Friday, March 18, 2011

കുഞ്ഞുണ്ണിമാഷും ഞാനും


ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

ഞാന്‍ പിജിക്ക് പഠിക്കുമ്പോള്‍ ആണു  മാഷിനെ കാണുന്നത്.....എത്രയോ ജനങ്ങള്‍ക്കിടയില്‍ ഒരു താരപരിവേഷമോ ,അഹങ്കാരമോ ലവലേശമില്ലാതെ ആള്‍ക്കൂട്ടത്തില്‍ തനിയേ...ഞാന്‍ പറഞ്ഞല്ലോ എന്റെ പഠനം മൂന്നു വര്ഷം വള്ളിക്കാവില്‍ ആയിരുന്നു...ആശ്രമത്തിന്റെ മുന്നില്‍ മാഷ്‌ നില്‍ക്കുന്നു...'അമ്മ'യെ കാണാന്‍ വന്നതാണ്.മുട്ട് മറക്കും വരെ ഒരു മുണ്ട്,വെള്ള ബനിയന്‍ പിന്നെ തോളത്ത് ഒരു തോര്‍ത്ത്.മാഷിന്റെ മുന്നിലൂടെ എത്രയോ പേര്‍ നടന്നു പോകുന്നു...ആരും ശ്രദ്ധിക്കുന്നില്ല(സാധാരണ ആശ്രമത്തില്‍ ആരും ആരേയും ശ്രദ്ധിക്കാറില്ല) മാഷ്‌ കൈ രണ്ടും നെഞ്ചോട്  ചേര്‍ത്ത് ആശ്രമ കവാടത്തില്‍ നില്‍ക്കുന്നു. ഞാന്‍ ഓടി ചെന്നു.മാഷേ ...എന്ന് വിളിച്ചു..നല്ല ഒരു ചിരി സമ്മാനിച്ചു(കുഞ്ഞുകുട്ടികളോട് ചിരിക്കും പോലെ).എന്റെ സന്തോഷത്തിനു അതിരില്ല..ഞാന്‍ വേഗം ആ കൈകള്‍ പിടിച്ചു.മാഷ്‌ എന്റെ കൈകളില്‍ ഊന്നി നിന്നു. ഞാനാണ് സംസാരിക്കാന്‍ തുടങ്ങിയത്.എന്നെ പരിചയപ്പെടുത്തി..ഞാന്‍ ഇവിടെ കമ്പ്യൂട്ടര്‍ പഠിക്കുവാ എന്നും നാട് കണ്ണൂര്‍ ആണെന്നും. മാഷിന്റെ കവിത വായിക്കാറ്  ഉണ്ടെന്നും .ഒക്കെ.കുട്ട്യേ ....മോള്‍ ഭാഗ്യവതിയാണ്.ഈ സന്നിധിയില്‍ വരാന്‍ സാധിച്ചല്ലോ..എന്നും പിന്നെ 'വള്ളിക്കാവിലെ അമ്മയെ'കുറിച്ച് എന്തൊക്കെയോ പറഞ്ഞു..അമ്മ നാട്ടില്‍ വന്നു എന്നൊക്കെ..അമ്മയെ പറ്റി പറയുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു..അപ്പോളേക്കും കൂടെ വന്നയാള്‍ എന്റെ കൈയ്യില്‍ നിന്നും ആ കൈകള്‍ അയാളുടെ കൈകളിലേക്ക് മാറ്റി ..മാഷ്‌ പോകുന്നത് ഞാന്‍ നോക്കി നിന്നു...

പിന്നെ ഞാന്‍ മാഷുടെ ഒരു പടം വരച്ചു.അത് "കുഞ്ഞുണ്ണി മാഷ്‌,അതിയാരത്ത് ഹൗസ്,വലപ്പാട്(പി.ഒ)" എന്ന അഡ്രെസ്സില്‍ അയച്ചു കൊടുത്തു..ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.മാഷുടെ മറുപടി വരും എന്ന്.ഒരു പോസ്റ്റ്‌ കാര്‍ഡ് എന്നെ തേടിയെത്തി. "മോളെ...വരച്ച ചിത്രം കിട്ടി.ഭംഗി ആയിരിക്കുന്നു...ഇനിയും കൂടുതല്‍ വരക്കണം.ദൈവാനുഗ്രഹം ഉണ്ട്"(കത്തിലെ വരികള്‍ ഓര്‍മ്മയില്ല എല്ലാം എന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു..ഓര്‍മ്മകള്‍ മാത്രം.) എന്ന് കുഞ്ഞുണ്ണി (ഒപ്പ്) ഹോ ...എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.

പിന്നെ ഒരിക്കല്‍ കൂടി കണ്ടു...അന്നും സംസാരിക്കാന്‍ കഴിഞ്ഞു.ഞാന്‍ കത്ത് അയച്ച കാര്യം പറഞ്ഞപ്പോള്‍ മാഷ്‌ പറഞ്ഞു ...ഓര്‍മ്മ... ട്ടും  ഇല്യാ ...കുട്ട്യേ.....മറുപടി അയച്ചില്യാന്നുണ്ടോ ?? ഞാന്‍ പറഞ്ഞു മാഷ്‌ അയച്ചിരുന്നു എന്ന്.ഒരു കവിത ചൊല്ലി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞതോടെ ഒരു ശങ്കയും ഇല്ലാതെ ചൊല്ലി ..

