പ്പ് വലിയ പ്രകടിപ്പിച്ചില്ല(മനസ്സിലൊരു ലഡ്ഡു പൊട്ടി)
മണത്തണയില്‍ നിന്നും 7.45 ന്റെ പുലരിയില്‍(ബസ്സ്) കയറിപ്പറ്റിയാല്‍ 9.30 നു കണ്ണൂരെത്താം.ഏകയായ് ബസ്സ്റ്റോപ്പില്‍  പുലരിക്ക് കാത്തുനില്‍ക്കുമ്പോള്‍ അവള്‍ ബ്രേക്കിനു(ടെസ്റ്റ്) പോയതാണെന്ന സത്യം ദേവൂട്ടിയറിഞ്ഞില്ല.പിന്നെ രണ്ടുബസ്സ് മാറിക്കയറി അവിടെയെത്തുമ്പോളേക്കും മണി പത്താകും.ഹയ്യോ! റോഡിന്റെ ശോചനീയാവസ്ഥ,അതിഭീകരം തന്നെ.അമ്മച്ചിയാണെ,റോഡ് ടാറിട്ട കോണ്ട്രാക്ടറെ കിട്ടിയാല്‍ മുഖത്തടിക്കുമായിരുന്നു.
“ഓന്‍ സര്‍ക്കാരിനെ പറ്റിച്ചിറ്റ് ഓക്ക് മാലേം ബളേം ബാങ്ങീറ്റ്ണ്ടാവും..” ഞാന്‍ ചിന്തിച്ചു.ഓരോ കുഴിയും എനിക്ക് അസഹനീയമായ് തോന്നി.നേരം പത്തിനോടടുക്കുന്നു.രെജിസ്റ്റ്രേഷന്‍ ആരംഭിച്ചിരിക്കുമോ ആവോ?വേഗം മൊബീലെടുത്തു കുത്തി ‘കുമാരന്‍ ബ്ലോഗ്ഗറുടെ’ നംബര്‍ തപ്പിയെടുത്തു,റൂട്ട് കണ്‍ഫേം ആക്കി.
ഓ…മഴയില്ല ഭാഗ്യം!’ജവഹര്‍ ലൈബ്രറി.മുന്നില്‍ വലിയ ഫ്ലെക്സ് തൂക്കിയിട്ടിട്ടുണ്ടല്ലോ.കൊള്ളാം..സൈബറ്മീറ്റ്…പക്ഷേആളനക്കമൊന്നുമില്ലേ?.പെട്ടെന്ന് മുന്നിലൊരാള്‍ ആരാദ്? അദ്ദേഹം നല്ല ഒരു ചിരി ചിരിച്ചു.
“ബ്ലോഗ്ഗറാണോ?” “അതെ”(ഹാ…മനസ്സില്‍ ഒരു തണുപ്പ്)
വീണ്ടും ചോദ്യം “എന്താ പേര്‍? ഏതാ ബ്ലോഗ്ഗ്?“ “റാണിപ്രിയ,ദേവൂട്ടി പറയട്ടെ..”(മനസ്സില്‍ ഒരു വിഷമം .. എന്നെ അറിയില്ല എന്നു വല്ലോം പറഞ്ഞാല്‍ ദേവൂട്ടിക്ക് വിഷമമാകും).പക്ഷേ പ്രതീക്ഷക്ക് വിപരീതമായി അദ്ദേഹം പറഞ്ഞു…”അറിയാം ഞാന്‍ വായിക്കാറുണ്ട് കെട്ടോ” (ആര്‍ക്കറിയാം?)‍…അദ്ദേഹം സ്വയം പരിചയപ്പെടുത്തി…ഞാന്‍ സമദ് വക്കീല്‍..ഒരു അഭിഭാഷകന്റെ ഡയറി…(ആദ്യത്തേത് പേര്‍,രണ്ടമത്തേത് ബ്ലോഗ്) “ഹ….ഞാനും വായിക്കാറുണ്ട്…എനിക്കറിയാം….“(സത്യാട്ടോ).അദ്ദേഹത്തിനും സന്തോഷമായി.എല്ലാരും മുകളിലുണ്ട്.അങ്ങോട്ട് ചെല്ലൂ.റെജിസ്റ്ററ് ചെയ്യൂ…ആദ്യമായി ഒരു ബ്ലോഗ്ഗറെ മുഴുവനായും കണ്ട സന്തോഷം തീരും മുന്‍പേ….ഒരു വലിയ ക്യമറയും തൂക്കി തൊപ്പിയും വച്ച്….നമ്മുടെ അകമ്പാടത്തെപ്പോലെയുണ്ടല്ലോ….അടുത്തെത്തിയപ്പോള്‍ അകമ്പാടമല്ലേ എന്ന ചോദ്യത്തിന്‍ അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ എതോപരീക്ഷക്ക് ജയിച്ച പോലെയുള്ള ഭാവം അകമ്പാടം മനസ്സിലാക്കിയിട്ടുണ്ടാകാം.ആ സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത് പടികള്‍ കയറിയപ്പോള്‍………
റെജിസ്ട്രേഷനില്‍ കുമാരനും,വിധുചോപ്രയും,ബിന്‍സിയും ഇതേചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
റാണിപ്രിയ എന്നു പറഞ്ഞപ്പോള്‍ പലരുടെ മുഖത്തും “പരിചിതമായ ഒരു അപരിചിതത്വം” എനിക്ക് കാണാന്‍ കഴിഞ്ഞു.(പൂച്ചക്കുട്ടിയുടെതാണല്ലോ പ്രൊഫൈലിലെ ചിത്രം…പക്ഷേ പുലിക്കുട്ടിയെ കണ്ട ഭാവം)
ബൂലോകം എന്ന് പേരിട്ട ഇ-ലോകം,ഈ കൂട്ടായ്മ ശരിക്കും അത്ഭുതാവഹം തന്നെ.പേര്‍ റെജിസ്റ്റര്‍ ചെയ്ത് തിരിഞ്ഞപ്പോളേക്കും –തിരക്കേറിയ പരിചയപ്പെടല്‍..
കേട്ടിട്ടുള്ളവര്‍,വായിച്ചിട്ടുള്ളവര്‍,കമെന്റ് ഇട്ടിട്ടുള്ളവര്‍ അങ്ങിനെ നിരവധി പേര്‍.
ഞാനും ഹരിപ്രിയയും ഒരുമിച്ചായിരുന്നുരണ്ടു പ്രിയമാര്‍ എന്ന് ആരൊക്കെയോ പറഞ്ഞു.
അങ്ങിനെ ഷെരീഫിക്ക മൈക്ക് കൈയിലെടുത്തു..ഓരോരുത്തരും സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..പഞ്ചാരഗുളിക,അരീക്കോടന്‍,സുകുമാരന്‍ മാഷ്,പട്ടേപാടം റാംജി,സമീര്‍ തിക്കോടി,വല്യേക്കാരന്‍,സ്പന്ദനം,ലോകമാനവികം,തോന്ന്യാക്ഷരം,തൌദാരം,ക്ലാരയുടെ കാമുകന്‍,ബിലാത്തിപ്പട്ടണം,അഭിഭാഷകന്‍,ചിത്രകാരന്‍,ഹംസ ആലുങ്ങല്‍,ശ്രീജിത് കൊണ്ടോട്ടി,എന്റെ ഒടുക്കത്തെ വര,മുക്താര്‍,കുമാരസംഭവം,പൊന്മളക്കാരന്‍..(വിട്ടു പോയവര്‍ ക്ഷമിക്കുമല്ലോ)
സ്ത്രീജനങ്ങളായി പ്രീതച്ചേച്ചി,ഹരിപ്രിയ,ശാന്താകാവുമ്പായി,ലീല എം ചന്ദ്രന്‍,മിനി ടീച്ചര്‍,ഷീബ,ബിന്‍സി പിന്നെ ഞാനും ആയിരുന്നു..ശാന്താ കാവുമ്പായി
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പാടേ മറന്ന് വന്നിരിക്കുന്നു.ടീച്ചറുടെ ഓരോ വാക്കിലും ആത്മവിശ്വാസവും,ദൃഡനിശ്ചയവും ഞാന്‍ ദര്‍ശിച്ചു.പരാജയഭീതിയിലും,നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് പ്രത്യാശയും പ്രോത്സാഹനവും ചൊരിഞ്ഞുകൊണ്ട് സംസാരിച്ചു ആ അപൂര്‍വ്വ വ്യക്തിത്വം.നമുക്കേവര്‍ക്കും പ്രചോദനമാകട്ടെ ടീച്ചറുടെ ജീവിതം.

ഇനി ലീലടീച്ചര്‍..ആര്‍ക്കേലും സ്വന്തമായി പുസ്തകം പബ്ലിഷ് ചെയ്യണേല്‍ ടീച്ചര്‍ റെഡി.CL Publications എന്ന സ്ഥാപനവും,അതിന്റെ വിജയപ്രതീക്ഷയും പങ്കു വച്ചു ടീച്ചര്‍.അതിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ടീച്ചര്‍ അവസാനം പ്രസിദ്ധീകരിച്ച പുസ്തകവും അതിന്റെ എഴുത്തുകാരനേയും പരിചയപ്പെടുത്തി.അങ്ങനെ പ്രസിദ്ധീകരണമേഖലയിലെ ആദ്യത്തെ ‘സ്ത്രീബ്ലോഗ്ഗറായി’ മാറി ലീലടീച്ചര്‍.ഇത് ഞാനടക്കമുള്ള സ്ത്രീബ്ലോഗ്ഗര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

ഇനി ‘മിനി ടീച്ചര്‍’ .സൌമിനി,സ്വയം മിനിയെന്നു വിളിക്കുന്നു.കണ്ടാലും മിനി പക്ഷേ എഴുത്ത് ‘മാക്സ്’-സംഭവം തന്നെ.ഓറ് ഞമ്മള ബാഷ തന്നെയാ കത്തിച്ചത്...എഴുത്തിനെക്കുറിച്ച് വീട്ടുകാരുടെ അഭിപ്രായം ടീച്ചര്‍ ഇങ്ങിനെ പറഞ്ഞു...”നീ എഴുതീറ്റ് ... ബേണ്ടാത്ത പണിക്കൊന്നും പോണ്ടേ...അടി മേടിച്ചിറ്റ് ഇങ്ങോട്ട് കേരണ്ട..”(പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതാ കെട്ടോ)
വളരെ സെന്‍സര്‍ ചെയ്യേണ്ട സംഗതികള്‍ ബ്ലോഗ്ഗില്‍ എഴുതീട്ടുണ്ടെന്നും താനൊരു ബയോളജി ടീച്ചര്‍ ആയതുകൊണ്ട് നന്നായി എഴുതീട്ടുണ്ടെന്നും പറഞ്ഞു..ഇങ്ങനെയൊക്കെ എഴുതണമെങ്കിലും ഒരു ഗട്ട്സ് വേണ്ടേ...അങ്ങനെ ഒരു “ബോള്‍ഡ് സ്ത്രീ ബ്ലോഗ്ഗറെ” കണ്ടതില്‍ “എനക്ക് സന്തോഷായി..”

പ്രീതച്ചേച്ചി(വളപ്പൊട്ടുകള്‍) തുടക്കക്കാരിയാണ്,നമ്മുടെയൊക്കെ പ്രോത്സാഹനം ആവശ്യം ആണ്.ഷീബയും,ബിന്‍സിയും അവരവരുടെ ബ്ലോഗ്ഗിനെക്കുറിച്ച് പറഞ്ഞു.
ഹരിപ്രിയ തന്റെ”അഷ്ടപദി”യുമായി വന്നു.എഴുതാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന അവളുടെ പരാതി എന്റേതും കൂടി അല്ലേ എന്ന ചിന്ത എന്നിലും ഉയര്‍ന്നു...
എങ്കിലും മാസത്തില്‍ ഒന്നെങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്.

ഇനി ദേവൂട്ടിയുടെ ഊഴം...ദേവൂട്ടി എന്താ പറയ്യ്യ?? എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.മൈക്ക് കിട്ടിയപ്പോള്‍ എല്ലാം മറന്നു..എന്റെ വരവീണ പോലും.
പിന്നെ എന്നെ പരിചയപ്പെടുത്തി.”ദേവൂട്ടി പറയട്ടെ..” എന്നു പറഞ്ഞു തുടങ്ങിയപ്പോളേക്കും നിലക്കാത്ത കൈയ്യടി...(സ്വപ്നം മാത്രം).
ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റിനെക്കുറിച്ച് പറഞ്ഞു...

സമദ് വക്കീലിന്റെയും മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണത്തിന്റേയും മാജിക് ഷോ(ഇവെര്‍ക്കെന്താ ലണ്ടനില്‍ മാജിക്കിന് ട്രെയിനിങ്ങ് ഉണ്ടോ?) ,പിന്നെ മുക്താറിന്റെ വക കണ്ണും ചെവിയും തൊടല്‍(ആളെ പറ്റിക്കല്‍ അല്ലാണ്ടെന്താ? ദേവൂട്ടി ജയിച്ചു പക്ഷേ സമ്മാനവും ഇല്ല..)

എല്ലാ കാര്യങ്ങളും എല്ലാരും എഴുതി....ദേവൂട്ടി ദേ..ഇങ്ങനേയും എഴുതി........

പിന്നെ......

“തൂശനിലയിട്ട്..... ,തുമ്പപ്പൂ ചോറു വിളമ്പി....” ഓണസദ്യ....ഗ്രൂപ്പ് ഫോട്ടോ...

ഹാ...ഹാ...നല്ല മീറ്റ്..... 

എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളേക്കും എന്റൊപ്പം ഒരാളും കൂടി പോന്നു.....

ആരാ??
പനിച്ചേട്ടന്‍....അങ്ങിനെ ഇ-മീറ്റ് പനിപിടിച്ച മീറ്റ് ആയി..........