"ആയി...ഠായി...മിഠായി..
തിന്നുമ്പോളെന്തിഷ്ടായീ..
തിന്നു കഴിഞ്ഞാ കഷ്ടായി."
പിന്നെ എന്റെ കൂട്ടുകാരുടെ ഇടയില്‍ കുഞ്ഞുണ്ണി എന്ന പേരും എനിക്ക് വീണു..

മാഷുടെ കവിതകള്‍  ഹ്രസ്വവും ചടുലവും ആണ്.കുട്ടികളുടെ കൂട്ടുകാരന്‍...

“കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ“

“പൊക്കമില്ലാത്തതാണെന്റെ പൊക്കം“ എന്ന മാഷുടെ വരികള്‍ ,നമ്മെ എത്ര ചിന്തിപ്പിക്കുന്നു ..

“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം“
ഒരു കാലത്ത് ഈ കവിത കമിതാക്കള്‍ പാടി നടന്നിരുന്നു....

“ശ്വാസം ഒന്ന് വിശ്വാസം പലത്“
“ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം“

“കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം“

മാഷ് ഈ ലോകം വിട്ടു പോയി എന്നു തോന്നുന്നില്ല .....

മാഷിന്റെ സൃഷ്ടികള്‍

കുഞ്ഞുണ്ണിയുടെ കവിതകൾ
ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)


കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984),സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)വാഴക്കുന്നം അവാർഡ്(2002)  വി.എ.കേശവൻ നായർ അവാർഡ് എന്നിവക്ക് അര്‍ഹനായമാഷ് ഇന്നും നമ്മളുടെ മനസ്സില്‍ ജീവിക്കുന്നു .......







Friday, March 11, 2011

എന്റെ അമ്മ !! എന്റെ ഗുരുവും ദൈവവും !!


അമ്മ എന്റെ ജീവനില്‍,ആത്മാവില്‍,രക്തത്തില്‍ നിറഞ്ഞു തുളുമ്പുന്നു.ദു:ഖഭാണ്ഡവുമേന്തിയുള്ള  എന്റെ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ മഹാത്മാവ് !!സകല ദു:ഖത്തെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എന്നരികിലേക്ക് അണഞ്ഞ എന്റെ വിളക്ക്!! നേത്രം ഇരുട്ടിനെ മാത്രമേ കണ്ടിരുന്നുള്ളൂ.....ഒരു പൊന്‍ വിളക്കായ് അണഞ്ഞു അമ്മ എന്നില്‍..ചവിട്ടേറ്റും,പ്രഹരമേറ്റും,അപമാനമേറ്റും മൗനിയായ് കിടന്ന ശിലയെ മഹാശക്തിയുള്ള ദേവതയായ് മാറ്റുന്ന ശില്പിയെ പോലെ !!!

ഗുരു കാണപ്പെട്ട ദൈവം! ഈശ്വരന്‍ നാമരൂപരഹിതന്‍ !! പക്ഷെ എല്ലാ രൂപവും ഈശ്വരന്റെത് !! ഗുരു ഈശ്വരനിലേക്കുള്ള വാതായനം !!! ഒരു മഹാന്‍ ഒരിക്കല്‍ പറഞ്ഞു "എനിക്ക് ഈശ്വരനെ കൈവിടാം പക്ഷെ എന്റെ ഗുരുവിനെ കൈവിടാന്‍ ആകില്ല.കാരണം ഈശ്വരന്‍ ഈ ജീവിതം നല്‍കി.പക്ഷെ ഗുരു ഈ മായാവലയത്തില്‍ നിന്നും മോചനമേകി."

ഒരു നിയോഗമായ് എന്റെ സ്വപ്ന ദര്‍ശനം.വായുവിലൂടെ ശുഭ്ര വസ്ത്രം ഉയരുന്നു.പടികള്‍ അവ മാര്‍ബിളില്‍ നിര്‍മ്മിതമായിരുന്നു.എല്ലാ ദിവസവും ഞാന്‍ കാണുന്ന സ്വപ്നം.എവിടെയോ എത്തിച്ചേരാനുള്ള തിടുക്കം,വെമ്പല്‍.ഒന്നുമറിയില്ലായിരുന്നു.ഡിഗ്രി കഴിഞ്ഞ് എന്ത്  എന്ന ചിന്തയാല്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന സമയം.ചിരിക്കുന്ന മുഖവുമായ് അമ്മ പത്രത്താളുകളില്‍. എം.സി.എ എന്ന മോഹം,അതിന്റെ ആദ്യ കടമ്പ കഴിഞ്ഞ് അഡ്മിഷന്‍ കിട്ടി.'വള്ളിക്കാവ്',കൊല്ലം,ശ്രീ മാതാ അമൃതാനന്ദമയി മഠം .മൂന്ന് വര്ഷം,എന്റെ ജീവിതത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിയിട്ട ദിനങ്ങള്‍.ജീവിതത്തില്‍ മറക്കാനാവാത്ത സംഭവങ്ങള്‍, എന്നിലൂടെ കടന്നു പോയി. 

കായല്‍ കടക്കാന്‍ കടത്ത് തോണിയില്‍ ആദ്യമായ് കാലെടുത്തു വച്ച നിമിഷം മനസ്സില്‍ ഒരു കുളിര് അനുഭവപ്പെട്ടു.ആ സന്ധ്യാ സമയം കിളികളുടെ കൊഞ്ചലും ദൂരെ അസ്തമയത്തിനായ് വെമ്പുന്ന അര്‍ക്കനും,എന്നില്‍ പ്രകൃതിയുടെ ദൃശ്യാനുഭവങ്ങളായി ,ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി.ആശ്രമത്തിന്റെ മുന്നിലെ " പടവുകള്‍ " ഞാന്‍ കണ്ടു,അല്ല അറിഞ്ഞു അല്ല അനുഭവിച്ചു,ആസ്വദിച്ചു.എന്നില്‍ സ്വപ്നങ്ങളായ് വന്നു ചേര്‍ന്ന -

കാരണം അറിയുമ്പോള്‍ കാര്യം വ്യക്തമാകുന്നു.ഭയം അകലുന്നു.അറിയാത്തതാണ്‌ ഭയം.മുന്‍പ് ഉണ്ടാകാത്തതാണ് അത്ഭുതം.അങ്ങനെ.. അത്ഭുതങ്ങള്‍ എന്റെ ജീവിതത്തിലേക്ക്  ഒന്നിന് പുറമേ മറ്റൊന്നായ് വന്നണയാന്‍ തുടങ്ങി.ഇന്നും അത് അനസ്യൂതം വന്നു ചേരുന്നു.എല്ലാം മായ.പക്ഷെ ഇന്നും ഞാന്‍ അമ്മയോട് കേണു പ്രാര്‍ഥിക്കുന്നു."അമ്മാ ..എന്നെ ശരിയിലേക്ക് മാത്രം നയിക്കണേ.. കരചരണം കൊണ്ടോ,ശരീരം കൊണ്ടോ,കര്‍മ്മം കൊണ്ടോ ശ്രവണം ,നയനം കൊണ്ടോ മനസ്സ് കൊണ്ടോ ഞാന്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സര്‍വ്വ അപരാധങ്ങളും ക്ഷമിക്കണേ.."

ജന്മജന്മാന്തരങ്ങളുടെ പൊരുളറിയുന്ന മഹാസാഗരം.പ്രേമത്തിന്റെ പര്യായം.മനസ്സിന്റെ ഓരോ ഭാവത്തെയും സ്നേഹത്തില്‍ ചാലിക്കുന്ന ദിവ്യാനുഭൂതി.ചിലപ്പോള്‍ ആകാശം പോലെ,ചിലപ്പോള്‍ മേഘങ്ങള്‍ പോലെ,നിലാവ് പോലെ,മഞ്ഞു പോലെ,ചിലപ്പോള്‍ വെയില് പോലെ .....

അനന്തവും അനാദിയുമായ ഭാഷ... അത് സ്നേഹത്തിന്റെ ഭാഷ...മനസ്സിന്റെ തന്ത്രികളായ് മീട്ടുന്ന സ്വപ്‌നങ്ങള്‍ ...ഈശ്വരനോടല്ലാതെ  ആരോടാ പറയുക!!!എന്റെ മനസ്സിന്റെ പ്രാര്‍ത്ഥന ഒന്ന് മാത്രമാകുന്നു...ഒരു വേളകൂടി ആ ദിവ്യസ്നേഹത്തിന്റെ അഭയത്തില്‍ വിലയം പ്രാപിക്കാന്‍ .... ഒരു മാത്ര കൂടി ആ എരിയുന്ന കര്‍പ്പൂരദീപം ആയിത്തീരാന്‍ .......എന്റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്ന ആ ദിവ്യ സന്നിധിയില്‍ എത്തി ചേരാന്‍ .....പ്രകാശത്തിന്റെ ചെറു കിരണം പോലും സ്വയം ഏറ്റു വാങ്ങി പ്രതിഭലിപ്പിക്കുന്ന സൂര്യനെ പോലെ എന്റെ ഹൃദയവും ആ അന്‍പിനു വേണ്ടി കൊതിക്കുന്നു.

എന്റെ പ്രാര്‍ഥനകളും പ്രതീക്ഷകളും എന്നും  എപ്പോളും തെളിഞ്ഞു നില്‍ക്കുവാനായി എന്റെ ഓരോ ശ്വാസവും ആരാധന പുണ്യം ആക്കി മാറ്റുവാനായി........................


ആ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു എന്റെ ജീവിതം !!
ഓം അമൃതേശ്വരൈ  നമ: